ബ്ലോഗില്‍ പലയിടത്തായി യുക്തിവാദം,വിശ്വാസം എന്നിവയെ പറ്റി പോസ്റ്റുകള്‍ ഇടയ്ക്ക് കാണാറുണ്ട്.
ഈയിടെ കണ്ട ജബ്ബാര്‍ മാഷിന്റെ ഈ പോസ്റ്റിന് മറുപടി എഴുതിയത് നീണ്ട് പോയതിനാല്‍ ഒരു പോസ്റ്റ് ആക്കുന്നു.
യുക്തിവാദി, വിശ്വാസി എന്നീ പദങ്ങള്‍ക്ക് ഒരു കോമെണ്‍ ഡെഫനിഷന്‍ കല്പ്പിക്കാന് എന്തോ എനിക്ക് കഴിയുന്നില്ല. കാരണം വീക്ഷണം, ചിന്ത എന്നിവ ഓരോ വ്യക്തിക്കും വ്യത്യസ്ഥം ആയതു തന്നെയാണ് കാരണം. മരത്തില്‍ നിന്ന് വീഴുന്ന പഴം ആകാശമായി തെറ്റിധരിച്ച് ഓടുന്ന പ്രവണതകളെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. താപസന് വന്നതിനാല്‍ ഗ്രാമത്തില്‍ മഴപെയ്തു എന്നതിനെ കളിയാക്കി “കാക്ക വന്നിരുന്നതും ആലിന്‍പഴം വീണതും ഒരുമിച്ച്” എന്ന് പറഞ്ഞ തെനാലിരാമനേയും ഞാന്‍ യുക്തിവാദി ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത് എന്നതാണ് എന്റെ വീക്ഷണം.
സമൂഹത്തില്‍ അരാജകത്വം വാഴാതിരിക്കാനായി ഒരു നിയന്ത്രണം (അതു അദൃശ്യശക്തിയുടേതെന്ന്) വരുത്തി തീര്‍ക്കാനായാണ് മതങ്ങളും,സംഹിതകളും ശ്രമിക്കുന്നത് എന്ന് ഏവര്‍ക്കും അറിവുള്ളതാണല്ലോ. അല്ലെങ്കില്‍ ഈ ദുനിയാവില് കാക്കത്തൊള്ളായിരം മതങ്ങളും, വിശ്വാസങ്ങളും, ആചാരങ്ങളും ഉടലെടുക്കില്ലല്ലോ. ആത്യന്തികമായും മനുഷ്യന് ഒരു “പേഗന്‍” ആണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട് (നരവംശ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ). ആയതിനാല്‍ തന്നെ മനസ് എന്ന ഒളിത്താവളത്തിന്റെ സംരക്ഷണത്തിനായി അവന് ചില തത്വസംഹിതകളില്‍ എന്നും ആകൃഷ്ടനാണ്. ഇതിനെ തെറ്റ് എന്ന് പൂര്‍ണ്ണമായും ശരിയല്ല. എന്നാല്‍ തന്റെ ഈ സങ്കേതത്തെ അവന് അന്ധമായി വിശ്വസിക്കുകയും , മറ്റുള്ളവര്‍ തേടുന്ന സങ്കേതത്തെ അക്രമാസക്തമാകും വിധം ഏതിര്‍ക്കുകയും, തന്റെ സങ്കേതത്തിന്റെ വ്യാപരണാര്‍ത്ഥം തീവ്രനിലപാടുകള്‍ എടുക്കുകയും ചെയ്യുന്നിടത്താണ് സമവാക്യങ്ങള്‍ പിഴയ്ക്കുന്നത്. (അതായത് നല്ലവനായ വിശ്വാസിയാണ് അധമനായ യുക്തിവാദിയേക്കാള്‍ നല്ലത്, അതുപോലെ മറിച്ചും. ഇവിടെ നല്ലത്തും ചീത്തയും പോലും ആപേക്ഷികമാണ്).
കാലാകാലങ്ങളിലെ ഇരുണ്ട ആശയങ്ങളെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യങ്ങളെ ഭയപ്പെടുന്നവര്‍ തന്റെ ഒളിത്താവളം ആക്രമണ വിധേയമാകുമോ എന്ന് ഭയമുള്ളവരാണ്. അതായത് “ദൈവം ഉണ്ടെങ്കില്‍, അവന് കാറ്റിനും പേമാരിക്കും ഉടയോന് ആണെങ്കില്‍ എന്റെ മൂക്കിന് തുമ്പത്തൊരു തുമ്മല്‍ പ്രത്യക്ഷമാകട്ടെ” എന്ന് വെല്ലുവിളിക്കുന്നവന് മാത്രം അല്ല. മറിച്ച് അഞ്ചാം മലയിലെ ദൈവത്തെ ചോദ്യം ചെയ്ത് മലകയറിയ ഏലിയയും, ബലിജന്തുക്കളെ തുറന്നു വിട്ട ഈസയും, കേരളത്തെ (മത)ഭ്രാന്താലയം എന്ന് വിളിച്ച വിവേകാനന്ദനും ഒക്കെ തന്നെ യുക്തിവാദികളായിരുന്നു. എന്ന് തന്നെയാണ് എന്റെ വീക്ഷണം. “ഖുറാനില്‍ 99 ദൈവനാമം ഉണ്ട് എന്നാല്‍ 100മത് ദൈവനാമം ഏതാണ്?” എന്ന് ചോദിച്ചപ്പോള്‍ കണ്ണടച്ച് മൌനം പാലിച്ച്. “മൌനം(ധ്യാനം)” ആണ് അതായത് കണ്ണടച്ച് അവനവനിലേക്കുള്ള തിരിഞ്ഞ് നോട്ടമാണ്,സ്വയം കണ്ടെത്തലാണ് 100മത് ദൈവം എന്ന് തിരിച്ചറിഞ്ഞ സൂഫി വര്യന് ജലാലുദീന്‍ റൂമിയേയും ഞാന്‍ യുക്തിവാദിയായി കാണുന്നതില്‍ തെറ്റുണ്ടൊ?
ഏത് സമ്പ്രദായവും കാലക്രമത്തില്‍ മതമായി മാറും. സ്ഥാപനവല്ക്കരണത്തിന്റെ ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്. അതായത് വിഭൂതി നല്കുന്ന ബാബയും, വിപ്ലവം നല്കുന്ന മാര്‍ക്സും, കാറ്റാടിയാന്മാരെ യുക്തിവാദത്താല്‍ തോല്‍പ്പിച്ച കോവൂരും വരെ സ്ഥാപനവല്‍ക്കരണത്താല്‍ ദൈവങ്ങളും, ഇവരുടെ അഭിപ്രായങ്ങള്‍ ചോദ്യം ചെയ്യാനാകാത്ത വചനങ്ങളും ആയി മാറാം. ഇവിടെയാണ് പ്രശ്നങ്ങളുടെ ആരംഭം. സ്വാംശീകരണത്തിന്റെ യാതൊരുവിധ നിലപാടുകളും ഇല്ലാതെ പിടിച്ചമുയലിന്റെ മൂന്നാമത്തെ കൊമ്പില്‍ തൂങ്ങി മരിക്കാന്‍ വണ്ണം മൌലീകത കൊടികുത്തി വാഴുന്നിടത്താണ് “ഏത് വാദം ആണ് തുണ ?“ എന്ന ചോദ്യം ഉയരുന്നത്...
ദൈവമില്ല എന്ന് തെളിയിക്കലായി ജീവിതലക്ഷ്യം എടുത്തിട്ടുള്ള യുക്തിവാദിയേയും, യുഗങ്ങളായി തനിക്ക് പകര്‍ന്ന് കിട്ടിയ വിശ്വാസത്തെ (അത് നിലവിലെ സാഹചര്യം വെച്ച് തെറ്റായിരിക്കാം) ഇല്ലാതാകുന്ന വിധത്തില്‍ വരുന്ന വാദങ്ങളെ തീവ്രവാദപരമായി എതിര്‍ക്കുന്ന വിശ്വാസിയേയും എനിക്ക് മതിപ്പില്ല. “എന്റെ വിശ്വാസം എനിക്ക് , നിന്റെ വിശ്വാസം നിനക്ക് “എന്ന് ആഹ്വാനം ചെയ്യുന്ന ഗ്രന്ഥങ്ങളെ മനസിരുത്തി വായിച്ചവന്/പഠിച്ചവന് തീര്‍ച്ചയായും ഒരു യുക്തിവാദിയേ ആകൂ. എന്നാല്‍ അവന് പവനന്റേയും, ഇടമറുകിന്റേയും പുസ്തകങ്ങളെ ആധാരമായി എടുക്കണമെന്നും ഇല്ല. സംസ്ക്കരിക്കപ്പെട്ട, ശാസ്ത്രീയമായ ഉള്‍ക്കാഴ്ചയാണ് ഒരുവനെ മനുഷ്യന് ആക്കുന്നത്. മനുഷ്യന് എന്നാല്‍ മനനം ചെയ്യുന്നവന് എന്നാണല്ലോ അര്‍ത്ഥം അപ്പോള്‍ കാലങ്ങളായി പകര്‍ന്ന് കിട്ടിയ അറിവിനെ അവന് മനനം ചെയ്യണം, അപ്പോള്‍ ചോദ്യങ്ങള്‍ ഉയരും തന്നില്‍ നിന്നും അപരരില്‍ നിന്നും. ഒരു ദ്വീപിലേക്ക് ഒളിക്കപ്പെട്ട് ഒതുങ്ങിയിരുന്നാല്‍ സ്വന്തം തലച്ചോറ് മലത്തിന് സമാനമാകും. അതിനു പകരം അവന് ചിന്തിക്കുകയും, സ്വയം സംസ്ക്കരിക്കുകയും, അന്വേഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
അത്നാല് തന്നെയും ദൈവമില്ലായ്മയാണ് യുക്തിവാദം എന്നോ, യുക്തിവാദിയായാല്‍ പിന്നെ ഭക്തന് അല്ല എന്നോ ഒരു നിശ്ചിതനിയന്ത്രണ സമവാക്യം സമൂഹം ആവശ്യപ്പെടുന്നുണ്ടോ? ഈ ചോദ്യം ഉയര്‍ത്തിയ സാഹചര്യത്തില്‍ ഡിങ്കനെ അല്‍പ്പവിശ്വാസിയെന്നോ, പാതി-യുക്തിവാദിയെന്നോ സംബോധനചെയ്ത് കളിയാക്കിയാലും കുഴപ്പമില്ല. കാരണം ഇതിലും കൂടിയ അളവില്‍ യുക്തിവാദം സ്വീകരിക്കുകയും, ചോദ്യങ്ങള്‍ ചോദിച്ച് സമൂഹത്തെ(പ്രത്യേകിച്ച് യുവജനങ്ങളെ) സംസ്ക്കരിക്കാന്‍ ശ്രമിച്ചവരും മരിക്കാന്‍ കാലത്ത് ദേവന് നേര്‍ച്ചക്കോഴിയെ കൊടുക്കാമെന്നേറ്റിരുന്നത് മറന്ന സാഹചര്യത്തേ ഓര്‍ത്ത് വിലപിക്കുന്ന ഒരു സാഹചര്യം ചരിത്രം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി തന്നില്‍ ഭവിച്ച വിശ്വാസത്തേ ഒരു നിമിഷത്തില്‍ ഉപേക്ഷിക്കാന്‍ ചിലപ്പോള്‍ ഒരു യുക്തിവാദിക്കുപോലും കഴിഞ്ഞേക്കില്ല. അതാണ് “എന്റെ മരണസമയത്തോ,അബോധത്തിലോ മറ്റോ ദൈവം എന്ന പദത്തില്‍ ഞാന്‍ ആശ്രയം വരുന്നരീതിയില് സംസാരിക്കുകയാണെങ്കില്‍ അത് യുക്തിവാദിയായ ഞാനല്ല, മറിച്ച് കുട്ടിക്കാലത്ത് ക്രിസ്തീയ സാഹചര്യങ്ങളില്‍ ജീവിക്കാന്‍ ഇടയായ ഒരു ബാലന്റെ ഉപബോധമനസിന്റെ ബലഹീനതയായി കാണണം” എന്ന് ഇടമറുകിന് പോലും ഒരു മുങ്കൂര്‍ ജാമ്യം എടുക്കേണ്ടി വരുന്നത്.
എവിടെയാണ് ശാസ്ത്രം വിജയിക്കുന്നതും മതസംഹിതകള്‍ പരാജയപ്പെടുന്നതും എന്നതും ശ്രദ്ധേയമാണ്. കാലാകാലങ്ങളിലായി പുനര്‍വിചിന്തനം ചെയ്യുകയും, ചോദ്യങ്ങളെ നേരിടുകയും ചെയ്യുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. അത് കൊണ്ടാണ് കോപ്പര്‍നിക്കസില്‍ നിന്ന്, ഗലീലിയോവിലേയ്ക്കും പിന്നീട് ന്യൂട്ടനിലേയ്ക്കും അവിടെ നിന്ന് ഐന്‍സ്റ്റൈനിലേക്കും പിന്നീടത് സുദര്‍ശനിലേക്കും, ഹോക്കിന്‍സിലേയ്ക്കും മാറി വരുന്നത്. കണാദനില്‍ നിന്ന് നീല്‍സ് ബോറിലേക്കും ക്രമേണ ഹൈസന്‍ ബെര്‍ഗിലേക്കും ഒക്കെയുള്ള പരിണാമത്തെയാണ് ശാസ്ത്രത്തിന്റെ വളര്‍ച്ച എന്ന് പറയുന്നത്. അതല്ല വികലമായ മൂലകപ്പട്ടികകളും, വാജീകരണത്തിനും സ്വര്‍ണ്ണനിര്‍മ്മാണത്തിനും മാത്രമായ ആല്‍ക്കെമിയും കൊണ്ട് കുത്തിയിരുന്നെങ്കില്‍ ശാസ്ത്രവും ഇന്ന് ഇത് പോലെ ആയിരുന്നേനെ.
ഏത് വിശാസം/വിശുദ്ധഗ്രന്ഥം/പ്രസ്ഥാനം ആയിരുന്നാലും സ്വയം സ്വാംശീകരിക്കുക/സംസ്കരിക്കുക. അതിനാല്‍ തന്നെ “Let noble thoughts come to us from every side“ എന്ന വാദം/വിശ്വാസം ആണ് ഡിങ്കനുള്ളത്. എന്റെ വാദം/വിശ്വാസം എന്നെ രക്ഷിക്കട്ടെ (അതിന് സാദ്ധ്യമെങ്കില്‍ നിങ്ങളേയും...)
Subscribe to:
Post Comments (Atom)
9 comments:
ബ്ലോഗില്‍ പലയിടത്തായി യുക്തിവാദം,വിശ്വാസം എന്നിവയെ പറ്റി പോസ്റ്റുകള്‍ ഇടയ്ക്ക് കാണാറുണ്ട്.
ഈയിടെ കണ്ട ജബ്ബാര്‍ മാഷിന്റെ പോസ്റ്റിന് മറുപടി എഴുതിയത് നീണ്ട് പോയതിനാല്‍ ഒരു പോസ്റ്റ് ആക്കുന്നു.
കാലാകാലങ്ങളിലെ ഇരുണ്ട ആശയങ്ങളെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യങ്ങളെ ഭയപ്പെടുന്നവര്‍ തന്റെ ഒളിത്താവളം ആക്രമണ വിധേയമാകുമോ എന്ന് ഭയമുള്ളവരാണ്. അതായത് “ദൈവം ഉണ്ടെങ്കില്‍, അവന് കാറ്റിനും പേമാരിക്കും ഉടയോന് ആണെങ്കില്‍ എന്റെ മൂക്കിന് തുമ്പത്തൊരു തുമ്മല്‍ പ്രത്യക്ഷമാകട്ടെ” എന്ന് വെല്ലുവിളിക്കുന്നവന് മാത്രം അല്ല. മറിച്ച് അഞ്ചാം മലയിലെ ദൈവത്തെ ചോദ്യം ചെയ്ത് മലകയറിയ ഏലിയയും, ബലിജന്തുക്കളെ തുറന്നു വിട്ട ഈസയും, കേരളത്തെ (മത)ഭ്രാന്താലയം എന്ന് വിളിച്ച വിവേകാനന്ദനും ഒക്കെ തന്നെ യുക്തിവാദികളായിരുന്നു. എന്ന് തന്നെയാണ് എന്റെ വീക്ഷണം. “ഖുറാനില്‍ 99 ദൈവനാമം ഉണ്ട് എന്നാല്‍ 100മത് ദൈവനാമം ഏതാണ്?” എന്ന് ചോദിച്ചപ്പോള്‍ കണ്ണടച്ച് മൌനം പാലിച്ച്. “മൌനം(ധ്യാനം)” ആണ് അതായത് കണ്ണടച്ച് അവനവനിലേക്കുള്ള തിരിഞ്ഞ് നോട്ടമാണ്,സ്വയം കണ്ടെത്തലാണ് 100മത് ദൈവം എന്ന് പറഞ്ഞ സൂഫി വര്യന് ജലാലുദീന്‍ റൂമിയേയും ഞാന്‍ യുക്തിവാദിയായി കാണുന്നതില്‍ തെറ്റുണ്ടൊ?
കാണാന്‍ വൈകി ഡിങ്കാ. നല്ല ലേഖനം. പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു.
പഠിച്ച് ഏതു മതമാണ് ശരി എന്നു മനസ്സിലാക്കിയതിനു ശേഷമല്ലല്ലോ സാധാരണയായി ഒരാള്‍ മത വിശ്വാസിയാവുന്നത്. ജനിക്കുന്നതിനനുസരിച്ച് മതം. അവനെ ആ മതത്തില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നതും മതത്തിന്റെ പേരില്‍ മനുഷ്യന് സംഘടിക്കുന്നതും സാമൂഹികവും സാമ്പത്തികവും ആയ കാരണങ്ങളാണ്. ആ കാരണങ്ങളില്ലെങ്കില്‍ വിശ്വാസവും കുറയും.
യുക്തിവാദികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് എഴുതി വയ്ക്കപ്പെട്ട മതഗ്രന്ഥങ്ങളിലെ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ ചിലവഴിക്കുന്ന സമയം ഈ കാരണങ്ങള്‍ ഇല്ലാതാക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
ഡിങ്കന് പറഞ്ഞ വല്യ വല്യ പേരുള്ളവരല്ല, രണ്ടുനേരത്തെ അന്നത്തിനു വേണ്ടി മതം മാറുന്നവനാണ് ഏറ്റവും വലിയ യുക്തിവാദി. :-)
അപ്പഴേ, ഒരു സംശ്യം. നമ്മടെ പഴേ ശബരിമല പോസ്റ്റില്ലേ. കിരണിന്റെ. അതിലെവിടെയോ ഡിങ്കന് അയ്യപ്പഭക്തനാണെന്നോ ശബരിമലക്ക് പോകാറുണ്ടെന്നോ കണ്ടു. ഡിങ്കന് വിശ്വാസിയാണോ? അല്പവിശ്വാസിയാണോ? നാസ്തികനാണോ? യുക്തിവാദിയാണോ? ചുമ്മാ അറിയാന്‍ വേണ്ടി ചോദിച്ചതാ :-)
കുതിരവട്ടാ,
യുക്തിവാദികളാണ് ശരി എന്നോ മറിച്ച് വിശ്വാസികളാണോ ശരി എന്നതിന്റെ സാധൂകരണമോ ന്യായീകരണമോ നടത്തുകയായിരുന്നില്ല എന്റെ ലക്ഷ്യം. പക്ഷേ ഈയിടെ മതതീവ്രവാദവും തീവ്രയുക്തിവാദവും ഒരുപോലെ ബ്ലോഗ് പോസ്റ്റുകളായി കാണാന്‍ സാധിച്ചു. ഇത് രണ്ടും ദോഷകരമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. “സ്വാംശീകരണം” എന്ന പദം ഞാന്‍ ഈ പോസ്റ്റില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടുള്ളതും ആയ കാരണം കൊണ്ട് തന്നെയാണ്.
ഒരു യുക്തിവാദി തീവ്രവാദപരമായ നിലപാടുകളാണ് കൈകൊള്ളുന്നതെങ്കില്‍ അയാളെ ഒരു മതതീവ്രവാദിയില് നിന്ന് വ്യത്യസ്ഥനായി കാണാന്‍ എനിക്ക് കഴിയുന്നില്ല. ഒരു പക്ഷെ അതെന്റെ ദൌര്‍ബല്യം ആയിരിക്കാം. ബ്ലോഗില്‍ ഈയിടെ ഇരുപക്ഷവും തീവ്രവാദപരമായ നിലപാടുകള്‍ എടുക്കുന്നത് കണ്ടാണ് ഞാന്‍ ഒരു കമെന്റ് ടൈപ് ചെയ്തത്. ദൈര്‍ഘ്യം ഏറിയപ്പോള്‍ പോസ്റ്റാക്കി എന്നേ ഉള്ളൂ, പക്ഷേ ഇത് കമെന്റ് ആയിരുന്നു എന്ന് ഞാന്‍ ആദ്യ ഖണ്ഡികയില്‍ തന്നെ ഞാന്‍ പറഞ്ഞിട്ടും ഉണ്ട്.
സ്വയം സ്വാംശീകരിക്കുക, സംസ്ക്കരിക്കുക , പരിവര്ത്തനവിധേയമാകുക. ഇത് ഏത് ഇസങ്ങള്‍ക്കും ആവശ്യമായ ഗുണങ്ങളാണ് അല്ലാത്തവ കാലപ്പഴക്കത്താല്‍ ദുര്‍ഗന്ധം വഹിപ്പിക്കും. ഇത് മതത്തിനും ശാസ്ത്രത്തിനും പ്രസ്ഥാനത്തിനും സംസ്ക്കാരത്തിനും ബാധകമാണ്. ആയതിന്റെ ദോഷങ്ങള്‍ അതതുഗണത്തിലുള്ളവര് നേരിട്ടും അല്ലാത്തവര്‍ പരോക്ഷമായും അനുഭവിക്കേണ്ടതുമാണ്.
ഞാന്‍ പറഞ്ഞ വലിയ പേരുള്ളവരുടെ കൂട്ടത്തില്‍ ഭക്ഷണത്തിനുവേണ്ടി മതം മാറുന്നവരേയും യുക്തിവാദികളായി ചിത്രീകരിക്കാം. “നിലനില്ക്കുക” എന്ന ജൈവയുക്തിയില് വിശ്വസിക്കുന്ന അവരും യുക്തിവാദികളാണ്.
സ്വന്തം മതസംഹിതകളെ ആരെങ്കിലും ചോദ്യം ചെയ്താല്‍ സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയും, ചോദ്യം ചോദിക്കുന്നവന്റെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നവര്‍ അതിനു പകരമായി സ്വാംശീകരണത്തിന്റെ/സംസ്ക്കരണത്തിന്റെ/പരിവര്‍ത്തനത്തിന്റെ പാത തിരഞ്ഞെടുക്കുകയാണെങ്കില്‍ സമൂഹ നന്മയ്ക്കായി ഒരുക്കിയ മതം എന്ന സങ്കേതത്തെ കറുപ്പിന് പകരം കല്‍ക്കണ്ടം ആക്കിമാറ്റാം. പ്രസ്ഥാനങ്ങള്‍ക്കും,മതങ്ങള്‍ക്കും അപചയം സംഭവിക്കുമ്പോഴും ശാസ്ത്രം പുരോഗമിക്കുന്നു എന്ന് പറയുന്നത് ഈ കാരണം കൊണ്ടാണ്. എന്റെ പൌരാണികര്‍ അശരീരിയിലൂടെ സംസാരിച്ചിരുന്നു എന്ന് വീമ്പിളക്കുന്നിടത്തല്ല മറിച്ച് അത് സാധ്യമാകുന്ന സാങ്കേതികത ഒരുക്കുന്നിടത്താണ് ശാസ്ത്രം വിജയിക്കുന്നത്. മാത്രമല്ല കാലങ്ങളായി ഉള്ള വിശ്വാസത്തെ അത് ചോദ്യം ചെയ്യുന്നുണ്ട്. ഉദാ. പ്രകാശത്തിന്റെ സ്വഭാവം. അത് കണികാസിദ്ധാനതം വഴി ന്യൂട്ടന് തെളിയിച്ചപ്പോഴും ചില പോരായ്മകള്‍ നിലനിന്നു. അതിനെതിരായ ചോദ്യങ്ങളാണ് പിന്നീട് തരംഗ സിദ്ധാന്തത്തിലേക്കും തുടര്‍ന്ന് വൈദ്യുതകാന്തികം എന്ന ആശയത്തിലേക്കും നയിച്ചത്. ഇന്നും ഇത് പൂര്‍ണ്ണമാകണമെന്നില്ല...ഇനിയും ചോദ്യം ചെയ്യപ്പെട്ടെക്കാം.
ഇനി “ഞാന്‍ ആര്?” എന്ന ചോദ്യം.
വിത്. കടപ്പാട് റ്റു മോഹന്‍ലാല്‍ ഇന്‍ ആറാം തമ്പുരാന് “ഇത് തന്നെയാണ് ബുദ്ധനും ശങ്കരനും ചോദിച്ചത്.. ഞാന്‍ ആര്” എന്ന് പറയേണ്ടി വരും.
പിന്നെ വിശ്വാസി, ഭക്തന് എന്നീ പദങ്ങള്‍ക്ക് മിയാമി ബീച്ചില്‍ നിന്ന് വാഷിംഗ്ടണ്‍ ഡി.സിയിലേക്കുള്ള അത്രയും അകലവും ഉണ്ട്.
God is a Vague Pantheistic Benevolence എന്ന് വിശ്വസിക്കുന്നവനാണ് ഡിങ്കന്. അയ്യപ്പസന്നിധിയില്‍ മാത്രമല്ല, വേളാങ്കണ്ണിയിലും ഭീമാപള്ളിയിലും ഇടയ്ക്ക് പോകാറുണ്ട്. (പക്ഷേ അത് ഞാന്‍ മതസൌഹാര്‍ദ്ധം വളര്‍ത്താന്‍ ചെയ്യുന്നത് അല്ല) ചിലയിടത്ത് പോകുമ്പോള്‍ നമുക്ക് ആനന്ദം കിട്ടാറില്ലെ. വേശ്യാപുരകളില്‍ പോകുമ്പോള്‍...പുസ്തകശാലയില്‍ പോകുമ്പോള്‍...മൈതാനത്ത് പോകുമ്പോള്‍...ചൂടന്‍ വട കിട്ടുന്ന ചായക്കടയില്‍ പോകുമ്പോള്‍...ആരാധനാലയങ്ങളില്‍ പോകുമ്പോള്‍...മദ്യശാലകളില്‍ പോകുമ്പോള്‍...ആതുരാലയങ്ങളില്‍ പോകുമ്പോള്‍...അപ്പോള്‍ “അവനവന്റെ ആനന്ദം കണ്ടെത്താനുള്ളവഴികള്” അത് മറ്റുള്ളവര്‍ക്ക് ശല്യം ആകാത്തിടത്തോളം കാലം ഡിങ്കന്റെ വ്യക്തിപരമായ അഹങ്കാരം ആണ്.
ഞാന്‍ ആര് എന്ന് ചോദിച്ചാല്‍? ഡിങ്കനാണ് അത്രയുമേ ഉള്ളൂ. ഇനിഏതെങ്കിലും ഒരു പേരില്‍ കുതിരവട്ടനെന്നെ വിളിച്ചേ തീരൂ എന്നുണ്ടെങ്കില്‍ “യുക്തിവാദിയായ ഭക്തന്” എന്ന് വിളിച്ചോളൂ (വിശ്വാസിയല്ല..ഭക്തന്..കാരണം തെളിവ്/ഗ്രന്ഥം/വചനം എന്നിവയൂടെ ആശ്രയം വേണ്ട)
ഓഫ്.ടോ.
ശബരിമല-മകരവിളക്ക് പോസ്റ്റില്‍ ശക്തമായി ഇടപെടാന്‍ കാരണം അത് മത സംഘടകള്‍ മാത്രം അല്ല സര്‍ക്കാരും,ജനപ്രതിനിധികളും, സര്‍ക്കാര്‍ ജീവനക്കാരും, മാധ്യമങ്ങളും ചേര്‍ന്ന് ഒരു ഉപജാപം ഒരുക്കുന്നു എന്നതിനാലാണ്.
ഡിങ്കാ യുക്തിവാദവും നാസ്തികവാദവും രണ്ടാണേ. കൂട്ടിക്കൊഴക്കരുത്. ഡിങ്കന് തീവ്രയുക്തിവാദം തന്നെയാണോ ഉദ്ദേശിച്ചത്?
"സ്വന്തം മതസംഹിതകളെ ആരെങ്കിലും ചോദ്യം ചെയ്താല്‍ സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയും, ചോദ്യം ചോദിക്കുന്നവന്റെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നവര്‍ അതിനു പകരമായി സ്വാംശീകരണത്തിന്റെ/സംസ്ക്കരണത്തിന്റെ/പരിവര്‍ത്തനത്തിന്റെ പാത തിരഞ്ഞെടുക്കുകയാണെങ്കില്‍ സമൂഹ നന്മയ്ക്കായി ഒരുക്കിയ മതം എന്ന സങ്കേതത്തെ കറുപ്പിന് പകരം കല്‍ക്കണ്ടം ആക്കിമാറ്റാം."
കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ രണ്ടു തരമുണ്ട്. ഒരു വിഭാഗം ഇരുട്ടിലാണ്. അവര്‍ക്ക് കണ്ണില്ല. ഭൂരിപക്ഷം വരുന്ന മറ്റേ വിഭാഗം നിലനില്പിന്റെ ഭാഗമായിക്കണ്ട് കണ്ണടക്കുന്നു. മതം നിലനില്പിന്റെ ഭാഗമല്ലാതാക്കുകയാണെങ്കില് ചിലപ്പോള്‍ അതു കറുപ്പല്ലാതെയായേക്കും.
ഒരു യുക്തിവാദി തീവ്രവാദപരമായ നിലപാടുകളാണ് കൈകൊള്ളുന്നതെങ്കില്‍ അയാളെ ഒരു മതതീവ്രവാദിയില് നിന്ന് വ്യത്യസ്ഥനായി കാണാന്‍ എനിക്ക് കഴിയുന്നില്ല.
ഇതിനോടു ഞാനും യോജിക്കുന്നു. പക്ഷെ അത്തരക്കാരെ യുക്തിവാദി എന്നല്ല വിളിക്കേണ്ടത്. വേണമെങ്കില്‍ നാസ്തികന് എന്നു വിളിക്കാം. യുക്തിവാദി എപ്പോഴും യുക്തിക്ക് നിരക്കുന്ന കാര്യങ്ങളേ ചെയ്യൂ. അയാള്‍ക്കൊരിക്കലും തീവ്രവാദപരമായ നിലപാടെടുക്കാന്‍ പറ്റില്ല.
´
ഓഫ്.ടോ.
ശബരിമല-മകരവിളക്ക് പോസ്റ്റില്‍ ശക്തമായി ഇടപെടാന്‍ കാരണം അത് മത സംഘടകള്‍ മാത്രം അല്ല സര്‍ക്കാരും,ജനപ്രതിനിധികളും, സര്‍ക്കാര്‍ ജീവനക്കാരും, മാധ്യമങ്ങളും ചേര്‍ന്ന് ഒരു ഉപജാപം ഒരുക്കുന്നു എന്നതിനാലാണ്.
ഇത് ഒരു ഒന്നാന്തരം ഉദാഹരണമാണ്. സര്‍ക്കാരിനു കാശു കിട്ടുന്നു. അതിനെ ഉപജാപം എന്നു പറയാന്‍ പറ്റില്ല. ബിസിനസ് എന്നു വിളിക്കാം. മദ്യക്കച്ചടം പോലെ. യുക്തിയുണ്ടെങ്കില്‍ ഈ വാദികള്‍ ആദ്യം ചോദിക്കേണ്ട ചോദ്യം സര്‍ക്കാരിന് ഈ പങ്കു കച്ചവടത്തിന്റെ ആവശ്യമുണ്ടോ എന്നാണ്. മതേതര ഇന്‍ഡ്യയില്‍ ഭക്തിയുടെ കൂട്ടുകച്ചവടം എന്തുകൊണ്ട് ഒരേയൊരു മതവിഭാഗവുമായി നടത്തുന്നു എന്ന ചോദ്യവും ഒരു യുക്തിവാദിയും ചോദിച്ചു കണ്ടില്ല. ഇതൊക്കെ യുക്തിക്ക് നിരക്കാത്ത ചോദ്യങ്ങളാണോ. ഞാന്‍ നേരത്തേ പറഞ്ഞ മതങ്ങള്‍ നിലനില്‍ക്കാനുള്ള കാരണങ്ങള്‍, ഇതൊക്കെത്തന്നെ.
നാസ്തികന് എന്ന പദം ഞാന്‍ ഉപയോഗിച്ചിട്ടില്ലല്ലോ കുതിരവട്ടാ. അതിനാല്‍ കുഴയ്ക്കലുകളില്ല.
ചിന്ത അഗ്രഗേറ്റര്‍ ടെസ്റ്റിംഗിനായി റീ-പബ്ലിഷ് ചെയ്യുന്നു. ഏവര്‍ക്കും ക്രിസ്തുമസ്, പുതുവത്സര ആശംസകള്‍
qw_er_ty
ഇപ്പോഴിതിനുവല്ലപ്രസക്തിയുമുണ്ടോയെന്നറിയില്ല.
ഇന്ന് സി.കെ ബാബു സാറിനെഴുതിയ ഒരു കൊമന്റാണ്.
മതം എന്ന വേലി മനുഷ്യസമൂഹങ്ങളുടെ നിലനില്‍പ്പിനു പങ്കുവഹിച്ചിട്ടുണ്ട്.ഇപ്പോഴുമുണ്ടെന്നാണെനിക്കു തോന്നുന്നത്.പക്ഷേ വേലിതന്നെ വിളതിന്നുന്ന അവസ്ത്ഥ വരുമ്പോള്‍ സമൂഹത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാവുമ്പോള്‍ അതിലൊരു കാടുനീക്കല്‍ ആവശ്യമായി വരുന്നു. അതാതുവളപ്പിന്റെ അവകാശികള്‍
ഭംഗിയായി ഇതങ്ങു നിര് വഹിക്കുകയാണെങ്കില്‍ അല്‍പ്പം കാറ്റും വെളിച്ചവുമൊക്കെ എല്ലാവര്ക്കും ലഭിക്കും.
അത്രയുമേ ഡിങ്കനും ഈ പോസ്റ്റില്‍ ഉദ്ദേശിച്ചുള്ളൂ കാവലാന്‍
Post a Comment