Thursday, June 26, 2008

ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകം

1) ഗാനങ്ങള്‍/ഫെമിനിസം

ഫെമിനിസം ആയി ബന്ധപ്പെട്ട് ചില ചര്‍ച്ചകളും, കമെന്റുകളും ആയിരുന്നു കഴിഞ്ഞ ചില നാളുകളില്‍. ബ്ലോഗില്‍ അല്ലാതെ ഫോണില്‍ ഒരുവളുമായി പലകാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഫെമിനിസത്തിലെത്തി. ആകസ്മികമായി സംഭവിച്ചതായിരുന്നു അത്. ദക്ഷിണേന്ത്യന്‍ ചലചിത്രങ്ങളിലെ ഗാനങ്ങളിലെ കാല്‍പ്പനിക ഭാവങ്ങള്‍ക്ക് അടുത്തകാലത്തൊന്നും ഒരു മാറ്റവും വരില്ലെന്നും, പ്രണയമെന്നാല്‍ ഉടനേ “കൃഷ്ണനേയും, രാധയേയും” വിളിച്ച് വരുത്തി വേണുഗാനമുതിര്‍ക്കുന്ന ഭാവുകത്വസങ്കല്‍പ്പങ്ങളില്‍ നിന്ന് എന്നാണ് രക്ഷനേടുക? കടുകട്ടിയായ മലയാളം ഭക്തിഗാനങ്ങള്‍ കേട്ടാല്‍ പാവം ഭക്തര്‍ എങ്ങനെ ദൈവത്തെ വിളിക്കാതിരിക്കും? എന്നിങ്ങനെ സംസാരം നീളുന്നതിനിടയ്ക്കാണ് ആ സുഹൃത്ത് ഇങ്ങനെ അഭിപ്രായപ്പെട്ടത്
“കാതല്‍ എന്‍‌റത് കോഫി പോലെ...ആറി പോനാല്‍ കസക്കും എന്ന മട്ടില്‍ ഒരു പ്രണയഗാനം മലയാളത്തില്‍ ഉണ്ടായിട്ട് ചത്താല്‍ മതി“ എന്നാണ്. സ്വാഭാവികജീവിതത്തിലെ രസകരമായ രൂപകങ്ങളുള്ള ഇത്തരം ഗാനങ്ങള്‍ വരേണ്ട കാലം അതിക്രമിച്ചെന്നും അഭിപ്രായപ്പെട്ടു. തിരിച്ച് അഭിപ്രായം പറയാന്‍ ഒരുങ്ങിയ എന്നോട് “ഇഷ്ടമല്ലെടായോ..പൈനാപ്പിള്‍ പെണ്ണോ” കൊണ്ട് വരേണ്ട എന്ന് മുന്നറിയിപ്പും. അതില്‍ നിന്നെല്ലാം കറങ്ങിത്തിരിഞ്ഞാണ് ചര്‍ച്ച ഫെമിനിസത്തില്‍ എത്തിയത്. പക്ഷെ “പാട്ടിന്റെ” ഹാംഗ്‌ഓവര്‍ വിടാഞ്ഞതിനാല്‍ പാട്ടിലൂടെ തന്നെയാണ് അവര്‍ മറുപടി പറഞ്ഞത്. മെയില്‍ ഷോവനിസം vs ഫെമിനിസം ഈരടികളില്‍ പങ്കു വെയ്ക്കുന്ന ഒരു ഗാനം മലയാളത്തില്‍ തന്നെ ഉണ്ടെന്ന്. സൈന്യം എന്ന ചിത്രത്തിലെ
“ബാഗി ജീന്‍സും ടോപ്പുമണിഞ്ഞ്...ടൌണില്‍ ചെത്തി നടക്കാം
ഹണ്ട്രഡ് സിസി ബൈക്കും...അതിലൊരു പൂജാഭട്ടും വേണം” എന്നത് മെ.ഷോ ആണെങ്കില്‍ തുടര്‍ന്ന് വരുന്ന
“പാറി നടക്കും പക്ഷികളൊന്നും വേളികഴിക്കാറില്ല
കൂടെകിടന്നാല്‍ മാര്യേജ് ആകും...ഫോര്‍മാലിറ്റീസ് വേണ്ടാ” എന്നത് മുട്ടന്‍ ഫെമിനിസം ആണെന്നും, കോഹാബിറ്റേഷനെ പ്രോത്സാഹിപ്പിക്കുന്നു, വിവാഹം എന്ന എസ്റ്റാബ്ലിഷ്മെന്റിനെ തകര്‍ക്കുന്നു എന്നൊക്കെ പറഞ്ഞു.
(അപ്പോള്‍ ഈ ഗാനം തന്നെ ഉദാഹരണമായെടുത്ത് “സാമ്പ്രദായിക ഭാവുകത്വം” ഇല്ലാത്ത ഗാനങ്ങളും മലയാളത്തിലുണ്ട് എന്ന് തര്‍ക്കിക്കാന്‍ ഉള്ള ശ്രമത്തിലായിരുന്നു ഞാന്‍)


2) ഷ്രെക്ക്


Shrek എന്ന ഇംഗ്ലീഷ് മൂവി ചിലരെങ്കിലും കണ്ടുകാണും എന്ന് കരുതുന്നു. കണ്ടിട്ടില്ലെങ്കില്‍ കാണേണ്ടതാണ് . സാ‍ധാരണയായി ഡിങ്കന് “ഹൈ-ഫൈ അനിമേറ്റഡ് മൂവീസ്” കാണാന്‍ താല്‍പ്പര്യമില്ല. 2-ഡി അനിമേഷന്‍ ഇഷ്ടമാണ് താനും, അതിനാല്‍ തന്നെ ഷ്രെക്ക് എന്ന 3-ഡി മൂവി പണ്ട് ടിവിയില്‍ കണ്ടപ്പോള്‍ ചാനല്‍ മാറ്റുകയാണ് ചെയ്തത്. എന്നാല്‍ ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ നിര്‍ബന്ധിതമായി ആ മൂവിയുടെ രണ്ടാം ഭാഗം കാണേണ്ടി വന്നു. ഇഷ്ടപ്പെട്ടു, അതുകൊണ്ട് തന്നെ ആദ്യഭാഗവും കണ്ടു. ഇഷ്ടപ്പെടാന്‍ കാരണം ഷ്രെക്ക് എന്ന മൂവിയിലെ ആനിമേഷനോ, തമാശയോ, ക്യാരക്‍ടേഴ്സോ ഒന്നും അല്ല. ഷ്രെക്ക് വല്ലാത്ത പൊളിറ്റിക്സ് ഉള്ള ഒരു മൂവിയാണ്. സാമ്പ്രദായിക സങ്കല്‍പ്പങ്ങളെയാണ് അത് തകര്‍ക്കുന്നത്/തകര്‍ത്തിരിക്കുന്നത്. അതു തന്നെയാണ് ആ മൂവി ഇഷ്ടപ്പെടാന്‍ കാരണമായത്. മുത്തശ്ശിക്കഥകള്‍ കേട്ട് (ഇന്നാണെങ്കില്‍ കണ്ടോ) ആ‍ണല്ലോ നമ്മള്‍ വളരുന്നത്. പരോക്ഷമായി അവ നമ്മളില്‍ ചില സങ്കല്‍പ്പങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. "ഒരിടത്തൊരിടത്ത് വെളുത്ത് സുന്ദരിയായ രാജകുമാരി‍, അവളെ ഒരു രാക്ഷസന്‍ തട്ടിക്കൊണ്ട് പോകുന്നു, രാക്ഷസന്റെ കോട്ടയില്‍ കാവലിന് വ്യാളി (ഡ്രാഗണ്‍). സംഭവമറിഞ്ഞ രാജകുമാരന്‍ കോട്ടയിലെത്തി വ്യാളിയെകൊന്ന്, രാക്ഷസനെ കീഴടക്കി, രാജകുമാരിയെ രക്ഷപ്പെടുത്തുന്നു. ശേഷം അവര്‍ സുഖമായി ജീവിക്കുന്നു”. കുട്ടികള്‍ തലമുറകളായി കേള്‍‍ക്കുന്ന ഈ സങ്കല്‍പ്പത്തെയാണ് ഷ്രെക്ക് വെല്ലുവിളിച്ചിരിക്കുന്നത്. നായിക എന്നാല്‍ വെളുത്ത് സുന്ദരിയും, നായകനെന്നാല്‍ ചോരചിന്തുന്നവാളുള്ള വെളുത്ത സുന്ദരനും... എത്ര വിദഗ്ദ്ധമായാണ് ഷ്രെക്ക് അതിനെയെല്ലാം തകര്‍ത്തെറിയുന്നത്.

നമ്മുടെ കഥയിലെ നായകന്‍ ഷ്രെക്ക് ഒരു ogre(രാക്ഷസന്‍ ആണ്). അവന്‍ സ്നേഹത്തിലാകുന്നത് “പ്രിന്‍സസ് ഫിയോണ” എന്ന വെളുത്ത സുന്ദരിയുമായി. എന്നാല്‍ മുത്തശ്ശിക്കഥകള്‍ക്ക് വിരുദ്ധമായി അവസാനം വെളുത്തസുന്ദരന്‍ Farquaadനെ ഉപേക്ഷിച്ച് തന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന Shrekനെ ഫിയോണ വിവാഹം കഴിക്കുന്നു. പ്രിന്‍സസ് ഫിയോണയെ വെളുത്തസുന്ദരിയായാണല്ലോ ചിത്രീകരിച്ചിരിക്കുന്നത് എന്ന് ആശങ്കപ്പെടുന്ന നേരത്ത് Shrekനെ ചുംബിച്ചുകൊണ്ട് ഫിയോണൊ ഒരു ogress (രാക്ഷസി) ആയി മാറുന്നു. വൌ!.... നിലവിലെ മിത്തുകളിലെ എല്ലാ കഥാപാത്രത്തേയും അപനിര്‍മ്മിതിക്ക് വിധേയമാക്കിയിരിക്കുന്നു. വ്യാളി, രാക്ഷസന്‍ എന്നിവ ഇവിടെ നന്മയുടെ പക്ഷത്താണ്. ഷ്രെക്ക്-2ല്‍ ആകട്ടെ Prince Charming എന്ന വെളുത്ത സുന്ദരന്‍ ആണ് വില്ലന്‍, നായകന്‍ ഷ്രെക്കിനേപോലെ തന്നെ ഫിയോണയും വിരൂപയാണ്, സിന്‍ഡ്രല്ല കഥകളിലൂടെയും മറ്റും നമുക്ക് പരിചിതയായ Fairy Godmother ആണ് ഇവിടെ ദുഷ്ടത്തരങ്ങള്‍ ഒപ്പിക്കുന്നത്. മുത്തശിക്കഥകളില്‍ “വെറും മണ്ടന്‍” ആയ കഴുത ഇവിടെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. സാമ്പ്രദായിക സൌന്ദര്യസങ്കല്‍പ്പങ്ങള്‍ കുട്ടികളില്‍ പരോക്ഷമായെങ്കിലും അടിച്ചേല്‍പ്പിക്കുന്ന മുത്തശ്ശിക്കഥകളുടെ ഒരു പൊളിച്ചെഴുത്താണ് Shrek . ഷ്രെക്ക് ടീമിന് അഭിനന്ദനങ്ങള്‍!
http://en.wikipedia.org/wiki/Shrek
http://en.wikipedia.org/wiki/Shrek_2


3) പാഠപുസ്തകം


പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദവും, സമരങ്ങളും കേരളത്തില്‍ അരങ്ങ് കൊഴുപ്പിക്കുകയാണ്. ഇന്ന് കോട്ടയം മലയാളമനോരമയിലെ ഒരു സുഹൃത്തിനെ മൊബൈലില്‍ വിളിച്ചപ്പോള്‍ മലയാളമനോരമയ്ക്ക് നേരേ എസ്.എഫ്.ഐ വക തകര്‍ത്ത് കല്ലേറ് നടക്കുകയാണ്.(“എസ്.എഫ്.ഐയുടെ സമരങ്ങളില്‍ മനോരമയ്ക്ക് ഒരേറ് എന്നത് ശുഭകാര്യങ്ങള്‍ നടത്തുമ്പോള്‍ ഗണപതിക്ക് ഒരു തേങ്ങ“ എന്നതുപോലെയെന്ന് കോട്ടയത്ത് ഒരു പറച്ചിലുണ്ട്) മര്‍ദ്ധനത്തെ തുടര്‍ന്ന് രണ്ടുമൂന്ന് മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലാക്കി എന്നും അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ ആഴ്ക കെ.എസ്.യൂ തെരുവിലിറങ്ങി സമരം(കൂടെ അക്രമങ്ങളും) നടത്തി...ഇപ്പോള്‍ എസ്.എഫ്.ഐയുടെ ഊഴമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഏഴാംക്ലാസിലെ സാമൂഹ്യപാഠം സാവധാനത്തില്‍ സാമൂഹ്യവിരുദ്ധപാഠമാകുകയാണ്. പെരുന്തച്ചന്‍ പണ്ട് കുഴിച്ച കുളം പോലെ പലര്‍ക്കും പല ആകൃതിയില്‍ കാണാവുന്ന ഒന്നായിരിക്കുകയാണ് പാഠപുസ്തകം.

മതം/ചരിത്രം/സംസ്ക്കാരം എന്നിങ്ങനെയുള്ള ഘടകങ്ങളില്‍ ഇടതുപക്ഷ ആശയങ്ങള്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചു എന്നാണ് ഒരു പക്ഷത്തിന്റെ ആരോപണം. എന്നാല്‍ അങ്ങനെയൊന്നില്ല എന്നും പരാമര്‍ശങ്ങളെ വളച്ചൊടിക്കരുതെന്നും മറുപക്ഷവും വാദിക്കുന്നു. ഒരു വ്യക്തിയെ രൂപീകൃതമാക്കുന്നതില്‍ പ്രധാനമായ പങ്ക് വഹിക്കുന്ന ഒന്നാണ് പാഠപുസ്തകം,പ്രത്യേകിച്ചും സ്കൂള്‍ തലത്തിലെ പാഠപുസ്തകം. അതിനാല്‍ തന്നെ അതില്‍ വരുത്തുന്ന സൂക്ഷ്മമാ‍യ മാറ്റങ്ങള്‍ പോലും പഠനവിധേയമാക്കേണ്ടതു തന്നെയാണെന്നാണ് ഡിങ്കന്റെ പക്ഷം. അഞ്ച് വര്‍ഷം കൂടുമ്പൊള്‍ സര്‍ക്കാര്‍ മാറുകയും, മാറുന്ന സര്‍ക്കാറുകള്‍ തങ്ങളുടെ ഹിതാനുസാരിയായ പാഠപുസ്തകങ്ങള്‍ ഇറക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ഓരോ അഞ്ച് വര്‍ഷത്തിലും വ്യത്യസ്തബ്രാന്‍ഡുകളില്‍ പെട്ട പൌരന്മാരുടെ ബാച്ചുകള്‍ ഇറങ്ങുന്നു എന്നതാണ്. പരോക്ഷമായി ഇത് വീണ്ടും അയ്യഞ്ചുവര്‍ഷം മാറിമാറിയുള്ള ഭരണത്തെ ഊട്ടിഉറപ്പിക്കുന്നതാണെങ്കിലും അതിലെ അപകടം കാണാതിരിക്കരുത്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലുപരിയായി ഒരു പരിഗണന ഈ കാര്യത്തിന് നല്‍കേണ്ടതുണ്ട്. ചരിത്രത്തെ/ സംസ്ക്കാരത്തെ വളച്ചൊടിക്കാവുന്ന പ്രസ്താവനകള്‍ പാഠപുസ്തകത്തില്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യേണ്ടതു തന്നെയാണ്. കാരണം രാഷ്ട്രീയസംഘനകളില്‍ അംഗങ്ങളായ അദ്ധ്യാപകരും, മതസംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളും ഉള്ള ഈ നാട്ടില്‍ പാഠപുസ്തകത്തിലെ വസ്തുതകള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിവരിക്കപ്പെടുക എന്നത് ക്ലാസ് മുറിക്കകത്തുമാത്രം അറിയാന്‍ കഴിയുന്ന ഒന്നാണ്. വിവാദമായ പാഠഭാഗങ്ങളിലൂടെ കണ്ണോടിച്ചെങ്കിലും ഇത്രമാത്രം “ബഹളം” ഉണ്ടാക്കാന്‍ മാത്രം ഉള്ളതൊന്നും അതില്‍ കണ്ടെത്തിയില്ല. പക്ഷേ നേരത്തേ പറഞ്ഞ “രാഷ്ട്രീയസംഘനകളില്‍ അംഗങ്ങളായ അദ്ധ്യാപകരും, മതസംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളും“ ഉള്ള അവസ്ഥയില്‍ എങ്ങനെയാണ് ഇവ വ്യാഖാനിക്കപ്പെടുക എന്ന ഭയം ഡിങ്കനുമുണ്ട്. സാമൂഹ്യമാറ്റം വരുത്തുന്ന ഉപാധികളില്‍/മാധ്യമങ്ങളില്‍/സങ്കേതങ്ങളില്‍ ഒന്നുമാത്രമാണ് പാഠപുസ്തകം. അതിനാല്‍ തന്നെ പ്രശ്നം രൂക്ഷമാണെങ്കില്‍ മറ്റ് സങ്കേതങ്ങളുടെ/ളിലൂടെ കൂടുതല്‍ ശാക്തീകരണം എന്ന അനുനയവും ആകാം.


(കഴിഞ്ഞ ഒരാഴ്ചയിലൂടെ ഞാന്‍...)

14 comments:

Dinkan-ഡിങ്കന്‍ said...

ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകം

ഒരു അവിയല്‍ പോസ്റ്റ്

പച്ചാളം : pachalam said...

ഒരു മുട്ടന്‍ ഓഫ് അഡിച്ചോട്ടെ?

/*പെരുന്തച്ചന്‍ പണ്ട് കുഴിച്ച കുളം പോലെ പലര്‍ക്കും പല ആകൃതിയില്‍ കാണാവുന്ന ഒന്നായിരിക്കുകയാണ് പാഠപുസ്തകം.*/

ഇങ്ങനെ ഒരു കുളം ശരിക്കുമുണ്ടായിരുന്നൊ?/ഇപ്പൊഴുമുണ്ടോ? ഇപ്പോഴുമുണ്ടെങ്കില്‍ ഡീറ്റേത്സ് തരാവോ?

പോസ്റ്റിലെ ഷ്രെക്കിന്‍റെ ഭാഗത്തോട് സ്വല്പം താല്പര്യക്കൂടുതല്‍ തോന്നി. ചിത്രം എനിക്കും വല്ലാതെ ഇഷ്ടപ്പെട്ടതാണ്.

Dinkan-ഡിങ്കന്‍ said...

മറുമുട്ടനോഫ്:
Mr.പച്ചാളം,
ഉളിയന്നൂര്‍ക്ക് ഒരു യാത്ര തരാക്കിയാല്‍ കൂടുതലറിയാമെന്നാണ് പീടികക്കാരന്‍ വിക്കി പറയുന്നത്

ചന്ത്രക്കാറന്‍ said...

മര്‍ദ്ധനമല്ല ഡിങ്കാ, മര്‍ദ്ദനം :)

മദ്ധ്യമല്ല മധ്യം എന്ന് എന്നെ ഇവിടെ
തിരുത്തിയപ്പോള്‍ ഹര്‍ട്ടായ ഈഗൊക്ക് ഇപ്പോഴാണ് ശമനമായത്. ഇരട്ടപെട്ട സുഖം!

ആ പാഠപുസ്തകത്തില്‍ ഒരു കുഴപ്പവും ഞാന്‍ നോക്കിയിട്ടു കണ്ടില്ല ഡിങ്കാ, ആദാമിന്റെ വാരിയെല്ലൂരി ഹവ്വയെ സൃഷ്ടിച്ചെന്ന് പാഠപുസ്തകത്തിലെഴുതാന്‍ പറ്റുമോ?

ഞാന്‍ പഠിച്ച ആറാംക്ലാസ്സിലെ സാമൂഹ്യപാഠം പുസ്സ്തകത്തില്‍ ഹിന്ദുമതത്തിന് മൂന്നുകോടികൊല്ലത്തെ പഴക്കമുണ്ടെന്നായിരുന്നു എഴുതിയിപ്പിടിപ്പിച്ചിരുന്നത്!

ചന്ത്രക്കാറന്‍ said...

“എസ്.എഫ്.ഐയുടെ സമരങ്ങളില്‍ മനോരമയ്ക്ക് ഒരേറ് എന്നത് ശുഭകാര്യങ്ങള്‍ നടത്തുമ്പോള്‍ ഗണപതിക്ക് ഒരു തേങ്ങ“ എന്നതുപോലെയെന്ന് കോട്ടയത്ത് ഒരു പറച്ചിലുണ്ട്“

ചെറ്റത്തരം മാത്രം കൈമുതലായിരുന്ന ഒരുത്തനുണ്ടായിരുന്നു കോളേജില്‍ പഠിക്കുന്ന കാലത്ത്. ഒരിക്കല്‍ പക്ഷേ അവന്‍ മനസ്സാവാചാ അറിഞ്ഞിട്ടില്ലാത്ത കാര്യത്തിന് എസ്.എഫ്.ഐക്കാര്‍ പൊതിരെ തല്ലി. ദിവസങ്ങള്‍ക്കുശേഷം സംഭവത്തില്‍ അവനു പങ്കില്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ എസ്.എഫ്.ഐക്കാര്‍ പറഞത് “കിട്ടിയത് നിന്റെ വേറെ ഏതെങ്കിലും ചെറ്റത്തരത്തിലേക്ക് വരവുവച്ചോളാ”നായിരുന്നു. അതുപോലെ മനോരമയും കിട്ടിയതെവിടെയെങ്കിലും വരവുവച്ചോളും.

Dinkan-ഡിങ്കന്‍ said...

1)
മര്‍ദ്ദനം
മര്‍ദ്ദനം
മര്‍ദ്ദനം...
(“ഫണി ബന്ധനമഴിച്ചു വാസുദേവന്‍
പണി കൂടാതെ കരേറി തീരഭാഗേ...“
എന്ന് പാ‍ഠപുസ്തകത്തില്‍ “കാളിയമര്‍ദ്ദനം” പഠിച്ചിട്ടും തെറ്റിച്ച ദ്ദ യ്ക്ക് പിഴയിടുന്നു.)


2)
പാഠപുസ്തകത്തില്‍ ഒറ്റനോട്ടത്തില്‍ കുഴപ്പം ഞാനും കാണുന്നില്ല; പക്ഷെ പരോക്ഷാര്‍ത്ഥത്തില്‍ എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാവുന്ന തരത്തിലുള്ള ചില ലിങ്കുകളും/പരാമര്‍ശങ്ങളും ഉണ്ടെന്ന് രണ്ടാമതൊരു നോട്ടത്തില്‍ (വേണമെങ്കില്‍) പറയാം. അതുകൊണ്ട് തന്നെയാണ് 2 തവണ “രാഷ്ട്രീയസംഘനകളില്‍ അംഗങ്ങളായ അദ്ധ്യാപകരും, മതസംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളും“ എന്ന ഘടകത്തെ ആവര്‍ത്തിച്ചു പറഞ്ഞത്.
ഇനിയിപ്പോള്‍ അത് ഈ പാഠപുസ്തകം ഇല്ലെങ്കിലും ആകാം. പഴയ പാഠപുസ്തകം ആയാലുമാകാം. ക്ലാസ്‌മുറി വ്യാഖ്യാനം എന്നത് പ്രത്യേകപരിഗണന അര്‍ഹിക്കുന്ന ഒന്നാണല്ലോ. ചരിത്രം ഒക്കെ വിട്ടേക്കുക്ക, ഒരു ഗണിതാദ്ധ്യാപകന് പോലും തെറ്റായ “ഇന്‍ഫര്‍മേഷന്‍ ഇഞ്ചക്ഷന്‍” ആകാം.
ഉദാ. കണക്കിലെ അനുപാതം പഠിപ്പിക്കുന്ന വേളയില്‍
“5 കര്‍സേവകര്‍ക്ക് 1 പള്ളി പൊളിക്കാന്‍ 16 ദിവസം വേണം. എങ്കില്‍ 8 കര്‍സേവകര്‍ക്ക് എത്രമണിക്കൂര്‍ വേണം?” എന്ന് ഒരു കണക്ക് 5:16=8:x ; x=? ഇട്ടുകൊടുത്താല്‍ എങ്ങനിരിക്കും?

3)
തെറ്റു ചെയ്ത് കഴിഞ്ഞ് ശിക്ഷിച്ചാല്‍ പിന്നെ എന്ത് കാര്യം എന്ന് പറഞ്ഞ് “ചില്ലുഗ്ലാസി“ല്‍ വെള്ളം കൊണ്ട് വരാന്‍ പറഞ്ഞയച്ച മകനെ ഇനി ഒരുവേള അവന്‍ ഗ്ലാസ് പൊട്ടിച്ചാലോ എന്ന ഭയത്താല്‍ ആദ്യമേ തന്നെ അടിക്കുന്ന നാസറുദ്ദീന്‍ മുല്ലയുടെ ഗുണപാഠകഥപ്രകാരം തെറ്റിന് ശേഷമേ ശിക്ഷ ആകാവൂ എന്നാണ് :)

കുതിരവട്ടന്‍ :: kuthiravattan said...

ഒരാടിന്റെ കഥയുണ്ട്. ആട് പുഴയില്‍ നിന്ന് വെള്ളം കുടിക്കുകയായിരുന്നു. കുറച്ചു മുകളിലായി ഒരു കുറുക്കനും വെള്ളം കുടിക്കുന്നു. ആടിനെ കണ്ടതോടെ കുറുക്കന്‍ ആടിനെ പിടിച്ചു. കാരണം പറഞ്ഞത് ആട് വെള്ളം കലക്കിയെന്ന്. താഴെ കലങ്ങിയാല്‍ ആ കലക്കല്‍ മുകളിലേക്ക് വരില്ലെന്ന് പറഞ്ഞ ആടിനോട് കുറുക്കന്‍ പറഞ്ഞത്. "നീയല്ലെന്കില്‍ നിന്റെ അച്ഛനോ അപ്പൂപ്പനോ ആരെന്കിലും പണ്ട് എന്നെന്കിലും മുകളില്‍ കലക്കിയിട്ടുണ്ടാവുമെന്ന്. :-)

എതിരന്‍ കതിരവന്‍ said...

“എസ്കോടെല്ലോ ബീപിയെല്ലോ...” എന്ന പാട്ടും ഇക്കൂടെ ചേര്‍ക്കാം. പക്ഷെ എന്തു വ്യത്യാസമാണ് “നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ നീലനീരാളമായ് ഞാന്‍ മാറിയെങ്കില്‍...” എന്നതില്‍ നിന്നും?
സാമ്പ്രദായിക സൌന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് വിപരീതമായിരുന്നു വിരൂപയായ നായികയുള്ള ‘കുട്ടേടത്തി’.

ഷ്രെക് മാത്രമല്ല് കോമിക് പുസ്തകത്തില്‍ നിന്നും സാമ്പ്രദായികതയെ വെല്ലുവിളിച്ചത്. Hulk (സംവിധാനം സ്റ്റാന്‍ ലീ) എന്ന പച്ചനിറമുള്ള അതികായന്‍ യുദ്ധവിരുദ്ധനാണ്. യുദ്ധത്തിനു വേണ്ടി യുള്ള ഗവേഷണതന്ത്രങ്ങളെ എതിര്‍ക്കുന്നവന്‍.

പാഠപ്പുസ്തകവിവാദത്തെപ്പറ്റി ബെര്‍ളിയുടെ പോസ്റ്റും കണ്ടിരുന്നു. പുസ്തകത്തിന്റെ പേജുകള്‍ ലിങ്ക് കൊടുത്തിരുന്നു. ആ പേജുകള്‍ വായിച്ചാല്‍ ‘ഇതാണ് ചരിത്രം ഇതു മാത്രമാണ് ചരിത്രം‘ എന്നു തോന്നും.

സൂര്യോദയം said...

ഡിങ്കാ... താങ്കളുടെ അഭിപ്രായം ശരിയാണ്‌. യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ആ പാഠഭാഗങ്ങളില്‍ തോന്നുന്നില്ല എന്നതാണ്‌ സത്യം. പക്ഷേ, അതിനെ വരികള്‍ക്കിടയിലൂടെ വായിച്ച്‌ എങ്ങനെ വേണമെങ്കിലും ദുര്‍വ്യാഖ്യാനം ചെയ്യാം.

അങ്ങനെയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ പാഠപുസ്തകമെടുത്ത്‌ നോക്കിയാല്‍ ഇതിനേക്കാള്‍ കൂടുതല്‍ ദുര്‍വ്യാഖ്യാനസാദ്ധ്യതകളും പ്രത്യക്ഷമായ പ്രശ്നങ്ങളും ധാരാളം. അന്നൊന്നും ഈ മതക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തോന്നാതിരുന്നത്‌ ഇപ്പോള്‍ തോന്നുന്നതിലാണ്‌ ഒരു വശപ്പെശക്‌.. :-)

Dinkan-ഡിങ്കന്‍ said...

എതിരന്‍ കുതിരവാ,
അങ്ങനെ ഉള്ള ഗാനങ്ങള്‍ ചികയുകയാണിപ്പോള്‍. ഇംഗ്ലീഷ് മിക്സ് അല്ലാതെയുള്ളവയുണ്ടോ എന്ന് നോക്കണം.

ശരിയാണ് “കുട്ട്യേടത്തി” അത്തരത്തില്‍ ഒന്നാണ്. ബോളിവുഡിലും ഇപ്പോള്‍ മാറ്റങ്ങള്‍ കാണാറുണ്ട്. പക്ഷേ മുത്തശ്ശിക്കഥകളില്‍ മാറ്റം ഡിങ്കന്‍ ആദ്യംകാണുന്നത് ഷ്രെക്കിലാണ്.
Hulk കണ്ടിരുന്നു, Frankenstein ആയി വല്ലാത്ത സാമ്യം തോന്നിയത് എന്റെ മാത്രം കുഴപ്പമാകാം. (ഹള്‍ക്കിന്റെ വികൃതാനുകരണം ആയിരുന്നില്ലേ വിനയന്റെ “അതിശയന്‍”; ഭാഗ്യത്തിന് അത് കാണാന്‍ കഴിഞ്ഞിട്ടില്ല)

സൂര്യോദയം,
ക്ലാസ്‌മുറി വ്യാഖ്യാനം തന്നെയാണ് പ്രധാനപ്പെട്ടത്. നിലവില പാഠപുസ്തകത്തെപ്പറ്റി വിദ്യഭ്യാസവിചക്ഷണര്‍ തന്നെ അഭിപ്രായം പറയട്ടെ. തെരുവിലെ അക്രമങ്ങള്‍ എങ്ങനെ ഒതുക്കാം എന്നത് കാവല്‍‌സേനയും കൈകാര്യം ചെയ്യേണ്ടവിഷയമാണ്.

അഭിലാഷങ്ങള്‍ said...

Shrek കണ്ടിട്ടില്ല. സി.ഡി കിട്ടുമെങ്കില്‍ ഇന്ന് തന്നെ കാണും.

‘വിവാദപാഠപുസ്തകം കണ്ടിട്ടില്ല, കണ്ടിരുന്നെങ്കില്‍ വായിക്കാമായിരുന്നു‘ എന്ന് തോന്നിയപ്പോ ഒരുത്തന്‍ പുസ്തകത്തിന്റെ സ്കാന്‍ഡ് പേജസ് തന്നു.

വിവാദമായ പാഠഭാഗങ്ങളിലൂടെ കണ്ണോടിച്ചെങ്കിലും ഇത്രമാത്രം “ബഹളം” ഉണ്ടാക്കാന്‍ മാത്രം ഉള്ളതൊന്നും അതില്‍ കണ്ടെത്തിയില്ല. പക്ഷേ നേരത്തേ പറഞ്ഞ “രാഷ്ട്രീയസംഘനകളില്‍ അംഗങ്ങളായ അദ്ധ്യാപകരും, മതസംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളും“ ഉള്ള അവസ്ഥയില്‍ എങ്ങനെയാണ് ഇവ വ്യാഖാനിക്കപ്പെടുക എന്ന ഭയം ഡിങ്കനുമുണ്ട്.

എനിക്കുമുണ്ട്... :)

latheesh mohan said...

അതിപ്പോള്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ എന്താണ്? വ്യാഖ്യാനം എന്നു പറഞ്ഞാല്‍, മത സംഘടനകളുടെ മാത്രം കലയാണോ? എന്നാല്‍ പിന്നെ, കുറേ അച്ചന്‍മാരും സ്വാമിമാരും തങ്ങള്‍മാരും കൂടെ തീരുമാനിച്ചാല്‍ മതിയെല്ലോ കാര്യങ്ങളെല്ലാം.

നിന്റെ ഭയം നിന്റെ ഉള്ളില്‍ കിടക്കുന്ന മതവാദത്തിന്റെ ഭയമാണ്, ഡിങ്കാ. അതാണ് നമ്മളെയെല്ലാം പിന്നിലേക്ക് വലിക്കുന്നതും.

Dinkan-ഡിങ്കന്‍ said...

അഭിലാഷങ്ങള്‍,
ഷ്രെക്ക് കാണൂ, സാധിക്കുമെങ്കില്‍ അതെക്കുറിച്ച് വിശദമാ‍യൊരു റീവ്യൂ കൂടെ ബ്ലോഗില്‍ ഇടൂ.

ലെതീഷ്,
നിലവില്‍ ഇതിന്റെ ക്ലാസ്‌മുറിവ്യാഖാനം പ്രശ്നം തന്നെയാണ് ലെതീഷേ. ഇതിനെ എതിര്‍ക്കുന്നവര്‍, അനുകൂലിക്കുന്നവര്‍, തീയിട്ട് കത്തിക്കുന്നവര്‍, പൂവിട്ട് പൂജിക്കുന്നവര്‍ എന്നിവരെല്ലാമടങ്ങിയ “സാമൂഹ്യ”ജീവികള്‍ തന്നെയാണല്ലോ (നമ്മളെ പോലെ) അധ്യാപകരും, സ്കൂള്‍ മാനേജ്മെന്റും.
വിശേഷിച്ചും ഇത്രയുമധികം വിവാദപരാമര്‍ശങ്ങളിലൂടെ കടന്നുപോയ പാഠഭാഗങ്ങളെ എങ്ങനെ വ്യാഖ്യാനിക്കണം എന്ന “ഡെ.ക്ലീസിന്റെ വാള്‍” ക്ലാസ് മുറിയില്‍ തൂങ്ങിയാടുമ്പൊള്‍...

ദസ്തക്കിര്‍ said...

ഷ്രെക്കിനീക്കുറിച്ചുള്ള കുറിപ്പ് തികച്ചും അവസരോചിതം.ക്ലീഷേഡ് ആയ മുത്തശ്ശിക്കളോടുള്ള കൊഞ്ഞണംകുത്തലിന്റെ മൂന്നുഭാഗങ്ങളും ഗംഭീരമാണ്.

നമ്മുടെ പാഠപുസ്തകങ്ങളും ചരിത്രവും വീരന്മാരാ‍ായ സേനാനികളെക്കുറിച്ച് മാത്രം പഠിപ്പിക്കുന്നതെന്താന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്