Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, February 18, 2009

ഉൽപ്രേക്ഷ (സിഗരറ്റ്)

ഒരു കൂട്ടിമുട്ടൽ, ചേർത്തുരയൽ..
എരിഞ്ഞാണ് തുടങ്ങിയത്
പിന്നെ കത്തിക്കേറി
പുകഞ്ഞു നീറി..

കൈക്കുമ്പിളിലെടുത്തോമനിച്ച്
ചുണ്ടിൽ ചേർത്തുമ്മവെച്ച്
നെഞ്ചുതടവിച്ചുമച്ച്..

അവസാനത്തെ നെരിപ്പോടിനെ
ആണിരോഗമുള്ള കാലടിയാൽ
ചവിട്ടിയണയ്ക്കുമ്പോഴാണ്
ഉൽ‌പ്പലാക്ഷന് വർണ്ണ്യത്തിലാശങ്ക!

Sunday, January 18, 2009

കഥകളി – ഗാർഹിക കവിത

അടു(കഥ)കളി – ഗാർഹിക കവിത

പച്ചവേഷങ്ങളിലായിരുന്നു തുടക്കം.
വെണ്ടയും, പയറും, മുട്ടക്കൂസുമെല്ലാം
മനയോല തേച്ച് പലകത്തട്ടിൽ നിരത്തി.

ശേഷം സാക്ഷാൽ കത്തിയായി.
പലകയിൽ നിരന്ന പച്ച(ക്കറി)വേഷങ്ങളെ
കുറുംകത്തികൊണ്ടും, നെടുംകത്തികൊണ്ടും
വെട്ടിയും, അരിഞ്ഞും വീഴ്ത്തി.

വെള്ളം തിളപ്പിക്കാൻ കലം കയറ്റുവെച്ച്
വിറകുപൂട്ടി, കനലൂതുമ്പോൾ
പുകപടർന്ന് കരിവേഷം പൂർത്തിയായി.

ടെലിവിഷനിലെ ചൂടൻ ‌ രാഷ്‌ട്രീയ വാർത്തകളിൽ
കണ്ണുംനട്ട് വെള്ളത്താടിയുഴിഞ്ഞിരിപ്പുണ്ട്
ഒരു സാത്വിക ഹനുമാൻ, ചെറുവാലിളക്കം പോലുമില്ലാതെ.
തീൻ മേശയിൽ ചുവന്നതാടിക്കാരൻ ബകനിലേക്കും,
ശേഷം വസ്ത്രാക്ഷേപക്ഷീണമുള്ള ദുശാസനനിലേക്കും
ചുവടുമാറ്റാൻ നിമിഷനേരം മതി നവരസപ്രവീണന് !

കൊട്ടത്തളത്തിലെ പാത്രങ്ങൾ
ഇന്നും കുന്നുകൂടി കുന്നായ്മ പറയുന്നുണ്ട്.
ഇനിയതൊന്നും തേച്ചു മിനുക്കാൻഎന്നെക്കൊണ്ട് വയ്യ.

എച്ചിൽ പാത്രങ്ങളിൽ ആ കള്ളപ്പൂച്ച
പതിവു കേളി തുടങ്ങിയിരിക്കുന്നു
ഇനി കളി നന്നായില്ലെങ്കിൽ
കടന്നൽക്കുത്തേറ്റ കുടവയറൻ
കമ്മറ്റിക്കാരന്റേതു പോലെ ആയിരിക്കും
അവന്റെ വെളുത്തു തുടുത്ത മുഖം.

ചെണ്ടമദ്ധളങ്ങളുടെ ഉച്ചസ്ഥായിയുലുറങ്ങി
ഇളകിയാട്ടത്തിനു മുന്നെയുള്ള നിശബ്ദതയിൽ
ഉണർന്നു പകയ്ക്കുന്ന കാഴ്ചക്കാരാ,
എന്നാണ് കൃഷ്ണൻ നായരെപ്പോലെ
ഒരു പൂതനാമോക്ഷം ആടിത്തീർക്കാനാകുക?

* കഥകളിയും, അടുക്കളയും കാണാത്തവർ ദയവായി കവിത വായിക്കരുത്

Saturday, December 13, 2008

രാ(യ)തി

© media.collegepublisher.com
രാ(യ)തി
I.
എന്നൊക്കെ ദൈവികമായി വിലപിക്കണമെന്നായിരുന്നു
വാസ്തവം പറഞ്ഞാല്‍ ആഗ്രഹം
(പക്ഷേ കൂകുന്ന കുക്കര്‍, കുറുകുന്ന ഫ്രയിംഗ്‌പാന്‍
മൂളുന്ന ഫാന്‍, മുറുകുന്ന വള്ളിച്ചെരുപ്പ്
)
എന്റെ കരിഞ്ഞ ഉപ്പുമാവേ, എന്റെ തിളച്ചുമറിഞ്ഞ പാലേ,
എന്റെ തുന്നിക്കൂട്ടിയ വള്ളിച്ചെരുപ്പേ!
എന്നെല്ലാമായത് ആരുടെ കുറ്റംകൊണ്ടാണ്‌?
(തിരക്കാണ്‌...ഒന്നു മുഖം കാണാന്‍ പോലുമാകാത്തവിധം
തിരക്കോടുതിരക്ക്...എനിക്കും അവനും
)

II.
ആ തിരക്കുകളില്‍ നിന്ന് ഓടിക്കയറിയ
അമിതമായ തിരക്കുള്ള ബസില്‍ വെച്ച്
അറിയാതെ വന്നൊരു മിസ്ഡ്‌കോള്
‍അറിഞ്ഞുമുട്ടുന്ന കൈകള്‍
(മൂറിന്‍‌തൈലവും, മുന്തിരിവള്ളികളുടെ മണവും,
രക്താംബരവും, വെള്ളികെട്ടിയ പല്ലക്കും...
കളവാണ്‌, സര്‍‌വ്വത്ര കളവ്
എഞ്ചിനോയിലിന്റെ, ആൾക്കൂട്ടവിയർപ്പിന്റെ,
മീൻ‌കുട്ടകളുടെ, മുടിനനയ്ക്കാത്തവരുടെ
കലർന്നുകെട്ട മണം)

III.
ആ വിധം തിരക്കുള്ള വാഹനത്തിൽ
ഉടലമർത്തപ്പെടുമ്പോൾ
ഒരു അശ്ലീല എസ്.എം.എസ് വന്നുവിളിച്ചത്
കോമ്പല്ലുകൾ കൂട്ടിയിറുമ്മുന്ന ശബ്ദത്തിലാണ്.
"മരിച്ചു നരകത്തിലെത്തിയ ഡ്രാക്കുളയുടെ
അടുത്ത ജന്മത്തിലെ ആഗ്രഹങ്ങള്
‍ചോരകുടിയ്ക്കണം,ചിറകുവേണം,പെണ്ണരികില്‍ കിടക്കണം..
ദൈവം കരുണാമയനും, കാര്‍മേഘവര്‍ണ്ണനും മാത്രമല്ല
ഒന്നാന്തരം കുത്സിതവൃത്തിക്കാരനും, കുതന്ത്രക്കാരനുമാണ്‌
പാവം ഡ്രാക്കുളയുടെ പുനര്‍ജന്മം
വിസ്പര്‍ അള്‍ട്രാ വിത് വിംഗ്സ് "

IV.
ഞാന്‍ ലൂസി ജോനാഥൻ
ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് എന്റെ അടുക്കള
നോക്ക്, തിളച്ചുമറിയുന്ന പാലുണ്ടോ...കരിഞ്ഞ ഉപ്പുമാവുണ്ടോ?
കാലില്‍ വള്ളിമുറിഞ്ഞ ചെരുപ്പുണ്ടോ?
എല്ലാം അപ്രത്യക്ഷം! നിങ്ങള്‍ ആശ്ചര്യപ്പെടുന്നു.
(പാചക നുറുങ്ങ്: വെളുത്തുള്ളി ഒഴിവാക്കുക.
അതിന്റെ മണമുള്ളിടങ്ങളില്‍
അവന്‍ പുനര്‍ജനിയ്ക്കില്ല)


* രായതി/റായതി => പ്രേമഭാജനത്തെ സംബോധന ചെയ്യാന്‍ ഉത്തമഗീതത്തില്‍ ‍ ഉപയോഗിച്ചിരിക്കുന്ന ഹീബ്രൂ പദം.

സമർപ്പണം: “ഉത്തമഗീതം പോലെ പ്രണയിക്കണം എന്നായിരുന്നു ആഗ്രഹം. ഇപ്പോൾ ജീവിതം ഉപ്പുമാവ് അടിയ്ക്കുപിടിച്ച പോലെ” എന്നറിയിച്ചവൾക്ക്. അവൾക്കുമാത്രം!

Saturday, April 26, 2008

ബ്ലോഗര്‍ കൂടിയായ മനോജ് കുറൂരിന് കേരള സാഹിത്യ അക്കാഡമി കനകശ്രീ അവാര്‍ഡ്

കേരള സാഹിത്യ അക്കാഡമിയുടെ 2007 വര്‍ഷത്തെ കവിതകള്‍ക്കായുള്ള കനകശ്രീ അവാര്‍ഡ് ശ്രീ. മനോജ് കുറൂറിന്റെ കോമയ്ക്ക് ലഭിച്ചു. ആധുനീക ഗ്ലോബ്ലല്‍ സമൂഹത്തിലെ യാന്ത്രിക ചടുലത യുടേയും, കമ്പോള കിടമല്‍‌സരങ്ങളുടേയും ആശങ്കങ്ങള്‍ വെളിപ്പെടുത്തുന്ന കൃതിയായിരുന്നു കോമ.

കര്‍ത്താവില്ലാത്തനിനാല്‍ കര്‍മ്മത്തിന്റെ നാമത്തില്‍ നമുക്കാഘോഷിക്കാം
എന്ന് ഘോഷിക്കുന്ന കോമ പുത്തന്‍ കമ്പോള സംസ്കാരത്തിന്റെ
ഇരയായ ലാസറിന്റെ കഥ (കവിതയായി) പറയുന്നു.


കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടേയും, ശ്രീദേവി അന്തര്‍ജനത്തിന്റേയും മകനാണ് മനോജ്. കോട്ടയ മാണു മനോജിന്റെ ജന്മദേശം. പന്തളം എന്‍.എസ്.എസ്. കോളജില്‍ അധ്യാപകനാണ്. താള സംബന്ധമായ വിഷയത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഗവേഷകന്‍ കൂടിയാണ്.


ശ്രീ മനോജ് കുറൂര്‍ മലയാളം ബ്ലോഗര്‍ കൂടെയാണ്.

1) വിവര്‍ത്തനത്തില്... നഷ്ടപ്പെടുന്നത്
2) പുറമൊഴികള്‍
3) ജീവിതത്തിലെ അഴുക്കുചാല്‍നോട്... സ്ഥിതിവിവരണം
4) manoj kuroor
എന്നീ ബ്ലോഗുകള്‍ അദ്ദേഹത്തിന്റേതാണ് .
ഇതു കൂടാതെ ബൂലോക കവിതയില്‍ അംഗത്വവും ഉണ്ട്.


ശ്രീ മനോജ് കുറൂരിന്റെ അവാറ്ഡ് ലബ്ദിയില്‍ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിക്കുന്നു.
വാര്‍ത്തകള്‍ക്ക് -> ഇവിടെ
ശ്രീ മനോജിനെ കൂടുതല്‍ അറിയാന്‍ -> ഇവിടെ

Friday, June 1, 2007

പ്രണയം (കവിത)

പ്രണയത്തിനു കണ്ണില്ല.
പ്രണയത്തിനു മൂക്കില്ല
എന്തിനേറേ പ്രണയത്തിനു സ്വന്തമായി
ഒരു അണ്ടര്‍വെയര്‍ വരെ ഇല്ല.