Showing posts with label നര്‍മ്മം തന്ത്രി. Show all posts
Showing posts with label നര്‍മ്മം തന്ത്രി. Show all posts

Wednesday, June 27, 2007

തന്ത്രിയാരാ മോന്‍? ബെസ്റ്റ് കണ്ണാ ബെസ്റ്റ്

ഒരു കഥ പറയാം.

ഒരു ശ്രീകൃഷ്ണക്ഷേത്രം. അവിടെ ഒരു കളവ് നടന്ന് എന്ന് സങ്കല്‍പ്പിക്കുക. ഉദാഹരണമായി തിരുവാഭരണം തന്നെ മോഷണം പോയിരിക്കുന്നു. സ്വാഭാവിമായും പോലീസ് കേസെടുക്കുമ്പോള്‍ ക്ഷേത്രം പുരോഹിതനെ വിളിപ്പിക്കുമല്ലോ. ഇനി ചോദ്യം ചെയ്യുന്ന പോലീസുകാരന്‍ കൂടി ഒരു നമ്പൂരിയും അല്പസ്വല്‍പ്പം പൂജാ വിധിയും അറിയാവുന്നവന്‍ ആണെന്ന് കരുതുക. അങ്ങിനെ നമ്മുടെ “നമ്പൂരി പോലീസ്“ ചോദ്യം ചെയ്യുകയാണ് ആരെ? നമ്മുടെ “നമ്പൂരി പൂജാരി”യെ

ന.പോ: പൂജ നടത്താറുണ്ടോ?
ന.പൂ: ഉവ്വ് ആവൂം വിധം?

ന.പോ: ആര്‍ക്ക് ആകും വിധം?
ന.പൂ: ആര്‍ക്കെങ്കിലും ഒക്കെ ആവണ വിധം

ന.പോ: ശരി:എന്തൊക്കെ പൂജ ചെയ്യും?
ന.പൂ: അതൊക്കെ അപ്പോളത്തെതരം പോലെ ചെയ്യും?

ന.പോ: തിരുവാഭരണം കണ്ടിട്ടില്ലേ?
ന.പൂ: ഭാര്യേടേ കെട്ടു താലി അല്ലാതെ ഒരു ആഭരണവും കണ്ടിട്ടില്ല

ന.പോ: അപ്പോള്‍ ഭഗവാനേ ചാര്‍ത്താറില്ലേ?
ന.പൂ: എന്നെ എടുത്തിട്ട് ചാര്‍ത്തില്ലെങ്കില്‍ സത്യം പറയാം. ഞാന്‍ ഒന്നും ചാര്‍ത്താറില്ല.

ന.പോ: അപ്പോള്‍ കളഭം പോലും ചാര്‍ത്താറില്ലേ?
ന.പൂ: ഇവിടെ ആള്‍ക്കാര്‍ക്ക് കൊടുക്കാന്‍ കളഭം തെകയൂല്ല, പിന്നല്ലേ ഭഗവാനു എടുത്തിട്ട് ചാര്‍ത്താന്‍

ന.പോ: തേവാരം ഉണ്ടോ?
ന.പൂ: അയ്യേ,അത്തരം അസ്ക്യതകള്‍ ഒന്നും ഇല്ല. നോം പക്കാ ഡീസെന്റാ

ന.പോ: ഡോ ഗായത്രി അറിയോ?
ന.പൂ.: പിന്നെ,ബാലേഷ്ണന്‍ നമ്പീശന്റെ മോളല്ലേ. അറിയാം. നല്ല കുട്ടി. മാലകെട്ടുമ്പോള് നല്ല ഇഴയടുപ്പം.

ന.പോ:കഷ്ടം, കുളിക്കുമ്പോള്‍ “ഓം തത് സവിതുര്‍ വര്യേണ്യം...” എന്ന് ചൊല്ലാറുണ്ടോ?
ന.പൂ:പിന്നേ, അതില്ലാണ്ടെ കുളി ഉണ്ടൊ? അതു ചോല്ലും, പിന്നെ ബോറഡിച്ചാല്‍ പുതിയ സിനിമാപ്പാട്ടും പാടും

ന.പോ:അപ്പോള്‍ “ഓം. തത്..” എന്ന് തുടങ്ങുന്നത് ഗായത്രി ആണെന്ന് അറിയില്ലേ?
ന.പൂ: ആണൊ? അപ്പോള്‍ അതാണോ ഗായത്രി,ശേടാ..ന്നാലും നോം അത്രയ്ക്ക് നിരീച്ചില്ല

ന.പോ: ഹത് ശരി, എന്താ മൂല മന്ത്രം?
ന.പൂ:മൂലയ്ക്ക് ഇരുന്ന് നോം അങ്ങ്ട് ഒരോന്ന് ചോല്ലൂം, അതന്നെ മൂല മന്ത്രം? അതന്നെ അല്ലേ?

ന.പോ: ഡോ കിഴങ്ങാ, തന്റെ അമ്പലത്തില്‍ എന്താ പ്രതിഷ്ഠ?
ന.പൂ: ശിവന്‍?
ന.പോ: എന്ത്?
ന.പൂ:അല്ല ഗണപതി, അല്ലേ?
ന.പോ? സത്യം പറയെഡാ?
ന.പൂ: സത്യായിട്ടും മഹാലക്ഷ്മി.
ന.പോ: വെളച്ചിലെടുക്കാതെ നേര് പറയെഡാ
ന.പൂ: ഇടിക്കരുതേമ്മാനെ, ആകെ കളഭോം, സിന്ദൂരോം, മാലയും, ബൊക്കെയും അസ്റ്റേബിള്‍ മള്‍ട്ടി വൈബ്രേറ്റര്‍ കൊണ്ട് LED ലെറ്റ്സും. സത്യം പറഞ്ഞാല്‍ ആ കല്ല് എന്താണ് വിഗ്രഹം എന്ന് എനിക്കറിയില്ല. ഏമാനറിയാമെങ്കില്‍ പറഞ്ഞ തരൂ. ഒരു ഉപകാരം ആകും.

ന.പോ: കള്ള!#!#$!#!$#!(!*!*!^ അപ്പ നിനക്ക് പ്രതിഷ്ഠ അറിയില്ല അല്ലേ? അത് കൃഷ്ണ വിഗ്രഹം ആണെന്ന് നിനക്കറിയില്ല അല്ലേ?
ന.പൂ: ഈശ്വരാ..മുകുന്ദാ ഭക്തവത്സലാ, അപ്പോ അത് കൃഷ്ണ വിഗ്രഹം ആയിരുന്നൂല്ലേ. ശര്യാണ് ചെല്ലപ്പോ എനിക്കും തോന്നാറുണ്ടായിരുന്നു.

ന.പോ: എന്താ കൃഷ്ണന്റെ നാള്?
നപൂ:നാളോ? എന്ത് നാള്. ഇവിടെ സ്ഥിരം തൊഴാന്‍ വരണ സുന്ദരിക്കുട്ടികള് ഇടയ്ക്ക് മൊടങ്ങണ ചില “നാളുകള്” അറിയാം, ല്ല്യാണ്ടെ ഒന്നും അറീല്ല്യേമ്മാനെ.

നപോ: പന്ന !$%#$@#!@!#@#!@! അപ്പോ നിനക്ക് അത് മാത്രം അറിയാമല്ലേ
(ബാക് ഗ്രൌണ്ടില്‍ ഇടി ശബ്ദം)
ന.പൂ: അയ്യോ...തല്ലല്ലേ. പുഷ്പാജ്ഞലി നടത്തി എലച്ചീന്തില്‍ അല്‍പ്പം ചന്ദനവും,പൂവും,തുളസീം ഇട്ട് കൊടുത്ത് ദക്ഷിണ വാങ്ങാന്‍ അല്ലാതെ വേറൊന്നും അറിയില്ല ഏമാനേ.

ഇത് ഒരു തമാശ കഥ ആണെന്ന് കരുതിയൊ? എങ്കില്‍ തെറ്റി. താഴെ കാണുന്ന മനോരമ ലിങ്ക് ഒന്നു ക്ലിക്ക് ചെയ്യൂ‍

മനോരമ വാര്‍ത്ത

എങ്ങിനെ ഉണ്ട് സംഗതി? ദക്ഷിണ വെച്ച് കാല്‍ക്കല്‍ നമസ്ക്കരിച്ചവര്‍ക്ക് ഒരു തോര്‍ത്ത് മുണ്ട് കൂടെ വാങ്ങി വെയ്ക്കാം. ഈ കക്ഷി വീണ്ടും തന്ത്രി ആകുകയാണെങ്കില്‍ “കെട്ട് നിറ” ഐറ്റംസിന്റെ കൂടെ “തലമറയ്ക്കാന്‍ മുണ്ട്” കൂടെ ചേര്‍ക്കേണ്ടി വരും.
ഭാഗ്യം “അരാണ് ശബരിമലയിലെ പ്രധാന പ്രതിഷ്ഠ?” എന്നതിന് “പോത്തും കടവ് വീരഭദ്രന്‍” എന്ന് മറുപടി പറയാഞ്ഞത്.

മാമക കേരളമേ.. അഫിമാനിക്ക് അഫിമാനിക്ക്..