Tuesday, December 16, 2008

പ്രാർത്ഥന




വോഡ്കയും, മിരിന്റായും, രാത്രികളും സൃഷ്ടിച്ച്
എന്നെ ആശിർവദിച്ച കരുണാമയനായ
ദൈവമേ, എന്തിനാണ് നീ
കൊതുകുകളേയും, പട്ടികളേയും, സന്ധ്യകളേയും സൃഷ്ടിച്ചത്?

Saturday, December 13, 2008

രാ(യ)തി

© media.collegepublisher.com
രാ(യ)തി
I.
എന്നൊക്കെ ദൈവികമായി വിലപിക്കണമെന്നായിരുന്നു
വാസ്തവം പറഞ്ഞാല്‍ ആഗ്രഹം
(പക്ഷേ കൂകുന്ന കുക്കര്‍, കുറുകുന്ന ഫ്രയിംഗ്‌പാന്‍
മൂളുന്ന ഫാന്‍, മുറുകുന്ന വള്ളിച്ചെരുപ്പ്
)
എന്റെ കരിഞ്ഞ ഉപ്പുമാവേ, എന്റെ തിളച്ചുമറിഞ്ഞ പാലേ,
എന്റെ തുന്നിക്കൂട്ടിയ വള്ളിച്ചെരുപ്പേ!
എന്നെല്ലാമായത് ആരുടെ കുറ്റംകൊണ്ടാണ്‌?
(തിരക്കാണ്‌...ഒന്നു മുഖം കാണാന്‍ പോലുമാകാത്തവിധം
തിരക്കോടുതിരക്ക്...എനിക്കും അവനും
)

II.
ആ തിരക്കുകളില്‍ നിന്ന് ഓടിക്കയറിയ
അമിതമായ തിരക്കുള്ള ബസില്‍ വെച്ച്
അറിയാതെ വന്നൊരു മിസ്ഡ്‌കോള്
‍അറിഞ്ഞുമുട്ടുന്ന കൈകള്‍
(മൂറിന്‍‌തൈലവും, മുന്തിരിവള്ളികളുടെ മണവും,
രക്താംബരവും, വെള്ളികെട്ടിയ പല്ലക്കും...
കളവാണ്‌, സര്‍‌വ്വത്ര കളവ്
എഞ്ചിനോയിലിന്റെ, ആൾക്കൂട്ടവിയർപ്പിന്റെ,
മീൻ‌കുട്ടകളുടെ, മുടിനനയ്ക്കാത്തവരുടെ
കലർന്നുകെട്ട മണം)

III.
ആ വിധം തിരക്കുള്ള വാഹനത്തിൽ
ഉടലമർത്തപ്പെടുമ്പോൾ
ഒരു അശ്ലീല എസ്.എം.എസ് വന്നുവിളിച്ചത്
കോമ്പല്ലുകൾ കൂട്ടിയിറുമ്മുന്ന ശബ്ദത്തിലാണ്.
"മരിച്ചു നരകത്തിലെത്തിയ ഡ്രാക്കുളയുടെ
അടുത്ത ജന്മത്തിലെ ആഗ്രഹങ്ങള്
‍ചോരകുടിയ്ക്കണം,ചിറകുവേണം,പെണ്ണരികില്‍ കിടക്കണം..
ദൈവം കരുണാമയനും, കാര്‍മേഘവര്‍ണ്ണനും മാത്രമല്ല
ഒന്നാന്തരം കുത്സിതവൃത്തിക്കാരനും, കുതന്ത്രക്കാരനുമാണ്‌
പാവം ഡ്രാക്കുളയുടെ പുനര്‍ജന്മം
വിസ്പര്‍ അള്‍ട്രാ വിത് വിംഗ്സ് "

IV.
ഞാന്‍ ലൂസി ജോനാഥൻ
ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് എന്റെ അടുക്കള
നോക്ക്, തിളച്ചുമറിയുന്ന പാലുണ്ടോ...കരിഞ്ഞ ഉപ്പുമാവുണ്ടോ?
കാലില്‍ വള്ളിമുറിഞ്ഞ ചെരുപ്പുണ്ടോ?
എല്ലാം അപ്രത്യക്ഷം! നിങ്ങള്‍ ആശ്ചര്യപ്പെടുന്നു.
(പാചക നുറുങ്ങ്: വെളുത്തുള്ളി ഒഴിവാക്കുക.
അതിന്റെ മണമുള്ളിടങ്ങളില്‍
അവന്‍ പുനര്‍ജനിയ്ക്കില്ല)


* രായതി/റായതി => പ്രേമഭാജനത്തെ സംബോധന ചെയ്യാന്‍ ഉത്തമഗീതത്തില്‍ ‍ ഉപയോഗിച്ചിരിക്കുന്ന ഹീബ്രൂ പദം.

സമർപ്പണം: “ഉത്തമഗീതം പോലെ പ്രണയിക്കണം എന്നായിരുന്നു ആഗ്രഹം. ഇപ്പോൾ ജീവിതം ഉപ്പുമാവ് അടിയ്ക്കുപിടിച്ച പോലെ” എന്നറിയിച്ചവൾക്ക്. അവൾക്കുമാത്രം!

Friday, December 12, 2008

അനുവാര്യർക്ക് അവാർഡ്

ഈ വര്‍‌ഷത്തെ അറ്റ്ലസ്-കൈരളി നോവല്‍ മത്സരത്തില്‍
അനുവാര്യരുടെ സൃഷ്ടിയായ "ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകള്‍"
മികച്ച രണ്ടാമത്തെ നോവലായി തിരഞ്ഞെടുത്ത സന്തോഷ വാര്‍ത്ത അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക

അനുവാര്യർക്ക് (അനിയൻസ്) അവാർഡ്

ഈ വര്‍‌ഷത്തെ അറ്റ്ലസ്-കൈരളി നോവല്‍ മത്സരത്തില്‍
അനുവാര്യരുടെ സൃഷ്ടിയായ "ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകള്‍"
മികച്ച രണ്ടാമത്തെ നോവലായി തിരഞ്ഞെടുത്ത സന്തോഷ വാര്‍ത്ത അറിയിക്കുന്നു.
സുദേഷ് ഘോഷിന്റെ മരണത്തെക്കുറിച്ച് കാമുകിയും,സുഹൃത്തുക്കളും, പരിചയക്കാരും പോലീസുകാരുമെല്ലാം ചേര്‍ന്ന് "പലകഥകള്‍" പറയുന്ന തന്റെ നോവലിനെക്കച്ച്
അനുവാര്യര്‍ പറയുന്നത് ഇങ്ങനെയാണ്‌.


അനുവിനെക്കുറിച്ച്