(മൈക്കിലൂടെ ഒഴുകിവരുന്ന യേശുദാസ് ഭക്തിഗാനമാണ് ശബ്ദപശ്ചാത്തലം)
{
അമ്പലം കമ്മറ്റി ഈയിടെയാണ് മാറിയത് എന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഭക്തിഗാനങ്ങളിലെ ചുവടുമാറ്റം. “ഓടിവരും കണ്ണുകളിലും”യും, “പള്ളിക്കെട്ടും“, “ഗുരുവായൂരമ്പല നടയി”ലും ഒക്കെ നടയ്ക്കുപുറത്ത്; പകരം യേശുദാസ് “സാന്ദ്രാനന്ദാവ ബോധാത്മകം...” പാടുന്നു.പാടത്തെ പണി കഴിഞ്ഞ് അന്തി മോന്താൻ പോകുന്നതിനു മുന്നെയായി അമ്പലക്കുളത്തിലൊരു മുങ്ങലും, നടയ്ക്കൽ നിന്നൊരു നീട്ടിവിളിയും, പ്രാർത്ഥനയും താമുവിന്റെ ശീലമാണ്. ഉപ്പൂറ്റിയ്ക്ക് മുകളിൽ വെള്ളമുള്ള ഏത് ജലാശയത്തേയും ഭയപ്പെടുന്ന ഞാൻ വെള്ളത്തിലേക്കുള്ള താമുവിന്റെ ക്ഷണം ഒഴിവാക്കാനാണ് മറുചോദ്യം ആദ്യമേ എടുത്തിട്ടത്.
“താമൂന് ഈ പാട്ട് കേട്ടിട്ട് എന്തു തോന്നുന്നു”
“എനിക്കൊന്നും മനസിലായില്ല കുട്ട്യേ”
}
രംഗം-2 / കള്ളുഷാപ്പ്
{
ഉറുമ്പുകളും, ഈച്ചകളും ചത്തുപൊന്തി കിടക്കുന്ന മട്ട് മാറ്റി മൂന്നാമത്തെ കുപ്പിയിൽ പിടി മുറുക്കിയിരുന്നു ഞാനും, താമുവും.
“ആനയും, കൊതുകും കൂടെ കല്യാണം കഴിച്ചു. ആന കൊമ്പൻ, കൊതുക് ഒരു അനോഫിലിസ് സുന്ദരിക്കുട്ടി. പക്ഷേ ആദ്യരാത്രി കഴിഞ്ഞ് പിറ്റേന്ന് നേരം വെളുത്തപ്പോൾ കൊതുക് കട്ടിലിൽ ചത്തു കിടക്കുന്നു. കാരണം എന്താണ് താമൂ?”
ലിംഗവലിപ്പം എന്ന ഉത്തരം പച്ചമലയാളത്തിൽ പറയുന്നതിന്റെ അശ്ലീലത ഒഴിവാക്കിക്കൊണ്ട് താമു
“അത് പിന്നെ അങ്ങല്ലല്ലേ വരുള്ളൂ കുട്ട്യേ? ആന കൊതൂന്റെ മോളില് കേറിക്കെടന്നോണ്ടാകും“”
“താമു ഉദ്ദേശിച്ചത് എനിക്ക് മനസിലായി പക്ഷെ അതല്ല കാരണം. ഉത്തരം പറ താമൂ”
“എനിക്ക് അറിയില്ല കുട്ട്യേ”
}
രംഗം-3 / വീട്ടിലേക്കുള്ള ഒറ്റയടിപ്പാത
{
ഇരുളിലൂടെ വേച്ചുവേച്ച് നടക്കുമ്പോൾ ഞങ്ങൾക്ക് എതിരേ വരുന്നയാൾ
“ഇതെന്താ താമൂവേട്ടാ ഇന്ന് ചേലായിട്ടുണ്ടല്ലോ?”
“അല്ല ആരാത്?”
“ഞാനാ താമുവേട്ടാ”
“ആരാ വേണുവാണോടാ? “
“അല്ല രവിയാണ് താമുവേട്ടാ”
“ഇരുട്ടത്ത് പെട്ടെന്നങ്ങട് മനസിലായില്ലടാ. ഇന്ന് ഈ കുട്ടീടെ നിർബ്ബന്ധം കൊണ്ട് ലേശം അതികായി.“
}
അപ്പോൾ പറഞ്ഞുവരുന്നതെന്തെന്നാൽ...
അറിയില്ലായ്മയും, മനസിലാകായ്മയും രണ്ടാണെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. പക്ഷേ, ‘മനസിലാകായ്മ എന്നൊന്നില്ല‘ എന്നത് പലപ്പോഴായി കടുത്ത നിലപാടോടെ വെള്ളെഴുത്ത് ഉയർത്തിക്കൊണ്ട് വരാറുള്ള ഒരു ആശയമാണ്. പോസ്റ്റ്-1 , പോസ്റ്റ്-2 എന്നീ പോസ്റ്റുകളും, തുടർന്ന് വന്ന കമെന്റുകളും ശ്രദ്ധിച്ചാൽ നിഘണ്ടുവിൽ നിന്ന് കാലഹരണപ്പെട്ട ഒരു വാക്കാണ് “മനസിലായില്ല” എന്നതെന്നാണ് നമ്മൾ മനസിലാക്കേണ്ടത്.
സംഗതികളെ ചിരിച്ചു തള്ളാൻ വരട്ടെ. നിഘണ്ടുവിനെക്കുറിച്ച് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതിയ വെള്ളെഴുത്ത് “മനസിലായില്ല” എന്ന പദത്തെ കാള്‍വിന്‍ ശൈലിയില്‍ നിഘണ്ടുവിൽ നിന്ന് നിഷ്ക്കാസനം നടത്തുന്നത് തീർത്തും ഏകപക്ഷീയമായ വാദത്താലാണ്. “എല്ലാം ലളിതമല്ല, ലോകം സങ്കീർണ്ണമയമാണ്“ / "ലളിതം എന്നത് എന്താണെന്ന് നിര്വചിക്കേണ്ടി വരും അതു ബുദ്ധിമുട്ടാണോ അല്ലയോ എന്നു തിരിച്ചറിയാന്‍" എന്നീ മുഖവുര അദ്ദേഹം നൽകുന്നുണ്ടെങ്കിലും - കെ.പി.എ.സി ലളിതയുടെ അഭിനയലാളിത്യത്തേക്കാൾ - ‘ലളിത‘മായ ലോജിക് വെച്ചാണ് “മനസിലാകാത്തവരുടെ സംഘത്തെ” വെള്ളെഴുത്ത് മൌലികവാദികളും, വൈവിധ്യത്തെ അംഗീകരിക്കാൻ മടിക്കുന്നവരും, സർവ്വോപരി വായിച്ചതിനെ “ഇല്ലാതാക്കാൻ” ബോധപൂർവ്വമായി നടത്തുന്ന ഇടപാടുകാരുടെ ഉപജാപ സംഘമായും ചിത്രീകരിക്കുന്നത്.
“നിങ്ങൾ ഇസ്ലാമാണ്
ഇസ്ലാമിൽ കൂടുതലും തീവ്രവാദികളാണ്
അതിനാൽ നിങ്ങളും തീവ്രവാദിയാണ്”
എന്നതിനോട് നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും ഏതാണ്ട് സർക്കുലാർ തിയറിയുടെ അതുപോലൊരു ലളിതലോജിക്ക് വെച്ചാണ് മനസിലാകാത്തവരുടെ മനശാസ്ത്രം വെള്ളെഴുത്ത് നോക്കിക്കാണുന്നത്.
ഒരു വാക്കിന് തുല്യം ആ വാക്കുമാത്രം എന്ന ആപ്തവാക്യത്തെ മാനിച്ചു കൊണ്ട് പറയട്ടെ; “അറിയില്ല/മനസിലായില്ല/അംഗീകരിക്കുന്നില്ല” എന്നത് വ്യത്യസ്ഥാർത്ഥത്തിൽ തന്നെയാണ് മലയാളി പ്രയോഗിക്കുന്നത്. അജ്ഞാതമായതിനേയോ, അംഗീകരിക്കാൻ മടിയുള്ളതിനേയോ ആണ് ഒരു “മനസിലാകായ്മ“കൊണ്ട് മറയ്ക്കുന്നതെങ്കിൽ പ്രയോഗിച്ചവനെ/ളെ യാഥാസ്തികനെന്നോ, മൌലികവാദിയെന്നോ, വിഢിയെന്നോ ഒക്കെ വിളിക്കാം. മനസിലാകായ്മ “അറിവി“ന്റെ പ്രശ്നമാണെന്നാണ് പോസ്റ്റ് 2ന്റെ കമെന്റുകളിൽ വെള്ളെഴുത്തും, *ഗുപ്തനും സമർത്ഥിക്കുന്നത്. എന്നാൽ പിന്നെ അതൊന്ന് “അറിഞ്ഞിട്ടു” തന്നെ കാര്യം. മുകളിലെ മൂന്ന് രംഗങ്ങളിലേക്ക് മടങ്ങിപ്പോകാം. മൂന്നിലും താമുവിന്റെ “അറിവ്” തന്നെയാണ് പരാമർശവിധേയമാക്കുന്നത്.
രംഗം-1 : ‘മനസിലായില്ല’ => താമുവിന് സംസ്കൃതമോ, മണിപ്രവാളമോ അറിയില്ല, അയാളത് അഭ്യസിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സംസ്കൃതപദങ്ങൾ നിറഞ്ഞ ഭക്തിഗാനം താമുവിന് ആസ്വദിക്കാൻ കഴിയുന്നില്ല.
രംഗം-2 : “അറിയില്ല” => കുസൃതിച്ചോദ്യത്തിന്റെ ഉത്തരം ചോദ്യകർത്താവിന് മാത്രമേ അറിയാവൂ എന്ന് മനസിലാക്കിയ താമു ഉത്തരം തനിയ്ക്കറിയില്ലെന്ന് പറഞ്ഞ് കീഴടങ്ങുന്നു.
രംഗം-3 : “മനസിലായില്ല” => കഴിഞ്ഞ 25 വർഷമായി താമുവിന് രവിയെ അറിയാം. പക്ഷേ ഉള്ളിലെ കള്ളിന്റേയും, ഇരുളിന്റേയും സാന്നിദ്ധ്യം കൊണ്ട് രവിയെ പെട്ടെന്ന് “തിരിച്ചറിയാൻ” താമുവിനായില്ല. എതിരേ വന്ന ആളാകട്ടെ താൻ “രവി” ആണെന്ന് വ്യക്തമാക്കുന്നുമില്ല. പക്ഷെ താമുവിന്റെ ‘മനസി‘ൽ അപ്പോൾ ഒരു അൽഗോരിതം പ്രവർത്തനക്ഷമമാകുന്നുണ്ട്.
1) “താമുവേട്ടാ” എന്ന് തന്നെ സംബോധന ചെയ്യാൻ സാധ്യതയുള്ളവരുടെ വലിയ പട്ടിക.
2) ആ പട്ടികയിൽ / ആ നേരത്ത് / ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളവരെ മാത്രം തിരഞ്ഞെടുത്ത ചെറിയ പട്ടിക.
3) ചെറിയ പട്ടികയിലെ സാധ്യതയുള്ളവരുമായുള്ള ശബ്ദതാരതമ്യത്തിൽ കൂടുതൽ അടുത്തു നിൽക്കുന്ന ‘വേണു‘ എന്ന അനുമാനം / പക്ഷെ ഉറപ്പില്ലാത്തതിനാൽ ‘ആണോടാ?‘ എന്ന സംശയം.
(സംഗതി ചില്ലറ കളിയല്ല; സാധ്യതകളുടേയും, തിരഞ്ഞെടുപ്പുകളുടെയും ഇത്തരം സങ്കീർണ്ണപ്രക്രിയകൾ നടത്തിയിട്ടു തന്നെയാണ് താമു രവിയെ ‘മനസിലാക്കാതിരിക്കു‘ന്നതെന്ന് എന്നെങ്കിലും മനസിലായല്ലോ? ഒരുപക്ഷെ, മനസിലാക്കലോളം തന്നെ സങ്കീര്‍ണ്ണമാണ് മനസിലാകാതിരിക്കലും. )
അറിവ്, തിരിച്ചറിവ് എന്നിവയ്ക്ക് വ്യത്യസ്താർത്ഥങ്ങൾ വെള്ളെഴുത്ത് നൽകുന്നുണ്ടെങ്കിൽ തീർച്ചയായും ആ ആനുകൂല്യം “മനസിലായില്ല” എന്ന് പറയാനുള്ളവരുടെ അവകാശത്തിനും നൽകേണ്ടതാണ്; ചുരുങ്ങിയ പക്ഷം തമസ്ക്കരണാർത്ഥത്തിൽ അത് പ്രയോഗിക്കാത്തവർക്കെതിരെയെങ്കിലും. കാരണം മനസിലായില്ല എന്ന വെളിപ്പെടുത്തൽ എല്ലായ്പ്പോഴും അലസമായ ഒരു ഒഴിഞ്ഞുമാറലോ / ഇല്ലായ്മചെയല്ലോ / അംഗീകരിക്കാൻ മടിക്കലോ അല്ല എന്നെങ്കിലും മനസിലാക്കേണ്ടതുണ്ട്.
“എല്ലാം നിങ്ങൾ മനസിലാക്കിയിരിക്കണം“ എന്ന് പറയുമ്പോൾ -എത്രതന്നെ ഇല്ലെന്ന് ശഠിച്ചാലും - “എല്ലാം നിങ്ങൾ അംഗീകരിക്കണം“ എന്നൊരു ഫാഷിസ്റ്റ് ധ്വനികൂടെ അതിൽ കടന്നുകൂടുന്നുണ്ട്.
എല്ലാം നിങ്ങൾ കേൾക്കണം / എല്ലാം നിങ്ങൾ മനസിലാക്കണം / എല്ലാം നിങ്ങൾ അംഗീകരിക്കണം. സാഹിത്യത്തിലെ മനസിലാകാതിരിക്കലിനെ പ്രതിരോധിക്കാനായി വെള്ളെഴുത്ത് ആശ്രയിക്കുന്ന സങ്കേതം ശാത്രമാണ്. "ശാസ്ത്രം വികസിച്ചെന്നും നാള്‍ക്കുനാള്‍ സങ്കീര്‍ണ്ണമാവുന്നെന്നും നമുക്കറിയാം" എന്ന പരിചയെടുത്ത് അദ്ദേശം ആയിരപ്പടയ്ക്ക് നേരേ നിലകൊള്ളുന്നുണ്ടെങ്കിലും മനസിലാക്കേണ്ട ചിലതുണ്ട് . "ഗണിതശാസ്ത്രം അറിയാത്തവര്‍ക്ക് ഇവിടെ പ്രവേശനമില്ല" എന്ന ബോര്‍ഡ് തൂക്കിയ ശാസ്ത്രജ്ഞര്‍ പോലും ഗണിതശാസ്ത്രം മനസിലാകാത്തവര്‍ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞിട്ടില്ല :) . ശാസ്ത്രത്തിലാണെങ്കില്‍ മനസിലാക്കല്‍ ശരികളിലൂടെ മാത്രമല്ല തെറ്റുകളിലൂടെയുമാണ് നടക്കുന്നത്. നീല്‍സ് ബോറിന്റെ ദ്വിമാന ആറ്റം ഘടന തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ശാസ്ത്രപരിചയം നടത്തുന്ന വിദ്യാര്‍ത്ഥിക്ക് അത് മനസിലാക്കി കൊടുക്കുന്നത്. ആറ്റത്തിന്റെ ത്രിമാന-ഊര്‍ജ്ജ സങ്കീര്‍ണ്ണ സങ്കേതങ്ങള്‍ മനസിലാക്കാന്‍ ആ തെറ്റായ വഴിയിലൂടെയാണ് നീങ്ങേണ്ടത്.
മനസിലാക്കലും, അംഗീകരിക്കലും രണ്ടാണെന്ന മറുവാദം വരാം. ‘മനസിലാക്കി‘യതിനു ശേഷം വേണമെങ്കിൽ മാത്രം ‘ആസ്വദിക്കു’കയോ, ‘അംഗീകരിക്കു‘കയോ ചെയ്താൽ മതിയെന്ന യുക്തിയെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ. മനസിലാകാതിരിക്കലെന്നത് എല്ലായ്പ്പോഴും ആസ്വദിക്കാനോ, അംഗീകരിക്കാനോ പാകപ്പെടും വരെയുള്ള ഒരു "ഇടവേള/താൽക്കാലിക അവസ്ഥ" മാത്രമാകണമെന്നില്ല.
"ചേട്ടന് സൂര്യേടെ ഗജിനി കണ്ടിട്ടുണ്ടോ?"
"അയ്യേ, ഇല്ല... ശേ.."
"എന്നാല്‍ പോട്ടെ അമീര്‍ഖാന്റെ ഗജിനി കണ്ടിട്ടുണ്ടോ?"
"പോ പെണ്ണേ, എനിക്ക് കണ്ട അവന്മാരുടെയൊക്കെ 'ഗജിനി' നോക്കലല്ല പണി."
എന്ന് സുരാജ് വെഞ്ഞാറമൂട് സ്ക്രീനില്‍ തമാശ പറയുമ്പോള്‍ അത് മനസിലാകാതെ മിഴുങ്ങസ്യ ഇരിക്കുന്ന ശുദ്ധഗതിക്കാരെ കണ്ടിട്ടുണ്ട്. അവരാകട്ടെ രണ്ട് ഗജിനിയും കണ്ടിട്ടുമുണ്ട് :)
രംഗം-3 പ്രകാരം ഇരുൾ/കള്ള്/ വേണു-രവി എന്നിവരുടെ ശബ്ദസാദൃശ്യം എന്നിവ സൃഷ്ടിച്ച ഒരു ഇടവേളയിൽ മാത്രമാണ് താമുവിന് രവിയെ മനസിലാകാതിരിക്കുന്നത് എന്ന് സമർത്ഥിക്കുന്ന “സ്ഥലത്തെ പ്രധാന ബ്ലോഗന്മാ“ർക്ക് രംഗം നാലിലേക്ക് സ്വാഗതം.
രംഗം-4 / ഗ്രാമീണ വായനശാല
{
അക്ഷരമറിയാത്ത താമുവിന് ഞാൻ ബഷീറിന്റെ ‘സ്ഥലത്തെ പ്രധാന ദിവ്യൻ‘ വായിച്ചു കേൾപ്പിക്കുന്നു. ഗ്രാമത്തിലെ ആഞ്ഞിലിത്തടി കാണാതായതിനെക്കുറിച്ച് തിരക്കാൻ മാന്ത്രികനായ കണ്ടമ്പറയനെ കാണാൻ പോയി മടങ്ങി വരുകയാണ് ആനവാരി, പൊൻകുരിശ്, മുത്തപ്പ, പോക്കർ തുടങ്ങിയ ബഷീറിയൻ സംഘം. കാണാതായ തടിയെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ടമ്പറയൻ അവർക്കരുളിയ മാന്ത്രിക അടയാളവാക്യം “ഹന്തന്തൊന്ത്” എന്നത് മാത്രമായിരുന്നു. ഒന്നും മനസിലാകാതെ അവർ തിരികെ വരുന്നേരം അവരിലൊരാൾ മാത്രം അത് ‘മനസിലാക്കുന്നു‘
ഹന്തൊന്തൊന്ത് = അതവിടെയുണ്ട് = അത് അവിടെ തന്നെ ഉണ്ട്
ഹന്തൊന്തൊന്ത് = ആഞ്ഞിലിത്തടി അത് കിടന്ന മണ്ണിനടിയിൽ തന്നെ ഉണ്ട്
ഹന്തൊന്തൊന്ത് = ആഞ്ഞിലിത്തടി മോഷ്ടിക്കാൻ ശ്രമിച്ചവർ അത്രയും വലിയ തടി ആരുടേയും കണ്ണിൽ പെടാതെ പെട്ടെന്ന് കടത്തുന്നത് ഒഴിവാക്കാനായി തടി കിടന്നതിന് അടുത്തായി കുഴിയെടുത്ത് മൂടുന്നു.
“അല്ല കുട്ട്യേ, അതെങ്ങന്യാണ് ഹന്തെന്തൊന്ത് എന്ന് പറഞ്ഞാൽ ഇത്രയൊക്കെ മനസിലാകണത്?”
“ഇത് കഥയല്ലേ, കഥയിൽ ചോദ്യമുണ്ടോ താമൂ?”
“അത് ശര്യാണ്. പക്ഷേ ഹന്തൊന്തൊന്ന് എന്ന് കേട്ടപ്പോൾ എനിക്കൊന്നും മനസിലായില്ലെന്റെ കുട്ട്യേ”
}
മനസിലാക്കലുകളുടെ വൈജ്യാത്യത്തെ സാഹിത്യസൂഫി ബഷീർ ഇത്രയേറെ ലളിതമാർന്ന നർമ്മത്താൽ അവതരിപ്പിച്ചിരിക്കുന്നത് നമ്മുടെ വെള്ളെഴുത്തിന് മനസിലാകുമെന്നിരിക്കേ;
മൈ ഡിയർ താമൂ, ഇനി നിങ്ങൾക്ക് ആരുടെ മുഖത്തും നോക്കി ധൈര്യമായി പറയാം
“എനിക്ക് മനസിലായില്ല”
** പോസ്റ്റ് ലെതീഷ് മോഹന്റെ കവിതയെക്കുറിച്ച് വെള്ളെഴുത്ത് എഴുതിയ പഠനത്തെക്കുറിച്ചല്ല , മറിച്ച് വെള്ളെഴുത്തിന്റെ “മനസിലാക്കൽ” നിലപാടുകളെക്കുറിച്ചാണെന്ന് ഓർമ്മപ്പെടുത്തുന്നു.
*** ആ ഇനി കമെന്റുകളാകാം. വായിച്ച ശേഷം ഞാൻ ‘മനസിലാക്കി‘യതനുസരിച്ച് മറുപടി തരും. [ഹാ! അത്രയ്ക്കായോ]
================================
Off.To.
* കവിത മനസിലായില്ലെന്ന് പറഞ്ഞ എസ്. ജെ. ഗ്രാമത്തിനെ രസക്കൂട്ടൊരുക്കുന്നതില്‍ രീതിശാസ്ത്രങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതുകൊണ്ട് / ധ്വന്യാത്മകമായ ജീവന് പരമാത്മാവുപോലെ ഉദാത്തമായ എന്തോ തത്വമല്ല വാക്കുകളുകളുടെ രസതന്ത്രത്തിന്റെ സൃഷ്ടിയാണെന്നുള്ള കാഴ്ചപ്പാടാണ് ആധുനികകവിതയിലെ ഭൌതികവാദം എന്നതുകൊണ്ട് ഉദ്ദേശിച്ചത് / ശരീരം ആത്മാവ് പോലെയുള്ള സമഷ്ടിതത്വങ്ങളില്‍ ഊന്നിയുള്ള ആസ്വാദനം അസാധ്യമാവുന്നു ഇത്തരം പ്രയോഗങ്ങളാൽ ഗുപ്തൻ വശം കെടുത്തുന്നത് കണ്ടപ്പോൾ പെട്ടെന്ന് മനസിലോടിയെത്തിയത് ബ്ലോഗിൽ തന്നെ പലപ്പോഴായി ഉപയോഗിക്കപ്പെട്ട “സന്ദേശം-ആർ.ഡി.പിയുടെ തോൽവി-പ്രതിക്രിയാവാദം-റാഡിക്കലായുള്ള മാറ്റം” തമാശയാണ് :) വായനയ്ക്ക് പരിമിതികളുണ്ട് എന്ന് ഇവിടെ തുറന്ന് സമ്മതിച്ച ഗുപ്തന് തന്നെയാണ് എസ്.ജെ.യെ ഒരുമാതിരി "സന്ദേശം ഉത്തമനെ"പ്പോലെ അടിച്ചിരുന്നത്.
31 comments:
മനസിലാകാത്തത് മനസിലായെന്ന് പറഞ്ഞാൽ മനസിലാകുന്നതും കൂടെ മനസിലാകില്ല...വല്ലതും മനസിലായാ?
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്കെടോ താനാരാണെന്ന്...
താനാരോ തന്നാരോ...
ഞാന്‍ ഓടി....:(:(
ഇപ്പോഴും ഓടിക്കൊണ്ടെയിരിക്കുന്നു...:(:(:(:(
മൊത്തം വായിച്ചില്ല..വായിക്കാം. ആവശ്യമെങ്കില്‍ വിശദമായ മറുപടിയും ഇടാം. പക്ഷെ അവിടെ ലിങ്ക് കണ്ട് ഇവിടെയെത്തുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി
മനസ്സിലാകാത്തത് മനസ്സിലായി എന്ന് പറയണം എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അവിടെ ഒരു കമന്റില്‍ കൃത്യം പറഞ്ഞതുപോലെ അടുത്തകാലത്തും ചിലകവിതകള്‍ മനസ്സിലായില്ല എന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
ദുര്‍ഗ്രാഹ്യത ഒരു ഗൂഢപദ്ധതിയും ജാഡയുമാക്കി ആരോപിക്കുന്നതിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. കുറഞ്ഞപക്ഷം ഞാന്‍ അവിടെ പേരെടുത്തുപറഞ്ഞ കവികളുടെ കാര്യത്തിലെങ്കിലും ആ ആരോപണം തെറ്റാണെന്ന് എനിക്കുറപ്പുണ്ട്. ലാളിത്യവും ജനകീയമായ സ്വീകാര്യതയും കലയുടെയോ സാഹിത്യത്തിന്റെയോ അനിവാര്യമായ (ഡിന്കന്റെ സ്റ്റൈല്‍ അനുസരിച്ച് ആ വാക്കിന് അടിവരയിട്ടോ മുഴപ്പിച്ചോ ചുമപ്പിച്ചോ വായിച്ചോളൂ) അനിവാര്യമായ യോഗ്യത അല്ല എന്നേ ഞാന്‍ വായിച്ചിട്ടുള്ളൂ.
മനസ്സിലാകാത്തകവിത എനിക്ക് മനസ്സിലായില്ല എന്നുതന്നെ പറയും. ആ വാക്ക് ആ രീതിയില്‍ ഞാന്‍ ഉപയോഗിക്കില്ലായിരിക്കാം. മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു എന്ന് എഴുത്തുകാരനെ ബോധ്യപ്പെടുത്താന്‍ ഒരു ചെറിയ ശ്രമമില്ലെങ്കില്‍ കമന്റ് ഇടാതിരിക്കുകയാണ് ഞാന്‍ തെരഞ്ഞെടുകുന്ന വഴി. പക്ഷെ എനിക്ക് മനസ്സിലാകാത്തത് എഴുത്തുകാര്ന്റെ എലീറ്റിസം കൊണ്ടോ എക്സ്ക്ലൂസിവിസം കൊണ്ടോ ആണെന്ന് ഞാന്‍ അരോപിക്കില്ല.
ഡിങ്കന് ..ഡിങ്കനു മാത്രം.
മൊത്തം വായിച്ചു. അവിടെ ഗ്രാമത്ത് ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടിയേ ഞാന്‍ പറഞ്ഞുള്ളൂ. ആദ്യം ഇട്ട മറുപടി താത്വികമാണെന്ന് തോന്നിയതുകൊണ്ട് (അങ്ങനെ തോന്നാനുള്ള കാരണം ഗ്രാമത്ത് അത്തരം ഒരുത്തരം പ്രതീക്ഷിച്ചിരുന്നില്ല എന്നത് മാത്രമാണ്. അത് മാത്രം) രണ്ടാമത് അത് എനിക്കറിയാവുന്ന ഏറ്റവും ലളിതമായ ഭാഷയില്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. മോന് അവിടെപ്പോയി ഗ്രാമത്തിന്റെ കമന്റുകളില്‍ കവിതക്കെതിരെ വന്ന ആരോപണങ്ങളും ലതീഷിന്റെ ബ്ലോഗില്‍ കവിതക്ക് നാലുവച്ച് വരുന്ന ദുര്‍ഗ്രാഹ്യത ആരോപിച്ചുള്ള കമന്റുകളും ചേര്‍ത്ത് എന്റെ കമന്റ് കോണ്ട്ക്സ്ച്വലൈസ് ചെയ്യ്. മേമ്പൊടിയായിട്ട് മുകളില്‍ എഴുതിയതു ഇന്നു കിടക്കുന്നതിനു മുന്നേ മൂന്നുതവണ വായിച്ചോളൂ. കുഴപ്പം മാറിക്കിട്ടും.
അറിവില്ലാത്തത് ആരുടെയും കുറ്റമല്ല. പക്ഷെ വായനക്കാരന് വായനക്കുള്ള ഒരുക്കം വേണം എന്ന് ആവശ്യപ്പെടുന്നതും കുറ്റമല്ല. അവനവന്റെ ഒരുക്കത്തിന് അനുസരിച്ചുള്ള വായന തെരഞ്ഞെടുക്കാനുള്ള വിവേകം വായനക്കാരന് കാണിച്ചേ പറ്റൂ. അറ്റോമിക് ഫിസിക്സിന്റെ തീസിസ് എടുത്തുവായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല. ഇതു എഴുതിയവന് അഹങ്കാരമാണ് ഗൂഢപദ്ധതിയാണ് എന്ന് നിലവിളിച്ചാല്‍ അത് മണ്ടത്തരമാണെന്ന് ഏത് ഡിങ്കനും മനസ്സിലാവും. സാഹിത്യത്തിന്റേത് ഒരു വ്യത്യസ്ത ഭൂമികയാണെന്ന് സമ്മതിച്ചാല്‍ തന്നെയും സാഹിത്യകാരന് എഴുതുന്നതൊക്കെ എല്ലാവര്ക്കും ലളിതമായ ഒരു സന്ദേശം കൊടുക്കുന്നതാവണം എന്ന ക്ലാസിക്കല്‍ ദുര്‍വാശിയെ പ്രതിരോധിക്കേണ്ടത് നല്ല എഴുത്തും വായനയും ഇഷ്ടപ്പെടുന്നവരുടെ കടമയാണ് എന്ന് എനിക്കുറപ്പുണ്ട്. അത്തരം ഒരു ദുര്‍വാശി ഒരുപ്രചരണ പദ്ധതിയായി മാറുന്നത് ബ്ലോഗില്‍ കാണുന്നുമുണ്ട്. പല മനസ്സിലായില്ലകളും അത്തരം ഒരുപദ്ധതിയുടെ ഭാഗമായിട്ടാണ് പ്രത്യക്ഷപ്പെടുന്നതും.
വായിക്കാനുള്ള ശ്രമം നടത്തുന്ന-- അതില്‍ പലസാഹചര്യങ്ങള്‍ കൊണ്ട് പരാജയപ്പെടാന്‍ ഇടയുള്ള-- വായനകാരനെ മനസ്സിലായില്ല ഒരു പ്രതിരോധമായി സ്വീകരിക്കുന്ന ഇള്ളക്കുട്ടിയില് നിന്ന് തിരിച്ചറിയാനുള്ള ബുദ്ധി വെള്ളെഴുത്ത് ബ്ലോഗ് വായിക്കുന്നവര്ക്കുണ്ടെന്ന് വിചാരിച്ചാവണം വെള്ളെഴുത്ത് എവിഡന്‍സ് നമ്പര്‍ വണും എവിഡന്‍സ് നമ്പര്‍ ടൂവും എഴുതിയതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് ശരിയാവണമെന്ന വാശിയൊന്നും ഇല്ല. :)
മനസ്സിലായി എന്നു പറയാന്‍ എന്തെല്ലാം പ്രക്രിയകള്‍ തലച്ചോറില്‍ നടക്കണോ, അത്രയും പ്രക്രിയകള്‍ക്കു ശേഷമേ മനസ്സിലായില്ല എന്നു പറയാന്‍ സാധിക്കൂ എന്നു മനസ്സിലായി.
നന്ദി, ഈ വിശദീകരണത്തിന്.
ഒന്നുകൂടി.. മനസ്സിലാകാത്തത് അറിവിന്റെ പ്രശ്നമാണെന്നല്ല ശീലങ്ങളുടെ പ്ര്ശനമാണെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. ആ വാദത്തില്‍ ഉറച്ചു നില്ക്കുന്നു. മറുവാദമുണ്ടെങ്കില്‍ ആവാം :)
മുഴുവനും മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ മനസ്സിലായി. :)
ഗുപ്തന്,
** പോസ്റ്റ് ലെതീഷ് മോഹന്റെ കവിതയെക്കുറിച്ച് വെള്ളെഴുത്ത് എഴുതിയ പഠനത്തെക്കുറിച്ചല്ല , മറിച്ച് വെള്ളെഴുത്തിന്റെ “മനസിലാക്കൽ” നിലപാടുകളെക്കുറിച്ചാണെന്ന് ഓർമ്മപ്പെടുത്തുന്നു.
എന്നൊരു ഡിസ്ക്ലൈമര്‍ പോസ്റ്റില്‍ പതിച്ചിരുന്നു. പോസ്റ്റില്‍ ഞാന്‍ പരാമര്‍ശവിധേയമാക്കിയത് മനസിലാക്കല്‍,മനസിലാകായ്മ എന്നിവയെക്കുറിച്ചാണ്. "മനസ്സിലാക്കല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സങ്കല്‍പ്പമാണ്" എന്ന് തുടങ്ങിയാണ് വെള്ളേഴുത്ത് കമെന്റില്‍ സംവാദം തുടങ്ങുന്നത് തന്നെ. അതായത് ഒരാള്‍ പറയുന്നത്[മനസിലാകായ്മയെക്കുറിച്ച്] എല്ലാം തെറ്റാണെന്ന് മുന്‍കൂര്‍ പ്രഖ്യാപനം നടത്തിയതിനുശേഷമാണ് അതിനെതിരേ പ്രതികരിക്കുന്നതെന്നത് നിഷേധാത്മകമായ നിലപാടാണെന്നാണ് എനിക്ക് തോന്നിയത്. വെള്ളയുടെ പല പോസ്റ്റുകളിലും, കമെന്റുകളിലും വായനക്കാരന് ഒരു മിനിമമൊരു "നിര്‍ബ്ബന്ധിച്ച മനസില്ലാക്കല്" എങ്കിലും നടത്തിയിരിക്കണമെന്ന ധ്വനി പലപ്പൊഴും എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്, അതിനോടാണ് പ്രതികരിച്ചതും.
ദുര്‍ഗ്രാഹ്യത ഒരു ഗൂഢപദ്ധതിയും ജാഡയുമാക്കി ആരോപിക്കുന്നവര്‍ ഉണ്ടാകാം ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേപോസ്റ്റില് തന്നെ പറഞ്ഞ സര്‍ക്കുലാര്‍ തിയറി അനുസരിച്ച് മനസിലാകാത്ത എല്ലാവരേയും ആ ജനുസില്‍ പെടുത്തുകയുമരുത്.
രാജി ചന്ദ്രശേഖര്‍ കമെന്റിയത് കണ്ടില്ലേ? ആത്മാര്‍ത്ഥമായി 'മനസിലായില്ല" എന്ന് പരയുന്നതിലും സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ ഉണ്ടെന്നും, അത് വെറും ഒഴിവുകഴിവിന്റേയോ, തമസ്ക്കരണത്തിന്റേയോ ഉപായമല്ലെന്നും വ്യക്തമാക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.
മനസ്സിലാകാത്തത് അറിവിന്റെ പ്രശ്നമാണെന്നല്ല ശീലങ്ങളുടെ പ്ര്ശനമാണെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അതിലാണ് യോജിപ്പും, വിയോജിപ്പുള്ളത്. മനസിലാക്കല്‍ ശീലങ്ങളുടെയും പ്രശ്നമാണ് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാം.
ഉദാ. ഗുപ്തന്റെ തനെന് കമെന്റില്‍ "... അത് മണ്ടത്തരമാണെന്ന് ഏത് ഡിങ്കനും മനസ്സിലാവും."
എന്ന് എന്റെ ശീലങ്ങള്‍ക്കനുസരിച്ച് ഞാന്‍ വായിച്ചു മനസിലാക്കുന്നത് (ഗുപ്തന് പറഞ്ഞതിന്റെ ശൈലിയില്‍)
"... അത് മണ്ടത്തരമാണെന്ന് ഏത് മണ്ടനും/പട്ടിയ്ക്കും/നായിന്റെ മോനും മനസ്സിലാവും."ഇവിടെ മനസിലാക്കല്‍ ശീലങ്ങളുടേത് തന്നെ... പക്ഷെ, എല്ലായ്പ്പോഴും അത് ശീലങ്ങളുടെ മാത്രം പ്രശ്നമല്ലെന്ന് പോസ്റ്റിലെ ഉദാഹരണങ്ങളില്‍ നിന്ന് ഗുപ്തന് വ്യക്തമല്ലേ?
ഗുപ്തനെ പറ്റി പൊസ്റ്റില്‍ പരാമര്‍ശിച്ചത് "Off.To" എന്ന സബ്ടൈറ്റിലിനു ശേഷമാകണമെന്ന് വിചാരിച്ചിരുന്നതാണ് പോസ്റ്റ് ചെയ്യുമ്പോല്‍ വിട്ടുപോയി. തിരുത്താം.
ഹലി ഹലിയോ ഹലി ഹുലാലോ...
ചർച്ച തുടരട്ടെ... വീണ്ടും ഇങ്ങു വന്നേക്കാം...
ട്രാക്ക്...
‘മനസ്സിലാക്കുക’ എന്ന ആശയം തന്നെ തെറ്റാണെന്ന് കുന്ദേരയെ വിശദീകരിച്ചുകൊണ്ട് ഞാന്‍ മുന്‍പ് ഒരു പോസ്റ്റിട്ടിരുന്നു.
വായനക്കാരന്റെ പക്ഷത്തു നിന്നുള്ള നിരൂപണസമ്പ്രദായങ്ങള് ഒരു കാര്യം നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്, കൃതിയല്ല നിങ്ങളെ എന്തെങ്കിലും മനസ്സിലാക്കിക്കുന്നത്, നിങ്ങളുടെ സാംസ്കാരികപശ്ചാത്തലമാണ്.
അറിയില്ലെന്നോ മനസ്സിലായില്ലെന്നോ ഉള്ള ഒരു തുറന്നു പറയലിനും ഞാന്‍ എതിരല്ല. അങ്ങനെ പറയാന്‍ പാടില്ലെന്ന് ഞാന്‍ ഒരിടത്തും വാദിച്ചിട്ടില്ല. അല്ലെങ്കില്‍ അങ്ങനെ പറഞ്ഞ് ആചാര്യന് ചമയാന്‍ എനിക്കെന്തു കോപ്പാണ് അറിയാവുന്നത്? (അപ്പോള്‍ എന്തു ഫാസിസം?)എന്നാല്‍ ‘എനിക്കു മനസ്സിലാവാത്തതെല്ലാം ശരിയല്ലെന്ന‘ നിലപാട്- മറ്റൊരു തരത്തില്‍ എനിക്കു മനസ്സിലാവുന്നതു മാത്രമേ ശരിയാവൂ എന്ന നിലപാട് -എതിര്‍ക്കപ്പെടേണ്ടതാണ് എന്നാണ് വാദിച്ചത്. (ഗുപ്തനും ഉദാഹരണങ്ങളോടേ ഇതിനെയാണ് എതിര്‍ത്തത്. അതൊരു നല്ല ചര്‍ച്ചയായാണ് എനിക്കു തോന്നിയത്.) കാരണം അജ്ഞതയില്‍ വല്ലാതെ അഭിരമിക്കുന്ന മനോഭാവം ഒരു തരം ആത്മരതിയാണ്.കൂടുതല്‍ ഒന്നും ‘മനസ്സിലാക്കാന്‍’ എനിക്കു താത്പര്യമില്ലെന്ന ഉദാസീനതയാണ് അതിനു ജീവന് നല്‍കുന്നത്. ആ മനോഭാവത്തെ വിമര്‍ശിക്കുന്നത് ഏതു കലാസൃഷ്ടിയിലും വിദ്യാഭ്യാസത്തിന്റെ ഒരു എലിമെന്റ്റ് ഉണ്ടെന്ന് വച്ചിട്ടാണ്. അലസമായ വായന തട്ടി നീക്കുന്നത് ആ എലിമെന്റിനെയാണ്. സൌന്ദര്യബോധം വികസിക്കണമെങ്കിലും മറ്റെന്തിലുമെന്നപോലെ അനുശീലനത്തിന്റെ ആവശ്യമുണ്ട്. അതേസമയം ‘അതെനിക്കറിയില്ലെന്ന’ വാക്യം ഏറ്റവുമധികം (പബ്ലിക്കായി) ഉപയോഗിച്ചിട്ടുള്ളത് ഒരു പക്ഷേ ഇ എം എസ് ആയിരിക്കും ( റ്റി റ്റി ശ്രീകുമാറിന്റെ ലേഖനം) ആ അറിവില്ലായ്മ/ മനസ്സിലാകായ്ക/ അറിഞ്ഞുകൊണ്ടു തന്നെയുള്ള തുറന്നു പറച്ചില് പ്രത്യയശാസ്ത്രപരമാണ്. അപ്പോള്‍ അങ്ങെനെയൊക്കെ ചിലതുണ്ട്..
ഒരൂട്ടം ചോദിക്കാന്‍ വിട്ടുപോയി..ഈ ഗജിനി എന്നുവച്ചാലെന്തുവാ? :)
വായനക്കാരന് മനസ്സിലാകരുത് എന്ന് കരുതിക്കൂട്ടി എഴുതുന്നതിനേ ഞാന്‍ കുഴപ്പം കാണുന്നുള്ളൂ. ബാക്കിയുള്ള ‘മനസ്സിലാക്കല്‍’ എല്ലാം ആപേക്ഷികമാണെന്ന് തോന്നുന്നു.
ഹൈ ആറ്ട്ടിനപ്പുറം പല ഡിസിപ്ലിനുകളിലേയ്ക്കും വ്യാപിയ്ക്കുന്ന വളരെ കോറ് ആയ ഒരു വിഷയത്തിലാൺ ചറ്ച്ച നടക്കുന്നത്. മലയാളം ബ്ലോഗ്ഗിങ്ങിൽ ഇത്തരത്തിലുള്ള അടിസ്ഥാനസൈദ്ധാന്തികപ്രശ്നങ്ങളും പാരഡോക്സുകളുമൊക്കെ കൂടെക്കൂടെ ചറ്ച്ചയ്ക്കുവരുന്നതിൽ സന്തോഷമുണ്ട്. അടുത്തിടെ വെള്ളെഴുത്ത് മുന്നോട്ട് വെച്ച് ന്യൂനപക്ഷ ഭാഷകളുടെ നിലനിൽപ്പ് എന്ന വിഷയം ഇലക്ഷൻ വന്നു ചാടിയതുകാരണമാകാം അത്രയ്ക്കങ്ങ് കൊഴുത്തില്ല.
ഹ്യൂമൻ കമ്പ്യൂട്ടറ് ഇന്റരാക്ഷൻ - യൂസബിലിറ്റി മേഖലയിൽ വളരെ സമാന്തരമായ ഒരു വിവാദം നടന്നിട്ടുണ്ട്/നടക്കുന്നുണ്ട്. മനസ്സിലാക്കൽ അഥവാ ലേണിങ് തന്നെയായിരുന്നു വിവാദവിഷയം. ഉപഭോക്താവിൻ മനസ്സിലാവും അല്ലെങ്കിൽ പരിചിതമാൺ എന്ന് ശാസ്ത്രീയമായി സ്ഥാപിയ്ക്കാനാവാത്തതൊന്നും (ഇന്ററ്ഫെയ്സ്)ഡിസൈനിൽ പാടില്ലെന്ന് യൂസബിലിറ്റി പക്ഷം. മനസ്സിലാവാത്തതിനെ മനസ്സിലാക്കാൻ യൂസറെ പഠിപ്പിയ്ക്കാതിരുന്നാൽ യൂസറ്ക്ക് മുന്നില്‍ പുതിയ കാര്യങ്ങൾ അവതരിപ്പിച്ച് കാര്യങ്ങളെ ഇന്നൊവേറ്റ് ചെയ്തുകൊണ്ടിരിയ്ക്കുക എന്ന ഡിസൈനിന്റെ സവിശേഷസിദ്ധി എന്നെന്നേയ്ക്കുമായി മരിച്ചുപോകുമെന്ന് ഡിസൈൻ പക്ഷം.
എല്ലാവരും വായിക്കണമെന്ന് നിറ്ബന്ധമില്ല എന്ന് വീകേയെൻ പറഞ്ഞിട്ടുണ്ട്. സിനിമ കാഴ്ചക്കാരനനുസരിച്ച് താഴേയ്ക്കുപോകുന്നതിനുപകരം തങ്ങൾക്കനുസരിച്ച് കാഴ്ചക്കാരനെ ഉയറ്ത്തിക്കൊണ്ടുവരുന്നതിൽ വിജയിക്കുമ്പോൾ മാത്രമേ സിനിമയ്ക്ക് ഭാവിയുള്ളൂ എന്ന് പറഞ്ഞത് മമ്മൂട്ടിയാൺ. താൻ ഒരു സ്പെസിഫിക് കംയൂണിറ്റിയെ(മാത്രം) ഉദ്ധേശിച്ചാൺ വരയ്ക്കുന്നതെന്നും മറ്റുള്ളവർ എന്തുമനസ്സിലാക്കുന്നു എന്നതിൽ കാര്യമില്ലെന്നും ഉള്ള മട്ടിൽ പികാസ്സോ പ്രസിദ്ധമായി പറഞ്ഞിട്ടുണ്ട് .ഹൈ ആറ്ട് പൊതുവിൽ ഉയറ്ന്ന ഗ്രഹണശേഷിയുള്ളവരെ ഉദ്ധേശിച്ച് സാമാന്യമായി താണ സംവേദനശേഷിയുള്ള സൃഷ്ടികളെ അവതരിപ്പിയ്ക്കുന്നതരം പ്രസ്ഥാനമാൺ.(ഇതിന്റെ തലകുത്തനെയുള്ള മാതൃകയാൺ പോപ് ആറ്ട്ടിൽ) ഇപ്പറഞ്ഞ സംവേദനമാതൃകതന്നെയാണല്ലോ ഗണിതത്തിലോ ഭൌതികശാസ്ത്രത്തിലോ ഉള്ള ഒരു ലേഖനവും അനുവറ്ത്തിയ്ക്കുന്നത്. അപ്പോൾ അത്തരം വിഷയങ്ങളിൽ മനസ്സിലായില്ല എന്നു പറയുന്നവരുടെ എണ്ണം കൂടുതലായിരിയ്ക്കും. അത് കേവലമായ ഒരു സ്വാഭാവികതമാത്രമാൺ. ശാസ്ത്ര/ഗണിത പോസ്റ്റുകൾ ഇടുന്ന ഉമേഷ്ജിയ്ക്ക് ‘മനസ്സിലായില്ല‘ എന്ന കമന്റുകൾ ധാരാളം കിട്ടണം. അതിൽ അസ്വാഭാവികമായി ഒന്നുമില്ല.
ഗുരുകുലത്തിലെ പോസ്റ്റുകളെ ജാഡ / ഫോഴ്സ്ഡ് കോമ്പ്ലെക്സിറ്റി എന്ന് ആരും വിളിയ്ക്കാത്തപ്പോൾ ലതീഷിന്റെ പോസ്റ്റുകളെക്കുറിച്ച് അങ്ങനെ പറയാൻ ആരെങ്കിലും മുതിരുന്നുണ്ടെങ്കിൽ എന്തുകൊണ്ട് എന്നതാൺ ചോദ്യത്തിന്റെ രണ്ടാം ഭാഗം. കമന്റുമുറിയ്ക്കാനായി അതിനെക്കുറിച്ച് വേറൊരു കമന്റ്സ് കമിങ്ങ്സ്.
ലതീഷ് അടക്കമുള്ള ദുർഗ്രാഹ്യത ആരോപിയ്ക്കപ്പെടുന്ന കലാകാരന്മാരുടെ കലയെക്കുറിച്ച് മൂന്ന് തരത്തിലുള്ള ആരോപണങ്ങൾ/വിശദീകരണങ്ങൾ ഉണ്ടാവാം:
1. ഇത്തരത്തിലുള്ള കല നിലവിലുള്ള സമ്പ്രദായങ്ങളെ തച്ചുടയ്ക്കുന്ന രീതിയിൽ പരിഷ്കാരോന്മുഖം/പരീക്ഷ്ണോന്മുഖം ആവുമ്പോൾ വരുന്ന അപരിചിതത്വമാൺ താൽകാലികമായ ദുർഗ്രാഹ്യതയ്ക്കു കാരണം. വായനക്കാരന്റെ ഗ്രഹണശീലം നവീകരിയ്ക്കപ്പെടുന്നതിനനുസരിച്ച് ഈ ദുർഗ്രാഹ്യത ഉരുകിപ്പോകുകയും പുതിയ രചനാസമ്പ്രദായങ്ങൾ നിലവിൽ വരുകയും ചെയ്യും.
2. കലാകാരന്റെ സംവേദനവൈദഗ്ദ്യത്തിലെ പോരായ്മകളാൺ ദുർഗ്രാഹ്യതയ്ക്ക് നിദാനം. ഉദ്ധേശിയ്ക്കുന്ന കാര്യം പറഞ്ഞു മനസ്സിലാക്കുന്ന സാങ്കേതികവൈദഗ്ദ്യത്തിന്റെ കാര്യത്തിൽ കലാകരൻ ഇനിയും പുരോഗമിയ്ക്കേണ്ടതുണ്ട്.
3. കലയ്ക്ക് ഇല്ലാത്ത ആഴവും കനവും ഉണ്ട് എന്നുവരുത്താൻ കലാകാരൻ കലയെ കൽപ്പിച്ചുകൂട്ടി സങ്കീറ്ണ്ണമാക്കുകയാൺ. ഇതേ കാര്യം ഇതിലും ലളിതമായി പറയാമായിരുന്നു.
ഇതിൽ ഏതാൺ ശരി എന്നത് വ്യക്തിപരമായ കാഴ്ചപ്പാട് ആയിരിയ്ക്കും. ഇനി ‘എനിയ്ക്ക് മനസ്സിലാവുന്നില്ല, എന്തുകൊണ്ടാണെന്നറിയില്ല‘ എന്ന് അസ്സസ്സ് ചെയ്യുന്ന ഒരു വിഭാഗവുമുണ്ടാവാം. ഏതായാലും തന്റെ കലയെ തിരിച്ചറിയുന്നതായ ആരോഗ്യകരമായ ഒരു എണ്ണം വായനക്കാരുടെ കൂട്ടത്തെ സൃഷ്ടിയ്ക്കുന്നതിൽ അറിഞ്ഞുകൊണ്ടോ അറിയാതെയോ കലാകാരൻ വിജയിക്കുമ്പോൾ മാത്രമാൺ അയാളുടെ കല വിജയിക്കുന്നത് എന്ന സാമാന്യതത്വത്തിൽ തറ്ക്കമൊന്നുമില്ല. ചിലറ് അത് വളരെ കാൽകുലേറ്റീവ് ആയി നേടിയെടുക്കും. വേറെ ചിലരുടെ കാര്യത്തിൽ കാര്യമായ ശ്രമമൊന്നുമില്ലാതെത്തന്നെ അങ്ങിനെ സംഭവിയ്ക്കുകയും ചെയ്യും.
ഏതാണ്ടൊക്കെ മനസ്സിലായി വരുന്നു..
...വായനക്കാരനു അപ്രാപ്യമാകണമെന്നോ തന്റെ ഭാഷ പാണ്ടിത്യം പ്രകടമാക്കണമെന്നോ
ഉള്ള ബോധ പൂര്‍വ്വമായ ശ്രമങ്ങളില്ലാതെ കടന്നു വരുന്ന ദുര്ഗ്രാഹ്യതകളെ
സ്വാഭാവികമായി കാണാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞാല്‍ പ്രശ്നം തീര്‍ന്നു..
ഒരേ അര്‍ത്ഥമുള്ള ഒരു വാക്കു മാത്രം പോരേ ഭാഷയില്‍?പൂച്ച ചാവുന്നതും മഹാത്മാഗാന്ധി ഇഹലോകവാസം വെടിയുന്നതും തമ്മില്‍ എന്തോന്നിത്ര വ്യത്യാസം?രണ്ടിനും സിമ്പിളായി ചത്തു എന്നു പറഞ്ഞാപ്പോരേ? മരിച്ചു, അന്തരിച്ചു,നിര്യാതനായി, ഇഹലോകവാസം വെടിഞ്ഞു, ദേഹാന്തനായി, സമാധിയായി.... എന്നിങ്ങനെ മനുഷ്യനെ മെനെക്കെടുത്തുന്നതിനായി ഒരായിരം വാക്കുണ്ടാക്കി വെക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. എന്തിന് കാപ്പിലാന്റെ കവിതാ സമാഹാരം പോലും എനിക്കു വായിച്ചിട്ട് ഒരു വഹ മനസ്സിലായില്ല. ഏതായാലും ചര്‍ച്ച നടക്കട്ട്
enikkonnum manassilayilla..
tsop diputs
മനസ്സിലാകായ്കയും അറിയായ്കയും മലയാളത്തിൽ വ്യത്യസ്തം തന്നെ.
"എനിക്കറിയില്ല" = I don't have the factual knowledge about the statement
"എനിക്ക് മനസ്സിലായില്ല" = The statement misses logical integrity
factual knowledge-ഉം logical integrity യും ഒന്നല്ല എന്നതുകൊണ്ട് തന്നെ അറിയായ്കയും മനസ്സിലാകായ്കതും ഒന്നല്ല.
ഒരു പുതു ബ്ലോഗ്ഗര്‍ ചാറ്റിലൂടെ
‘ഹായ് കുഞ്ഞേട്ടാ‘... ( ഇതാരടപ്പാ ??)
ഇങ്ങനെ ഒരു ചാറ്റ് ലൈന്‍ വരുമ്പോള്‍..
‘മാഷെ മനസ്സിലായില്ലാട്ടൊ‘(ഇവിടെ നിങ്ങളെ എന്നതു വ്യഗ്യം) എന്നു പറയുന്നതും ‘ മാഷെ എനിക്കറിയില്ലല്ലൊ എന്നു പറയുന്നതും ധ്വനിയില്‍ വ്യത്യാസമുണ്ട്. ആദ്യത്തേതില്‍ അറിവില്ലായ്മയോടൊപ്പം ഒരു ബഹുമാനവും ചേര്‍ക്കുന്നു. എന്നാല്‍ രണ്ടാമത്തേതില്‍ ഒരു അസഹിഷ്ണുതയും ഞാനെന്ന ഭാവവും ചേരുന്നു...
എന്നാലും ഡിങ്കന്സിനെ വായിക്കുമ്പോള്‍ മനസ്സിലായ്മ ഉണ്ടാകുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ഒരേ സമയം ആലോചിച്ച് കണ്ടെത്തെപ്പെടുന്നുവെന്നത് ഈ അറിവിലൂടെ മനസ്സിലായി..!
“To realize that you do not understand is a virtue; Not to realize that you do not understand is a defect.”
- Lao Tzu
ഡിങ്കന് കഥയിത്രയും ആയില്ലേ ഗ്രാമത്ത് ഇവിടെ ഇട്ട കമന്റിന് എന്ത് മറുപടി കൊടുക്കും എന്ന് അറിയാന്‍ താല്പര്യമുണ്ട്.
പ്രത്യേകിച്ച് ഈ ഭാഗം
ലളിതമായി എഴുതാന്‍ തന്നെയാണ് ബുദ്ധിമുട്ട്. അതിന്` കഴിയാത്തവര്‍ സ്വയം ആകാശത്തെങ്ങോ പ്രതിഷ്ഠിച്ച്, കൂടെ കുറേ ശിങ്കിടികളേയും കൂട്ടി പാവം വായനക്കാരന്റെ നെന്ചത്ത് കുതിര കയറുകയല്ല വേണ്ടത്.
പിന്നെ , മനസ്സിലാക്കലിനെക്കുറിച്ചുള്ള വെള്ളെഴുത്തിന്റെ ലേഖനം ഞാന്‍ വായിച്ചിരുന്നു. എന്തൊക്കെയോ പഴുതുകള്‍ അടയ്ക്കാന്‍ അല്ലെങ്കില്‍ ആരെയൊക്കെയോ സംരക്ഷിക്കാന്‍ വേണ്ടി എഴുതിയതാണതെന്ന് തോന്നിപ്പോയി. എനിക്കതിനൊന്നും നേരമില്ല എന്ന് ഒരു മറുപടിക്കുള്ള സാധ്യതകള്‍ തള്ളിക്കളയാതെ തന്നെ ...
“ലളിതമായി എഴുതാന്‍ തന്നെയാണ് ബുദ്ധിമുട്ട്. അതിന്` കഴിയാത്തവര്‍ സ്വയം ആകാശത്തെങ്ങോ പ്രതിഷ്ഠിച്ച്, കൂടെ കുറേ ശിങ്കിടികളേയും കൂട്ടി പാവം വായനക്കാരന്റെ നെന്ചത്ത് കുതിര കയറുകയല്ല വേണ്ടത്.“
ഗ്രാമത്ത് ജീ ...
ഇങ്ങനെ ഒരു ഉദാഹരണം എഴുതേണ്ടി വരുന്നതിൽ വിഷമം ഉണ്ട്... ലളിതമായി പറഞ്ഞാലേ മനസിലാക്കാൻ ശ്രമിക്കൂ എന്ന് താങ്കൾക്ക് നിർബന്ധബുദ്ധിയുള്ള്ത് കൊണ്ട് പറയുന്നു എന്ന് മാത്രം...
ബാറ്റൺബോസിനെ ഇഷ്ടപ്പെടുന്നവൻ ആനന്ദിനെയൊ ഓവി വിജയനേയോ വായിച്ച് “ഓ ഇത് എന്തര് മനുഷ്യനെ മനഃപൂർവം വട്ടാക്കാൻ എഴുതിയിരിക്കുന്നു” അല്ലെങ്കിൽ കാഫ്കയെ ആദ്യം വായിച്ചയാൾ “ ഓ എം.ടി എഴുതും പോലെ ലളിതമായി ഇവനൊക്കെ ഒരു സെന്റൻസ് എഴുതാൻ കഴിയുമോ” എന്ന് ചോദിക്കും പോലെ ആയിപ്പോയി താങ്കളുടെ ചോദ്യവും...
വായനയുടെ തലങ്ങൾ കാലം കഴിയുന്തോറും മാറിക്കൊണ്ടിരിക്കും... മറ്റൊരു തലത്തിലുള്ള വായനയുടെ സുഖം അത് ആസ്വദിച്ചവന് മാത്രമേ മനസിലാവൂ... അങ്ങനെയുള്ളവർ ശിങ്കിടികൾ ആണെന്ന് കരുതുന്നത് വെറും തെറ്റിദ്ധാരണയാണ്....
പറയാൻ ഒരുപാടുണ്ട്.. സമയം ഇല്ല....
ഡിങ്കാ പോസ്റ്റിന്റെ പ്രയോജനം പോയല്ലോ :)
കഠിനമായ കാര്യങ്ങള്‍ കഠിനമായും (റോക്കറ്റ് സയന്‍സ് അല്ലെങ്കില്‍) ചിലപ്പോള്‍ ലളിതമായും എഴുതാം. രണ്ടാമത്തെ കാര്യമാണ് ഗ്രാമത്ത് ജി ഉദ്ദേശിച്ചതെന്നു തോന്നുന്നു. ലളിതമായ കാര്യങ്ങള്‍ ലളിതമായി തന്നെ എഴുതി കോട്ടയം പുഷ്പനാഥും മുട്ടത്തുവര്‍ക്കിയും കാനവുമൊക്കെ (ബാറ്റണ്‍ ബോസ് വായിച്ചിട്ടില്ല) മലയാളിയുടെ പോപ്പ് കള്‍ച്ചറില്‍ സ്ഥിരപ്രതിഷ്ഠ നേടി. കഠിനമായ വിഷയങ്ങള്‍ കഠിനമായ ഭാഷയില്‍ തന്നെ കൈകാര്യം ചെയ്ത് കാഫ്കയും ആനന്ദുമൊക്കെ അവരുടെ ധിക്ഷണകൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തി.
ലളിതമായ വിഷയങ്ങള്‍ കഠിനമായ ഭാഷയില്‍ എഴുതി വായനക്കാരെ വെല്ലുവിളിക്കുന്നവരാണ് പണ്ടത്തെ സംസ്കൃതശ്ലോകക്കാരും ഇക്കാലത്തെ ബുജി എഴുത്തുകാരും :-)
ടിസ്പൂൺ ഫീഡിംഗും, നോട് ഡിക്റ്റേറ്റിംഗും ഉള്ള ക്ലാസുകളെ ഇഷ്ടപ്പെടുന്നവരും, കാമ്പുള്ള ലെക്ചർ ക്ലാസ് ഇഷ്ടപ്പെടുന്നവരും ഒരേ ക്ലാസിൽ കാണും എന്ന് സമ്മതിക്കുന്നു :)
ഗുപ്തന്,
ഞാന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത് മനസിലാക്കല്‍ എന്ന പ്രക്രിയയെക്കുറിച്ചാണ്.
എഴുത്ത് എന്ന സംഗതിയെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടില്ല. അത് മാത്രമല്ല സബ്ജകീറ്റ് ആയല്ല ഒബ്ജക്റ്റീവ് ആയ മനസിലാക്കലിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെ എന്നിരിക്കേ ലെതീഷ്, കവിത, എഴുത്തിലെ ലാളിത്യം എന്നൊക്കെ ഏത് ഗ്രാമത്തോ,നഗരത്തോ പറഞ്ഞാലും അതിനൊന്നും മറുപടിപറയേണ്ട ബാധ്യതയില്ല.
വീണ്ടും ലതീഷിലേയ്ക്ക് പോകുന്നതില്‍ വിഷമമുണ്ട്..വേറൊന്നും കിട്ടാത്തതിനാലാണ്.
ഗ്രാമത്തേ മറ്റ് അണ്ടര്‍വെയര്‍ വള്ളികള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ലെതീഷിന്റേല് തന്നെ കയറിപ്പിടിക്കുകയോ, പിടിവലികൂടുകയോ, പിടിവിട്ട് വീഴുകയോ ഒക്കെ താങ്കളുടെ ഇഷ്ടം പോലെ..അതിന് ഡിങ്കന് ഉത്തരവാദിയല്ല.
മേതില്‍ എഴുത്ത് നിര് ത്തുന്നതിന്റെ കാരണം പറഞ്ഞിരുന്നു ഒരു അഭിമുഖത്തില്‍ ( സമയവും തീയ്യതിയും ചോദിക്കരുത്, ഓര് മ്മയില്ല), ഞാന്‍ എഴുതുന്നത് ആര് ക്കും മനസ്സിലാകുന്നില്ലെങ്കില്‍ എന്തിനാണ് എഴുത്തെന്ന്! അത് കൊണ്ട് എഴുത്തില്‍ നിന്നും വിരമിക്കുന്നെന്ന്....
ഉവ്വോ, മേതില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഓര്‍മ്മയില്ലായ്മ ഒഴിവുകഴിവാകരുത്.
"മൈ എക്സ്പെറ്റഡ് ഓഡിയന്‍സ് ഈസ് 12" എന്നൊക്കെ പുള്ളി നേരിട്ട് പറയുന്ന കേട്ടിട്ടുണ്ട്, ആ കക്ഷി "ആളില്ലാതെ ടാക്കീസ് പൂട്ടിയെന്ന്" വിശ്വസിക്കാന്‍ പ്രയാസം! പുള്ളി വിരമിച്ചോ? മാധ്യമത്തിലും , ഇ.എക്സ്പ്രസിലും ഒക്കെ എഴുതുന്നില്ലേ? അതോ ഗ്രാമത്തിന് മനസിലാകാത്ത എഴുത്ത് നിര്‍ത്തിയെന്നാണോ ഞാന്‍ 'മനസിലാക്കേണ്ട'ത് ?
Post a Comment