Friday, April 17, 2009

വേണമെങ്കിൽ ബലാത്സംഗം ചെയ്തോളൂ; പക്ഷേ ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് മിണ്ടിപ്പോകരുത്



വെങ്കായം നായിഡു&ടീംസിന്റെ പുതിയ കസർത്ത്.

വാർത്ത :=> സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസം വേണ്ട: പാര്‍ലമെന്റ്‌ സമിതി

പ്ലസ്‌ ടുവിനു മുമ്പുള്ള ക്ലാസുകളില്‍ ലൈംഗികവിജ്‌ഞാനം നല്‍കുന്ന അധ്യായങ്ങള്‍ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തരുതെന്നും വിവാഹത്തിനു മുമ്പു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ അധാര്‍മികവും അനാരോഗ്യകരവുമാണെന്ന സന്ദേശം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കണമെന്നും സമിതി വ്യക്‌തമാക്കി............. 16 വയസില്‍ താഴെയുള്ളവരുടെ ലൈംഗികബന്ധം ബലാല്‍സംഗമായി കണക്കാക്കുമെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം.
അതെങ്ങനെയാണ് അണ്ണന്മാരേ ഈ ടെൿനിക്ക്?

പുതിയ ഭക്ഷണ/ജീവിത ശീലങ്ങളനുസരിച്ച് പെൺകുട്ടികളും, ആൺകുട്ടികളും നേരത്തേ തന്നെ പ്രായപൂർത്തിയാകുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിൽ, അതിന്റെ ഏറ്റവും ശ്രദ്ധേയമായ 11-16 വയസ്സുകാലത്ത് നൽകാതെ പിന്നെ പേരക്കുട്ടിയുടെ നൂലുകെട്ടിന്റെ അന്നാണോ മേൽ‌പ്പറഞ്ഞ വിദ്യാഭ്യാസം നൽകേണ്ടത്?

പകരം ജീവശാസ്‌ത്ര വിഷയത്തിന്റെ കരിക്കുലത്തില്‍ ഇതു സംബന്ധിച്ച അധ്യായങ്ങള്‍... എന്ന ലൂപ്പ് ഹോളിൽ കടിച്ച് തൂങ്ങി മാന്താൻ വരുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
“കടൽ വെള്ളം വറ്റിച്ചാൽ ഉപ്പായി മാറും”
“ഇന്ത്യയുടെ തലസ്ഥാനമാണ് ഡെൽഹി”
യെൻ ജപ്പാന്റെ കറൻസിയാകുന്നു”
“Sine = Opposite/Hypotenuse"

എന്ന മട്ടിൽ “അണ്ഡവും പുംബീജവും സംയോജിച്ച് സിക്താണ്ഡം ഉണ്ടാകുന്നു. സിക്താണ്ഡം ഗർഭാശയത്തിൽ വളർന്ന് സന്താനമാകുന്നു“വെന്ന് കാണാപ്പാഠം പഠിക്കുന്നതാണോ ലൈംഗിക വിദ്യാഭ്യാസമെന്ന് ചിന്തിക്കേണ്ടതാണ്; പ്രത്യേകിച്ചും ഈ സാഹചര്യത്തിൽ.

അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ് ഈ “രാജ്യസഭാ പെറ്റീഷന്‍സ്‌ കമ്മിറ്റി“യിൽ തലയിൽ അൽ‌പ്പമെങ്കിലും വിവരമുള്ള ആരുമില്ലേ?

സദാചാരം മൂത്തുമൂത്ത് "ഇനി ക്ലോണിംഗ് മാത്രം മതി"യെന്ന് ഉറഞ്ഞുതുള്ളുന്നവരോട് എന്ത് പറയാൻ?

Wednesday, April 15, 2009

നമുക്ക് തൽക്കാലം ചെയ്യാനാകുന്നത് ചെയ്യുക

പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

ഹൈന്ദവഫാസിസ്റ്റുകൾ അധികാരം കൈയ്യാളാതിരിക്കാൻ.
ഹൈന്ദവഫാസിസത്തിന് നിലവിലുള്ള ബദലായ
കോൺഗ്രസ് (എന്ന തമ്മിൽ ഭേത തൊമ്മൻ) ഒറ്റയ്ക്ക്
ഭൂരിപക്ഷം നേടുകയെന്ന അവസ്ഥയില്ലാതിരിക്കാൻ
നമുക്ക് തൽക്കാലം ചെയ്യാനാകുന്നത് ചെയ്യുക...

Monday, April 13, 2009

ഗൂഗിൾ ന്യൂസ് വിനോദങ്ങൾ

ഗൂഗിൾ ന്യൂസ് സ്ക്രീൻ ഷോട്ട്

ഹോ, യെന്തോരം വിനോദങ്ങൾ ?

Tuesday, April 7, 2009

മിസാരു, മിക്കസാരു, മസാരു


മിസാരു, മിക്കസാരു, മസാരു
ഇനിയിൽ‌പ്പോൾ പേരുകൾ മാറ്റേണ്ടിയിരിക്കുന്നു.
മുന്‍‌തദാര്‍അല്‍സെയ്ദി, മുതുവം‌ ഷാജി, ജർണയിൽ സിംഗ്

*ഇത്തരം പ്രതികരണങ്ങോട് യോജിപ്പില്ല്ലെന്ന് ഇവിടെ അറിയിച്ചതായിരുന്നു.
പക്ഷേ നിരയിൽ ആളുകൾ കൂടിവരുന്നുവെന്നത് ഓർമ്മപ്പെടുത്താതെ വയ്യ.

Monday, April 6, 2009

സ്ത്രീ - മദീനയായാലും മാംഗളൂരായാലും മയാമിയായാലും നീതി ഒന്നാണ്



ഖദീജാ മുംതാസിന്റെ ‘ബർസ’ വായിക്കുമ്പോൾ മക്കയിലോ, മദീനയിലോ ഉള്ള മുത്തവ്വമാരുടെ നേരെ ഇങ്ങനെ സ്ത്രീകൾ പ്രതികരിക്കുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഇന്നത്തെ പത്രവാർത്തകളിൽ ഞെട്ടിച്ചതെന്ന് പറയാവുന്ന ഒന്നാണ്


ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു നടക്കുന്നത് (കിടക്കുന്നതല്ല്ല, നടക്കുന്നത് പോലും) സദാചാരലംഘനമായി കരുതി അറസ്റ്റ് ചെയ്യുന്ന ഒരു നാട്ടിൽ ഇങ്ങനെയെങ്കിലും പ്രതികരിച്ച,ഇത്രയെങ്കിലും ചെയ്ത ചെയ്ത ആ സ്ത്രീകളെ അഭിനന്ദിക്കാതെ വയ്യ. പക്ഷെ, തുടർവിചാരണകളിൽ അവർക്കെന്താണ് ശിക്ഷവിധിക്കുകയെന്ന് ആലോചിക്കുമ്പോൾ ആശങ്കകളുമുണ്ട്. എങ്കിലും മുതലിക്കുമാരുടെ മുഖത്ത് പിങ്ക് ജെട്ടികളും, മുത്തവ്വമാരുടെ മുഖത്ത് മൂടുപടങ്ങളും ഊരിയെറിയുന്ന -സ്വയം തിരിച്ചറിഞ്ഞ- സ്ത്രീകളെ അഭിനന്ദിക്കാതെ വയ്യ.

ബർസ എഴുതിയ ഖദീജാ മുംതാസ് 5 വർഷത്തോളം മക്കയിലും, മദീനയിലുമെല്ലാം ഗവണ്മെന്റ് ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
നോവലിലെ ഒരു കഥാസന്ദർഭത്തിൽ രോഗം ബാധിച്ച് ആശുപത്രിയിലെ മെയിൽ വാർഡിൽ കിടക്കുന്ന ഭർത്താവിന്റെ കണ്ട് ഒരു വൈകുന്നേരം കാറിൽ വീട്ടിലെ വേലക്കാരനോടൊപ്പം മടങ്ങുന്ന സ്ത്രീയെ സദാചാരപ്പോലീസ് അറസ്റ്റ് ചെയ്യുന്നത്. വൈകുന്നേരം ഒരു കാറിൽ ഭർത്താവോ, സഹോദരനോ, പിതാവോ, മകനോ അല്ലാത്ത പുരുഷനുമായി യാത്ര ചെയ്തു എന്ന “ഭീകര സദാചാര ലംഘന“ത്തിനാണ്. പോലീസ്റ്റ് സ്റ്റേഷനിൽ വെച്ച് ഒരുപോലെ അപമാനിതരാകുന്ന ആ സ്ത്രീയും-അവർ ഒരു ഡോക്ടറാണ്- വേലക്കാരനും... സൌദി അറേബ്യയിലെ നിയമങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയൊക്കെ നടക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു . എന്നാൽ ഈ പത്രവാർത്ത കണ്ടതോടെ സത്യമാണെന്ന് മനസിലായി; മാത്രമല്ല മൂടുപടമറവിൽ നിന്ന് മുഖം തെളിച്ച് സ്ത്രീകൾ പ്രതികരിക്കാൻ തുടങ്ങിയെന്നും.
(ബർസയെക്കുറിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് കരുതി കുറെ കാലമായി പാതിയിൽ ഡ്രാഫ്റ്റ് ആക്കിവെച്ചതാണ് താഴെ കാണുന്നത്. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് അത് പോസ്റ്റുന്നത്. )

“ബർസ എന്നാൽ മുഖം തുറന്നിട്ടവൾ എന്നാണർത്ഥം. ഖദീജാ മുംതാസിന്റെ ഈ നോവലിലെ നായിക മുഖം തുറന്നിട്ടവളാണ്. ഈ മുഖം തുറന്നിടലിലൂടെ മനസു തന്നെ തുറന്നിടാനാണ് സബിത ആഗ്രഹിക്കുന്നത്. തുറന്നിട്ട മനസുമായി ഇസ്ലാമിലൂടെ ഒരു യാത്ര നടത്തുകയാണ് സബിത ചെയ്യുന്നത്”
- പുസ്തകത്തിന്റെ പിൻ‌കുറിപ്പ്

പുസ്തകത്താളുകളിലൂടെ.

*

ഹറമിൽ നമസ്ക്കാരത്തിനു മുട്ടുകുത്തുമ്പോൾ സ്ത്രീകളും പുരുഷന്മാരും സംഘങ്ങളായി വേർതിരിഞ്ഞു നിൽക്കുമെങ്കിലും ക‌അബയ്ക്കു ചുറ്റുമുള്ള എഴുവട്ടം നീളുന്ന തവാഫിൽ അത്തരം വേർത്തിരിവില്ല.അതു പ്രായോഗികവുമല്ല. കുടുംബം ഒന്നിച്ച് കൂട്ടംതെറ്റിപ്പോകാതിരിക്കാൻ ശ്രദ്ധിച്ചാണ് പ്രദക്ഷിണം ചെയ്യുക. സദാചാരസംരക്ഷകനായ ‘മുതവ’ കൂർപ്പിച്ചകണ്ണുകളോടെ, സദാ ജാഗരൂകനായി ക‌അബയ്ക്കു ചുറ്റും വിശ്വാസികളുടെ വലയത്തിനകത്തായി റോന്തുചുറ്റുന്നുണ്ടായിരിക്കും. മറൂൺ കള്ളികളുള്ള ശിരോവസ്ത്രത്തിന്റെ വലയത്തിനകത്തും നീണ്ടതാടിക്കുമിടയിലൂടെ പ്രതിഫലിക്കുന്ന മുഖഭാവങ്ങളിലൂടെ, കണ്ണുകളിലൂടെ, കയ്യിലുള്ള നീളൻ വടിയിലൂടെ വെറും മനുഷ്യരെ നിയന്ത്രിച്ചുകൊണ്ടിരിക്കും. ഒരിക്കൽ സബിതയുടെ നേരെയും നീണ്ടു ആ വടിപ്രയോഗം.

‘യാ ഹരീം , മുഖം മറയ്ക്ക്”

എന്ന ആക്രോശം സബിതയെ ഞെട്ടിച്ചു. പള്ളിപ്പോലീസിന്റെ നരച്ച താടിരോമങ്ങളിലൂടെ വഴിഞ്ഞൊഴുകുന്ന പുച്ഛം. ‘അഴിഞ്ഞാടി നടക്കല്ലേ പെണ്ണേ” എന്നാണ് പറയുന്നതെന്ന് ഞെട്ടിത്തിരിഞ്ഞ സബിതയ്ക്കു തോന്നി. അവളുടെ ആത്മാവിനേറ്റ രണ്ടാം പ്രഹരം. മേക്കപ്പുകളൊന്നുമില്ലാത്ത, മുടിയിഴകൾ ശ്രദ്ധാപൂർവ്വം ഒതുക്കി മറച്ചുകെട്ടിയ, ഒരു കുഞ്ഞിനെപ്പോലെ നിഷ്ക്കളങ്കമെന്ന് റഷീദ് ഇടയ്ക്കിടെ പറയാറുള്ള ഈ മുഖവും മറച്ചുകെട്ടണമെന്നോ! ഇതു കണ്ടു പോയാൽ ഭക്തിയുടെ പാരമ്യത്തിൽ പുണ്യ ക‌അബയെ വലംവെയ്ക്കുന്ന പുരുഷന്മാരിൽ കാമമിളകുമെന്ന് ഇയാൾ ഭയപ്പെടുന്നോ? സബിതയ്ക്ക് തന്റെ സ്ത്രീ ശരീരത്തെപ്പറ്റി ആദ്യമായി പുച്ഛം തോന്നി. എത്ര നികൃഷ്ടമാണ് സ്ത്രീ ജന്മം! പുരുഷന്റെ വികാരങ്ങൾക്കും സൌകര്യങ്ങൾക്കും ആഗ്രഹങ്ങൾക്കുമൊത്ത് ചിട്ടപ്പെടുത്തി വെയ്ക്കേണ്ട രണ്ടാം കിട ആശ്രിതജന്മം. കറുത്ത തട്ടത്തിന്റെ നീണ്ടു കിടക്കുന്ന കോൺ വളച്ച്, മൂക്കിനു കുറുകെയൊരു മറ, സേഫ്റ്റിപിന്നിന്റെ സഹായത്തോടെ തിടുക്കത്തിൽ പിടിപ്പിച്ച് സബിത കുറെ മുന്നിലെത്തിപ്പോയ റഷീദിന്റെ പിന്നാലെ ഏന്തി വലിഞ്ഞു നടന്നു. കൃഷ്ണമണികളെ മറയ്ക്കാനെത്തിയ കണ്ണീരിന്റെ മറയ്ക്കപ്പുറം അമർഷവും, സങ്കടവും തിളയ്ക്കുന്നുണ്ടായിരുന്നു അപ്പോൾ.

**

എന്താണ് സംഭവിച്ചതെന്ന് സബിത തിരിച്ചറിയും മുമ്പേ ദക്തൂർ(ഡോക്ടർ)) ഹാഷിം ഒരു ഇന്തോനേഷ്യക്കാരിയുടെ ചുണ്ടിൽ തേച്ച ലിപ്സ്റ്റിക് ക്രൂരവും, ധൃതവുമായ ഒരു കൈവിരൽ ചലനത്തിലുടെ മായ്ച്ചു കളയുന്നു. ആകെ വിരണ്ടു പോയ അവൾ പെട്ടെന്ന് നെറുകയിലേക്കു മടങ്ങിയിരുന്ന മുഖപടം വലിച്ചു താഴ്ത്തിയിട്ടു. “ഇനിയും ഇതണിയരുത് മനസിലായോ?” ദക്തൂർ ഹാഷിമിന്റെ നിരോധനാജ്ഞ. ലിപ്സ്റ്റിക്കിടുന്നതും, ഒരുങ്ങുന്നതുമൊക്കെ ഒരു സ്ത്രീയുടെ മാത്രം അവകാശം. മെഡിക്കൽ പരിശോദന നടത്തുന്ന ഒരു ഡോൿടർ അതിൽ കൈകടത്തേണ്ട ആവശ്യമെന്താണ്. ഇവിടെ എത്രയോ സ്ത്രീകൾ ലിപ്സ്റ്റിക് മാത്രമല്ല കണ്ണിനുചുറ്റും മസ്ക്കാരയണിഞ്ഞ് , ഐലീനർ കൊണ്ടുള്ള ചമയങ്ങളുമൊക്കെയായാണ് പലപ്പോഴും വരാറുള്ളത്. അപമാനിതയായ ഇന്തോന്യേഷ്യക്കാരി ഇറങ്ങിപ്പോയപ്പോൾ സബിതയ്ക്ക് പറയാതിരിക്കാനായില്ല

“ദക്തൂർ ഹാഷിം, നിങ്ങളീ ചെയ്തതു ശരിയായില്ല. അവൾ ലിപ്സ്റ്റിക്കിടുന്നെങ്കിൽ അതിൽ നിങ്ങൾക്കെന്തു കാര്യം?”

“ദക്തൂറാ, അവളൊരു ഖദ്ദാമയാണ്(മെയ്ഡ് സെർവെന്റ്). അവളുടെ ഭർത്താവ് അവളുടെ കൂടെയില്ല. സ്ത്രീകൾ ഭർത്താക്കന്മാർക്ക് കാണാൻ വേണ്ടി മാത്രമേ ഇങ്ങനെ ചമയങ്ങളണിയാവൂ..

ഓ അപ്പോൾ അതാണ് കാര്യം. പെണ്ണ് സ്വന്തം ആണിന് കണ്ടും കൊണ്ടും രസിക്കാനുള്ള സ്വകാര്യഭോഗവസ്തു മാത്രമാണെന്ന ഊന്നിയുറപ്പിക്കൽ.


***

ഇറാക്കിലെ കർബലയിൽ കൂട്ടക്കൊല ചെയ്യപ്പെട്ടവരാണ് നബിയുടെ പേരമകൻ ഹുസൈനും കുടുംബവും. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും കറുത്ത ഒരേട്. അന്ന് കൂട്ടക്കൊലയിൽ നിന്നു രക്ഷപ്പെട്ട ഹുസൈന്റെ സ്വാതന്ത്രദാഹിയായ മകൾ സുകൈന(സക്കീന)യെപ്പറ്റി സബിത ഇന്നലെ വായിച്ചതേയുള്ളൂ. തീഷ്ണമായ ജീവിതാനുഭവങ്ങളാകാം അവളെയൊരു തീപ്പൊരിയാക്കിയതും. നാലോ,അഞ്ചോ വിവാഹം കഴിച്ച് അവൾ പുരുഷ സ്വേച്ഛാദിപത്യപ്രവണതയെ വെല്ലുവിളിച്ചു. അതി സുന്ദരിയും, പണ്ഡിതതുമായ അവളെ മോഹിച്ചെത്തുന്ന പുരുഷന്മാരിൽ നിന്ന് അവൾ വിവാഹത്തിനുമുമ്പ് ബഹുഭാര്യാത്വം വിലക്കുന്ന കരാർ ഒപ്പിട്ടുവാങ്ങി. അവരിൽ ചിലരെ പിന്നീട് വിശ്വാസ വഞ്ചനയ്ക്ക് കോടതി കയറ്റി. വിചാരണവേളയിൽ അവരെയെല്ലാം തൊലിയുരിച്ചുകാട്ടി പരിഹസിച്ചു. പുരുഷന്മാരോട് അവൾ സ്വതന്ത്രമായി ഇടപെട്ടു, തർക്കങ്ങളിൽ അവരെ തറപറ്റിച്ചു. ചരിത്രാന്വേഷികൾ ഗൂഡമായ ആഹ്ലാദത്തോടെ ഖണ്ഡികകളും പേജുകളും സുകൈനയെ വർണ്ണിക്കാൻ മാറ്റിവെച്ചിരിക്കുന്നു. അറബിഭാഷയിൽ അവർ അവളെ “ബർസ” എന്നു വിളിച്ചു. മുഖം മറയ്ക്കാത്തവൾ! തലകുനിക്കാത്തവൾചോദ്യങ്ങൾ ചോദിക്കുന്നവൾ

****

സുഡാനി സ്ത്രീകൾ വളരെ സൌമ്യരാണ്. പക്ഷേ ഡ്യൂട്ടിക്കെത്തുമ്പോൾ സുഡാനി സ്ത്രീയെ പ്രസവമുറിയിൽ കണ്ടാൽ ഡോക്ടർമാരുടെ ചങ്കിടിയ്ക്കും. എന്റെ ഡ്യൂട്ടി ടൈമിലെങ്ങാനും ഇവൾ പ്രസവിച്ചു കളയുമോ? കാരണം സുഡാനി സ്ത്രീയുടെ പ്രസവമെടുക്കുന എന്നത് അത്ര നിസാരമായ കാര്യമല്ല. 98% സുഡാനി സ്ത്രീകളും കുട്ടിക്കാലത്ത് “ഫീമെയിൽ സർക്കംസിഷൻ” എന്ന കിരാതത്വത്തിനു വിധേയമായവരായിരിക്കും. ബാലികയുടെ ജനനേന്ദ്രിയത്തിലെ പ്രധാനഭാഗങ്ങളായ ലാബിയയും , ക്ലിറ്റോറിസും വളരെ ക്രൂരമായി ചേദിച്ചു കളയുന്നു. അതിനാൽ ജനനേന്ദ്രിയഭാഗം ഇടുങ്ങിയതും, വികലവുമായിരിക്കും. പഴയമുറിവുകൾ ഉണങ്ങിവരുമ്പോൾ മുൻഭാഗത്ത് മൂത്രദ്വാരത്തെ മറച്ചുകൊണ്ട് ഒരു തൊലിപ്പാട വന്നുമൂടിയിട്ടുണ്ടാകും. പ്രസവത്തിൽ കുഞ്ഞിനെ പുറത്തെടുക്കണമെങ്കിൽ ഈ തൊലിപ്പാട മുറിച്ച് ഇരു വശത്തേയ്ക്കും വകഞ്ഞുമാറ്റണം. സാധാരണസ്ത്രീകളിൽ വേണ്ടിവരാറുള്ള “എപ്പിസിയോട്ടമി” എന്ന മുറിച്ചു തുന്നൽ വേറെയും. പ്രസവവമയത്ത് യോനിയിൽ ഉണ്ടാകുന്ന മുറിവുകൾ ശരിയായവിധത്തിൽ പരിശോദിക്കാനോ, തുന്നാനോ അനുവദിക്കത്തവിധം ഇടുങ്ങിയതായിരിക്കും ജനനേന്ദ്രിയദ്വാരം.
*****