Tuesday, December 23, 2008

ചാവുകളി - മറവിയെന്നത് ഓർമ്മയുടെ കൊലപാതകമാകുമ്പോൾ

മറവികളെ കുറിച്ചു പറഞ്ഞാണ് തുടങ്ങുന്നത്...

ഇവിടമായിരുന്നു തുടക്കം. അഡ്രിനാലിൽ തിളയ്ക്കുന്ന പോസ്റ്റുകളും, കമെന്റുകളും വായിക്കുന്നതിനിടെയാണ് സിനിമയിലെ ഗ്യാംഗ്സ്റ്റർ/മാഫിയാ സംഘങ്ങളും മയക്കുമരുന്നും തമ്മിലുള്ള തൊട്ടുകൂടായ്മയെ പറ്റി ചിലർ സംശയം പ്രകടിപ്പിച്ചത്. “.. മയക്കുമരുന്ന് കടത്താത്ത സോഫ്‌റ്റ് അധോലോകനായകന്മാരായിരുന്നില്ലെ നമുക്കുണ്ടായിരുന്നത്“ എന്ന റോബിയുടെ ചോദ്യത്തിന് ഉള്ള ഉത്തരമായി ചില കാരണങ്ങൾ എനിക്കറിയാമല്ലോ, അറിയാമെങ്കിലും എനിക്കവ ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലോ, എവിടെയാണ് ലിങ്കുകൾ നഷ്ടപ്പെട്ടത് എന്നെല്ലാം ഓർത്ത് ചിന്താവിവശനായെങ്കിലും അതു പോലും പിന്നീട് മറന്നു പോയി. മറവി ഒരനുഗ്രഹമാണെന്ന് പറയുമെങ്കിലും ചില മറവികൾ ക്രൂരതകളാണ്, ചിലതെങ്കിലും അസ്വസ്ഥകരവുമാണ്. ഒരു ക്ലാസിക് നോവലോ, സിനിമയോ ഒക്കെ സ്വപ്നത്തിൽ തീർത്തശേഷം ഉറക്കം മുറിയുമ്പോൾ അതിനെക്കുറിച്ച് ഒരു മയിപ്പീലിത്തുണ്ടോ, ആടുകിടന്നയിടത്തെ പൂടയോ ആയി പോലും ഓർമ്മകൾ അവശേഷിക്കുന്നില്ല എന്നിരിക്കേ ആ ഓർമ്മകളെ ചികയുന്നത് പരിതാപകരമായ പാഴ്ശ്രമങ്ങളാണ്. പക്ഷേ, മുകളിൽ പരാമർശിച്ച പോസ്റ്റും മയക്കുമരുന്ന് വ്യാപാരം നിഷേധിക്കുന്ന നല്ല(?)വനായ ഗ്യാംഗ്സ്റ്റർ/മാഫിയ നായകനും തമ്മിലുള്ള ഒരു കടങ്കഥ - പ്രതികൂല സാഹചര്യം കാത്ത് ശരീരത്തിൽ പതിയിരിക്കുന്ന ഒരു രോഗാണു പോലെ - ഓർമ്മയ്ക്കും, മറവിയ്ക്കും ഇടയിലെവിടെയോ ബാക്കിയുണ്ടായിരുന്നു.

ഓർമ്മകളെ കുറിച്ചു പറഞ്ഞാണ് തുടരുന്നത്...


മാരിയോ പുസോയുടെ ഗോഡ്ഫാദർ എന്ന നോവലിനെ ആധാരമാക്കി ഡോൺ വീറ്റൊ കോർളിയോണിന്റെയും, സിസിലിയൻ-അമേരിക്കൻ മാഫിയയുടെയും കഥ പറയുന്ന സിനിമ സീരീസിലെ മൂന്നാംഭാഗം കണ്ടിരുന്നില്ല. ഹൈസ്കൂൾ കാലത്തെപ്പോഴോ ആണ് പഴയ VHS ക്യാസറ്റുകളിൽ ആദ്യ രണ്ടു ഭാഗങ്ങളും കാണുന്നത് . മർലിൻ ബ്രാൻഡൊ ഇല്ല എന്നതുകൊണ്ട് മാത്രമാണോ മൂന്നാം ഭാഗം ഒഴിക്കിയതെന്നു ഓർക്കാൻ പോലും ഇപ്പോൾ കഴിയുന്നില്ല. (ചിലപ്പോഴെങ്കിലും ഓർമ്മ ഒരു തിരയില്ലാത്തോക്കു പോലെ പാഴ് ആയുധമാണ്) പക്ഷേ ഗോഡ്‌ഫാദർ സിനിമകളിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഡോൺ വീറ്റൊ കോർളിയോൺ തന്നെയായിരുന്നു എന്നുള്ളത് വ്യക്തമായ ഒരു ഓർമ്മയാണ്. (തലയിൽ തോക്കു ചുണ്ടി “നിരസിക്കാനാവാത്ത ഒരു കരാർ” മുന്നോട്ടുവെച്ചാലും അതിൽ മാറ്റമില്ല). ഗോഡ്ഫാദർ സിനിമയുടെ മൂന്നാംഭാഗം ഡിവിഡി അവിചാരിതമായാണ് കയ്യിൽ തടഞ്ഞത്, അതിലാകട്ടെ മുമ്പ് കണ്ടു തീർത്ത ആദ്യരണ്ടു ഭാഗങ്ങൾ ഉണ്ടായിരുന്നു താനും. എങ്കിൽ പിന്നെ ഒന്നിൽ നിന്നു തുടങ്ങാമെന്നു കരുതി. ‘ഫൈവ് ഫാമിലീ‘സുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വതുവെയ്പ്പ്, പന്തയങ്ങൾ, കൊലപാതങ്ങൾ തുടങ്ങി നിയമവിരുദ്ധമായ പലതും ചെയ്യുന്നുണ്ടെങ്കിലും ഡ്രഗ്സ്ഡീൽ തന്റെ ഗ്യാംഗ് ചെയ്യില്ലെന്ന് ഉറക്കെപ്പറയുന്ന വീറ്റോ കോർളിയോണിന്റെ വികലമായ സംഭാഷണം (വീറ്റോ സംഭാഷണ വൈകല്യമുള്ള കഥാപാത്രമാണ്) കേട്ടപ്പോഴാണ് ലെതീഷിന്റെ പോസ്റ്റിൽ പറയാതെ മറന്നു പോയ പഴയ കടങ്കഥക്കാരണങ്ങൾ ഓർത്തത്.

സിസിലിയൻ ഡോണായ ഗോഡ്ഫാദർ തന്നെ അങ്ങനെ പറയുന്നുവെങ്കിൽ നമ്മുടെ മലയാളം മാഫിയ/ഗ്യാംഗ്സ്റ്റർ നായകന്മാർക്ക് പിന്നെ എങ്ങനെ മാറ്റിച്ചിന്തിയ്ക്കാനാകും? പ്ലാചീനോയുടേയോ, ബ്രാൻഡോയുടെയോ വാർപ്പുമാതൃകകളല്ല മലയാള മാഫിയാ നായകരെങ്കിലും കഥാമുഹൂർത്തങ്ങളും, സംഭാഷണങ്ങളുമെല്ലാം പലപ്പോഴും അനുകരിക്കപ്പെട്ടിട്ടുണ്ട്. ’അഭിമന്യു’വിൽ മോഹൻ‌ലാൽ ‘ഫഫ്ത വസൂൽ’ നിർത്താനായി ‘ഗലി‘യിലെ ഗുണ്ടാ നേതാവിനെതെരുവിൽ ആഘോഷം നടക്കുന്ന നേരത്ത് കൊലപ്പെടുത്തുമ്പോഴും, ’പ്രിൻസ്’ എന്ന മറ്റൊരു മൂവിയിൽ ലാൽ തന്നെ തന്റെ മാഫിയാ കുടുംബത്തെ നിയമത്തിനു കീഴിൽ കൊണ്ടു വരുമ്പോഴും ഒക്കെ പലതവണ ‘ഗോഡ്‌ഫാദർ’ ചുവയ്ച്ചിട്ടും റോബിയുടെ കമെന്റിനു മറുകുറിയായി അതവിടെ പറയാതിരുന്നത് ഓർമ്മപ്പിഴവ് മാത്രം. മാഫിയാ നായകരുടെ പ്രോട്ടോടൈപ്പ് ആയ ഡോ‍ൺ വീറ്റൊ കോർളിയോൺ പറഞ്ഞാൽ പിന്നെ നമ്മുടെ സ്വന്തം ചോട്ടാ നായകന്മാർക്ക് അനുസരിക്കാതെ പറ്റുമോ? (മോഹൻ‌ലാൽ ചിത്രങ്ങളെ മാത്രം പഴി പറയാൻ വരട്ടെ ലാലിന്റെ മുംബൈ‌മാഫിയാ ചിത്രങ്ങളിൽ തുടങ്ങി, ഇപ്പോൾ കൊച്ചിമാഫിയ ചിത്രങ്ങളിൽ വരെ പലസീനുകളിലും, സംഭാഷണങ്ങളിലും, ശരീരഭാഷയിലും ഗോഡ്ഫാദർ അനുകരണം കാണാറുണ്ട്. ഗോഡ്‌ഫാദറിൽ നിന്ന് പ്രചോദനം നേടിയാണ് ‘സർക്കാർ’ സീരീസ് ചെയ്യുന്നതെന്ന് രാംഗോപാൽ വർമ്മ സമ്മതിയ്ക്കുന്നുണ്ടെങ്കിലും അത്തരമൊരു തുറന്ന സമ്മതം “തേവർ മകനിൽ” കമൽ നടത്തിയിട്ടുണ്ടോ?)

മറവികളെ കുറിച്ചുതന്നെ പറഞ്ഞാണ് ഒടുങ്ങുന്നത്...

ഗോഡ്ഫാദർ സീരീസിലെ 3 സിനിമകളും ഒറ്റയടിയ്ക്കാണ്കണ്ടു തീർത്തത്. 8 മണിക്കൂറോളം തുടർച്ചയായി സിസിലിയിലും, അമേരിക്കയിലുമായി അരാജകത്വം നിറഞ്ഞ തെരുവുകളിലും, ഗൂഡാലോചന നടക്കുന്ന അരണ്ടവെളിച്ചമുള്ള മുറികളിലുമൊക്കെ അധിവസിച്ച ശേഷമാണ് ഉറങ്ങാൻ കിടന്നത്. ഇന്ന് എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഓഫീസിൽ പോകാൻ പുറത്തിറങ്ങീയപ്പോഴാണ് എന്തോ മറന്നതായി തോന്നിയത്. ഉടനെ പരതാൻ തുടങ്ങി...
ഇടതു കൈത്തണ്ട, റിസ്റ്റ് വാച്ച്...
കഴുത്തിൽ, ഐഡി റ്റാഗ്...
ഷർട്ടിന്റെ പോക്കറ്റ്, പെൻ, മൊബൈൽ‌ഫോ‍ൺ, താക്കോൽ...
പാന്റിന്റെ ഇടതു പോക്കറ്റ്, കർച്ചീഫ്...
പാന്റിന്റെ വലതു പോക്കറ്റ് , മണി പേഴ്സ്...

എല്ലാം ഉണ്ട്, പക്ഷേ എന്തോ മറന്നിട്ടുണ്ടെന്ന് എനിക്ക് തീർച്ചയായും ഉറപ്പുണ്ട്...
Yup, I miss something, I terribly miss something... Oh! got it... It was a Gun!
വയറിനു കീഴ്ഭാഗത്തായി , ഷർട്ടിനുള്ളിൽ ഒരു നിറത്തോക്ക് മറച്ചുവെയ്ക്കാൻ ഞാൻ മറന്നു പോയതായി എനിക്ക് ഓർമ്മ വന്നത് എന്തുകൊണ്ടാണ്?

ഓഫ്.ടോ.
*
താടിയെല്ലു പരന്ന് ഉച്ചാരണ വൈകല്യമുള്ള ഡോൺ വീറ്റോ കോർളിയോൺ എന്ന ‘ഗോഡ്‌ഫാദർ’ ആകാനായി മർളിൻ ബ്രാൻഡോ കവിളുകൾക്കിടയിൽ ടിഷ്യൂപേപ്പർ കുത്തിത്തിരുകുമായിരുന്നത്രേ.
*
തങ്ങളുടെ സിനിമയെ സിനിമയെ സൂപ്പർ ഹിറ്റാക്കിമാറ്റിയ അതേ ബ്രാൻഡോയെ പാരാമൌണ്ട് സിനിമാക്കമ്പനി അപമാനിച്ചതിനാലാണ് ഗോഡ്‌ഫാദറിന്റെ രണ്ടാം ഭാഗത്തിൽ ഒരു ചെറിയ രംഗത്തിൽ പോലും അദ്ദേഹം പ്രത്യക്ഷപ്പെടാതിരുന്നതെന്ന് അഭ്യൂഹമുണ്ട്.
*
Who said it is only present and future are updating... Wrong buddy, My past is also updating.
*
How many roads must a man walk down before you call him a man...
എന്ന ബോബ് ഡിലൻ പാട്ടിനെ
How many bullets must a Don pass through befor you call him a Don...
എന്നു മൂളിയത് ഓർമ്മത്തെറ്റായിരുന്നില്ല.

9 comments:

Dinkan-ഡിങ്കന്‍ said...

ഗോഡ്ഫാദർ സീരീസിലെ 3 സിനിമകളും ഒറ്റയടിയ്ക്കാണ്കണ്ടു തീർത്തത്. 8 മണിക്കൂറോളം തുടർച്ചയായി സിസിലിയിലും, അമേരിക്കയിലുമായി അരാജകത്വം നിറഞ്ഞ തെരുവുകളിലും, ഗൂഡാലോചന നടക്കുന്ന അരണ്ടവെളിച്ചമുള്ള മുറികളിലുമൊക്കെ അധിവസിച്ച ശേഷമാണ് ഉറങ്ങാൻ കിടന്നത്. ഇന്ന് എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഓഫീസിൽ പോകാൻ പുറത്തിറങ്ങീയപ്പോഴാണ് എന്തോ മറന്നതായി തോന്നിയത്. ഉടനെ പരതാൻ തുടങ്ങി...

വെള്ളെഴുത്ത് said...

ആയുധം വച്ചുള്ള കളിയ്ക്ക് ഇപ്പോള്‍ വേറെ സാദ്ധ്യതകളായി. ബാബേല്‍ ഇപ്പോഴാണ് കണ്ടത് ഒരു മെക്സിക്കോ അതിലുണ്ട്. പക്ഷേ ഫെസ്റ്റിവലില്‍ കണ്ട് ‘ഫണ്ണി ഗെയിംസ്’ (മൈക്കല്‍ ഹനേക്കിന്റെ) മറക്കാന്‍ പറ്റുന്നില്ല. പിന്നൊന്ന് നോയിസും. മാഫിയാ ചിത്രങ്ങളല്ല. ആയുധം വച്ചുള്‍ല കളിയാണ് വിഷയം അതിന്റെ ഇങ്ങേയറ്റം എന്താണെന്നറിയണമെങ്കില്‍ കോയന്‍ ബ്രദേഴ്സിന്റെ ‘ബേണ്‍ ആഫ്റ്റെര്‍ റീഡിംഗ്’ കണ്ടു നോക്ക്.. മനുഷ്യനെ വടിയാക്കുകയും എന്നാല്‍ പേടിപ്പിക്കുകയും...ആയുധം തന്നെ..

റോബി said...

ഡിങ്കാ
ആദർശവാനായ ഈ വിറ്റോ കൊർലിയോണിയെ ഞാനും മറന്നു. പോപ്‌ കൾച്ചറിന്റെ ഹീറോ ആയ അധോനായകരെല്ലാം ഒരുപോലെ സോഫ്റ്റ്‌ ആയിരുന്നെന്ന് നമുക്ക്‌ പറയാമോ?

ബ്രാൻഡോ ഗോഡ്‌ഫാദർ-2 ൽ അഭിനയിക്കാതിരുന്നത്‌ കഥാപാത്രത്തിൽ re-enter ചെയ്യാനുള്ള മടി കാരണമാണെന്നും കേട്ടിട്ടുണ്ട്‌.

വെള്ളെഴുത്തേ,
പുതിയ ഫണ്ണിഗെയിംസ്‌ (യുഎസ്‌ വേർഷൻ) ആണോ കണ്ടത്‌? ഞാൻ കണ്ടത്‌ 98-ലേതാണ്‌. വല്ലാത്തൊരു സിനിമ തന്നെ.
(ഫെസ്റ്റിവലിനെക്കുറിച്ച്‌ ഒരു പോസ്റ്റെഴുതാമോ? ഒരു ഫെസ്റ്റിവലിലും ഇതുവരെ പങ്കെടുക്കാനവസരം കിട്ടാത്ത ഒരു ഹതഭാഗ്യൻ..:(

Thulasi Kakkat said...

ഇ.സന്തോഷ്‌കുമാറിന്റെ ‘ചാവുകളി‘ യെ കുറിച്ചാണെന്നു കരുതിയിട്ടാണ് ഇവിടെ വന്നത്. നല്ലൊരു സിനിമയ്ക്കുള്ള സ്കോപ്പില്ലേ ഡിങ്കാ ആ കഥയില്‍ ?

R. said...

ഡിങ്കാ,
ആ സിനിമയില്‍ പലതും വിട്ടുകളഞ്ഞിട്ടുമുണ്ട് - മരിയോ പുസോയുടെ അറിവനുവാദങ്ങളോടെയാകാം.

ലൂക്കാ ബ്രാസിയെക്കുറിച്ച് മൈക്കല്‍ കോര്‍ലിയോണ്‍ വളരേ വൈകി മനസ്സിലാക്കുന്ന ഭീകര യാഥാര്‍ത്ഥ്യം...

"I go for my husband, so he don't go down there" - എന്നും പള്ളയില്‍ പോകുന്നതെന്നതെന്തിനാണെന്ന് മമ്മ കോര്‍ലിയോണ്‍ കേ ആഡംസിനോട് വെളിപ്പെടുന്നത്...

On the other hand, ഗോഡ്‌ഫാദറിന് ഫ്രെഡോയോട് പ്രകടമായ നീരസമുള്ളത് അങ്ങേര്‍ 'the original bareback rider' ആയതുകൊണ്ടു കൂടിയാണെന്നത്...

പിന്നെ കൂട്ടത്തില്‍, Godfather II-ല്‍ ഓപ്പറാ കണ്ടിരിക്കുമ്പോള്‍ "My wife is the most beatiful woman for me" എന്ന് അത്യുദാത്തമാവുന്നത്...



പക്ഷേ, ഇതൊന്നു കൊണ്ടുമല്ലല്ലോ വീറ്റോ കോര്‍ലിയോണ്‍ 'ഗോഡ്‌ഫാദര്‍' ആവുന്നത് എന്നു കൂടി നമുക്കോര്‍ക്കാം.

Dinkan-ഡിങ്കന്‍ said...

വാസ്തവത്തിൽ ഈ പോസ്റ്റ് ഗോഡ്ഫാദറിനെക്കുറിച്ചാണോ,ഓർമ്മ-മറവികളെക്കുറിച്ചാണോ എന്ന് എനിക്കു തന്നെ വലിയ ഉറപ്പില്ല. പക്ഷെ ഒരു തോക്കെടുക്കാൻ ഞാൻ മറന്നു പോയതായി ഓർമ്മവന്നത് എന്തുകൊണ്ടാണ്? കാഴ്ചയുടെ കപടത(?) ഓർമ്മകളെ/മറവികളെ എങ്ങനെ ഉദ്ദീപിക്കുന്നു എന്നത് രസകരമായ കാര്യമാണ്. ഒപ്പം തന്നെ വർത്തമാനം/ഭാവി മാത്രമല്ല അപ്ഡേറ്റഡ് ആകുന്നത്. ഓരോ കാഴ്ചയും, ശബ്ദവും ഭൂതം എന്ന ഡാറ്റാബേസിനെ അപ്ഡേറ്റഡ് ആക്കുന്നുണ്ട്

വെള്ളേ, ആ കൂട്ടത്തിൽ ചില റഷ്യൻ റൌലറ്റ് സീരീസ് മൂവികളും ഉണ്ട്. ഗബർ സിങ്ങ് ശൈലി റൌലറ്റല്ല :)

ബ്രാൻഡോ പിന്നീട് വരാഞ്ഞത് പ്ലാചീനോ ആയുള്ളാ ചെറിയ ഈഗ്ലോ ക്ലാഷ്, പാരാമൌണ്ട് ആയുള്ള ഉരസൽ, ഒരിക്കൽ തകർത്തഭിനയിച്ച കഥാപത്രം വീണ്ടും ചെയ്താൽ പാളുമോ എന്ന ഭയം... അങ്ങനെ പലതും പറഞ്ഞു കേൾക്കുന്നുണ്ട്.

സന്തോഷിന്റെ ‘ചാവുകളി’ കൊള്ളാം തുളസീ. അതുകൊണ്ട്തന്നെയാണ് ടൈറ്റിലിൽ ആ പേരു വന്നതും. ഓരോ വാക്കിലും ക്രൈം ഉള്ള കഥയാണ്. നമ്മുടെ രാഷ്ട്രീയം ക്രൈം അല്ലേ?

ആർ, അങ്ങനെ വിട്ടുകളഞ്ഞ പലതുമുണ്ട്.
ഗോഡ് ഫാദർ സിനിമാ സീരീസിൽ ബിബ്ലിക്കൽ/സെമിറ്റിക് സങ്കൽ‌പ്പങ്ങൾക്ക് ഒരുപാട് ഇടപെടലുകളുണ്ട്. ഗോ‍ഡ്ഫാദർ-സൺ ബന്ധം, ബാപ്റ്റിസം, വത്തിക്കാൻ-പള്ളി, കസിൻ-കസിൻ മാര്യേജ്.. അങ്ങനെയൊരുപാട്.വീറ്റോ കോർളിയോൺ പൂർണ്ണനായ ഒരു മനുഷ്യനല്ല എന്ന് എല്ലാവർക്കുമറിയാം, പക്ഷേ ആ അപൂർണ്ണതയല്ലേ അയാളിലെ ഹീറോയിസം?

എല്ലാർക്കും നന്ദി :)

പരാജിതന്‍ said...

ഡിങ്കാ, ഗോഡ്‌ഫാദര്‍ മൂശയെപ്പറ്റി പറഞ്ഞപ്പോള്‍ ഒരു കാര്യം വിട്ടുപോയി. മണിരത്തിനത്തിന്റെ ‘നായകന്‍‘. മേക്കപ്പിലടക്കം അടിമുടി ബ്രാന്റോയെ അനുകരിച്ചതാണ് കമല്‍, നായകനില്‍.

ഓഫ്: തോക്കെടുക്കാന്‍ മറന്നത് സാരമില്ല. മൊബൈല്‍ ഫോണ്‍ ഷര്‍‌ട്ടിന്റെ പോക്കറ്റില്‍ ഇടരുത് കേട്ടാ. ബക്കറ്റീന്നു വെള്ളമെടുക്കാന്‍ കുനിഞ്ഞാല്‍ സംഗതി എപ്പൊ വെള്ളത്തീപ്പോയീന്നു ചോദിച്ചാ മതി. ഇത്തിരി വെള്ളം ഉള്ളിലുമുണ്ടേല്‍ പറയുകേം വേണ്ട.

Dinkan-ഡിങ്കന്‍ said...

പരാജിതൻ ജീ, ‘നായകൻ’ മറന്നു പോയതാണ്. ‘തേവ്വർ മകനോ‘ടൊപ്പം നായകനും പരാമർശിക്കണമെന്ന് കരുതിയതാണ്. നായകനിൽ ബോഡി ലാൻ‌ഗ്വേജ് ആണെങ്കിൽ തേ.മകനിൽ കഥ അപ്പാടെ അതു തന്നെയല്ലേ. [ഗോ.ഫാ 1സ്റ്റ് പാർട്ട്]

ഓഫ്.
കൂടെയുള്ളവരുടെ ഗുണം കാരണം ഇപ്പൊൾ “കുനിഞ്ഞ്” വെള്ളമെടുപ്പില്ല :)

ajeesh dasan said...

haaiiii...dinkaa..
new year aashamsakal