Thursday, July 23, 2009

വൈജ്യാത്യം (സഞ്ജയിക)

വൈജ്യാത്യം (സഞ്ജയിക)

മാണിക്കോത്ത് രാമുണ്ണി നായർ എന്ന സഞ്ജയന് കടപ്പാടോടെ
(ചില മേമ്പൊടി മാറ്റങ്ങൾ സഹിതം)

1. “ചാമീ..”
“ഓ... തമ്പ്രാ...”
“നിനക്കൊന്നും പറ്റീലല്ലോ അല്ലേ?”
“ഇല്ലമ്പ്രാ..”
“അപ്പോൾ വെടി കൊണ്ടത് പന്നിക്ക് തന്നെ. ഇനി നീ അതിനെ തിരഞ്ഞ് പിടിക്ക്”


2. മഠത്തിനടുത്ത് പുതിയതായി താമസത്തിന് വന്നതായിരുന്നു ക്രിസ്ത്യൻ കുടുംബം. അതിരാവിലേ മഠത്തിൽ നിന്ന് കർണ്ണകഠോര ശബ്ദത്തിൽ പട്ടരുടെ സാധകം കേട്ട് ശല്യം സഹിക്ക വയ്യാതെ ഗൃഹനാഥൻ പുറത്തിറങ്ങി. ശബ്ദം കുറയ്ക്കാൻ അപേക്ഷിച്ചു. അതു പറയാൻ “താനാരാ?” എന്നായി പട്ടർ. പുതിയതായി വന്ന ആളായതു കൊണ്ട് തന്റെ പേര് പറഞ്ഞാൽ മനസിലാകില്ലെന്ന് തിരിച്ചറിഞ്ഞ ഗൃഹനാഥൻ
“ഞാൻ അപ്പുറത്ത് താമസിക്കുന്ന ക്രിസ്ത്യാനി”
“അത് നിങ്ങളുടെ വിശ്വാസം അല്ലേ, ഉദ്യോഗം ആണ് ചോദിച്ചത്. ഞാൻ ഒരു ഭാഗവതരാണ്”
“അത് നിങ്ങളുടെ വിശ്വാസം അല്ലേ, ഉദ്യോഗം അല്ലല്ലോ?”


3. വാരം കഴിഞ്ഞ് കിട്ടിയ പണക്കിഴിയുമായി ഇല്ലത്തേക്ക് മടങ്ങുന്നതിനിടയിൽ നമ്പൂതിരി ചെന്ന് പെട്ടത് പിടിച്ചുപറിക്കാരുടെ മുന്നിൽ. കണ്ടതും ഒരു ഇരുപത് വാര അകലെ മാറി നിന്ന് തൊർത്ത് മുണ്ട് നിലത്ത് വിരിച്ച് ഉള്ള പണം മുഴുക്കെ അതിലിട്ട ശേഷം
“ഇതാ കയ്യിലുള്ളതൊക്കെ ഇതിലുണ്ട് ഇനിയെന്നെ വിട്ടയക്കണം”
പിടിച്ചുപറിക്കാരുടെ മൂപ്പൻ നമ്പൂതിരിയോട്
“നമ്പൂരി അത് കിഴികെട്ടിയെടുത്ത് വേഗം ഇല്ലത്തേക്ക് പോകിൻ“
നമ്പൂതിരി പണം കിഴികെട്ടി ഇല്ലത്തേക്ക് നടക്കുന്നതിനിടയിൽ പിടിച്ചുപറിക്കാർ വീണ്ടും പുറകേവന്ന് ചാടി പിടികൂടി നമ്പൂതിരിയെ ഇടിച്ചും, തൊഴിച്ചും താഴെ വീഴ്ത്തി പണം കവർന്നു. നമ്പൂതിരി മൂപ്പനോട്
“അപ്പോൾ നേരത്തേ പറഞ്ഞത്?”
“എടോ പിടിച്ചുപറിയാണ് ഞങ്ങളുടെ തൊഴിൽ. അല്ലാതെ തിരുമുൽ കാഴ്ച വാങ്ങലല്ല. മനസിലായോ?”


4. ക്ഷേത്രദർശനത്തിനായുള്ള ദീർഘയാത്രക്കിടയിൽ നമ്പൂതിരി കഷ്ടപ്പെട്ട് ഒരു നായരുടെ ചായക്കട കണ്ട് പിടിച്ചു. വെപ്പുകാരൻ നായരാണെന്ന് ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷം ഹോട്ടലിൽ കയറി. സപ്ലയർ പയ്യൻ നമ്പൂതിരിയോട്
“എന്താ കഴിക്കാൻ?”
“ഒരു ചായ. ചായക്കോപ്പയും, അടിപ്പാത്രവും ചൂടുവെള്ളത്തിൽ കഴുകി നല്ല വൃത്തിയില് എടുക്കണം. പാല് കൂട്ടി, പഞ്ചാര കുറച്ച്. ഒരു പ്ലേറ്റ് ഇഡലി. ഇവിടെ പാത്രത്തിലാണോ അതോ ഇലയിലാണോ പതിവ്? ഇലയുണ്ടെങ്കിൽ അത് മതി. വെള്ളം നനച്ച് നന്നായി തുടയ്ക്കണം. ചട്ണി വേണ്ടാ സമ്പാർ മതി”
സപ്ലയർ പയ്യൻ നമ്പൂതിരിയുടെ അടുത്തിരിക്കുന്ന ആളോട്
“എന്താ കഴിക്കാൻ?”
“ഇഡലീം, ചായേം”
പയ്യൻ അടുക്കള വാതിൽക്കൽ ചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
“രണ്ട് ചായേലൊന്ന് ലൈറ്റ്, രണ്ട് പ്ലേറ്റ് ഇഡലി”

2 comments:

Dinkan-ഡിങ്കന്‍ said...

വൈജ്യാത്യം (സഞ്ജയിക)

മാണിക്കോത്ത് രാമുണ്ണി നായർ എന്ന സഞ്ജയന് കടപ്പാടോടെ
(ചില മേമ്പൊടി മാറ്റങ്ങൾ സഹിതം)

simy nazareth said...

:) കൊള്ളാം