Showing posts with label യുക്തിവാദം|വിശ്വാസം|മതം|കുന്തം|കൊടച്ചക്രം|ഫയല്‍മാന്‍. Show all posts
Showing posts with label യുക്തിവാദം|വിശ്വാസം|മതം|കുന്തം|കൊടച്ചക്രം|ഫയല്‍മാന്‍. Show all posts

Thursday, January 10, 2008

ദേ വരണ് വീണ്ടും ഒരു യുക്തിവാദ പോസ്റ്റ് (ഡിങ്കന്‍ വക)

ബ്ലോഗില്‍ പലയിടത്തായി യുക്തിവാദം,വിശ്വാസം എന്നിവയെ പറ്റി പോസ്റ്റുകള്‍ ഇടയ്ക്ക് കാണാറുണ്ട്.
ഈയിടെ കണ്ട ജബ്ബാര്‍ മാഷിന്റെ ഈ പോസ്റ്റിന് മറുപടി എഴുതിയത് നീണ്ട് പോയതിനാല്‍ ഒരു പോസ്റ്റ് ആക്കുന്നു.

യുക്തിവാദി, വിശ്വാസി എന്നീ പദങ്ങള്‍ക്ക് ഒരു കോമെണ്‍ ഡെഫനിഷന്‍ കല്‍പ്പിക്കാന്‍ എന്തോ എനിക്ക് കഴിയുന്നില്ല. കാരണം വീക്ഷണം, ചിന്ത എന്നിവ ഓരോ വ്യക്തിക്കും വ്യത്യസ്ഥം ആയതു തന്നെയാണ് കാരണം. മരത്തില്‍ നിന്ന് വീഴുന്ന പഴം ആകാശമായി തെറ്റിധരിച്ച് ഓടുന്ന പ്രവണതകളെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. താപസന്‍ വന്നതിനാല്‍ ഗ്രാമത്തില്‍ മഴപെയ്തു എന്നതിനെ കളിയാക്കി “കാക്ക വന്നിരുന്നതും ആലിന്‍‌പഴം വീണതും ഒരുമിച്ച്” എന്ന് പറഞ്ഞ തെനാലിരാമനേയും ഞാന്‍ യുക്തിവാദി ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത് എന്നതാണ് എന്റെ വീക്ഷണം.


സമൂഹത്തില്‍ അരാജകത്വം വാഴാതിരിക്കാനായി ഒരു നിയന്ത്രണം (അതു അദൃശ്യശക്തിയുടേതെന്ന്) വരുത്തി തീര്‍ക്കാനായാണ് മതങ്ങളും,സംഹിതകളും ശ്രമിക്കുന്നത് എന്ന് ഏവര്‍ക്കും അറിവുള്ളതാണല്ലോ. അല്ലെങ്കില്‍ ഈ ദുനിയാവില്‍ കാക്കത്തൊള്ളായിരം മതങ്ങളും, വിശ്വാസങ്ങളും, ആചാരങ്ങളും ഉടലെടുക്കില്ലല്ലോ. ആത്യന്തികമായും മനുഷ്യന്‍ ഒരു “പേഗന്‍” ആണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട് (നരവംശ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ). ആയതിനാല്‍ തന്നെ മനസ് എന്ന ഒളിത്താവളത്തിന്റെ സംരക്ഷണത്തിനായി അവന്‍ ചില തത്വസംഹിതകളില്‍ എന്നും ആകൃഷ്ടനാണ്. ഇതിനെ തെറ്റ് എന്ന് പൂര്‍ണ്ണമായും ശരിയല്ല. എന്നാല്‍ തന്റെ ഈ സങ്കേതത്തെ അവന്‍ അന്ധമായി വിശ്വസിക്കുകയും , മറ്റുള്ളവര്‍ തേടുന്ന സങ്കേതത്തെ അക്രമാസക്തമാകും വിധം ഏതിര്‍ക്കുകയും, തന്റെ സങ്കേതത്തിന്റെ വ്യാപരണാര്‍ത്ഥം തീവ്രനിലപാടുകള്‍ എടുക്കുകയും ചെയ്യുന്നിടത്താണ് സമവാക്യങ്ങള്‍ പിഴയ്ക്കുന്നത്. (അതായത് നല്ലവനായ വിശ്വാസിയാണ് അധമനായ യുക്തിവാദിയേക്കാള്‍ നല്ലത്, അതുപോലെ മറിച്ചും. ഇവിടെ നല്ലത്തും ചീത്തയും പോലും ആപേക്ഷികമാണ്).


കാലാകാലങ്ങളിലെ ഇരുണ്ട ആശയങ്ങളെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യങ്ങളെ ഭയപ്പെടുന്നവര്‍ തന്റെ ഒളിത്താവളം ആക്രമണ വിധേയമാകുമോ എന്ന് ഭയമുള്ളവരാണ്. അതായത് “ദൈവം ഉണ്ടെങ്കില്‍, അവന്‍ കാറ്റിനും പേമാരിക്കും ഉടയോന്‍ ആണെങ്കില്‍ എന്റെ മൂക്കിന്‍ തുമ്പത്തൊരു തുമ്മല്‍ പ്രത്യക്ഷമാകട്ടെ” എന്ന് വെല്ലുവിളിക്കുന്നവന്‍ മാത്രം അല്ല. മറിച്ച് അഞ്ചാം മലയിലെ ദൈവത്തെ ചോദ്യം ചെയ്ത് മലകയറിയ ഏലിയയും, ബലിജന്തുക്കളെ തുറന്നു വിട്ട ഈസയും, കേരളത്തെ (മത)ഭ്രാന്താലയം എന്ന് വിളിച്ച വിവേകാനന്ദനും ഒക്കെ തന്നെ യുക്തിവാദികളായിരുന്നു. എന്ന് തന്നെയാണ് എന്റെ വീക്ഷണം. “ഖുറാനില്‍ 99 ദൈവനാമം ഉണ്ട് എന്നാല്‍ 100മത് ദൈവനാമം ഏതാണ്?” എന്ന് ചോദിച്ചപ്പോള്‍ കണ്ണടച്ച് മൌനം പാലിച്ച്. “മൌനം(ധ്യാനം)” ആണ് അതായത് കണ്ണടച്ച് അവനവനിലേക്കുള്ള തിരിഞ്ഞ് നോട്ടമാണ്,സ്വയം കണ്ടെത്തലാണ് 100മത് ദൈവം എന്ന് തിരിച്ചറിഞ്ഞ സൂഫി വര്യന്‍ ജലാലുദീന്‍ റൂമിയേയും ഞാന്‍ യുക്തിവാദിയായി കാണുന്നതില്‍ തെറ്റുണ്ടൊ?


ഏത് സമ്പ്രദായവും കാലക്രമത്തില്‍ മതമായി മാറും. സ്ഥാപനവല്‍ക്കരണത്തിന്റെ ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്. അതായത് വിഭൂതി നല്‍കുന്ന ബാബയും, വിപ്ലവം നല്‍കുന്ന മാര്‍ക്സും, കാറ്റാടിയാന്മാരെ യുക്തിവാദത്താല്‍ തോല്‍പ്പിച്ച കോവൂരും വരെ സ്ഥാപനവല്‍ക്കരണത്താല്‍ ദൈവങ്ങളും, ഇവരുടെ അഭിപ്രായങ്ങള്‍ ചോദ്യം ചെയ്യാനാകാത്ത വചനങ്ങളും ആയി മാറാം. ഇവിടെയാണ് പ്രശ്നങ്ങളുടെ ആരംഭം. സ്വാംശീകരണത്തിന്റെ യാതൊരുവിധ നിലപാടുകളും ഇല്ലാതെ പിടിച്ചമുയലിന്റെ മൂന്നാമത്തെ കൊമ്പില്‍ തൂങ്ങി മരിക്കാന്‍ വണ്ണം മൌലീകത കൊടികുത്തി വാഴുന്നിടത്താണ് “ഏത് വാദം ആണ് തുണ ?“ എന്ന ചോദ്യം ഉയരുന്നത്...


ദൈവമില്ല എന്ന് തെളിയിക്കലായി ജീവിതലക്ഷ്യം എടുത്തിട്ടുള്ള യുക്തിവാദിയേയും, യുഗങ്ങളായി തനിക്ക് പകര്‍ന്ന് കിട്ടിയ വിശ്വാസത്തെ (അത് നിലവിലെ സാഹചര്യം വെച്ച് തെറ്റായിരിക്കാം) ഇല്ലാതാകുന്ന വിധത്തില്‍ വരുന്ന വാദങ്ങളെ തീവ്രവാദപരമായി എതിര്‍ക്കുന്ന വിശ്വാസിയേയും എനിക്ക് മതിപ്പില്ല. “എന്റെ വിശ്വാസം എനിക്ക് , നിന്റെ വിശ്വാസം നിനക്ക് “എന്ന് ആഹ്വാനം ചെയ്യുന്ന ഗ്രന്ഥങ്ങളെ മനസിരുത്തി വായിച്ചവന്‍/പഠിച്ചവന്‍ തീര്‍ച്ചയായും ഒരു യുക്തിവാദിയേ ആകൂ. എന്നാല്‍ അവന്‍ പവനന്റേയും, ഇടമറുകിന്റേയും പുസ്തകങ്ങളെ ആധാരമായി എടുക്കണമെന്നും ഇല്ല. സംസ്ക്കരിക്കപ്പെട്ട, ശാസ്ത്രീയമായ ഉള്‍ക്കാഴ്ചയാണ് ഒരുവനെ മനുഷ്യന്‍ ആക്കുന്നത്. മനുഷ്യന്‍ എന്നാല്‍ മനനം ചെയ്യുന്നവന്‍ എന്നാണല്ലോ അര്‍ത്ഥം അപ്പോള്‍ കാലങ്ങളായി പകര്‍ന്ന് കിട്ടിയ അറിവിനെ അവന്‍ മനനം ചെയ്യണം, അപ്പോള്‍ ചോദ്യങ്ങള്‍ ഉയരും തന്നില്‍ നിന്നും അപരരില്‍ നിന്നും. ഒരു ദ്വീപിലേക്ക് ഒളിക്കപ്പെട്ട് ഒതുങ്ങിയിരുന്നാല്‍ സ്വന്തം തലച്ചോറ് മലത്തിന് സമാനമാകും. അതിനു പകരം അവന്‍ ചിന്തിക്കുകയും, സ്വയം സംസ്ക്കരിക്കുകയും, അന്വേഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
അത്നാല്‍ തന്നെയും ദൈവമില്ലായ്മയാണ് യുക്തിവാദം എന്നോ, യുക്തിവാദിയായാല്‍ പിന്നെ ഭക്തന്‍ അല്ല എന്നോ ഒരു നിശ്ചിതനിയന്ത്രണ സമവാക്യം സമൂഹം ആവശ്യപ്പെടുന്നുണ്ടോ? ഈ ചോദ്യം ഉയര്‍ത്തിയ സാഹചര്യത്തില്‍ ഡിങ്കനെ അല്‍പ്പവിശ്വാസിയെന്നോ, പാതി-യുക്തിവാദിയെന്നോ സംബോധനചെയ്ത് കളിയാക്കിയാലും കുഴപ്പമില്ല. കാരണം ഇതിലും കൂടിയ അളവില്‍ യുക്തിവാദം സ്വീകരിക്കുകയും, ചോദ്യങ്ങള്‍ ചോദിച്ച് സമൂഹത്തെ(പ്രത്യേകിച്ച് യുവജനങ്ങളെ) സംസ്ക്കരിക്കാന്‍ ശ്രമിച്ചവരും മരിക്കാന്‍ കാലത്ത് ദേവന് നേര്‍ച്ചക്കോഴിയെ കൊടുക്കാമെന്നേറ്റിരുന്നത് മറന്ന സാഹചര്യത്തേ ഓര്‍ത്ത് വിലപിക്കുന്ന ഒരു സാഹചര്യം ചരിത്രം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി തന്നില്‍ ഭവിച്ച വിശ്വാസത്തേ ഒരു നിമിഷത്തില്‍ ഉപേക്ഷിക്കാന്‍ ചിലപ്പോള്‍ ഒരു യുക്തിവാദിക്കുപോലും കഴിഞ്ഞേക്കില്ല. അതാണ് “എന്റെ മരണസമയത്തോ,അബോധത്തിലോ മറ്റോ ദൈവം എന്ന പദത്തില്‍ ഞാന്‍ ആശ്രയം വരുന്നരീതിയില്‍ സംസാരിക്കുകയാണെങ്കില്‍ അത് യുക്തിവാദിയായ ഞാനല്ല, മറിച്ച് കുട്ടിക്കാലത്ത് ക്രിസ്തീയ സാഹചര്യങ്ങളില്‍ ജീവിക്കാന്‍ ഇടയായ ഒരു ബാലന്റെ ഉപബോധമനസിന്റെ ബലഹീനതയായി കാണണം” എന്ന് ഇടമറുകിന് പോലും ഒരു മുങ്കൂര്‍ ജാമ്യം എടുക്കേണ്ടി വരുന്നത്.


എവിടെയാണ് ശാസ്ത്രം വിജയിക്കുന്നതും മതസംഹിതകള്‍ പരാജയപ്പെടുന്നതും എന്നതും ശ്രദ്ധേയമാണ്. കാലാകാലങ്ങളിലായി പുനര്‍വിചിന്തനം ചെയ്യുകയും, ചോദ്യങ്ങളെ നേരിടുകയും ചെയ്യുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. അത് കൊണ്ടാണ് കോപ്പര്‍നിക്കസില്‍ നിന്ന്, ഗലീലിയോവിലേയ്ക്കും പിന്നീട് ന്യൂട്ടനിലേയ്ക്കും അവിടെ നിന്ന് ഐന്‍‌സ്റ്റൈനിലേക്കും പിന്നീടത് സുദര്‍ശനിലേക്കും, ഹോക്കിന്‍സിലേയ്ക്കും മാറി വരുന്നത്. കണാദനില്‍ നിന്ന് നീല്‍‌സ് ബോറിലേക്കും ക്രമേണ ഹൈസന്‍ ബെര്‍ഗിലേക്കും ഒക്കെയുള്ള പരിണാമത്തെയാണ് ശാസ്ത്രത്തിന്റെ വളര്‍ച്ച എന്ന് പറയുന്നത്. അതല്ല വികലമായ മൂലകപ്പട്ടികകളും, വാജീകരണത്തിനും സ്വര്‍ണ്ണനിര്‍മ്മാണത്തിനും മാത്രമായ ആല്‍ക്കെമിയും കൊണ്ട് കുത്തിയിരുന്നെങ്കില്‍ ശാസ്ത്രവും ഇന്ന് ഇത് പോലെ ആയിരുന്നേനെ.

ഏത് വിശാസം/വിശുദ്ധഗ്രന്ഥം/പ്രസ്ഥാനം ആയിരുന്നാലും സ്വയം സ്വാംശീകരിക്കുക/സംസ്കരിക്കുക. അതിനാല്‍ തന്നെ “Let noble thoughts come to us from every side“ എന്ന വാദം/വിശ്വാസം ആണ് ഡിങ്കനുള്ളത്. എന്റെ വാദം/വിശ്വാസം എന്നെ രക്ഷിക്കട്ടെ (അതിന് സാദ്ധ്യമെങ്കില്‍ നിങ്ങളേയും...)