Tuesday, March 25, 2008

ഒരു കോഴിക്കോടന്‍ നിലാവ് കൂടെ പൊലിഞ്ഞു


ഒരു കോഴിക്കോടന്‍ നിലാവ് കൂടെ പൊലിഞ്ഞു..
ഒരു നാടകത്തിനു കൂടെ തിരശീല വീണു...
കെ.ടി മുഹമ്മദ് അന്തരിച്ചു.


കൂടുതല്‍ എന്തൊക്കെയോ പറയണം എന്നുണ്ട്.
പക്ഷേ എല്ലാം ഈ ഹൈക്കുവില്‍ ഒതുക്കുന്നു.
* വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

Tuesday, March 18, 2008

ഖസാക്ക് ഒരു ദാര്‍ശനിക പൈങ്കിളിയാണോ?

(ഖസാക്കിന്റെ ഇതിഹാസം എന്ന രാവണന്‍ കോട്ടയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ഒരു ശ്രമം)

ഉപാസനയുടെ ഈ പോസ്റ്റിന് ഒരു കമെന്റായി തുടങ്ങിയതാണ്. അടയ്ക്കാമരമായപ്പോള്‍ ഇവിടെ വെച്ചു എന്നേ ഉള്ളൂ

ഖസാക്കിനെ എല്ലാരും വാനോളം പുകഴ്ത്തുന്ന കൂട്ടത്തില്‍ അപസ്വരമായി തോന്നുമെങ്കിലും ചില അഭിപ്രായങ്ങള്‍ പറഞ്ഞ്കൊള്ളട്ടെ (മാതൃഭൂമിയിലെ ഖസാക്കീയന്‍ പോസ്റ്റ്മൊര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചിട്ടില്ല. അത് വായ്യിച്ചതിന് ശേഷമേ ഖസാക്കിനെ കുറിച്ച് പറയാവൂ എന്നുണ്ടെങ്കില്‍ ദയവായി ഇതിനെ തള്ളിക്കളയുക. അതില്‍ പറഞ്ഞ സാഹിത്യവിശാരദരുടെ അവലോകനം ഒന്നും വായിച്ചില്ല. എങ്കിലും ഖസാക്ക് വായിച്ച് വെറും ഒരു സാധാരണ മലയാളി വായനക്കാരന്റെ അഭിപ്രായങ്ങളാണിത്, അല്ലാതെ ജെന്‍ഡര്‍പൊളിറ്റിക്സ്, ലിറ്ററല്‍ ഡീ-കണ്‍സ്‌ട്രക്ഷന്‍, മിത്തിക്കല്‍ അനാലിസിസ് എന്നീ ഭൂതക്കണ്ണാടികള്‍ വെച്ച് അല്ലാതെ ഒരു സാധാരണ വായനക്കാരന്റെ കണ്ണുകളാല്‍ മാത്രമുള്ള വായനാ നിരീക്ഷണങ്ങള്‍)

തീര്‍ച്ചയായും ഞാന്‍ ഇഷ്ടപ്പെടുന്ന മലയാളം നോവലുകളില്‍ ഒന്നാണ് ഖസാക്കിന്റെ ഇതിഹാസം.
ഒന്ന് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ആ കൂട്ടത്തില്‍ വിജയന്റെ തന്നെ ഗുരുസാഗരവും, ആ‍നന്ദിന്റെ ആള്‍കൂട്ടവും, സേതുവിന്റെ പാണ്ഡവപുരവും, മേതിലിന്റെ സൂര്യവംശവും, മുകുന്ദന്റെ ഹരിദ്വാറില്‍ മണിമുഴങ്ങുമ്പോഴും,..... അങ്ങിനെ ഒരുപാട് കൃതികള്‍ കടന്ന് വരുന്നു. അതില്‍ ഒന്നായിട്ടേ ഖസാക്കിനെയും കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. പക്ഷേ വിമര്‍ശനങ്ങള്‍ക്ക് അതീതമായൊരു ഇതിഹാസം, എല്ലാവരാലും കൊട്ടിഘോഷിക്കപ്പെടുന്ന ഒരു ഖസാക്ക് ആ ഒരു തലം എന്തുകൊണ്ടോ എന്നില്‍ സംശമുണര്‍ത്തുന്നു. ഒരുപാട് വീരശൃംഘലകളുടെ ഭാരം തൂങ്ങലുകള്‍ “മലയാളത്തിന്റെ ഇതിഹാസം”, “ഖസാക്കിന് മുമ്പ്/ശേഷം“ . ഇത്രയേറെ കൊട്ടിഘോഷിക്കലുകള്‍ ഖസാക്കിനുണ്ടോ എന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ ഒരു അന്വേഷണം നടത്തിയപ്പോഴാണ് “ഖസാഖ് ഒരു ദാര്‍ശനിക പൈങ്കിളി അല്ലേ?” എന്ന് ചിലരെങ്കിലും മറുചോദ്യം ഉന്നയിച്ചത്. ഒരു പൈങ്കിളിയല്ല ഖസാക്ക് എന്ന മറുപടി നല്‍കാമെങ്കിലും “ദാര്‍ശനിക പൈങ്കിളിയല്ലേ?” എന്ന് ചോദിച്ചപ്പോള്‍ വാസ്ഥവത്തില്‍ ചിലനിമിഷങ്ങള്‍ ഇരുത്തി ചിന്തിക്കേണ്ടി വന്നു.

മുന്‍വിധിയോടെ അല്ലാതെയുള്ള ഖാസാക്ക് വായന
അതിന്ന് സാധ്യമാണോ? ഒരു ശരാശരി മലയാളി(മലയാളമെഴുതാനും വായിക്കാനും കഴിവുള്ളവരെ ആണ് ആ പദം കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്) ഒരു നോവല്‍ വായിക്കത്തക്ക പ്രായം വരുമ്പോഴെക്കും അവന്റെ മനസില്‍ കേട്ടുകേള്‍വിയുടെ മിത്തിക്കല്‍ സങ്കല്‍പ്പമായി ഖസാക്ക് ഒരു പിരമിഡ് പോലെ വളര്‍ന്നിട്ടുണ്ടകും. അതില്‍ ഒരു തൂത്താമന്റെ മമ്മി പോലെ വിജയന്‍ എന്ന അപ്രമാദിത്വമാര്‍ന്ന രൂപവും. “ഉറക്കം ഭഞ്ജിക്കുന്നവര്‍ക്ക് മരണഫലം” ഉള്ളതാകയാല്‍ ഏവരും എറാന്‍മൂളി “കൊള്ളാം ഖസാക്ക് ഉദാത്തം..ഭയങ്കരം..മനോഹരം!” എന്നീ പതിവ് ശരിവെയ്ക്കലുകളില്‍ അഭിരമിക്കുകയാണോ? മുന്‍‌വിധികളോടെ അല്ലാതെ ഒരു ഖസാക്ക് വായന എന്നാണ് മലയാളിക്ക് സാധ്യമാവുക? ഒരുപക്ഷേ കേട്ടു‌കേള്‍വികളുടേയും മുന്‍വിധികളുടേയും ആ പശ്ചാത്തലം കൊണ്ടാകണം കരിമ്പനകളില്ലാതെ ഇങ്ങനെയൊരു കവര്‍ ചിത്രം പോലും സാധ്യമാകാത്ത മട്ടില്‍ ഖസാക്ക് ബിംബവല്‍ക്കരിക്കപ്പെടുന്നത്. (എഴുതപ്പെട്ടിരുന്ന കാലത്ത് മാതൃഭൂമിയില്‍ വരുന്ന വായനക്കാരുടെ കത്തുകളില്‍ പോലും തണുപ്പന്‍ മട്ടാണ് അതിനുണ്ടായിരുന്നതെന്നും അറിയുന്നു)

ഖസാക്ക് ഭാഷ/കാലം/കാലഘട്ടം/കഥാപാത്രങ്ങള്‍
ഈ 4 ഘടകങ്ങള്‍ക്കും ഇതിഹാസത്തില്‍ വ്യക്തമായ പങ്കുണ്ട് എന്ന് വേണം കരുതാന്‍. മലയാളത്തില്‍, പ്രത്യേകിച്ച് ഗദ്യത്തില്‍ വിപ്ലവകരമായ ഒരു പരിവര്‍ത്തനം തുടങ്ങിയ കാലഘട്ടത്തിലാണ് ഖസാക്ക് പുറത്തുവരുന്നത്. അതേ സമയം അതിലെ ഭാഷ മിത്തിക്കല്‍ സങ്കല്‍പ്പങ്ങള്‍ക്ക് ഇണങ്ങുന്നതുമായിരുന്നു. എന്നാല്‍ ഒരു പാലക്കാടന്‍ ചുവയുള്ള ആ സംഭാഷണം ചിലരെയെങ്കിലും ചെടിപ്പിക്കുന്നുമുണ്ട്. 12 വര്‍ഷത്തോളമെടുത്താണ്‍ ഖസാക്ക് പൂര്‍ത്തിയാക്കിയതെന്നാണ് ഊഹം.(ആള്‍ക്കൂട്ടവും ഏകദേശം ഇത്രയും കാലം കൊണ്ട് പൂര്‍ത്തിയാക്കിയതാണ്) ചെത്തിമിനുക്കലുകളുടെ ഒരു വ്യാഴവട്ടം തീര്‍ച്ചയായും ഖസാക്കിന് മാറ്റുകൂട്ടുന്നുണ്ട്. വെറുമൊരു അപ്പുക്കിളിക്കഥയില്‍ നിന്ന് ഇതിഹാസത്തിലേക്കുള്ള പരിണാമകാലഘട്ടം. ഒരേസമയം സരളവും എന്നാല്‍ സങ്കീര്‍ണ്ണവുമായ കഥാപാത്രങ്ങളെയാ‍ണ് ഖസാക്കില്‍ കാണാന്‍ സാധിക്കുക. ഉദാ. “സത്തിയം പലത്” എന്ന് തമിഴ് കലര്‍ന്ന ഗ്രാമീണശൈലിയില്‍ സരളമായി പറയുന്നുണ്ടെങ്കിലും അത് പ്രതിനിദാനം ചെയ്യുന്ന ദാര്‍ശനിക തലം വിസ്തൃതമാണ്. രവി, അല്ലാപിച്ച, മാധവന്‍ നായര്‍, അപ്പുക്കിളി, കുപ്പുവച്ചന്‍, നൈസാമലി, മൈമൂന, കുട്ടാടന്‍... എന്നിങ്ങനെ ഒരുപാട് കഥാപാത്രങ്ങളുടെ ഒരു മഹായാനം.(അതിന് നാവികനായി ഒരു വിജയന്‍) . വിപ്ലവകരമായ ഒരു കടന്നുവരവിലൂടെയാണ് രവി നോവലില്‍ പ്രവേശിക്കുകയും , കഥയാരംഭിക്കുകയും ചെയ്യുന്നത്. ഒരു ആശ്രമത്തില്‍ നിന്ന് സന്യാസിനിയുടെ ഉടുതുണിയും വാരിപ്പുതച്ചാണ് ഖസാക്കില്‍ രവി ബസിറങ്ങുന്നത്. നിലവിലെ സമ്പ്രദായങ്ങളെ തകിടം മറിച്ചുകൊണ്ടുള്ള ഒരു തുടക്കമാണ് അത് വായനക്കാരന് നല്‍കുന്നത്. അതിനും മുന്‍പേ തന്റെ രണ്ടാനമ്മയുമായുള്ള അഗമ്യാഗമനത്തിന്റെ കുറ്റബോധവും പേറിയാണ് അയാള്‍ ആശ്രമത്തിലെത്തുന്നത്. കുറ്റബോധവും ആത്മനിന്ദയും ഇതിവൃത്തമായുള്ള ആ കാലഘട്ട കഥാപാത്രങ്ങളുടെ ഒരു പ്രതീകമാവുകയാണ് രവി. അദ്ധ്യാപക സങ്കല്‍പ്പങ്ങളുടെ സാമ്പ്രദായിക പവിത്രതയെ കാറ്റില്‍ പറത്തിക്കൊണ്ട് കള്ളുകുടിച്ചും, പെണ്ണുപിടിച്ചും ഒരു പച്ചമനുഷ്യനായി ഖസാക്കില്‍ രവി ജീവിക്കുന്നു.
രവിയുടെ ബസ് ടിക്കറ്റ്
ഖസാക്കില്‍ നിന്ന് വിടപറയുന്ന രവി എവിടെയ്ക്കായിരിക്കും യാത്ര ചെയ്യാന്‍ സാധ്യതയുള്ളത് എന്നത് ഇന്നും അവശേഷിക്കുന്ന ഒരു ചോദ്യമാണ്. എന്നാല്‍ ആ ചോദ്യത്തെ തീര്‍ത്തും ഇല്ലായ്മ ചെയ്യുന്ന രീതിയിലാണ് രവിയുടെ ആകസ്മികമായുള്ള മരണം. അന്ന് ഖസാക്കില്‍ മഴപെയ്തില്ലായിരുന്നുവെങ്കില്‍, ഒരു സര്‍പ്പദംശനമേറ്റ് രവി മരിച്ചില്ലായിരുന്നുമെങ്കില്‍ എവിടേയ്ക്കായിരിക്കും കാത്തു നിന്ന ബസ് വന്ന ശേഷം അയാള്‍ ടിക്കറ്റ് എടുക്കുക? (“ഈ ചൈതലിയുടെ മുകളില്‍ ഒരു ഓന്തായും, ചിത്രശലഭമായും ജീവബിന്ദുക്കളെ പോലെ എനിക്ക് സഞ്ചരിക്കണം” എന്നൊക്കെ പറഞ്ഞാല്‍ ഉടന്‍ തന്നെ ബെല്ലടിച്ച് കണ്ടക്ടര്‍ അയാളെ അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടുന്നതായിരിക്കും. “ഇവനൊക്കെ എവിടെന്നു വരുന്നെടാ?” എന്ന് ആത്മഗതം കൂടെ വന്നാലും അത്ഭുതപ്പെടാനില്ല ). അതുകൊണ്ട് രവിയ്ക്ക് ഒരു ടിക്കറ്റ് എടുത്തേ മതിയാകൂ. പക്ഷേ, എവിടേയ്ക്ക്? ഒരിക്കല്‍ തന്നെ ജീവിതത്തിലേക്ക് വിളിച്ചിട്ടും അയാള്‍ ഉപേക്ഷിച്ച കാമുകിയുടെ അടുത്തേക്ക് രവി തിരികെ ചെല്ലാനുള്ള സാധ്യത തുലോം വിരളമാണ്. ഏത് ഉടല്‍രതിയുടെ “പാപബോധ”ത്താലാണൊ താന്‍ നീറി അലയുന്നത് ആ രണ്ടാനമ്മയുടെ സാന്നിദ്ധ്യമുള്ള വീട്ടിലേക്ക് അയാള്‍ മടങ്ങി പോകുമെന്ന് കരുതാനും വയ്യ. പിന്നെ അവശേഷിക്കുന്നത് ആ കാവി ഉത്തരീയത്തിന്റെ പാതയാണ്. എന്നാല്‍ അത് ഉറച്ചുപറയാന്‍ ലജ്ജിക്കുന്നിടത്താണ് വിജയന്‍ ഒരു കൊലപാതകിയാകുന്നത്.
വിജയന്‍ എന്ന ഒടിയന്‍
ഖസാക്കിനെ വര്‍ണ്ണിക്കാനായി വിജയന്‍ സ്വീകരിച്ച ഒരു മാധ്യമം മാത്രമാണ് രവി എന്നുകാണാം. ഉപയോഗം കഴിഞ്ഞതിനു ശേഷം അയാള്‍ രവിയെ ന്നിഷ്ക്കരുണം കൊന്നുകളയുന്നു. രവിയെ ദംശിച്ച ആ സര്‍പ്പം വിജയന്‍ അല്ലാതെ മറ്റാരുമല്ല. രവിയെ മാത്രമല്ല കിണറായും, വസൂരിയായും, അര്‍ബുദമായും, അപകടങ്ങളായും പലരൂ‍പത്തിലും മരണസാന്ദ്രതയനുസരിച്ച് വിവിധ ഒടിയന്‍ രൂപങ്ങളില്‍ വിജയന്‍ കടന്ന് വരുന്നുണ്ട്. വാസ്ഥവത്തില്‍ വായനക്കാരന് മനനത്തിനായി ഒരു സ്പേസ് പോലും കൊടുക്കാതെയാണ് വിജയന്റെ ഖസാക്കീയന്‍ പാത്രസൃഷ്ടി എന്ന് കാണാം. ഡെല്‍ഹിയിലെ തന്റെ തീന്‍ മേശയില്‍ കത്തിയും മുള്ളും വെച്ച് ഭക്ഷണശകലങ്ങളറുക്കുന്ന കൃത്യതയോടെ കഥാപാത്രങ്ങളുടെ പരിധി ഇതിഹാസകാരനാല്‍ നിര്‍ണ്ണയിക്കപ്പെടുന്നു. (ഒരു രമേശ് പണിക്കര്‍ പോലും അവശേഷിപ്പിക്കുന്ന) ചോദ്യങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ്/ അതല്ലെങ്കില്‍ അവശേഷിപ്പിക്കാനുള്ള ഒരു സാഹചര്യത്തെ ഇല്ലാതാക്കിയാണ് രവി മരിക്കുന്നത്. (കോള്‍ഡ് ബ്ലഡഡ് മര്‍ഡര്‍? ... ഹെയില്‍ വിജയന്‍! ) ചുരുക്കിപ്പറഞ്ഞാല്‍ മുന്നെ,ശേഷം എന്നീ വിഭജനങ്ങള്‍ തീര്‍ത്ത് വായനക്കാരന് കടന്നുകയറ്റമില്ലാത്ത ഒരു സാഹിത്യവന്മതിലായി ഖസാക്ക് നിലകൊള്ളുകയാണോ?
മോഷണാരോപണം, ജാതീയം, അവദൂതപരിവേഷം, കോക്കസുകള്‍
ആ മോഷണ ആരോപണത്തില്‍ അത്രയങ്ങ് തുങ്ങേണ്ടതില്ല. ബന്‍‌ഗര്‍വാടിയില്‍ ഏകാദ്ധ്യാപക വിദ്യാലയം എന്ന ഇമേജ് മാത്രമാണ് ഉള്ളത്. എന്നാല്‍ അപ്പുക്കിളിക്കഥയുടെ തന്മാത്രാവിഘടനത്താല്‍ ഒരു ന്യൂക്ലിയാര്‍ ഫിഷ്ഹന്‍ സംഭവിച്ച ഖസാക്കിന്റെ ഊര്‍ജ്ജതലവും, ആഴപ്പരപ്പും ബന്‍‌ഗര്‍വാടിയേക്കാള്‍ എത്രയോ മുകളിലാണ്. ഇത്തരം [കപട]മോഷണാ‍രോപനങ്ങള്‍ സിനിമയുള്‍പ്പെടെയുള്ള സര്‍ഗാത്മക സാഹിത്യമേഖലകളില്‍ പലപ്പോഴും കേള്‍ക്കാറുള്ളതാണ്. അര്‍ഹിക്കുന്ന അവഗണനയോടെ അതിനെ ഒഴിവാക്കാം. ഇന്ന് ഏത് മേഖലയിലും ചര്‍ച്ചകള്‍ അല്‍പ്പം വിവാദപരമായി ശ്രദ്ധനേടാനുള്ള ജാതീയ ഇടപെടല്‍ ഉപാസനയുടെ ലേഖനത്തിലും ,കമെന്റിലും കാണപ്പെടുകയുണ്ടായി. പണിക്കരും , വാസുദേവന്‍ നായരും ഒക്കെ ചേര്‍ന്ന് വിജയനെയും, ഖസാക്കിനേയും തമസ്ക്കരിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ് അടിസ്ഥാനപരമായി തെളിവുകള്‍ ഇല്ലാത്ത ആരോപണങ്ങ്ല് ഒഴിവാക്കേണ്ടത് തന്നെ. എം.ടിയാണ് വിജയന് ജ്ഞാനപീഠം ലഭിക്കാതിരിക്കാന്‍ കളിച്ചത് എന്ന മട്ടിലുള്ള ആരോപണങ്ങളൊക്കെ കുറെകാലമായി നാം കേട്ട് കളഞ്ഞ മൊഴികളാണ്. (അവസാനകാലത്ത് ഒരു അവദൂത/പ്രവാചക വേഷം വിധിക്കപ്പെട്ട വിജയനും ഒരുകാലത്ത് “ഡെല്‍ഹി ഇന്റലിജയന്റ്സ്” എന്ന കോക്കസിലും ക്ലിക്കിലും ഒക്കെ സജീ‍വപങ്കാളിയായിരുന്നു എന്നും മറു ആരോപണങ്ങമുണ്ട്)
മുന്‍‌വിധികളോടെയാല്ലാതെയുള്ള ഖസാക്കീയന്‍ വായനയില്‍ ചില എതിര്‍പ്പുകളുണ്ടായിരുന്നിരിക്കാം (അതിന് ഇന്ന് തീരെ സാധ്യതയില്ലല്ല്ലോ). ഉപാസനയുടെ തന്നെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ “എതിര്‍പ്പുള്ള പലരും നേരിട്ട് ഇറങ്ങാന്‍ മടിച്ചതും കൃതിയുടെ പോപ്പുലാരിറ്റിയെ ഭയന്നാണ്“. അങ്ങനെ ഭയപ്പെടുത്തി വായ്‌മൂടിക്കെട്ടി ചിരപ്രതിഷ്ഠ നേടേണ്ടതാണോ ഖസാക്ക് എന്ന കൃതി? എന്ത് കൊണ്ട് ഖസാക് വിമര്‍ശനവിധേയമാക്കിക്കൂടാ?
തലക്കെട്ടിലേ ചോദ്യത്തിലേക്ക് വീണ്ടും മടങ്ങി വരുന്നു.
യഥാര്‍ത്ഥത്തില്‍ ഖസാക്ക് ഒരു ദാര്‍ശനിക പൈങ്കിളിയാണോ?