Tuesday, March 18, 2008

ഖസാക്ക് ഒരു ദാര്‍ശനിക പൈങ്കിളിയാണോ?

(ഖസാക്കിന്റെ ഇതിഹാസം എന്ന രാവണന്‍ കോട്ടയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ഒരു ശ്രമം)

ഉപാസനയുടെ ഈ പോസ്റ്റിന് ഒരു കമെന്റായി തുടങ്ങിയതാണ്. അടയ്ക്കാമരമായപ്പോള്‍ ഇവിടെ വെച്ചു എന്നേ ഉള്ളൂ

ഖസാക്കിനെ എല്ലാരും വാനോളം പുകഴ്ത്തുന്ന കൂട്ടത്തില്‍ അപസ്വരമായി തോന്നുമെങ്കിലും ചില അഭിപ്രായങ്ങള്‍ പറഞ്ഞ്കൊള്ളട്ടെ (മാതൃഭൂമിയിലെ ഖസാക്കീയന്‍ പോസ്റ്റ്മൊര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചിട്ടില്ല. അത് വായ്യിച്ചതിന് ശേഷമേ ഖസാക്കിനെ കുറിച്ച് പറയാവൂ എന്നുണ്ടെങ്കില്‍ ദയവായി ഇതിനെ തള്ളിക്കളയുക. അതില്‍ പറഞ്ഞ സാഹിത്യവിശാരദരുടെ അവലോകനം ഒന്നും വായിച്ചില്ല. എങ്കിലും ഖസാക്ക് വായിച്ച് വെറും ഒരു സാധാരണ മലയാളി വായനക്കാരന്റെ അഭിപ്രായങ്ങളാണിത്, അല്ലാതെ ജെന്‍ഡര്‍പൊളിറ്റിക്സ്, ലിറ്ററല്‍ ഡീ-കണ്‍സ്‌ട്രക്ഷന്‍, മിത്തിക്കല്‍ അനാലിസിസ് എന്നീ ഭൂതക്കണ്ണാടികള്‍ വെച്ച് അല്ലാതെ ഒരു സാധാരണ വായനക്കാരന്റെ കണ്ണുകളാല്‍ മാത്രമുള്ള വായനാ നിരീക്ഷണങ്ങള്‍)

തീര്‍ച്ചയായും ഞാന്‍ ഇഷ്ടപ്പെടുന്ന മലയാളം നോവലുകളില്‍ ഒന്നാണ് ഖസാക്കിന്റെ ഇതിഹാസം.
ഒന്ന് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ആ കൂട്ടത്തില്‍ വിജയന്റെ തന്നെ ഗുരുസാഗരവും, ആ‍നന്ദിന്റെ ആള്‍കൂട്ടവും, സേതുവിന്റെ പാണ്ഡവപുരവും, മേതിലിന്റെ സൂര്യവംശവും, മുകുന്ദന്റെ ഹരിദ്വാറില്‍ മണിമുഴങ്ങുമ്പോഴും,..... അങ്ങിനെ ഒരുപാട് കൃതികള്‍ കടന്ന് വരുന്നു. അതില്‍ ഒന്നായിട്ടേ ഖസാക്കിനെയും കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. പക്ഷേ വിമര്‍ശനങ്ങള്‍ക്ക് അതീതമായൊരു ഇതിഹാസം, എല്ലാവരാലും കൊട്ടിഘോഷിക്കപ്പെടുന്ന ഒരു ഖസാക്ക് ആ ഒരു തലം എന്തുകൊണ്ടോ എന്നില്‍ സംശമുണര്‍ത്തുന്നു. ഒരുപാട് വീരശൃംഘലകളുടെ ഭാരം തൂങ്ങലുകള്‍ “മലയാളത്തിന്റെ ഇതിഹാസം”, “ഖസാക്കിന് മുമ്പ്/ശേഷം“ . ഇത്രയേറെ കൊട്ടിഘോഷിക്കലുകള്‍ ഖസാക്കിനുണ്ടോ എന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ ഒരു അന്വേഷണം നടത്തിയപ്പോഴാണ് “ഖസാഖ് ഒരു ദാര്‍ശനിക പൈങ്കിളി അല്ലേ?” എന്ന് ചിലരെങ്കിലും മറുചോദ്യം ഉന്നയിച്ചത്. ഒരു പൈങ്കിളിയല്ല ഖസാക്ക് എന്ന മറുപടി നല്‍കാമെങ്കിലും “ദാര്‍ശനിക പൈങ്കിളിയല്ലേ?” എന്ന് ചോദിച്ചപ്പോള്‍ വാസ്ഥവത്തില്‍ ചിലനിമിഷങ്ങള്‍ ഇരുത്തി ചിന്തിക്കേണ്ടി വന്നു.

മുന്‍വിധിയോടെ അല്ലാതെയുള്ള ഖാസാക്ക് വായന
അതിന്ന് സാധ്യമാണോ? ഒരു ശരാശരി മലയാളി(മലയാളമെഴുതാനും വായിക്കാനും കഴിവുള്ളവരെ ആണ് ആ പദം കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്) ഒരു നോവല്‍ വായിക്കത്തക്ക പ്രായം വരുമ്പോഴെക്കും അവന്റെ മനസില്‍ കേട്ടുകേള്‍വിയുടെ മിത്തിക്കല്‍ സങ്കല്‍പ്പമായി ഖസാക്ക് ഒരു പിരമിഡ് പോലെ വളര്‍ന്നിട്ടുണ്ടകും. അതില്‍ ഒരു തൂത്താമന്റെ മമ്മി പോലെ വിജയന്‍ എന്ന അപ്രമാദിത്വമാര്‍ന്ന രൂപവും. “ഉറക്കം ഭഞ്ജിക്കുന്നവര്‍ക്ക് മരണഫലം” ഉള്ളതാകയാല്‍ ഏവരും എറാന്‍മൂളി “കൊള്ളാം ഖസാക്ക് ഉദാത്തം..ഭയങ്കരം..മനോഹരം!” എന്നീ പതിവ് ശരിവെയ്ക്കലുകളില്‍ അഭിരമിക്കുകയാണോ? മുന്‍‌വിധികളോടെ അല്ലാതെ ഒരു ഖസാക്ക് വായന എന്നാണ് മലയാളിക്ക് സാധ്യമാവുക? ഒരുപക്ഷേ കേട്ടു‌കേള്‍വികളുടേയും മുന്‍വിധികളുടേയും ആ പശ്ചാത്തലം കൊണ്ടാകണം കരിമ്പനകളില്ലാതെ ഇങ്ങനെയൊരു കവര്‍ ചിത്രം പോലും സാധ്യമാകാത്ത മട്ടില്‍ ഖസാക്ക് ബിംബവല്‍ക്കരിക്കപ്പെടുന്നത്. (എഴുതപ്പെട്ടിരുന്ന കാലത്ത് മാതൃഭൂമിയില്‍ വരുന്ന വായനക്കാരുടെ കത്തുകളില്‍ പോലും തണുപ്പന്‍ മട്ടാണ് അതിനുണ്ടായിരുന്നതെന്നും അറിയുന്നു)

ഖസാക്ക് ഭാഷ/കാലം/കാലഘട്ടം/കഥാപാത്രങ്ങള്‍
ഈ 4 ഘടകങ്ങള്‍ക്കും ഇതിഹാസത്തില്‍ വ്യക്തമായ പങ്കുണ്ട് എന്ന് വേണം കരുതാന്‍. മലയാളത്തില്‍, പ്രത്യേകിച്ച് ഗദ്യത്തില്‍ വിപ്ലവകരമായ ഒരു പരിവര്‍ത്തനം തുടങ്ങിയ കാലഘട്ടത്തിലാണ് ഖസാക്ക് പുറത്തുവരുന്നത്. അതേ സമയം അതിലെ ഭാഷ മിത്തിക്കല്‍ സങ്കല്‍പ്പങ്ങള്‍ക്ക് ഇണങ്ങുന്നതുമായിരുന്നു. എന്നാല്‍ ഒരു പാലക്കാടന്‍ ചുവയുള്ള ആ സംഭാഷണം ചിലരെയെങ്കിലും ചെടിപ്പിക്കുന്നുമുണ്ട്. 12 വര്‍ഷത്തോളമെടുത്താണ്‍ ഖസാക്ക് പൂര്‍ത്തിയാക്കിയതെന്നാണ് ഊഹം.(ആള്‍ക്കൂട്ടവും ഏകദേശം ഇത്രയും കാലം കൊണ്ട് പൂര്‍ത്തിയാക്കിയതാണ്) ചെത്തിമിനുക്കലുകളുടെ ഒരു വ്യാഴവട്ടം തീര്‍ച്ചയായും ഖസാക്കിന് മാറ്റുകൂട്ടുന്നുണ്ട്. വെറുമൊരു അപ്പുക്കിളിക്കഥയില്‍ നിന്ന് ഇതിഹാസത്തിലേക്കുള്ള പരിണാമകാലഘട്ടം. ഒരേസമയം സരളവും എന്നാല്‍ സങ്കീര്‍ണ്ണവുമായ കഥാപാത്രങ്ങളെയാ‍ണ് ഖസാക്കില്‍ കാണാന്‍ സാധിക്കുക. ഉദാ. “സത്തിയം പലത്” എന്ന് തമിഴ് കലര്‍ന്ന ഗ്രാമീണശൈലിയില്‍ സരളമായി പറയുന്നുണ്ടെങ്കിലും അത് പ്രതിനിദാനം ചെയ്യുന്ന ദാര്‍ശനിക തലം വിസ്തൃതമാണ്. രവി, അല്ലാപിച്ച, മാധവന്‍ നായര്‍, അപ്പുക്കിളി, കുപ്പുവച്ചന്‍, നൈസാമലി, മൈമൂന, കുട്ടാടന്‍... എന്നിങ്ങനെ ഒരുപാട് കഥാപാത്രങ്ങളുടെ ഒരു മഹായാനം.(അതിന് നാവികനായി ഒരു വിജയന്‍) . വിപ്ലവകരമായ ഒരു കടന്നുവരവിലൂടെയാണ് രവി നോവലില്‍ പ്രവേശിക്കുകയും , കഥയാരംഭിക്കുകയും ചെയ്യുന്നത്. ഒരു ആശ്രമത്തില്‍ നിന്ന് സന്യാസിനിയുടെ ഉടുതുണിയും വാരിപ്പുതച്ചാണ് ഖസാക്കില്‍ രവി ബസിറങ്ങുന്നത്. നിലവിലെ സമ്പ്രദായങ്ങളെ തകിടം മറിച്ചുകൊണ്ടുള്ള ഒരു തുടക്കമാണ് അത് വായനക്കാരന് നല്‍കുന്നത്. അതിനും മുന്‍പേ തന്റെ രണ്ടാനമ്മയുമായുള്ള അഗമ്യാഗമനത്തിന്റെ കുറ്റബോധവും പേറിയാണ് അയാള്‍ ആശ്രമത്തിലെത്തുന്നത്. കുറ്റബോധവും ആത്മനിന്ദയും ഇതിവൃത്തമായുള്ള ആ കാലഘട്ട കഥാപാത്രങ്ങളുടെ ഒരു പ്രതീകമാവുകയാണ് രവി. അദ്ധ്യാപക സങ്കല്‍പ്പങ്ങളുടെ സാമ്പ്രദായിക പവിത്രതയെ കാറ്റില്‍ പറത്തിക്കൊണ്ട് കള്ളുകുടിച്ചും, പെണ്ണുപിടിച്ചും ഒരു പച്ചമനുഷ്യനായി ഖസാക്കില്‍ രവി ജീവിക്കുന്നു.
രവിയുടെ ബസ് ടിക്കറ്റ്
ഖസാക്കില്‍ നിന്ന് വിടപറയുന്ന രവി എവിടെയ്ക്കായിരിക്കും യാത്ര ചെയ്യാന്‍ സാധ്യതയുള്ളത് എന്നത് ഇന്നും അവശേഷിക്കുന്ന ഒരു ചോദ്യമാണ്. എന്നാല്‍ ആ ചോദ്യത്തെ തീര്‍ത്തും ഇല്ലായ്മ ചെയ്യുന്ന രീതിയിലാണ് രവിയുടെ ആകസ്മികമായുള്ള മരണം. അന്ന് ഖസാക്കില്‍ മഴപെയ്തില്ലായിരുന്നുവെങ്കില്‍, ഒരു സര്‍പ്പദംശനമേറ്റ് രവി മരിച്ചില്ലായിരുന്നുമെങ്കില്‍ എവിടേയ്ക്കായിരിക്കും കാത്തു നിന്ന ബസ് വന്ന ശേഷം അയാള്‍ ടിക്കറ്റ് എടുക്കുക? (“ഈ ചൈതലിയുടെ മുകളില്‍ ഒരു ഓന്തായും, ചിത്രശലഭമായും ജീവബിന്ദുക്കളെ പോലെ എനിക്ക് സഞ്ചരിക്കണം” എന്നൊക്കെ പറഞ്ഞാല്‍ ഉടന്‍ തന്നെ ബെല്ലടിച്ച് കണ്ടക്ടര്‍ അയാളെ അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടുന്നതായിരിക്കും. “ഇവനൊക്കെ എവിടെന്നു വരുന്നെടാ?” എന്ന് ആത്മഗതം കൂടെ വന്നാലും അത്ഭുതപ്പെടാനില്ല ). അതുകൊണ്ട് രവിയ്ക്ക് ഒരു ടിക്കറ്റ് എടുത്തേ മതിയാകൂ. പക്ഷേ, എവിടേയ്ക്ക്? ഒരിക്കല്‍ തന്നെ ജീവിതത്തിലേക്ക് വിളിച്ചിട്ടും അയാള്‍ ഉപേക്ഷിച്ച കാമുകിയുടെ അടുത്തേക്ക് രവി തിരികെ ചെല്ലാനുള്ള സാധ്യത തുലോം വിരളമാണ്. ഏത് ഉടല്‍രതിയുടെ “പാപബോധ”ത്താലാണൊ താന്‍ നീറി അലയുന്നത് ആ രണ്ടാനമ്മയുടെ സാന്നിദ്ധ്യമുള്ള വീട്ടിലേക്ക് അയാള്‍ മടങ്ങി പോകുമെന്ന് കരുതാനും വയ്യ. പിന്നെ അവശേഷിക്കുന്നത് ആ കാവി ഉത്തരീയത്തിന്റെ പാതയാണ്. എന്നാല്‍ അത് ഉറച്ചുപറയാന്‍ ലജ്ജിക്കുന്നിടത്താണ് വിജയന്‍ ഒരു കൊലപാതകിയാകുന്നത്.
വിജയന്‍ എന്ന ഒടിയന്‍
ഖസാക്കിനെ വര്‍ണ്ണിക്കാനായി വിജയന്‍ സ്വീകരിച്ച ഒരു മാധ്യമം മാത്രമാണ് രവി എന്നുകാണാം. ഉപയോഗം കഴിഞ്ഞതിനു ശേഷം അയാള്‍ രവിയെ ന്നിഷ്ക്കരുണം കൊന്നുകളയുന്നു. രവിയെ ദംശിച്ച ആ സര്‍പ്പം വിജയന്‍ അല്ലാതെ മറ്റാരുമല്ല. രവിയെ മാത്രമല്ല കിണറായും, വസൂരിയായും, അര്‍ബുദമായും, അപകടങ്ങളായും പലരൂ‍പത്തിലും മരണസാന്ദ്രതയനുസരിച്ച് വിവിധ ഒടിയന്‍ രൂപങ്ങളില്‍ വിജയന്‍ കടന്ന് വരുന്നുണ്ട്. വാസ്ഥവത്തില്‍ വായനക്കാരന് മനനത്തിനായി ഒരു സ്പേസ് പോലും കൊടുക്കാതെയാണ് വിജയന്റെ ഖസാക്കീയന്‍ പാത്രസൃഷ്ടി എന്ന് കാണാം. ഡെല്‍ഹിയിലെ തന്റെ തീന്‍ മേശയില്‍ കത്തിയും മുള്ളും വെച്ച് ഭക്ഷണശകലങ്ങളറുക്കുന്ന കൃത്യതയോടെ കഥാപാത്രങ്ങളുടെ പരിധി ഇതിഹാസകാരനാല്‍ നിര്‍ണ്ണയിക്കപ്പെടുന്നു. (ഒരു രമേശ് പണിക്കര്‍ പോലും അവശേഷിപ്പിക്കുന്ന) ചോദ്യങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ്/ അതല്ലെങ്കില്‍ അവശേഷിപ്പിക്കാനുള്ള ഒരു സാഹചര്യത്തെ ഇല്ലാതാക്കിയാണ് രവി മരിക്കുന്നത്. (കോള്‍ഡ് ബ്ലഡഡ് മര്‍ഡര്‍? ... ഹെയില്‍ വിജയന്‍! ) ചുരുക്കിപ്പറഞ്ഞാല്‍ മുന്നെ,ശേഷം എന്നീ വിഭജനങ്ങള്‍ തീര്‍ത്ത് വായനക്കാരന് കടന്നുകയറ്റമില്ലാത്ത ഒരു സാഹിത്യവന്മതിലായി ഖസാക്ക് നിലകൊള്ളുകയാണോ?
മോഷണാരോപണം, ജാതീയം, അവദൂതപരിവേഷം, കോക്കസുകള്‍
ആ മോഷണ ആരോപണത്തില്‍ അത്രയങ്ങ് തുങ്ങേണ്ടതില്ല. ബന്‍‌ഗര്‍വാടിയില്‍ ഏകാദ്ധ്യാപക വിദ്യാലയം എന്ന ഇമേജ് മാത്രമാണ് ഉള്ളത്. എന്നാല്‍ അപ്പുക്കിളിക്കഥയുടെ തന്മാത്രാവിഘടനത്താല്‍ ഒരു ന്യൂക്ലിയാര്‍ ഫിഷ്ഹന്‍ സംഭവിച്ച ഖസാക്കിന്റെ ഊര്‍ജ്ജതലവും, ആഴപ്പരപ്പും ബന്‍‌ഗര്‍വാടിയേക്കാള്‍ എത്രയോ മുകളിലാണ്. ഇത്തരം [കപട]മോഷണാ‍രോപനങ്ങള്‍ സിനിമയുള്‍പ്പെടെയുള്ള സര്‍ഗാത്മക സാഹിത്യമേഖലകളില്‍ പലപ്പോഴും കേള്‍ക്കാറുള്ളതാണ്. അര്‍ഹിക്കുന്ന അവഗണനയോടെ അതിനെ ഒഴിവാക്കാം. ഇന്ന് ഏത് മേഖലയിലും ചര്‍ച്ചകള്‍ അല്‍പ്പം വിവാദപരമായി ശ്രദ്ധനേടാനുള്ള ജാതീയ ഇടപെടല്‍ ഉപാസനയുടെ ലേഖനത്തിലും ,കമെന്റിലും കാണപ്പെടുകയുണ്ടായി. പണിക്കരും , വാസുദേവന്‍ നായരും ഒക്കെ ചേര്‍ന്ന് വിജയനെയും, ഖസാക്കിനേയും തമസ്ക്കരിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ് അടിസ്ഥാനപരമായി തെളിവുകള്‍ ഇല്ലാത്ത ആരോപണങ്ങ്ല് ഒഴിവാക്കേണ്ടത് തന്നെ. എം.ടിയാണ് വിജയന് ജ്ഞാനപീഠം ലഭിക്കാതിരിക്കാന്‍ കളിച്ചത് എന്ന മട്ടിലുള്ള ആരോപണങ്ങളൊക്കെ കുറെകാലമായി നാം കേട്ട് കളഞ്ഞ മൊഴികളാണ്. (അവസാനകാലത്ത് ഒരു അവദൂത/പ്രവാചക വേഷം വിധിക്കപ്പെട്ട വിജയനും ഒരുകാലത്ത് “ഡെല്‍ഹി ഇന്റലിജയന്റ്സ്” എന്ന കോക്കസിലും ക്ലിക്കിലും ഒക്കെ സജീ‍വപങ്കാളിയായിരുന്നു എന്നും മറു ആരോപണങ്ങമുണ്ട്)
മുന്‍‌വിധികളോടെയാല്ലാതെയുള്ള ഖസാക്കീയന്‍ വായനയില്‍ ചില എതിര്‍പ്പുകളുണ്ടായിരുന്നിരിക്കാം (അതിന് ഇന്ന് തീരെ സാധ്യതയില്ലല്ല്ലോ). ഉപാസനയുടെ തന്നെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ “എതിര്‍പ്പുള്ള പലരും നേരിട്ട് ഇറങ്ങാന്‍ മടിച്ചതും കൃതിയുടെ പോപ്പുലാരിറ്റിയെ ഭയന്നാണ്“. അങ്ങനെ ഭയപ്പെടുത്തി വായ്‌മൂടിക്കെട്ടി ചിരപ്രതിഷ്ഠ നേടേണ്ടതാണോ ഖസാക്ക് എന്ന കൃതി? എന്ത് കൊണ്ട് ഖസാക് വിമര്‍ശനവിധേയമാക്കിക്കൂടാ?
തലക്കെട്ടിലേ ചോദ്യത്തിലേക്ക് വീണ്ടും മടങ്ങി വരുന്നു.
യഥാര്‍ത്ഥത്തില്‍ ഖസാക്ക് ഒരു ദാര്‍ശനിക പൈങ്കിളിയാണോ?

13 comments:

Dinkan-ഡിങ്കന്‍ said...

ഖസാക്ക് ഒരു ദാര്‍ശനിക പൈങ്കിളിയാണോ?
മുന്‍വിധിയോടെ അല്ലാതെയുള്ള ഖാസാക്ക് വായന
അതിന്ന് സാധ്യമാണോ? ഒരു ശരാശരി മലയാളി(മലയാളമെഴുതാനും വായിക്കാനും കഴിവുള്ളവരെ ആണ് ആ പദം കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്) ഒരു നോവല്‍ വായിക്കത്തക്ക പ്രായം വരുമ്പോഴെക്കും അവന്റെ മനസില്‍ കേട്ടുകേള്‍വിയുടെ മിത്തിക്കല്‍ സങ്കല്‍പ്പമായി ഖസാക്ക് ഒരു പിരമിഡ് പോലെ വളര്‍ന്നിട്ടുണ്ടകും. അതില്‍ ഒരു തൂത്താമന്റെ മമ്മി പോലെ വിജയന്‍ എന്ന അപ്രമാദിത്വമാര്‍ന്ന രൂപവും. “ഉറക്കം ഭഞ്ജിക്കുന്നവര്‍ക്ക് മരണഫലം” ഉള്ളതാകയാല്‍ ഏവരും എറാന്‍മൂളി “കൊള്ളാം ഖസാക്ക് ഉദാത്തം..ഭയങ്കരം..മനോഹരം!” എന്നീ പതിവ് ശരിവെയ്ക്കലുകളില്‍ അഭിരമിക്കുകയാണോ? മുന്‍‌വിധികളോടെ അല്ലാതെ ഒരു ഖസാക്ക് വായന എന്നാണ് മലയാളിക്ക് സാധ്യമാവുക?

Sebin Abraham Jacob said...

ഉപാസനയുടെ ബ്ലോഗില്‍ ഖസാക്ക് വാഴ്വിനെ വിമര്‍ശിച്ചു് ഒരു കമന്റ് എഴുതിയതു് കൂടെ ആരും കാണില്ലെന്ന വിചാരത്തിലാണു്. അപ്പോഴതാ ഡിങ്കന്‍ സഹായവുമായി ഓടിയെത്തുന്നു. കൂട്ടത്തില്‍ ഖസാക്ക് യഥാര്‍ത്ഥത്തില്‍ ദാര്‍ശനികപ്പൈങ്കിളിയാണോ എന്നു് എനിക്കിട്ടൊരു തോണ്ടും.

ഖസാക്കിന്റെ ഇതിഹാസം ദാര്‍ശനിക പൈങ്കിളിയാണെന്നു് ആദ്യം പറയുന്നതു് സക്കറിയ ആണോ? അതോ സക്കറിയ അങ്ങനെ പറയുമെന്നു് എന്റെ ധാരണയാണോ? ഏതായാലും ഒറിജിനല്‍ ചിന്തയായി തന്നെ എന്നെ മദിച്ച കാര്യമാണതു്. ഖസാക്കൊക്കെ വായിക്കുമ്പോള്‍ തന്നെയാണു് സി.ആര്‍. പരമേശ്വരന്റെ പ്രകൃതിനിയമം വായിക്കുന്നതു്. അത്രയും സങ്കീര്‍ണ്ണമായ ദാര്‍ശനിക പശ്ചാത്തലമൊന്നും ഖസാക്കില്‍ ഇതേവരെ ഞാന്‍ കണ്ടില്ല. ഖസാക്കിനപ്പുറം സാഹിത്യമില്ലെന്ന മട്ടിലുള്ള എം.കെ. ഹരികുമാര്‍ തീര്‍പ്പുകളോടു് കലഹം തോന്നുന്നതും അതുമൂലമാണു്. വിജയന്റെ കൃതികളില്‍ ബാലബോധിനിയിലെ ചില മിനിക്കഥകളാണു് കൂടുതലിഷ്ടം എന്നു് പറയേണ്ടിവന്നതും അതുമൂലമാണു്. ധര്‍മ്മപുരാണം കാണാതെയിരിക്കുകയും ഖസാക്കിനെ മാത്രം കാണുകയും ചെയ്യുന്നതു് എന്തുതരം നിരൂപണമാണു് ?

ചെറുകഥകളില്‍ ഈഴവരും മഞ്ഞും മറ്റും സൃഷ്ടിച്ച ഒരു തലം നമുക്കു് മുന്നില്‍ നില്‍ക്കുന്നു. മേതില്‍ രാധാകൃഷ്ണനെന്ന ഒറ്റയാന്‍ നമുക്കിടയിലൂടെ സഞ്ചരിക്കുന്നു. ഇങ്ങേയറ്റത്തു് അന്‍വര്‍ അബ്ദുള്ളയുടെ (അതെ, എന്റെ സുഹൃത്തുതന്നെയാണു് - വേണമെങ്കില്‍ പുറം ചൊറിയുകയാണെന്നു് കൂട്ടിക്കോളൂ...) ഡ്രാക്കുള എന്ന നോവല്‍ പോലും ദാര്‍ശനികമായി ഖസാക്കിനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്നു.

ഇങ്ങനെയൊക്കെ പറഞ്ഞതിനര്‍ത്ഥം ഞാന്‍ കാണാപ്പാഠം പഠിച്ചു് ഉരുവിട്ടു നടന്ന ഖസാക്കിനെ എനിക്കിന്നു് ഇഷ്ടമേയല്ല എന്നല്ല. മലയാളത്തില്‍ മറ്റു് നോവലുകളുമുണ്ടു് എന്നു മാത്രമാണു്. കാടുകാണാന്‍ പോയിട്ടു് മരംകണ്ടുമടങ്ങുന്നവരോടു് സഹതപിക്കാന്‍ മാത്രമേ കഴിയൂ.

റോബി said...

ഉപാസനയുടെ പോസ്റ്റ് ഒരു പാര വായിച്ചപ്പോഴെ ഇക്കിളി തോന്നി നിര്‍ത്തി.

ഖസാക്ക് ഞാനൊരിക്കലേ മുഴുവനായി വായിച്ചുള്ളൂ..കഴിഞ്ഞ വര്‍ഷം ഒന്നു കൂടി ശ്രമിച്ചു..അറുപതു പേജിനപ്പുറം പോയില്ല. സെബില്‍ പറഞ്ഞതു പോലെ ഖസാക്ക് മലയാളത്തിലെ മികച്ചൊരു ‘അസ്ഥിത്വവാദ’ നോവലാണ്. മറ്റ് പലതിനുമൊപ്പം...ആള്‍ക്കൂട്ടം, മയ്യഴി, ധര്‍മ്മപുരാണം, സുന്ദരികളും സുന്ദരന്മാരും, മരുഭൂമികള്‍...തുടങ്ങി മികച്ചതില്‍ ഒന്ന്.

എന്നെ ഏറ്റവും സ്വാധീനിച്ച, എനിക്കിഷ്ടപ്പെട്ട പുസ്തകം ‘മരുഭൂമികള്‍ ഉണ്ടാകുന്നത്‘ ആണ്. പിന്നെ നോവലല്ലെങ്കിലും ജൈവമനുഷ്യന്‍...
പ്രകൃതിനിയമം ഗംഭീരമാണ്. നോവലുകളില്ലെങ്കിലും സക്കറിയയുടെ കഥകളും എനിക്കിഷ്ടമാണ്...

ഈ പോസ്റ്റിനു നന്ദി...മലയാളികളിങ്ങനെയാണ്...കൃത്യമായ ഇടവേളകളില്‍ വിജയന്‍, പത്മരാജന്‍ എന്നിങ്ങനെ ചിലരെ ആഘോഷിച്ചു കൊണ്ടിരിക്കും.

ശ്രീ said...

ഡിങ്കന്‍...
ലേഖനം നന്നായി. സത്യത്തില്‍ സുനിലിന്റെ ലേഖനം വായിച്ച ശേഷം ഖസാക്ക് ഒന്നു കൂടി വായിയ്ക്കണം എന്നു കരുതിയിരിയ്ക്കുകയാണ് ഞാനും.
കാരണം ഒരിയ്ക്കല്‍ ഇതു വായിച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അന്ന് ഇതിനെ പറ്റി വ്യക്തമായ ഒരു ധാരണയോടെയല്ല വായിച്ചതും. അതു കൊണ്ടു തന്നെ കാര്യമായ മതിപ്പു തോന്നിയിരുന്നുമില്ല. എങ്കിലും വളരെയധികം പേര്‍ക്ക് ഇഷ്ടമായ ഒരു കൃതി ആയതൂ കൊണ്ടു തന്നെ അത് എന്റെ വായനയുടെ പോരായ്മയായേ എനിയ്ക്കും തോന്നിയുള്ളൂ. (പിന്നെ, വായിച്ചത് പ്രീഡിഗ്രിയ്ക്കോ മറ്റൊ പഠിയ്ക്കുമ്പോഴാണെന്നും തോന്നുന്നു)

എന്തായാലും ഒന്നൂടെ വായിച്ചിട്ടേ വിശദമായി അഭിപ്രായം പറയാനാകൂ.
:)

ദില്‍ബാസുരന്‍ said...

ഡിങ്കാ,
സംഭവം സത്യമാണ്. ഖസാക്കിനെ വിമര്‍ശിച്ചാല്‍ ‘യെവനൊക്കെ ഏതെടാ’ എന്ന നോട്ടം വരുമെന്ന് ഭയന്ന് പലരും മിണ്ടാതെ ഇരിക്കുന്നുണ്ടാവും. ഖസാക്ക് ഒരു പൈങ്കിളി, ദാര്‍ശനികമായെങ്കിലും, ആണ് എന്ന് തോന്നിയിട്ടില്ല. പക്ഷെ ഖസാക്കിന് മുമ്പും ശേഷവും (ഏഡി, ബീസി സ്റ്റൈലില്‍) എന്നൊക്കെ വിശേഷിപ്പിയ്ക്കാന്‍ മാത്രം ഉണ്ട് എന്നും തോന്നിയിട്ടില്ല.

::സിയ↔Ziya said...

ഖസാക്ക് തീര്‍ച്ചയായും നല്ലൊരു നോവലാണെന്നതില്‍ തര്‍ക്കമില്ല.
വിമര്‍ശനത്തിനതീതമാണ് ആ ‘ഇതിഹാസം’ എന്നു തീരെ തോന്നുന്നില്ല ഡിങ്കാ...

“ഖസാക്കിന് മുമ്പും ശേഷവും”
ഇതാരാണ് ഇങ്ങനെയൊരു വരമ്പ് മെനഞ്ഞത് മലയാള സാഹിത്യത്തില്‍?
മലയാളനോവല് സാഹിത്യത്തെ നെടുകേ പകുത്ത കൃതിയെന്ന് കൊട്ടിഘോഷിക്കുന്നത് ഇളമ്മുറക്കാരായ വായനക്കാരോട് ചെയ്യുന്ന അനീതി അല്ലാതെ മറ്റെന്താണ്? ഇത്രയും മാര്‍ക്കറ്റ് ചെയ്യപ്പെട്ട ഒരു കൃതി മുന്‍‌വിധിയോടല്ലാതെ ഇന്നാര്‍ക്ക് വായിക്കാന്‍ കഴിയും?

മലയാള നോവലിന്റെ പരിണാമദശയില്‍ , നോവല്‍ ശാഖയുടെ വികാസത്തിനു അനുപമമായ സംഭാവന നല്‍കിയ കൃതി തന്നെയാണ് ഖസാക്ക് എന്നത് വിസ്‌മരിക്കാതെ ചോദിക്കട്ടെ, വിജയന്റെ സ്വതസിദ്ധമായ ഭാഷാഭ്യാസങ്ങള്‍ അരിച്ചു മാറ്റിയാല്‍ , ഒരു പക്ഷേ ബോധപൂര്‍വ്വം മെനഞ്ഞ ചില ദൃശ്യബിംബങ്ങള്‍ക്ക് നേരേ ഒന്നു കണ്ണടച്ചാല്‍ ഖസാക്ക് ഏതളവ് വരെ ദാര്‍ശനികമാണ്? ബഹുസ്വരമായ ഒരു വായനക്ക് നിദാനമാകുന്നു എന്നതില്‍ കവിഞ്ഞ് എന്ത് പ്രത്യേകതയാണ് ഖസാക്കിനു അവകാശപ്പെടാവുന്നത്?

ഖസാക്കിനപ്പുറം സാഹിത്യമില്ലെന്നത് ആരുടെ ജല്‍പ്പനമാണ്?

ഇനി ഖസാക്ക് തുറന്ന് “കൂമന്‍ കാവില്‍ ബസ്സ് ചെന്നു നിന്നപ്പൊള്‍ ആ സ്ഥലം രവിക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരും വരായകളുടെ ഓര്‍മ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടു കണ്ടു ഹൃദിസ്ഥമായിത്തീര്‍ന്നതാണ്....” എന്നിങ്ങനെ വായിച്ചു തുടങ്ങുമ്പൊള്‍ പൈങ്കിളി ചുവച്ചാല്‍ (അല്പം ദാര്‍ശനികം തന്നെ ആയിക്കോട്ടെ!) ഡിങ്കാ, സെബിനേ....ആരാവും ഉത്തരവാദികള്‍ ആ പൈങ്കിളിച്ചുവയ്ക്ക് :)

പ്രശാന്ത് കളത്തില്‍ said...

പക്ഷേ വിമര്‍ശനങ്ങള്‍ക്ക് അതീതമായൊരു ഇതിഹാസം, എല്ലാവരാലും കൊട്ടിഘോഷിക്കപ്പെടുന്ന ഒരു ഖസാക്ക് ആ ഒരു തലം എന്തുകൊണ്ടോ എന്നില്‍ സംശമുണര്‍ത്തുന്നു.
ഇതിഹാസം വിമര്‍ശനത്തിന് അതീതമാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? ഉദാത്തം, ഗംഭീരം എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ടെങ്കില്‍തന്നെ, അത്തരം അഭിപ്രായങ്ങള്‍ ഇതിഹാസത്തെപറ്റി മാത്രമല്ലല്ലോ ഉണ്ടായിട്ടുള്ളത് ? പ്രസിദ്ധീകരിച്ച് കഴിഞ്ഞ് 40 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്നും ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന മലയാളകൃതി ഖസാക് തന്നെ. അതാണ് കൃതിയുടെ മെറിറ്റ്. അതാത് കാലങ്ങളില്‍ വാഴ്ത്തപ്പെട്ട പല കൃതികളുമുണ്ടായിരുന്നു. എന്തുകൊണ്ട് എന്നും മലയാളിയുടെ വായനയെ ഖസാക് പോലെ അവ പിന്തുടര്‍ന്നില്ല. ഇതിഹാസമാണ് ഒരേയൊരു കൃതിയെന്നും അതിനപ്പുറം മലയാളസാഹിത്യമില്ലെന്നും ഏതെങ്കിലും ബുദ്ധിമരവിപ്പുകള്‍ വിളിച്ചുകൂവിയിട്ടുണ്ടെങ്കില്‍ അതുവേറെ കാര്യം. ഡിങ്കനും ചര്‍ച്ചയില്‍ പങ്കെടുത്ത പലരും പേരെടുത്ത് പറഞ്ഞവയെല്ലാംതന്നെ വളരെ മികച്ച വായനാനുഭവങ്ങളാണ്. പ്രകൃതിനിയമം, ആള്‍ക്കൂട്ടം, ഹരിദ്വാര്‍, പാണ്ഡവപുരം, ഗോവര്‍ധന്‍ തൂടങ്ങി 2048 കിമീ വരെയുള്ള മികച്ച മലയാളനോവലുകളില്‍, ഇതിഹാസത്തിനുതന്നെയാണ് ഒന്നാംസ്ഥാനം. ഇത് എന്റെ അഭിപ്രായം മാത്രമാവുന്നില്ല, ഭൂരിഭാഗം വായനക്കാരുടെയും അഭിപ്രായമാണെന്നുതന്നെ കരുതണം. അതുകൊണ്ടാണല്ലൊ ഇതിഹാസം എപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നതും എക്കാലത്തെയും ബെസ്റ്റ് സെല്ലര്‍ ആയി തുടരുന്നതും.


വിജയന്‍ വിമര്‍ശനത്തിന് വിധേയനാവാതിരുന്നിട്ടില്ല, ഇതിഹാസം വിജയനോളം വിമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും. നോക്കു, മലയാളത്തില്‍ മറ്റുപലരുമില്ലെ വിമര്‍ശനത്തിനതീതരായി ? ബഷീറിനെക്കുറിച്ചുള്ള ചില പൊതുധാരണകള്‍ക്കെതിരായി (അതൊരു വിമര്‍ശനം പോലുമല്ല) മാധവന്‍ പരാമര്‍ശിച്ചപ്പോള്‍ എന്തുണ്ടായി എന്നു നമ്മള്‍ കണ്ടതാണ്. ഇതൊരുദാഹരണം മാത്രം. ബഷീര്‍, എം. ടി., യേശുദാസ് എന്നിങ്ങനെ വ്യക്തികള്‍ സ്ഥാപനങ്ങളായപ്പോള്‍, വിജയനല്ല, മറിച്ച് അദ്ദേഹത്തിന്റെ കൃതിയാണ് സ്ഥാപനവല്‍ക്കരിക്കപ്പെട്ടത്. അത് വേറൊരു ദുരന്തം.

ഇതിഹാസം മുന്‍‌വിധികളില്ലാതെ വായിക്കാന്‍ ആയില്ലെന്നത് ഞാനടങ്ങുന്ന തലമുറയുടെ ദുര്യോഗം, ഇനി വരുന്നവരുടെയും. ഒന്നുണ്ട്, പലരും ആ നോവലിനെ അപ്രതിരോധ്യമായ ഉയരത്തില്‍ പ്രതിഷ്ടിക്കാന്‍ ശ്രമിച്ചിരിക്കണം, എന്നാല്‍ ഇന്ന് അതിനുള്ള സ്ഥാനം 40 വര്‍ഷം കൊണ്ട് വന്ന് ചേര്‍ന്നിട്ടുള്ളതാണ്. ചാര്‍ത്തികൊടുത്ത തൊങ്ങലുകളില്ലാതെതന്നെ ഇതിഹാസം നിലനില്‍ക്കുന്നു. ദസ്‌തയോവ്സ്ക്കിയ്ക്ക്, മാര്‍ക്വേസിന്, കസാന്ദ്സാക്കിസിന്..... (ഇനിയും ചേര്‍ക്കാം) സ്വാഭാവികമായി വന്നു ചേര്‍ന്ന ഒരു വലുപ്പം ആണ് മതിലായും കാലഗണനത്തിന്റെ മാനമായും മാറിപ്പോവുന്നത്. അന്നയുടെ ആത്മഹത്യാചിന്തകള്‍ നിങ്ങളെ എന്നും വലയ്ക്കുന്നു, നിങ്ങളുടെ മനസ്സില്‍ എന്നും മകൊണ്ടൊ രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്നു, മാലാഖമാര്‍ യേശുവിന് കാണിച്ചുകൊടുക്കുന്നതെല്ലാം നിങ്ങള്‍ എന്നും കാണുന്നു... ഇതുപോലെതന്നെയാണ് ഖസാക്കിനും വായനക്കരുടെ മനസ്സില്‍ വന്നിട്ടുള്ള രൂപങ്ങള്‍.

സെബിന്‍ പറഞ്ഞപോലെ കാട് കാണാന്‍ പോയിട്ട് മരം മാത്രം കണ്ടവരുടെ ദുര്യോഗത്തെ നമുക്ക് പഴിക്കാം. അതോടൊപ്പം, അവര്‍ കണ്ടത് ഏറ്റവും വലുതായ, പടര്‍ന്നുപന്തലിച്ച മരത്തെയാണ് എന്നാശ്വസിക്കുകയും ചെയ്യാം.

പിന്നെ അവശേഷിക്കുന്നത് ആ കാവി ഉത്തരീയത്തിന്റെ പാതയാണ്. എന്നാല്‍ അത് ഉറച്ചുപറയാന്‍ ലജ്ജിക്കുന്നിടത്താണ് ...
ഡിങ്കന്‍, ആ കാവി ഉത്തരീയത്തിന്റെ പാതയാണല്ലോ വിജയന്‍ പിന്നീട് തുടര്‍ന്നത്.

Dinkan-ഡിങ്കന്‍ said...

സെബിന്‍,
ഖസാക്ക് ദാര്‍ശനിക പൈങ്കിളിയാണോ എന്ന് പറഞ്ഞത് ഗൌളിശാസ്ത്രം അറിയുന്ന നസ്രാണിയാണൊ എന്ന് എനിക്കും ഉറപ്പില്ല, പക്ഷേ ഖസാക്കിനെ കുറിച്ച് സക്കറിയ നര്‍മ്മം കലര്‍ത്തിപ്പറഞ്ഞ മറ്റൊന്നുണ്ട് “ഇന്ന് ഒരു നോവല്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ ഖസാക്കിനേക്കാള്‍ നന്നാകണം എന്ന മുന്‍‌വിധി കടന്നുവരുന്നു” എന്നതാണ് പ്രസ്ഥാവന. ഒരു പരിധിവരെ അത് സത്യവുമാണ്. ദാര്‍ശനികമായോ, പാത്രസൃഷ്ടിയിലോ, കഥനരീതിയിലോ ഒക്കെ ഖസാക്കിനോളം (മുകളില്‍ എന്ന് പറഞ്ഞുകൂടല്ലോ) നില്‍ക്കുന്ന സൃഷ്ടികളും ഉണ്ട് എന്ന് നാം എന്തേ (മനപ്പൂര്‍വ്വം)മറന്ന് പോകുന്നത്?

റോബി,
വര്‍ഷങ്ങള്‍ക്ക് മുന്നെയാണ് ഞാനും ഖസാക്ക് വായിക്കുന്നത്. പക്ഷേ അവസാനമായി (പൂര്‍ണ്ണമായും/3മത് തവണ) വായിക്കുന്നത് 3 വര്‍ഷം മുന്നെയാണെന്ന് തോന്നുന്നു.ആസ്ഥിത്വവാദങ്ങളില്‍ ഒന്ന് എന്നേ എനിക്കും തോന്നിയുള്ളൂ.

ശ്രീ,
മുന്‍‌വിധികളില്ലാതെ ആദ്യതവണ ഖസാക്ക് വായിച്ചപ്പോള്‍ അത്ര വലിയ മതിപ്പ് തോന്നിയില്ല എന്ന് പറഞ്ഞല്ലോ, ഇന്ന് ആ സാഹചര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. മലയാളസാഹിത്യത്തെ വിഭജിക്കുകയും, ചോദ്യംചെയ്യപ്പെടാനാകാത്ത വിധം ഒരു തൂത്താമന്‍ മമ്മിയടങ്ങുന്ന പിരമിഡായും ഖസാക്ക് മാറിയിരിക്കുന്നു. [ഒന്നുകൂടെ വായിക്കൂ പണ്ട് തോന്നിയ അഭിപ്രായം മാറിയേക്കാം. കാരണം ഇപ്പോള്‍ വായിക്കുന്നത് മുന്‍‌വിധികളോടെയാണല്ലോ :) ]

ദില്‍ബാസുരന്‍,
ഖസാക്ക് ഒരു മോശം കൃതിയെന്ന് ആര്‍ക്കും അഭിപ്രായമില്ല. എങ്കിലും കൊട്ടിഘോഷങ്ങളുടെ പൊയ്ക്കാഴ്ചകള്‍ക്ക് അതില്‍ എത്രമാത്രം സാധുതയുണ്ട് എന്നതാണ് വിഷയം.
[വിമര്‍ശിക്കരുത് “തൂത്താമന്റെ ഉറക്കം മുടക്കുന്നവര്‍ക്ക് മരണമായിരിക്കും ഫലം”]

സിയ,
മലയാളനോവല് സാഹിത്യത്തെ നെടുകേ പകുത്ത കൃതിയെന്ന് കൊട്ടിഘോഷിക്കുന്നത് ഇളമ്മുറക്കാരായ വായനക്കാരോട് ചെയ്യുന്ന അനീതി അല്ലാതെ മറ്റെന്താണ്? ഈ ചോദ്യം വളരെ പ്രസക്തമാണ്. ഇത് തന്നെയാണ് പറയാന്‍ ഉദ്ദേശിച്ചതും.[എന്ത് കൊണ്ട് ഈ ചോദ്യം ഡിങ്കന്‍ ചോദിച്ചില്ല?]

Dinkan-ഡിങ്കന്‍ said...

പ്രശാന്ത്,
ഇതിഹാസം വിമര്‍ശനത്തിന് അതീതമാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?
ഒന്ന് സ്വയം ചോദിക്കാം നമുക്ക് എത്രമാത്രം ഖസാക്ക് വിമര്‍ശന വിധേയം ആയിട്ടുണ്ടെന്ന്.

പ്രകൃതിനിയമം, ആള്‍ക്കൂട്ടം, ഹരിദ്വാര്‍, പാണ്ഡവപുരം, ഗോവര്‍ധന്‍ തൂടങ്ങി 2048 കിമീ വരെയുള്ള മികച്ച മലയാളനോവലുകളില്‍, ഇതിഹാസത്തിനുതന്നെയാണ് ഒന്നാംസ്ഥാനം. ഇത് എന്റെ അഭിപ്രായം മാത്രമാവുന്നില്ല, ഭൂരിഭാഗം വായനക്കാരുടെയും അഭിപ്രായമാണെന്നുതന്നെ കരുതണം.
. . . . . .

അവര്‍ കണ്ടത് ഏറ്റവും വലുതായ, പടര്‍ന്നുപന്തലിച്ച മരത്തെയാണ് എന്നാശ്വസിക്കുകയും ചെയ്യാം

ഒരു ഓട്ടപ്പന്തയത്തില്‍ ഒരാള്‍മാത്രം ജയിച്ച് ഒന്നാമന്‍ ആകുന്നത് ഡിങ്കന് മനസിലാകും. എന്നാല്‍ എങ്ങനെയാണ് മേല്‍പ്പറഞ്ഞവയില്‍ ഖസാക്ക് 1മത് എന്ന പട്ടികയില്‍ കയറിക്കൂടുന്നത് എന്ന് മനസിലായില്ല. അതാണ് ഈ പോസ്റ്റിന് തന്നെ കാരണവും. ഭൂരിഭാഗം എന്നതിനെ കുറിച്ച് പറയാന്‍ ഡിങ്കന്‍ ആളല്ല കാരണം ഓരോരുത്തരുടെയും വായന അവര്‍ക്ക് വിട്ടുകൊടുക്കുന്നതല്ലെ നല്ലത്. ഇവിടെ കമെന്റ് രേഖപ്പെടുത്തിയവരില്‍ പലരും മികച്ച കൂട്ടത്തില്‍ ഒന്ന് എന്ന് ഖസാക്കിനെ പറ്റി പറഞ്ഞതു ശ്രദ്ധിച്ചുകാണുമല്ലൊ. ഒന്ന് എന്നതില്‍ നിന്ന് ഒന്നാമത് എന്നതിലെക്കുള്ള സ്യൂഡോ മെറ്റാമോര്‍ഫിസത്തിന്റെ പാതായാണ് പിടി കിട്ടാത്തത്. [ജ്യാമിതീയ രൂപങ്ങള്‍ സാഹിത്യത്തില്‍ കടന്നുവരുമ്പോള്‍ അളവു/കോണ്‍/‍തൂക്കങ്ങളുടെ മാപനം ഏത് മാനത്തില്‍ ഉള്ളതാകണം?].

കാട് കാണാന്‍ പോയി മരം കണ്ട് വരുന്നവര്‍, അവര്‍ കൂട്ടത്തില്‍ വലിയ / പടര്‍ന്ന് /പന്തലിച്ച ഒരു മരം കൂട്ടത്തില്‍ കണ്ടു എന്നിരിക്കട്ടെ [വലുപ്പം? പന്തലിക്കല്‍?] അതില്‍ ഒരു പോടുണ്ടെന്നോ, അതില്‍ കിളികള്‍ കൂട് കൂട്ടാറില്ലെന്നോ ഒരു അഭിപ്രായം പറഞ്ഞാല്‍ അത് അനാരണ്യകം ആകുന്നതെങ്ങനെ?

ഇതിഹാസം മുന്‍‌വിധികളില്ലാതെ വായിക്കാന്‍ ആയില്ലെന്നത് ഞാനടങ്ങുന്ന തലമുറയുടെ ദുര്യോഗം, ഇനി വരുന്നവരുടെയും
ഇത് വലിയൊരു പ്രശ്നമാണ്. ബിംബവല്‍ക്കരണത്തിന്റെ അപ്രമാദിത്വമാര്‍ന്ന സ്പേസില്‍ നിന്ന് മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂ.
[കൂട്ടത്തില്‍ മക്കോണ്ട കണ്ടു, ആ കൂട്ടത്തില്‍ ഒന്ന് പറഞ്ഞുകൊള്ളട്ടെ മക്കോണ്ടക്കാരന്റെ 100 വര്‍ഷങ്ങള്‍ എന്തോ അത്ര വലിയ സംഗതി ആയി ഡിങ്കന് തോന്നിയില്ല, മറിച്ച് മക്കോണ്ടക്കാരന്‍ മാര്‍ക്കേസിന്റെ “ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ ടോള്‍ഡ്” ഒരുപാട് ഇഷ്ടമാവുകയും ചെയ്തു.]

ആ കാവി ഉത്തരീയത്തിന്റെ പാതയാണല്ലോ വിജയന്‍ പിന്നീട് തുടര്‍ന്നത്
തീര്‍ച്ചയായും അതേ ഖസാക്കിനേക്കാള്‍ കൂടുതല്‍ വായനാ പരത ഡിങ്കന് അനുഭവപ്പെട്ട ഗുരുസാഗരത്തിലും, ധ.പുരാണത്തിലും അനുവര്‍ത്തിക്കുന്ന കാവിയുടെ പാത തുറന്ന് പറയാന്‍ അസ്ഥിത്വവാദിയായ വിജയന്‍ ലജ്ജിക്കുന്നിടത്താണ് സ്വയം ഒരു ഒടിമറയലിലൂടെ കൊലപാതകിയാകുന്നത്. ഒടിമാറി തിരികെ വന്ന (പുലിമറയാത്ത തൊണ്ടച്ഛന്) വിജയന് ബാക്കിയായത് കാവിക്കാരന്‍ എന്ന് ഒരു പക്ഷത്ത് നിന്ന് കിട്ടിയ അപമാനസംബോധനയും, അവദൂതന്‍ എന്ന് മറുപക്ഷത്ത് നില്ല് ലഭിച്ച ഊഷ്മളതയുടെ ഉത്തരീയവും

പ്രശാന്ത് കളത്തില്‍ said...

ഡിങ്കന്‍,
ഓട്ടപന്തയത്തില്‍ ഒരാള്‍ മാത്രം ജയിക്കുന്ന കാര്യവും അതു മനസ്സിലാവുന്ന കാര്യവും പറഞ്ഞു കണ്ടു. ക്ഷമിക്കണം, അങ്ങനെയൊരു മത്സരത്തെപ്പറ്റി ഇവിടെ പരാമര്‍ശമുണ്ടായോ ? ഒരു സമ്മാനദാനം, മാര്‍ക്കിടല്‍ ഒന്നുമല്ല ഡിങ്കനും അതിനു ശേഷം കമന്റിട്ടവരും ഉദ്ദേശിച്ചതെന്ന്‍ ഞാന്‍ കരുതിയാല്‍ അതു തെറ്റാണെന്ന് താങ്കള്‍ പറയില്ലെന്ന് കരുതട്ടെ.


മികച്ചവയില്‍ ഒന്ന് എന്നതില്‍ നിന്ന് മികച്ചത് എന്നിടത്തേയ്ക്കുള്ള പരിണാമമാണല്ലൊ പ്രശ്‌നം. ഇതാ ഇതു മാത്രമാണ് ഒന്നാം നമ്പര്‍, ഇതു വായിക്കൂ, ഇതില്‍ അഭിരമിക്കൂ എന്നൊക്കെ പറയാനും ശഠിക്കാനും ഞാന്‍ അക്ഷരജാലകം കോളമെഴുത്തുകാരനല്ല. ഇതിഹാസമാണ് പലതുകോണ്ടും ഒന്നാമതായി എനിയ്ക്കു തോന്നിയത് എന്നു പറഞ്ഞെന്നു മാത്രം. അതുകൊണ്ട് മറ്റു പല കൃതികളും മോശമെന്ന അര്‍ത്ഥമില്ലല്ലൊ. ഇതിഹാസത്തോളം തന്നെ എനിയ്ക്ക് പേഴ്സണല്‍ ഫേവരിറ്റ്സ് വേറെയുമുണ്ട്. പക്ഷെ മികച്ചതിനെപറ്റി പറയുമ്പോള്‍ ഇഷ്ടം മാത്രമല്ലല്ലോ മാനദണ്ഡം.


ഞാന്‍ ഭൂരിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതല്ല. ഓരോരുത്തരുടെയും വായന അവരവരുടെതുതന്നെയാണ് സുഹൃത്തെ. അത് താങ്കളോ ഞാനോ വിട്ടുകൊടുത്താലും ഇല്ലെങ്കിലും. ഞാന്‍ ഉദ്ദേശിച്ചത് വായനയെ മൊത്തത്തില്‍ ഏറ്റെടുത്ത് പ്രസ്താവന ഇറക്കാനല്ല. അങ്ങനെ തോന്നിയെങ്കില്‍ അതെന്റെ പിഴ. ചില കാര്യങ്ങള്‍ ഉണ്ടല്ലൊ, നമ്മള്‍ പൊതുവെ കാണുന്നതും അറിയുന്നതും ആയിട്ട്. അതില്‍‌പ്പെട്ട ഒന്നാണ് ഖസാക്ക് ‘പൊതുവെ‘ ഏറ്റവും മികച്ചതായി കരുതപ്പെടുന്നു എന്നത് (ശ്രദ്ധിക്കുക, പൊതുവെ). ആ വസ്തുത നിക്ഷേധിക്കാനാവില്ല. ഞാന്‍ പറഞ്ഞുവരുന്നത് പൊതു ധാരണയെക്കുറിച്ചാണ്. അതു തെറ്റാവാം, ശരിയാവാം. പക്ഷെ അങ്ങനെയാണ് ആ ധാരണ രൂപപ്പെട്ടിരിക്കുന്നത്. അതിനുള്ള തെളിവാണല്ലൊ ഈ പോസ്റ്റുതന്നെ. ഇതിഹാസത്തിന് ലബ്ദമായിരിക്കുന്ന ആ സ്ഥാനം ആരെങ്കിലും ബോധപൂര്‍വ്വമായി ഉണ്ടാക്കിയെടുത്തതല്ല, ആളുകളുടെ വായനാനുഭവങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് ഞാന്‍ കരുതുന്നു.

ഖസാക്കിനെപ്പറ്റി മുകുന്ദന്‍ പറഞ്ഞിരുന്നു ഒരിക്കല്‍, ചരിത്രത്തിന്റെ ഭാഗമായിട്ടില്ല എന്നതാണ് ഇതിഹാസത്തിന്റെ പ്രധാനപ്രത്യേകത എന്ന്. അത് ശരിയല്ലെ ? നമ്മള്‍ ഇവിടെ പരാമര്‍ശിച്ച ഒരുവിധം കൃതികളെല്ലാം ഇന്ന് ചരിത്രമാണ്. വായിക്കപ്പെടുന്നുണ്ടാവാമെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. എന്നാല്‍ ഖസാക്ക് ഇപ്പോഴും ജീവിക്കുന്നു. അത് തന്നെയാണ് ആ കൃതിയുടെ മഹത്വവും.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

വിഗ്രഹവല്‍ക്കരിക്കപ്പെട്ട ഒരു നോവലിനെയും, അതിന്റെ കര്‍ത്താവിനെയും വായനക്കാരന്റെ സ്വതന്ത്രമെടുത്ത്‌ കൊണ്ടുള്ള ഈ പോസ്റ്റുമോര്‍ട്ടം നന്നായിരിക്കുന്നു, വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വായിച്ചു മറന്ന ഒരു കൃതിയാണെനിക്കത്‌ ഏകദേശം അതെ സമയത്തു തന്നെയാണ്‌ ഞാന്‍ മുകുന്ദന്റെ "ആദ്യത്യനും രാധയും മറ്റുചിലരും " വായിക്കുന്നത്‌ ഇന്നും എന്റെ മനസ്സില്‍ മിഴിവോടെ നില്‍ക്കുന്നത്‌ തെരുവിലൂടെ ഒരു പഴയ ഹാര്‍മ്മോണിയവും വായിച്ചു കൊണ്ട്‌ പോകുന്ന ആദ്യത്യന്‍ തന്നെയാണ്‌, നന്ദി എന്തായലും ഈ പോസ്റ്റ്‌ നന്നായിരിക്കുന്നു, കാരണം ബ്ലോഗുകളില്‍ ഇത്തരം ചര്‍ച്ചകള്‍ കുറവാണ്‌ അധികമാളുകളും ജീവനില്ലത്ത പ്രണയങ്ങള്‍ക്കു പിന്നാലെയാണ്‌, തുടരു....

Dinkan-ഡിങ്കന്‍ said...

പ്രശാന്ത്,
തീര്‍ച്ചയായും ഇവിടെ 1,2,3 റാങ്കിങ്ങ് ഇല്ല. (വേണമെങ്കില്‍ ഗ്രേഡിംഗ് ആകാം അല്ലെ? വേണ്ടെങ്കില്‍ അതും ഒഴിവാക്കാം. ഓട്ടപ്പന്തയത്തെപ്പറ്റി പറഞ്ഞപ്പോഴാണ് “ഒരു ദീര്‍ഘദൂര ഓട്ടക്കാരന് പോലും നിങ്ങളെ പിന്നിലാക്കണമെങ്കില്‍ അയാള്‍ നിങ്ങളുമായി മിനിമം ഒരു നിശ്ചിത ലാപ്പ് എങ്കിലും ഓടിയിരിക്കണം” എന്ന പഞ്ചതന്ത്രവരമ്പിലെ ഒരു കൊറ്റി പറഞ്ഞത്. അതിനാല്‍ ഓട്ടപ്പന്തയം ഒഴിവാക്കിയിരിക്കുന്നു.)

മികച്ചവയില്‍ ഒന്ന് എന്നതില്‍ നിന്ന് മികച്ചത് എന്നിടത്തേയ്ക്കുള്ള പരിണാമമാണല്ലൊ പ്രശ്‌നം
അതേ അത് ചിലയിടത്തെങ്കിലും മനസിലാകാതെ വരുമ്പോഴാണ് ഡിങ്കന്‍ ചോദ്യങ്ങള്‍ ആരായാന്‍ തുടങ്ങുന്നത്. തീര്‍ച്ചയായും മികവില്‍ മികച്ചേരി ആരെന്ന ചോദ്യത്തിന് ബഹുജനം പലവിധ മറുപടികളായിരിക്കും തരുക എന്നത് നേര്.
(അക്ഷര ജാലകക്കാരനെ കുറിച്ച് മിണ്ടിപ്പോകരുത് :) പുള്ളിയും മാതൃഭൂമിയില്‍ എന്തോ എഴുതി എന്ന് കേട്ടു. കണ്ടില്ല. ഡിജിറ്റല്‍ ആയി കാണാന്‍ വല്ല വഴിയും ഉണ്ടോ?)

ഇതിഹാസത്തോളം തന്നെ എനിയ്ക്ക് പേഴ്സണല്‍ ഫേവരിറ്റ്സ് വേറെയുമുണ്ട്. പക്ഷെ മികച്ചതിനെപറ്റി പറയുമ്പോള്‍ ഇഷ്ടം മാത്രമല്ലല്ലോ മാനദണ്ഡം.

തീര്‍ച്ചയായും ഇഷ്ടം മാത്രമല്ല മാനദണ്ഡം, പക്ഷേ ഇതിഹാസത്തോളം മറ്റ് ഫേവറേറ്റ്സ് ഉണ്ടായിട്ടും നേരത്തേ മറഞ്ഞ ഒന്നില്‍ നിന്ന് ഒന്നാമത് എന്ന രൂപപരിണാമ സാധ്യതയിലാണ് സംശയം

എന്നാല്‍ ഖസാക്ക് ഇപ്പോഴും ജീവിക്കുന്നു. അത് തന്നെയാണ് ആ കൃതിയുടെ മഹത്വവും.

ഖസാക്ക് ഇനിയും ജീവികട്ടെ, പോപ്പുലര്‍ ആകട്ടെ, ബിംബവല്‍ക്കരിക്കപ്പെടട്ടെ.. എന്നാല്‍ ജീവസും, ഓജസും ഉള്ള “ഇതിഹാസത്തോളം തന്നെയുള്ള” മറ്റുപലതുകളെ കണ്ടില്ലെന്ന് നടിക്കരുത്. അതിര്‍വരമ്പുകള്‍ തീര്‍ക്കരുത്. മുന്‍‌വിധികള്‍ വളര്‍ത്തരുത്.

ശെരീഖ്,
ചിലര്‍ക്ക് രവി, ചിലര്‍ക്ക് സേതു, ചിലര്‍ക്ക് ആദിത്യന്‍, ചിലര്‍ക്ക് രമേഷ് പണിക്കര്‍, ചിലര്‍ക്ക് ഗോവര്‍ദ്ധന്‍, ചിലര്‍ക്ക് ഡിലന്‍ തോമസ്.....
പേരുകള്‍ പലതുമുണ്ട്. അതിനെ എല്ലാം വെറും ചെറു നക്ഷത്രങ്ങളാക്കി ഒരു സൂര്യന്‍(രവി) മാത്രം ജ്വലിക്കുന്നു എന്ന് പറയുന്നതിന്റെ തൊടുന്യായം. അതാണ് വിഷയവും.

പൊന്‍കുരിശ് said...

പുതിയ കക്ഷിയാണ്, പറയാന്‍ തോന്നുന്നത് ഒന്നു പറഞ്ഞോട്ടെ.
പോസ്റ്റും കമന്റ്സും വായിച്ചു കഴിഞ്ഞപ്പോള്‍, മിച്ചം കിട്ടിയത് രണ്ടു വാദങ്ങളാണ്.
1. പുസ്തകം അല്ല, പുസ്തകപ്പുഴുക്കളുടെ പുകഴ്ചപറയലാണ് പ്രശ്നം.
2. ഖസാക്ക് നല്ലതാണങ്കിലും, പുകഴ്ചപറഞ്ഞു കേള്‍ക്കുന്ന അത്രയൊന്നും ഇല്ല. (ഈ വാദവും ചെന്നുചേരുന്നത്, ആദ്യത്തെ വാദത്തില്‍.)

ഖസാക്ക് ഒരു ഇതിഹാസം ആയിരുന്നു. അത് മുമ്പും-പിമ്പും എന്നൊരു വരമ്പുണ്ടാക്കുകയും ചെയ്തു. അതിന്റെ പ്രാധാന്യം മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നു, അതു കഴിഞ്ഞു. ലാറ്റിനമേരിക്കന്‍ സാഹിത്യം അന്ന് ദില്ലി വഴി കേരളത്തിലെത്തിയത് തന്നെ ഒരു ഇരുപതു വര്‍ഷം താമസിച്ചാണ്. മാര്‍ക്വേസും ഗുന്തറും ഒന്നും വരമ്പുവയ്പ്പുകാര്‍ അല്ല, വരമ്പുവയ്പ്പുകാരുടെ രണ്ടാം തലമുറക്കാരാണ്. (മൂന്നാം തലമുറ, ഗോഗോളിന്റെ ചിലപുസ്തകങ്ങള്‍ കൂടി പരിഗണിക്കുകയാണങ്കില്‍.) ലോകസാഹിത്യത്തില്‍ മികച്ച ആയിരം പുസ്തകങ്ങളുടെ പട്ടികയില്‍ ഖസാക്കിനു സ്ഥാനമുണ്ടോ എന്നാണ് സ്വതന്ത്രവായനക്കാരന്‍ ചോദിക്കേണ്ട ചോദ്യം. അല്ലാതെ, മലയാളത്തിലെ മികച്ചത്, പാലക്കാട്ടെ മികച്ചത്, ഒറ്റപ്പാലത്തെ മികച്ചത്, എന്നൊക്കെ അന്വേഷിച്ചുനടക്കുന്നതിന്റെ യുക്തി എന്താ‍ണന്ന് എനിക്കറിയില്ല.
വിജയനെക്കുറിച്ചാ‍ണങ്കില്‍, ഗുരുസാഗരം, ഖസാക്കിലും വളരെ മികച്ച പുസ്തകമാ‍ണന്നാണ് എന്റെ അത്ര എളിയതല്ലാത്ത അഭിപ്രായം.

ഈ രണ്ടു സെന്റ് സ്ഥലത്ത് മൈ റ്റു സെന്റ്സ് വിതക്കാന്‍ അനുവദിച്ചതിനു നന്ദി.