Tuesday, December 23, 2008

ചാവുകളി - മറവിയെന്നത് ഓർമ്മയുടെ കൊലപാതകമാകുമ്പോൾ

മറവികളെ കുറിച്ചു പറഞ്ഞാണ് തുടങ്ങുന്നത്...

ഇവിടമായിരുന്നു തുടക്കം. അഡ്രിനാലിൽ തിളയ്ക്കുന്ന പോസ്റ്റുകളും, കമെന്റുകളും വായിക്കുന്നതിനിടെയാണ് സിനിമയിലെ ഗ്യാംഗ്സ്റ്റർ/മാഫിയാ സംഘങ്ങളും മയക്കുമരുന്നും തമ്മിലുള്ള തൊട്ടുകൂടായ്മയെ പറ്റി ചിലർ സംശയം പ്രകടിപ്പിച്ചത്. “.. മയക്കുമരുന്ന് കടത്താത്ത സോഫ്‌റ്റ് അധോലോകനായകന്മാരായിരുന്നില്ലെ നമുക്കുണ്ടായിരുന്നത്“ എന്ന റോബിയുടെ ചോദ്യത്തിന് ഉള്ള ഉത്തരമായി ചില കാരണങ്ങൾ എനിക്കറിയാമല്ലോ, അറിയാമെങ്കിലും എനിക്കവ ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലോ, എവിടെയാണ് ലിങ്കുകൾ നഷ്ടപ്പെട്ടത് എന്നെല്ലാം ഓർത്ത് ചിന്താവിവശനായെങ്കിലും അതു പോലും പിന്നീട് മറന്നു പോയി. മറവി ഒരനുഗ്രഹമാണെന്ന് പറയുമെങ്കിലും ചില മറവികൾ ക്രൂരതകളാണ്, ചിലതെങ്കിലും അസ്വസ്ഥകരവുമാണ്. ഒരു ക്ലാസിക് നോവലോ, സിനിമയോ ഒക്കെ സ്വപ്നത്തിൽ തീർത്തശേഷം ഉറക്കം മുറിയുമ്പോൾ അതിനെക്കുറിച്ച് ഒരു മയിപ്പീലിത്തുണ്ടോ, ആടുകിടന്നയിടത്തെ പൂടയോ ആയി പോലും ഓർമ്മകൾ അവശേഷിക്കുന്നില്ല എന്നിരിക്കേ ആ ഓർമ്മകളെ ചികയുന്നത് പരിതാപകരമായ പാഴ്ശ്രമങ്ങളാണ്. പക്ഷേ, മുകളിൽ പരാമർശിച്ച പോസ്റ്റും മയക്കുമരുന്ന് വ്യാപാരം നിഷേധിക്കുന്ന നല്ല(?)വനായ ഗ്യാംഗ്സ്റ്റർ/മാഫിയ നായകനും തമ്മിലുള്ള ഒരു കടങ്കഥ - പ്രതികൂല സാഹചര്യം കാത്ത് ശരീരത്തിൽ പതിയിരിക്കുന്ന ഒരു രോഗാണു പോലെ - ഓർമ്മയ്ക്കും, മറവിയ്ക്കും ഇടയിലെവിടെയോ ബാക്കിയുണ്ടായിരുന്നു.

ഓർമ്മകളെ കുറിച്ചു പറഞ്ഞാണ് തുടരുന്നത്...


മാരിയോ പുസോയുടെ ഗോഡ്ഫാദർ എന്ന നോവലിനെ ആധാരമാക്കി ഡോൺ വീറ്റൊ കോർളിയോണിന്റെയും, സിസിലിയൻ-അമേരിക്കൻ മാഫിയയുടെയും കഥ പറയുന്ന സിനിമ സീരീസിലെ മൂന്നാംഭാഗം കണ്ടിരുന്നില്ല. ഹൈസ്കൂൾ കാലത്തെപ്പോഴോ ആണ് പഴയ VHS ക്യാസറ്റുകളിൽ ആദ്യ രണ്ടു ഭാഗങ്ങളും കാണുന്നത് . മർലിൻ ബ്രാൻഡൊ ഇല്ല എന്നതുകൊണ്ട് മാത്രമാണോ മൂന്നാം ഭാഗം ഒഴിക്കിയതെന്നു ഓർക്കാൻ പോലും ഇപ്പോൾ കഴിയുന്നില്ല. (ചിലപ്പോഴെങ്കിലും ഓർമ്മ ഒരു തിരയില്ലാത്തോക്കു പോലെ പാഴ് ആയുധമാണ്) പക്ഷേ ഗോഡ്‌ഫാദർ സിനിമകളിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഡോൺ വീറ്റൊ കോർളിയോൺ തന്നെയായിരുന്നു എന്നുള്ളത് വ്യക്തമായ ഒരു ഓർമ്മയാണ്. (തലയിൽ തോക്കു ചുണ്ടി “നിരസിക്കാനാവാത്ത ഒരു കരാർ” മുന്നോട്ടുവെച്ചാലും അതിൽ മാറ്റമില്ല). ഗോഡ്ഫാദർ സിനിമയുടെ മൂന്നാംഭാഗം ഡിവിഡി അവിചാരിതമായാണ് കയ്യിൽ തടഞ്ഞത്, അതിലാകട്ടെ മുമ്പ് കണ്ടു തീർത്ത ആദ്യരണ്ടു ഭാഗങ്ങൾ ഉണ്ടായിരുന്നു താനും. എങ്കിൽ പിന്നെ ഒന്നിൽ നിന്നു തുടങ്ങാമെന്നു കരുതി. ‘ഫൈവ് ഫാമിലീ‘സുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വതുവെയ്പ്പ്, പന്തയങ്ങൾ, കൊലപാതങ്ങൾ തുടങ്ങി നിയമവിരുദ്ധമായ പലതും ചെയ്യുന്നുണ്ടെങ്കിലും ഡ്രഗ്സ്ഡീൽ തന്റെ ഗ്യാംഗ് ചെയ്യില്ലെന്ന് ഉറക്കെപ്പറയുന്ന വീറ്റോ കോർളിയോണിന്റെ വികലമായ സംഭാഷണം (വീറ്റോ സംഭാഷണ വൈകല്യമുള്ള കഥാപാത്രമാണ്) കേട്ടപ്പോഴാണ് ലെതീഷിന്റെ പോസ്റ്റിൽ പറയാതെ മറന്നു പോയ പഴയ കടങ്കഥക്കാരണങ്ങൾ ഓർത്തത്.

സിസിലിയൻ ഡോണായ ഗോഡ്ഫാദർ തന്നെ അങ്ങനെ പറയുന്നുവെങ്കിൽ നമ്മുടെ മലയാളം മാഫിയ/ഗ്യാംഗ്സ്റ്റർ നായകന്മാർക്ക് പിന്നെ എങ്ങനെ മാറ്റിച്ചിന്തിയ്ക്കാനാകും? പ്ലാചീനോയുടേയോ, ബ്രാൻഡോയുടെയോ വാർപ്പുമാതൃകകളല്ല മലയാള മാഫിയാ നായകരെങ്കിലും കഥാമുഹൂർത്തങ്ങളും, സംഭാഷണങ്ങളുമെല്ലാം പലപ്പോഴും അനുകരിക്കപ്പെട്ടിട്ടുണ്ട്. ’അഭിമന്യു’വിൽ മോഹൻ‌ലാൽ ‘ഫഫ്ത വസൂൽ’ നിർത്താനായി ‘ഗലി‘യിലെ ഗുണ്ടാ നേതാവിനെതെരുവിൽ ആഘോഷം നടക്കുന്ന നേരത്ത് കൊലപ്പെടുത്തുമ്പോഴും, ’പ്രിൻസ്’ എന്ന മറ്റൊരു മൂവിയിൽ ലാൽ തന്നെ തന്റെ മാഫിയാ കുടുംബത്തെ നിയമത്തിനു കീഴിൽ കൊണ്ടു വരുമ്പോഴും ഒക്കെ പലതവണ ‘ഗോഡ്‌ഫാദർ’ ചുവയ്ച്ചിട്ടും റോബിയുടെ കമെന്റിനു മറുകുറിയായി അതവിടെ പറയാതിരുന്നത് ഓർമ്മപ്പിഴവ് മാത്രം. മാഫിയാ നായകരുടെ പ്രോട്ടോടൈപ്പ് ആയ ഡോ‍ൺ വീറ്റൊ കോർളിയോൺ പറഞ്ഞാൽ പിന്നെ നമ്മുടെ സ്വന്തം ചോട്ടാ നായകന്മാർക്ക് അനുസരിക്കാതെ പറ്റുമോ? (മോഹൻ‌ലാൽ ചിത്രങ്ങളെ മാത്രം പഴി പറയാൻ വരട്ടെ ലാലിന്റെ മുംബൈ‌മാഫിയാ ചിത്രങ്ങളിൽ തുടങ്ങി, ഇപ്പോൾ കൊച്ചിമാഫിയ ചിത്രങ്ങളിൽ വരെ പലസീനുകളിലും, സംഭാഷണങ്ങളിലും, ശരീരഭാഷയിലും ഗോഡ്ഫാദർ അനുകരണം കാണാറുണ്ട്. ഗോഡ്‌ഫാദറിൽ നിന്ന് പ്രചോദനം നേടിയാണ് ‘സർക്കാർ’ സീരീസ് ചെയ്യുന്നതെന്ന് രാംഗോപാൽ വർമ്മ സമ്മതിയ്ക്കുന്നുണ്ടെങ്കിലും അത്തരമൊരു തുറന്ന സമ്മതം “തേവർ മകനിൽ” കമൽ നടത്തിയിട്ടുണ്ടോ?)

മറവികളെ കുറിച്ചുതന്നെ പറഞ്ഞാണ് ഒടുങ്ങുന്നത്...

ഗോഡ്ഫാദർ സീരീസിലെ 3 സിനിമകളും ഒറ്റയടിയ്ക്കാണ്കണ്ടു തീർത്തത്. 8 മണിക്കൂറോളം തുടർച്ചയായി സിസിലിയിലും, അമേരിക്കയിലുമായി അരാജകത്വം നിറഞ്ഞ തെരുവുകളിലും, ഗൂഡാലോചന നടക്കുന്ന അരണ്ടവെളിച്ചമുള്ള മുറികളിലുമൊക്കെ അധിവസിച്ച ശേഷമാണ് ഉറങ്ങാൻ കിടന്നത്. ഇന്ന് എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഓഫീസിൽ പോകാൻ പുറത്തിറങ്ങീയപ്പോഴാണ് എന്തോ മറന്നതായി തോന്നിയത്. ഉടനെ പരതാൻ തുടങ്ങി...
ഇടതു കൈത്തണ്ട, റിസ്റ്റ് വാച്ച്...
കഴുത്തിൽ, ഐഡി റ്റാഗ്...
ഷർട്ടിന്റെ പോക്കറ്റ്, പെൻ, മൊബൈൽ‌ഫോ‍ൺ, താക്കോൽ...
പാന്റിന്റെ ഇടതു പോക്കറ്റ്, കർച്ചീഫ്...
പാന്റിന്റെ വലതു പോക്കറ്റ് , മണി പേഴ്സ്...

എല്ലാം ഉണ്ട്, പക്ഷേ എന്തോ മറന്നിട്ടുണ്ടെന്ന് എനിക്ക് തീർച്ചയായും ഉറപ്പുണ്ട്...
Yup, I miss something, I terribly miss something... Oh! got it... It was a Gun!
വയറിനു കീഴ്ഭാഗത്തായി , ഷർട്ടിനുള്ളിൽ ഒരു നിറത്തോക്ക് മറച്ചുവെയ്ക്കാൻ ഞാൻ മറന്നു പോയതായി എനിക്ക് ഓർമ്മ വന്നത് എന്തുകൊണ്ടാണ്?

ഓഫ്.ടോ.
*
താടിയെല്ലു പരന്ന് ഉച്ചാരണ വൈകല്യമുള്ള ഡോൺ വീറ്റോ കോർളിയോൺ എന്ന ‘ഗോഡ്‌ഫാദർ’ ആകാനായി മർളിൻ ബ്രാൻഡോ കവിളുകൾക്കിടയിൽ ടിഷ്യൂപേപ്പർ കുത്തിത്തിരുകുമായിരുന്നത്രേ.
*
തങ്ങളുടെ സിനിമയെ സിനിമയെ സൂപ്പർ ഹിറ്റാക്കിമാറ്റിയ അതേ ബ്രാൻഡോയെ പാരാമൌണ്ട് സിനിമാക്കമ്പനി അപമാനിച്ചതിനാലാണ് ഗോഡ്‌ഫാദറിന്റെ രണ്ടാം ഭാഗത്തിൽ ഒരു ചെറിയ രംഗത്തിൽ പോലും അദ്ദേഹം പ്രത്യക്ഷപ്പെടാതിരുന്നതെന്ന് അഭ്യൂഹമുണ്ട്.
*
Who said it is only present and future are updating... Wrong buddy, My past is also updating.
*
How many roads must a man walk down before you call him a man...
എന്ന ബോബ് ഡിലൻ പാട്ടിനെ
How many bullets must a Don pass through befor you call him a Don...
എന്നു മൂളിയത് ഓർമ്മത്തെറ്റായിരുന്നില്ല.

Tuesday, December 16, 2008

പ്രാർത്ഥന
വോഡ്കയും, മിരിന്റായും, രാത്രികളും സൃഷ്ടിച്ച്
എന്നെ ആശിർവദിച്ച കരുണാമയനായ
ദൈവമേ, എന്തിനാണ് നീ
കൊതുകുകളേയും, പട്ടികളേയും, സന്ധ്യകളേയും സൃഷ്ടിച്ചത്?

Saturday, December 13, 2008

രാ(യ)തി

© media.collegepublisher.com
രാ(യ)തി
I.
എന്നൊക്കെ ദൈവികമായി വിലപിക്കണമെന്നായിരുന്നു
വാസ്തവം പറഞ്ഞാല്‍ ആഗ്രഹം
(പക്ഷേ കൂകുന്ന കുക്കര്‍, കുറുകുന്ന ഫ്രയിംഗ്‌പാന്‍
മൂളുന്ന ഫാന്‍, മുറുകുന്ന വള്ളിച്ചെരുപ്പ്
)
എന്റെ കരിഞ്ഞ ഉപ്പുമാവേ, എന്റെ തിളച്ചുമറിഞ്ഞ പാലേ,
എന്റെ തുന്നിക്കൂട്ടിയ വള്ളിച്ചെരുപ്പേ!
എന്നെല്ലാമായത് ആരുടെ കുറ്റംകൊണ്ടാണ്‌?
(തിരക്കാണ്‌...ഒന്നു മുഖം കാണാന്‍ പോലുമാകാത്തവിധം
തിരക്കോടുതിരക്ക്...എനിക്കും അവനും
)

II.
ആ തിരക്കുകളില്‍ നിന്ന് ഓടിക്കയറിയ
അമിതമായ തിരക്കുള്ള ബസില്‍ വെച്ച്
അറിയാതെ വന്നൊരു മിസ്ഡ്‌കോള്
‍അറിഞ്ഞുമുട്ടുന്ന കൈകള്‍
(മൂറിന്‍‌തൈലവും, മുന്തിരിവള്ളികളുടെ മണവും,
രക്താംബരവും, വെള്ളികെട്ടിയ പല്ലക്കും...
കളവാണ്‌, സര്‍‌വ്വത്ര കളവ്
എഞ്ചിനോയിലിന്റെ, ആൾക്കൂട്ടവിയർപ്പിന്റെ,
മീൻ‌കുട്ടകളുടെ, മുടിനനയ്ക്കാത്തവരുടെ
കലർന്നുകെട്ട മണം)

III.
ആ വിധം തിരക്കുള്ള വാഹനത്തിൽ
ഉടലമർത്തപ്പെടുമ്പോൾ
ഒരു അശ്ലീല എസ്.എം.എസ് വന്നുവിളിച്ചത്
കോമ്പല്ലുകൾ കൂട്ടിയിറുമ്മുന്ന ശബ്ദത്തിലാണ്.
"മരിച്ചു നരകത്തിലെത്തിയ ഡ്രാക്കുളയുടെ
അടുത്ത ജന്മത്തിലെ ആഗ്രഹങ്ങള്
‍ചോരകുടിയ്ക്കണം,ചിറകുവേണം,പെണ്ണരികില്‍ കിടക്കണം..
ദൈവം കരുണാമയനും, കാര്‍മേഘവര്‍ണ്ണനും മാത്രമല്ല
ഒന്നാന്തരം കുത്സിതവൃത്തിക്കാരനും, കുതന്ത്രക്കാരനുമാണ്‌
പാവം ഡ്രാക്കുളയുടെ പുനര്‍ജന്മം
വിസ്പര്‍ അള്‍ട്രാ വിത് വിംഗ്സ് "

IV.
ഞാന്‍ ലൂസി ജോനാഥൻ
ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് എന്റെ അടുക്കള
നോക്ക്, തിളച്ചുമറിയുന്ന പാലുണ്ടോ...കരിഞ്ഞ ഉപ്പുമാവുണ്ടോ?
കാലില്‍ വള്ളിമുറിഞ്ഞ ചെരുപ്പുണ്ടോ?
എല്ലാം അപ്രത്യക്ഷം! നിങ്ങള്‍ ആശ്ചര്യപ്പെടുന്നു.
(പാചക നുറുങ്ങ്: വെളുത്തുള്ളി ഒഴിവാക്കുക.
അതിന്റെ മണമുള്ളിടങ്ങളില്‍
അവന്‍ പുനര്‍ജനിയ്ക്കില്ല)


* രായതി/റായതി => പ്രേമഭാജനത്തെ സംബോധന ചെയ്യാന്‍ ഉത്തമഗീതത്തില്‍ ‍ ഉപയോഗിച്ചിരിക്കുന്ന ഹീബ്രൂ പദം.

സമർപ്പണം: “ഉത്തമഗീതം പോലെ പ്രണയിക്കണം എന്നായിരുന്നു ആഗ്രഹം. ഇപ്പോൾ ജീവിതം ഉപ്പുമാവ് അടിയ്ക്കുപിടിച്ച പോലെ” എന്നറിയിച്ചവൾക്ക്. അവൾക്കുമാത്രം!

Friday, December 12, 2008

അനുവാര്യർക്ക് അവാർഡ്

ഈ വര്‍‌ഷത്തെ അറ്റ്ലസ്-കൈരളി നോവല്‍ മത്സരത്തില്‍
അനുവാര്യരുടെ സൃഷ്ടിയായ "ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകള്‍"
മികച്ച രണ്ടാമത്തെ നോവലായി തിരഞ്ഞെടുത്ത സന്തോഷ വാര്‍ത്ത അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക

അനുവാര്യർക്ക് (അനിയൻസ്) അവാർഡ്

ഈ വര്‍‌ഷത്തെ അറ്റ്ലസ്-കൈരളി നോവല്‍ മത്സരത്തില്‍
അനുവാര്യരുടെ സൃഷ്ടിയായ "ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകള്‍"
മികച്ച രണ്ടാമത്തെ നോവലായി തിരഞ്ഞെടുത്ത സന്തോഷ വാര്‍ത്ത അറിയിക്കുന്നു.
സുദേഷ് ഘോഷിന്റെ മരണത്തെക്കുറിച്ച് കാമുകിയും,സുഹൃത്തുക്കളും, പരിചയക്കാരും പോലീസുകാരുമെല്ലാം ചേര്‍ന്ന് "പലകഥകള്‍" പറയുന്ന തന്റെ നോവലിനെക്കച്ച്
അനുവാര്യര്‍ പറയുന്നത് ഇങ്ങനെയാണ്‌.


അനുവിനെക്കുറിച്ച്