Wednesday, November 26, 2008

ഗൂഗിളിന്‌ മനുഷ്യനേക്കാള്‍ ബുദ്ധിയുണ്ടോ?

സംഗതി "അന്നാ കരേനീന"യെ തപ്പിയാല്‍ "അന്നാ കുര്‍ണിക്കോവ" സ്കര്‍ട്ട് പോക്കി നില്‍ക്കണ സൈറ്റ് വരെ ലിസ്റ്റു ചെയ്യുമെങ്കിലും. ചിലപ്പോഴൊക്കെ എന്ത്/എങ്ങനെ വായിക്കണമെന്നും,മനസിലാക്കണമെന്നും,പ്രതികരിക്കണമെന്നും മനുഷ്യരേക്കാള്‍ മനസിലാകുന്നത് ഗൂഗിളിനാണ്‌ എന്ന് തോന്നിപ്പോകും.
സത്യത്തില്‍ ഗൂഗിളിന്‌ മനുഷ്യരേക്കാള്‍ ബുദ്ധിയുണ്ടോ?

*വിവാദങ്ങളുമായി ബന്ധമില്ല / പൊളിറ്റിക്കലി കറക്റ്റുമല്ല :)

Tuesday, November 25, 2008

നാരായണേട്ടൻ പഠിപ്പിച്ചതും(ഞാൻ ഉപേക്ഷിച്ചതുമായ) ഒരു കളി

നാരായണേട്ടനെ വീണ്ടും ഓർത്തുപോകുകയാണ്. എൽ.പി സ്കൂൾ വിട്ട് വീട്ടിൽ വരുമ്പോൾ ബാക്കി കൂട്ടുകാരെല്ലാം പലവഴി പിരിഞ്ഞശേഷം ഞങ്ങളുടെ വീട്ടിലേക്കുള്ള ചെമ്മൺപാതയിലൂടെ പുസ്തകസഞ്ചിയും പേറി ഞാനും രവിയും നടക്കുമ്പോൾ തോമസ്മാപ്ലയുടെ പെട്ടിക്കടയ്ക്കരികിൽ ബീഡിയും പുകച്ചുകൊണ്ട് നാരായണേട്ടൻ ഇരിപ്പുണ്ടാകും. ഞങ്ങളെ അടുത്ത് വിളിക്കും. എന്തിനാണെന്ന് അറിയാമെങ്കിലും, ഒഴിവാക്കാനാകാത്ത എന്തോ ഒരു കാരണത്താൽ ഇരുവരും അയാൾക്കരികിലെത്തും. പെട്ടിക്കടയ്ക്കരികിലെ പൂഴിയിൽ ചുള്ളിക്കമ്പുകൊണ്ട് കോറി അയാൾ ചിത്രം വരയ്ക്കും. (ചിത്രം എന്നാൽ രാജാരവിവർമ്മയെ വെല്ലുന്നതൊന്നുമല്ല താഴെ കാണുന്ന പോലെ ഒന്ന്).


എന്നോട് രവിയുടെ അച്ഛന്റെ തലയിൽ ചവിട്ടാൻ പറയും, ഞാൻ ചവിട്ടും.

കണ്ടില്ലേടാ നിന്റെ അച്ഛന്റെ തലയിൽ അവൻ ചവിട്ടിയത്.
നീ ആണാനെങ്കിൽ അവന്റച്ഛന്റെ തലയിൽ മൂത്രമൊഴിക്കെടാ
”.

അവൻ അതനുസരിക്കും. ഞാൻ രവിയെ ഇടിയ്ക്കും, അവൻ തിരിച്ചടിക്കും. ഞങ്ങളുടെ ഷർട്ടിലെ ബട്ടനുകൾ പൊട്ടും, നിലത്തുരുണ്ട് മണ്ണുപറ്റും... സ്കൂളിൽ വെച്ച് പങ്കിട്ടെടുത്ത പെൻസിലും തീപ്പെട്ടിപടങ്ങളും ഗോലിയും എണ്ണം പറഞ്ഞ് തിരിച്ചുവാങ്ങി, മുഖത്ത് നഖത്തിന്റെ നീറലും പേറി, മറ്റാരും കാണാതിരിക്കാൻ കരച്ചിലമർത്തിക്കൊണ്ട് അവരവരുടെ വീടുകളിലേയ്ക്ക് ഞങ്ങൾ പിരിയുമ്പോൾ അശ്ലീലകരമായ ഒരു ചിരിയാൽ നാരായണേട്ടൻ അടുത്ത് ബീഡിയ്ക്ക് തീ കൊളുത്തും.

എന്തിനാടാ നാറാണാ ആ പിള്ളേരെ തെറ്റിച്ച് തല്ലിക്കണത്?”

എന്ന് തോമസ്മാപ്ല ന്യായം പറയുമെങ്കിലും 10പൈസാ മിഠായിക്കാരായ ഞങ്ങളെക്കാൾ അയാൾക്ക് ലാഭം കിട്ടിയിരുന്നത് നാരായണൻ എന്ന കസ്റ്റമറിൽ നിന്നായതിനാൽ പ്രതികരണം ആ ചോദ്യത്തോടെ അവസാനിക്കും. അതിനൊരുത്തരം നാരായണനിൽ നിന്ന് അയാൾ പ്രതിക്ഷിക്കുനതുമില്ല. പിറ്റേന്ന് എല്ലാം മറന്ന് ഞങ്ങൾ സ്കൂളിൽചെല്ലും, പഠിക്കും, കളിക്കും, തീപ്പെട്ടിപടങ്ങളും പെൻസിലും ഗോലിയും പങ്കുവെയ്ക്കും... പക്ഷേ തിരികെ വരുമ്പോൾ ഞങ്ങളെ കാത്ത് നാരായണേട്ടൻ പെട്ടിക്കടയ്ക്കരികിൽ ഇരിപ്പുണ്ടാകും. അയാൾക്ക് വേണ്ടിയാണല്ലോ രവിയുടെ അച്ഛന്റെ തലയിൽ ചവിട്ടാനായി ഞാൻ മനപ്പൂർവ്വം എന്റെ ചെരിപ്പടിയിൽ ചാണകം ചവിട്ടിപ്പറ്റിച്ചത്, എന്റെ അച്ഛന്റെ തലയിലൊഴിക്കാനായി രവി വൈകീട്ടത്തെ ഇന്റർവെല്ലിന് പുറത്തിറങ്ങാതെ മൂത്രം പിടിച്ചുവെച്ചത്.

ചെമ്മൺ പാത ടാർ ചെയ്തു, നാരായണേട്ടൻ മരിച്ചു, തോമസ് മാപ്ലയുടെ പെട്ടിക്കട വിപുലീകരിച്ച് മകൻ സണ്ണി പലചരക്കുകടയാക്കി. പക്ഷേ ഞാനും,രവിയും തലകൾ തേടി ചെരുപ്പിൽ ചാണകം പറ്റിച്ചും, ഇന്റെർവെല്ലിൽ മൂത്രം പിടിച്ചു നിർത്തിയും കാത്തിരിപ്പുണ്ട്. അവൻ മൂത്രമൊഴിച്ച് മായ്ച്ച എന്റെ അച്ഛന്റെ തല... ഞാൻ ചവിട്ടി മായ്ച്ച അവന്റെ അച്ഛന്റെ തല...
ചില കബന്ധവരകൾ ആ ടാർ റോഡിനടിയിലെ മണ്ണിൽ ഇപ്പോഴും കാണുമായിരിക്കും..
ചിലപ്പോൾ പുതിയ തലകളെ നിയോനാരായണന്മാർ വരയ്ക്കുമായിരിക്കും.


* മലയാളം ബ്ലോഗോസ്ഫിയറിൽ ഇപ്പോൾ വിവാദമായി നിൽക്കുന്ന പോസ്റ്റുകളുമായി ഈ പോസ്റ്റിന് ആരെങ്കിലും ബന്ധം ആരോപിച്ചാൽ അവരെ കുറ്റം പറയാനാകില്ല.

Monday, November 10, 2008

മാപ്പിള രാമായണം

ലാമ ലാമ ലാമ ലാമാ ലാമ ലാമ ലാമാ……
ലാമ ലാമ ലാമ ലാമാ ലാമ ലാമ ലാമാ…...

പണ്ട് താടിക്കാരനൌലി പാടി വന്നൊരു പാട്ട്
കണ്ടതല്ലേ നമ്മളീ ലാമായണം കഥപ്പാട്ട്

കർക്കിടകം കാത്തുകാത്ത് കുത്തിരിക്കും പാട്ട്
കാതുരണ്ടിലും കൈവിരലിട്ടോരി കൂട്ടും പാട്ട്
(ലാമ ലാമാ……)

മൂന്നു പെണ്ണിനെ ദശരഥൻ നിക്കാഹ് ചെയ്ത പാട്ട്
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്

പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മുത്തുള്ള ലാമൻ ചേലുകൂട്ടും പാട്ട്
(ലാമ ലാമാ……)

നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്
കുഞ്ഞുകുട്ടിത്തങ്കമോളെ കൈപിടിച്ച പാട്ട്

ഹാലിളകി താടിലാമൻ വഴി തടഞ്ഞ പാട്ട്
ഹാല് മാറ്റീട്ടന്നു ലാമൻ നാട്ടിലെത്തിയ പാട്ട്
(ലാമ ലാമാ……)

രണ്ട് നാള് മുമ്പറിഞ്ഞ് നമ്മള് സ്വകാര്യം
കുണ്ടകാഞ്ഞ ലാമനോരോ പെണ്ണ് വെച്ച കാര്യം

ചത്ത പയ്യിന്റാല നോക്കി കുത്തിരുന്നിട്ടെന്താ?
കുത്തടങ്ങീട്ടൊത്ത പയ്യിനെ മാറ്റി വാങ്ങി പോറ്റ്
(ലാമ ലാമാ……)

ഇതിങ്ങനെ രസകരമായി തുടരുന്നു………

പുസ്തകം: മാപ്പിള രാമായണവും നാടൻ പാട്ടുകളും.
സമ്പാദകൻ: ടി.എച്ച്. കുഞ്ഞിരാമൻ

സമർപ്പണം : പ്രഗ്യാ സിംഗിന്
(ചുമ്മാ ഇരിക്കട്ടേന്നേ...)