Friday, May 29, 2009

ഹന്തൊന്തൊന്ത് മനസിലായോ?

രംഗം-1 / അമ്പലക്കുളം
(മൈക്കിലൂടെ ഒഴുകിവരുന്ന യേശുദാസ് ഭക്തിഗാനമാണ് ശബ്ദപശ്ചാത്തലം)
{
അമ്പലം കമ്മറ്റി ഈയിടെയാണ് മാറിയത് എന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഭക്തിഗാനങ്ങളിലെ ചുവടുമാറ്റം. “ഓടിവരും കണ്ണുകളിലും”യും, “പള്ളിക്കെട്ടും“, “ഗുരുവായൂരമ്പല നടയി”ലും ഒക്കെ നടയ്ക്കുപുറത്ത്; പകരം യേശുദാസ് “സാന്ദ്രാനന്ദാവ ബോധാത്മകം...” പാടുന്നു.പാടത്തെ പണി കഴിഞ്ഞ് അന്തി മോന്താൻ പോകുന്നതിനു മുന്നെയായി അമ്പലക്കുളത്തിലൊരു മുങ്ങലും, നടയ്ക്കൽ നിന്നൊരു നീട്ടിവിളിയും, പ്രാർത്ഥനയും താമുവിന്റെ ശീലമാണ്. ഉപ്പൂറ്റിയ്ക്ക് മുകളിൽ വെള്ളമുള്ള ഏത് ജലാശയത്തേയും ഭയപ്പെടുന്ന ഞാൻ വെള്ളത്തിലേക്കുള്ള താമുവിന്റെ ക്ഷണം ഒഴിവാക്കാനാണ് മറുചോദ്യം ആദ്യമേ എടുത്തിട്ടത്.
“താമൂന് ഈ പാട്ട് കേട്ടിട്ട് എന്തു തോന്നുന്നു”
“എനിക്കൊന്നും മനസിലായില്ല കുട്ട്യേ”
}

രംഗം-2 / കള്ളുഷാപ്പ്
{

ഉറുമ്പുകളും, ഈച്ചകളും ചത്തുപൊന്തി കിടക്കുന്ന മട്ട് മാറ്റി മൂന്നാമത്തെ കുപ്പിയിൽ പിടി മുറുക്കിയിരുന്നു ഞാനും, താമുവും.
“ആനയും, കൊതുകും കൂടെ കല്യാണം കഴിച്ചു. ആന കൊമ്പൻ, കൊതുക് ഒരു അനോഫിലിസ് സുന്ദരിക്കുട്ടി. പക്ഷേ ആദ്യരാത്രി കഴിഞ്ഞ് പിറ്റേന്ന് നേരം വെളുത്തപ്പോൾ കൊതുക് കട്ടിലിൽ ചത്തു കിടക്കുന്നു. കാരണം എന്താണ് താമൂ?”
ലിംഗവലിപ്പം എന്ന ഉത്തരം പച്ചമലയാളത്തിൽ പറയുന്നതിന്റെ അശ്ലീലത ഒഴിവാക്കിക്കൊണ്ട് താമു
“അത് പിന്നെ അങ്ങല്ലല്ലേ വരുള്ളൂ കുട്ട്യേ? ആന കൊതൂന്റെ മോളില് കേറിക്കെടന്നോണ്ടാകും“”
“താമു ഉദ്ദേശിച്ചത് എനിക്ക് മനസിലായി പക്ഷെ അതല്ല കാരണം. ഉത്തരം പറ താമൂ”
“എനിക്ക് അറിയില്ല കുട്ട്യേ”
}

രംഗം-3 / വീട്ടിലേക്കുള്ള ഒറ്റയടിപ്പാത
{
ഇരുളിലൂടെ വേച്ചുവേച്ച് നടക്കുമ്പോൾ ഞങ്ങൾക്ക് എതിരേ വരുന്നയാൾ
“ഇതെന്താ താമൂവേട്ടാ ഇന്ന് ചേലായിട്ടുണ്ടല്ലോ?”
“അല്ല ആരാത്?”
“ഞാനാ താമുവേട്ടാ”
“ആരാ വേണുവാണോടാ? “
“അല്ല രവിയാണ് താമുവേട്ടാ”
“ഇരുട്ടത്ത് പെട്ടെന്നങ്ങട് മനസിലായില്ലടാ. ഇന്ന് ഈ കുട്ടീടെ നിർബ്ബന്ധം കൊണ്ട് ലേശം അതികായി.“
}

അപ്പോൾ പറഞ്ഞുവരുന്നതെന്തെന്നാൽ...
അറിയില്ലായ്മയും, മനസിലാകായ്മയും രണ്ടാണെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. പക്ഷേ, ‘മനസിലാകായ്മ എന്നൊന്നില്ല‘ എന്നത് പലപ്പോഴായി കടുത്ത നിലപാടോടെ വെള്ളെഴുത്ത് ഉയർത്തിക്കൊണ്ട് വരാറുള്ള ഒരു ആശയമാണ്. പോസ്റ്റ്-1 , പോസ്റ്റ്-2 എന്നീ പോസ്റ്റുകളും, തുടർന്ന് വന്ന കമെന്റുകളും ശ്രദ്ധിച്ചാൽ നിഘണ്ടുവിൽ നിന്ന് കാലഹരണപ്പെട്ട ഒരു വാക്കാണ് “മനസിലായില്ല” എന്നതെന്നാണ് നമ്മൾ മനസിലാക്കേണ്ടത്.


സംഗതികളെ ചിരിച്ചു തള്ളാൻ വരട്ടെ. നിഘണ്ടുവിനെക്കുറിച്ച് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതിയ വെള്ളെഴുത്ത് “മനസിലായില്ല” എന്ന പദത്തെ കാള്‍‌വിന്‍ ശൈലിയില്‍ നിഘണ്ടുവിൽ നിന്ന് നിഷ്ക്കാസനം നടത്തുന്നത് തീർത്തും ഏകപക്ഷീയമായ വാദത്താലാണ്. “എല്ലാം ലളിതമല്ല, ലോകം സങ്കീർണ്ണമയമാണ്“ / "ലളിതം എന്നത് എന്താണെന്ന് നിര്‍വചിക്കേണ്ടി വരും അതു ബുദ്ധിമുട്ടാണോ അല്ലയോ എന്നു തിരിച്ചറിയാന്‍" എന്നീ മുഖവുര അദ്ദേഹം നൽകുന്നുണ്ടെങ്കിലും - കെ.പി.എ.സി ലളിതയുടെ അഭിനയലാളിത്യത്തേക്കാൾ - ‘ലളിത‘മായ ലോജിക് വെച്ചാണ് “മനസിലാകാത്തവരുടെ സംഘത്തെ” വെള്ളെഴുത്ത് മൌലികവാദികളും, വൈവിധ്യത്തെ അംഗീകരിക്കാൻ മടിക്കുന്നവരും, സർവ്വോപരി വായിച്ചതിനെ “ഇല്ലാതാക്കാൻ” ബോധപൂർവ്വമായി നടത്തുന്ന ഇടപാടുകാരുടെ ഉപജാപ സംഘമായും ചിത്രീകരിക്കുന്നത്.
“നിങ്ങൾ ഇസ്ലാമാണ്
ഇസ്ലാമിൽ കൂടുതലും തീവ്രവാദികളാണ്
അതിനാൽ നിങ്ങളും തീവ്രവാദിയാണ്”
എന്നതിനോട് നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും ഏതാണ്ട് സർക്കുലാർ തിയറിയുടെ അതുപോലൊരു ലളിതലോജിക്ക് വെച്ചാണ് മനസിലാകാത്തവരുടെ മനശാസ്ത്രം വെള്ളെഴുത്ത് നോക്കിക്കാണുന്നത്.

ഒരു വാക്കിന് തുല്യം ആ വാക്കുമാത്രം എന്ന ആപ്തവാക്യത്തെ മാനിച്ചു കൊണ്ട് പറയട്ടെ; “അറിയില്ല/മനസിലായില്ല/അംഗീകരിക്കുന്നില്ല” എന്നത് വ്യത്യസ്ഥാർത്ഥത്തിൽ തന്നെയാണ് മലയാളി പ്രയോഗിക്കുന്നത്. അജ്ഞാതമായതിനേയോ, അംഗീകരിക്കാൻ മടിയുള്ളതിനേയോ ആണ് ഒരു “മനസിലാകായ്മ“കൊണ്ട് മറയ്ക്കുന്നതെങ്കിൽ പ്രയോഗിച്ചവനെ/ളെ യാഥാസ്തികനെന്നോ, മൌലികവാദിയെന്നോ, വിഢിയെന്നോ ഒക്കെ വിളിക്കാം. മനസിലാകായ്മ “അറിവി“ന്റെ പ്രശ്നമാണെന്നാണ് പോസ്റ്റ് 2ന്റെ കമെന്റുകളിൽ വെള്ളെഴുത്തും, *ഗുപ്തനും സമർത്ഥിക്കുന്നത്. എന്നാൽ പിന്നെ അതൊന്ന് “അറിഞ്ഞിട്ടു” തന്നെ കാര്യം. മുകളിലെ മൂന്ന് രംഗങ്ങളിലേക്ക് മടങ്ങിപ്പോകാം. മൂന്നിലും താമുവിന്റെ “അറിവ്” തന്നെയാണ് പരാമർശവിധേയമാക്കുന്നത്.

രംഗം-1 : ‘മനസിലായില്ല’ => താമുവിന് സംസ്കൃതമോ, മണിപ്രവാളമോ അറിയില്ല, അയാളത് അഭ്യസിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സംസ്കൃതപദങ്ങൾ നിറഞ്ഞ ഭക്തിഗാനം താമുവിന് ആസ്വദിക്കാൻ കഴിയുന്നില്ല.

രംഗം-2 : “അറിയില്ല” => കുസൃതിച്ചോദ്യത്തിന്റെ ഉത്തരം ചോദ്യകർത്താവിന് മാത്രമേ അറിയാവൂ എന്ന് മനസിലാക്കിയ താമു ഉത്തരം തനിയ്ക്കറിയില്ലെന്ന് പറഞ്ഞ് കീഴടങ്ങുന്നു.

രംഗം-3 : “മനസിലായില്ല” => കഴിഞ്ഞ 25 വർഷമായി താമുവിന് രവിയെ അറിയാം. പക്ഷേ ഉള്ളിലെ കള്ളിന്റേയും, ഇരുളിന്റേയും സാന്നിദ്ധ്യം കൊണ്ട് രവിയെ പെട്ടെന്ന് “തിരിച്ചറിയാൻ” താമുവിനായില്ല. എതിരേ വന്ന ആളാകട്ടെ താൻ “രവി” ആണെന്ന് വ്യക്തമാക്കുന്നുമില്ല. പക്ഷെ താമുവിന്റെ ‘മനസി‘ൽ അപ്പോൾ ഒരു അൽഗോരിതം പ്രവർത്തനക്ഷമമാകുന്നുണ്ട്.
1) “താമുവേട്ടാ” എന്ന് തന്നെ സംബോധന ചെയ്യാൻ സാധ്യതയുള്ളവരുടെ വലിയ പട്ടിക.
2) ആ പട്ടികയിൽ / ആ നേരത്ത് / ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളവരെ മാത്രം തിരഞ്ഞെടുത്ത ചെറിയ പട്ടിക.
3) ചെറിയ പട്ടികയിലെ സാധ്യതയുള്ളവരുമായുള്ള ശബ്ദതാരതമ്യത്തിൽ കൂടുതൽ അടുത്തു നിൽക്കുന്ന ‘വേണു‘ എന്ന അനുമാനം / പക്ഷെ ഉറപ്പില്ലാത്തതിനാൽ ‘ആണോടാ?‘ എന്ന സംശയം.
(സംഗതി ചില്ലറ കളിയല്ല; സാധ്യതകളുടേയും, തിരഞ്ഞെടുപ്പുകളുടെയും ഇത്തരം സങ്കീർണ്ണപ്രക്രിയകൾ നടത്തിയിട്ടു തന്നെയാണ് താമു രവിയെ ‘മനസിലാക്കാതിരിക്കു‘ന്നതെന്ന് എന്നെങ്കിലും മനസിലായല്ലോ? ഒരുപക്ഷെ, മനസിലാക്കലോളം തന്നെ സങ്കീര്‍ണ്ണമാണ്‌ മനസിലാകാതിരിക്കലും. )

അറിവ്, തിരിച്ചറിവ് എന്നിവയ്ക്ക് വ്യത്യസ്താർത്ഥങ്ങൾ വെള്ളെഴുത്ത് നൽകുന്നുണ്ടെങ്കിൽ തീർച്ചയായും ആ ആനുകൂല്യം “മനസിലായില്ല” എന്ന് പറയാനുള്ളവരുടെ അവകാശത്തിനും നൽകേണ്ടതാണ്; ചുരുങ്ങിയ പക്ഷം തമസ്ക്കരണാർത്ഥത്തിൽ അത് പ്രയോഗിക്കാത്തവർക്കെതിരെയെങ്കിലും. കാരണം മനസിലായില്ല എന്ന വെളിപ്പെടുത്തൽ എല്ലായ്പ്പോഴും അലസമായ ഒരു ഒഴിഞ്ഞുമാറലോ / ഇല്ലായ്മചെയല്ലോ / അംഗീകരിക്കാൻ മടിക്കലോ അല്ല എന്നെങ്കിലും മനസിലാക്കേണ്ടതുണ്ട്.
“എല്ലാം നിങ്ങൾ മനസിലാക്കിയിരിക്കണം“ എന്ന് പറയുമ്പോൾ -എത്രതന്നെ ഇല്ലെന്ന് ശഠിച്ചാലും - “എല്ലാം നിങ്ങൾ അംഗീകരിക്കണം“ എന്നൊരു ഫാഷിസ്റ്റ് ധ്വനികൂടെ അതിൽ കടന്നുകൂടുന്നുണ്ട്.
എല്ലാം നിങ്ങൾ കേൾക്കണം / എല്ലാം നിങ്ങൾ മനസിലാക്കണം / എല്ലാം നിങ്ങൾ അംഗീകരിക്കണം. സാഹിത്യത്തിലെ മനസിലാകാതിരിക്കലിനെ പ്രതിരോധിക്കാനായി വെള്ളെഴുത്ത് ആശ്രയിക്കുന്ന സങ്കേതം ശാത്രമാണ്‌. "ശാസ്ത്രം വികസിച്ചെന്നും നാള്‍ക്കുനാള്‍ സങ്കീര്‍ണ്ണമാവുന്നെന്നും നമുക്കറിയാം" എന്ന പരിചയെടുത്ത് അദ്ദേശം ആയിരപ്പടയ്ക്ക് നേരേ നിലകൊള്ളുന്നുണ്ടെങ്കിലും മനസിലാക്കേണ്ട ചിലതുണ്ട് . "ഗണിതശാസ്ത്രം അറിയാത്തവര്‍ക്ക് ഇവിടെ പ്രവേശനമില്ല" എന്ന ബോര്‍ഡ് തൂക്കിയ ശാസ്ത്രജ്ഞര്‍ പോലും ഗണിതശാസ്ത്രം മനസിലാകാത്തവര്‍ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞിട്ടില്ല :) . ശാസ്ത്രത്തിലാണെങ്കില്‍ മനസിലാക്കല്‍ ശരികളിലൂടെ മാത്രമല്ല തെറ്റുകളിലൂടെയുമാണ്‌ നടക്കുന്നത്. നീല്‍സ് ബോറിന്റെ ദ്വിമാന ആറ്റം ഘടന തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്‌ ശാസ്ത്രപരിചയം നടത്തുന്ന വിദ്യാര്‍ത്ഥിക്ക് അത് മനസിലാക്കി കൊടുക്കുന്നത്. ആറ്റത്തിന്റെ ത്രിമാന-ഊര്‍ജ്ജ സങ്കീര്‍ണ്ണ സങ്കേതങ്ങള്‍ മനസിലാക്കാന്‍ ആ തെറ്റായ വഴിയിലൂടെയാണ്‌ നീങ്ങേണ്ടത്.

മനസിലാക്കലും, അംഗീകരിക്കലും രണ്ടാണെന്ന മറുവാദം വരാം. ‘മനസിലാക്കി‘യതിനു ശേഷം വേണമെങ്കിൽ മാത്രം ‘ആസ്വദിക്കു’കയോ, ‘അംഗീകരിക്കു‘കയോ ചെയ്താൽ മതിയെന്ന യുക്തിയെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ. മനസിലാകാതിരിക്കലെന്നത് എല്ലായ്പ്പോഴും ആസ്വദിക്കാനോ, അംഗീകരിക്കാനോ പാകപ്പെടും വരെയുള്ള ഒരു "ഇടവേള/താൽക്കാലിക അവസ്ഥ" മാത്രമാകണമെന്നില്ല.
"ചേട്ടന്‍ സൂര്യേടെ ഗജിനി കണ്ടിട്ടുണ്ടോ?"
"അയ്യേ, ഇല്ല... ശേ.."
"എന്നാല്‍ പോട്ടെ അമീര്‍ഖാന്റെ ഗജിനി കണ്ടിട്ടുണ്ടോ?"
"പോ പെണ്ണേ, എനിക്ക് കണ്ട അവന്മാരുടെയൊക്കെ 'ഗജിനി' നോക്കലല്ല പണി."
എന്ന് സുരാജ് വെഞ്ഞാറമൂട് സ്ക്രീനില്‍ തമാശ പറയുമ്പോള്‍ അത് മനസിലാകാതെ മിഴുങ്ങസ്യ ഇരിക്കുന്ന ശുദ്ധഗതിക്കാരെ കണ്ടിട്ടുണ്ട്. അവരാകട്ടെ രണ്ട് ഗജിനിയും കണ്ടിട്ടുമുണ്ട് :)

രംഗം-3 പ്രകാരം ഇരുൾ/കള്ള്/ വേണു-രവി എന്നിവരുടെ ശബ്ദസാദൃശ്യം എന്നിവ സൃഷ്ടിച്ച ഒരു ഇടവേളയിൽ മാത്രമാണ് താമുവിന് രവിയെ മനസിലാകാതിരിക്കുന്നത് എന്ന് സമർത്ഥിക്കുന്ന “സ്ഥലത്തെ പ്രധാന ബ്ലോഗന്മാ“ർക്ക് രംഗം നാലിലേക്ക് സ്വാഗതം.

രംഗം-4 / ഗ്രാമീണ വായനശാല
{
അക്ഷരമറിയാത്ത താമുവിന് ഞാൻ ബഷീറിന്റെ ‘സ്ഥലത്തെ പ്രധാന ദിവ്യൻ‘ വായിച്ചു കേൾപ്പിക്കുന്നു. ഗ്രാമത്തിലെ ആഞ്ഞിലിത്തടി കാണാതായതിനെക്കുറിച്ച് തിരക്കാൻ മാന്ത്രികനായ കണ്ടമ്പറയനെ കാണാൻ പോയി മടങ്ങി വരുകയാണ് ആനവാരി, പൊൻ‌കുരിശ്, മുത്തപ്പ, പോക്കർ തുടങ്ങിയ ബഷീറിയൻ സംഘം. കാണാതായ തടിയെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ടമ്പറയൻ അവർക്കരുളിയ മാന്ത്രിക അടയാളവാക്യം “ഹന്തന്തൊന്ത്” എന്നത് മാത്രമായിരുന്നു. ഒന്നും മനസിലാകാതെ അവർ തിരികെ വരുന്നേരം അവരിലൊരാൾ മാത്രം അത് ‘മനസിലാക്കുന്നു
ഹന്തൊന്തൊന്ത് = അതവിടെയുണ്ട് = അത് അവിടെ തന്നെ ഉണ്ട്
ഹന്തൊന്തൊന്ത് = ആഞ്ഞിലിത്തടി അത് കിടന്ന മണ്ണിനടിയിൽ തന്നെ ഉണ്ട്
ഹന്തൊന്തൊന്ത് = ആഞ്ഞിലിത്തടി മോഷ്ടിക്കാൻ ശ്രമിച്ചവർ അത്രയും വലിയ തടി ആരുടേയും കണ്ണിൽ പെടാതെ പെട്ടെന്ന് കടത്തുന്നത് ഒഴിവാക്കാനായി തടി കിടന്നതിന് അടുത്തായി കുഴിയെടുത്ത് മൂടുന്നു.
“അല്ല കുട്ട്യേ, അതെങ്ങന്യാണ് ഹന്തെന്തൊന്ത് എന്ന് പറഞ്ഞാൽ ഇത്രയൊക്കെ മനസിലാകണത്?”
“ഇത് കഥയല്ലേ, കഥയിൽ ചോദ്യമുണ്ടോ താമൂ?”
“അത് ശര്യാണ്. പക്ഷേ ഹന്തൊന്തൊന്ന് എന്ന് കേട്ടപ്പോൾ എനിക്കൊന്നും മനസിലായില്ലെന്റെ കുട്ട്യേ”
}
മനസിലാക്കലുകളുടെ വൈജ്യാത്യത്തെ സാഹിത്യസൂഫി ബഷീർ ഇത്രയേറെ ലളിതമാർന്ന നർമ്മത്താൽ അവതരിപ്പിച്ചിരിക്കുന്നത് നമ്മുടെ വെള്ളെഴുത്തിന് മനസിലാകുമെന്നിരിക്കേ;
മൈ ഡിയർ താമൂ, ഇനി നിങ്ങൾക്ക് ആരുടെ മുഖത്തും നോക്കി ധൈര്യമായി പറയാം
“എനിക്ക് മനസിലായില്ല”

** പോസ്റ്റ് ലെതീഷ് മോഹന്റെ കവിതയെക്കുറിച്ച് വെള്ളെഴുത്ത് എഴുതിയ പഠനത്തെക്കുറിച്ചല്ല , മറിച്ച് വെള്ളെഴുത്തിന്റെ “മനസിലാക്കൽ” നിലപാടുകളെക്കുറിച്ചാണെന്ന് ഓർമ്മപ്പെടുത്തുന്നു.

*** ആ ഇനി കമെന്റുകളാകാം. വായിച്ച ശേഷം ഞാൻ ‘മനസിലാക്കി‘യതനുസരിച്ച് മറുപടി തരും. [ഹാ! അത്രയ്ക്കായോ]

================================

Off.To.

* കവിത മനസിലായില്ലെന്ന് പറഞ്ഞ എസ്. ജെ. ഗ്രാമത്തിനെ രസക്കൂട്ടൊരുക്കുന്നതില്‍ രീതിശാസ്ത്രങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതുകൊണ്ട് / ധ്വന്യാത്മകമായ ജീവന്‍ പരമാത്മാവുപോലെ ഉദാത്തമായ എന്തോ തത്വമല്ല വാക്കുകളുകളുടെ രസതന്ത്രത്തിന്റെ സൃഷ്ടിയാണെന്നുള്ള കാഴ്ചപ്പാടാണ് ആധുനികകവിതയിലെ ഭൌതികവാദം എന്നതുകൊണ്ട് ഉദ്ദേശിച്ചത് / ശരീരം ആത്മാവ് പോലെയുള്ള സമഷ്ടിതത്വങ്ങളില്‍ ഊന്നിയുള്ള ആസ്വാദനം അസാധ്യമാവുന്നു ഇത്തരം പ്രയോഗങ്ങളാൽ ഗുപ്തൻ വശം കെടുത്തുന്നത് കണ്ടപ്പോൾ പെട്ടെന്ന് മനസിലോടിയെത്തിയത് ബ്ലോഗിൽ തന്നെ പലപ്പോഴായി ഉപയോഗിക്കപ്പെട്ട “സന്ദേശം-ആർ.ഡി.പിയുടെ തോൽ‌വി-പ്രതിക്രിയാവാദം-റാഡിക്കലായുള്ള മാറ്റം” തമാശയാണ് :) വായനയ്ക്ക് പരിമിതികളുണ്ട് എന്ന് ഇവിടെ തുറന്ന് സമ്മതിച്ച ഗുപ്തന്‍ തന്നെയാണ്‌ എസ്.ജെ.യെ ഒരുമാതിരി "സന്ദേശം ഉത്തമനെ"പ്പോലെ അടിച്ചിരുന്നത്.