Friday, October 22, 2010

കവി അയ്യപ്പന്‍ ഗുരുതരാവസ്ഥയില്‍



കവി എ അയ്യപ്പനെ തുടര്‍ച്ചയായി രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌ അദ്ദേഹം.


ശത്രു ഞാന്‍ സഖാവു
നീ പിച്ചാത്തി മടക്കുകമിത്രങ്ങളാകാം,
ഹസ്തദാനവുമാകാം തമ്മില്‍
മെതിച്ച കതിരുകള്‍
പതിരിന്‍ കിനാവുകള്
‍ചതുര്‍ഥിയാകുന്നിന്നു
ചുവപ്പു നക്ഷത്രങ്ങള്‍


വേദനകള്‍ വിട തരുമോ?
വേദാന്തങ്ങള്‍ അഭയം തരുമോ
?

ഇനിയും ഒരുപാട് വരികള്‍ സമ്മാനിക്കാനായി...
താങ്കള്‍ ഈ അവസ്ഥയില്‍ നിന്ന് പുറത്ത് വരേണ്ടതുണ്ട്.

പ്രാര്‍ഥനകളോടെ

Thursday, April 8, 2010

കൂപമണ്ഡൂകോപനിഷത്ത്


(c)http://brilliantleap.com
ഒരു പഴയ കലാഭവന്‍ തമാശയാണ്‌....
(കിടിലന്‍ ദാര്‍ശനികത്തമാശയാണ്‌‍ അതുകൊണ്ട് തന്നെ അവരിത് വേറെ എവിട്ന്നെങ്കിലും എടുത്ത് താങ്ങിയതാണോ എന്നറിയില്ല)

എങ്ങനെയാണ്‌ പ്രവചനം നടത്തുന്നതെന്ന പത്രക്കാരന്റെ ചോദ്യത്തോട് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ പതിനാല്‌ ഗ്ലാസ് ജാറുകളിലുള്ള പതിനാലു തവളകളെ കാണിച്ച് കൊടുക്കുന്നു. ശേഷം
"ഓരോ ജാറിലും ഓരോ ജില്ലയിലെ തവളകളുണ്ട്. തിരുവനന്തപുരത്തെ തവള കരഞ്ഞാല്‍ അവിടെ മഴപെയ്യും, തൃശൂരെ തവള അമിതമാറ്റി ചാടിയാല്‍ അവിടെ ഭൂമികുലുക്കത്തിന്‌ സാധ്യതയുണ്ട്. കണ്ണൂരെ തവള കരണം മറിഞ്ഞാല്‍ ഇടിവെട്ടിമഴയ്ക്ക് സാധ്യത. ഈ ശാസ്ത്രനിരീക്ഷണത്തില്‍ എനിക്ക് ഡോക്ടറേറ്റുണ്ട്"

ശേഷം രസകരമായൊരു പരീക്ഷണത്തിന്‌ ശാസ്ത്രജ്ഞന്‍ പത്രപ്രവര്‍ത്തകനെ ക്ഷണിക്കുന്നു. ഒരു ഗ്ലാസ് ജാറിലെ തവളയെ പുറത്തെടുത്ത് മേശപ്പുറത്ത് വെച്ച ശേഷം തള്ളവിരല്‍ കൊണ്ട് അതിനെ അമര്‍ത്തി പിടിക്കുന്നു. തുടര്‍ന്ന് മൂര്‍ച്ചയുള്ള ഒരു കത്തിയെടുത്ത് തവളയുടെ മുന്‍‌കാലുകളില്‍ ഒന്ന് അറുത്തുമാറ്റുന്നു. തവളയെ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന തള്ളവിരല്‍ എടുത്ത് മാറ്റുന്നതിനോടോപ്പം "ജം‌പ്" എന്ന് അലറുന്നു. പ്രാണവേദനയാല്‍ തവള ചാടുന്നു.
ശാസ്ത്രജ്ഞൻ: "കണ്ടില്ലേ ഞാന്‍ ജം‌പ് എന്ന് പറഞ്ഞപ്പോള്‍ തവള ചാടിയത് ?”
പത്രപ്രവര്‍ത്തകന്‍ തല കുലുക്കുന്നു
...
തവളയുടെ ഓരോ കാലും അറുത്തു മാറ്റിക്കൊണ്ട് പരീക്ഷണം തുടരുന്നു. ഒറ്റക്കാല്‍ അവശേഷിക്കും വരെ തവള ചാടുന്നു
...

അവസാനത്തെ കാലും അറുത്തു മാറ്റിയ ശേഷം തവളയെ ഞെക്കിപ്പിടിച്ച തള്ളവിരല്‍ മാറ്റിക്കൊണ്ട് ശാസ്ത്രജ്ഞന്‍ : "ജംപ്"
പത്രപ്രവര്‍ത്തകന്‍ : "സാര്‍ തവള ചാടിയില്ല"
ശാ: " ഹഹഹ് ചാടില്ല എനിക്കറിഞ്ഞൂടെ?"
പ.പ്ര: "അതെന്താണ്‌ സാര്‍?"
ശാ: "അതങ്ങനെയാണ്‌ അതാണ്‌ എന്റെ പരീക്ഷണത്തിന്റെ രഹസ്യം. ഈ പരീക്ഷണത്തില്‍ എനിക്ക് പേറ്റന്റും ഉണ്ട്"
പപ്ര: "അത് വെളിപ്പെടുത്തൂ സാര്‍"
ശാ: "പറയട്ടേ"
പപ്ര: "പറയൂ സാര്‍"
ശാ: "നാല്‌ കാലും മുറിച്ചാല്‍ തവളയ്ക്ക് ചെവി കേള്‍ക്കില്ല, പിന്നെ എങ്ങനെയാണത് ഞാന്‍ ജം‌പ് എന്ന് പറഞ്ഞാല്‍ അനുസരിക്കുക്ക... അത്താണ്‌"
പപ്ര: !!!!!

--------- ശുഭം ----------

ഡിസ്-കൈമള്‍സ്&സണ്‍സ്
ഇതിന്‌ ഈ പോസ്റ്റോ, ഈ പോസ്റ്റോ ആയി ഒരുവിധ ബന്ധവുമില്ല

ചതുര്‍‌ബാഹു വിഷ്ണുവിന്റെ രൂപമാണ്‌ തവളകള്‍ക്കുള്ളതെന്ന് കൂപമണ്ഡൂകങ്ങള്‍ക്കുണ്ടോ അറിയുന്നു...
ഹും! (ഇതോണ്ടൊന്നും ആര്‍ഷഫാരത‌ഉഡായിപ്പ്സ് അവസാനിക്കില്ല മക്കളേ...)

Tuesday, January 12, 2010

ആകയാല്‍ സക്കറിയ പറഞ്ഞത്...

അല്ലെങ്കിലും സക്കറിയ പറയുന്നതും എഴുതുന്നതും മിക്കപ്പോഴും വിവാദമാകാറുണ്ട്. സലാം അമേരിക്ക എഴുതിയത് കേരളത്തിലെ സാഹിത്യ സദസുകളില്‍ മൊത്തം വിവാദമായിരുന്നു. "യേശു ഞങ്ങളിലേക്ക് കടന്നു വന്നത് തുടകള്‍ക്കിടയിലെ സ്വര്‍ഗത്തിലൂടെയല്ല" എന്ന് ന്യായീകരിച്ചെഴുതിയെങ്കിലും യേശുവിനെ മനുഷ്യനാക്കാനുള്ള നസ്രാണിയുടെ ഗൗളിശാസ്ത്ര വിരുതില്‍ ക്രൈസ്തവസഭകളും വിവാദമുണ്ടാക്കിയിരുന്നു. തന്റെ പട്ടേലറെ അടൂര്‍ തിരുത്തിയെന്നും പറഞ്ഞ് ഒരു സിനിമാ വിവാദം. സെന്റ്.തെരേസാസ് കോളേജ് നഗ്നചിത്രവിവാദം ഉണ്ടായ കാലത്ത് "കുറച്ച് പെണ്‍കുട്ടികള്‍ അവരുടെ ഹോസ്റ്റലില്‍ വെച്ച് നഗ്നഫോട്ടോ എടുത്താല്‍ ആര്‍ക്കാണ്‌ ചേതം" എന്ന മട്ടില്‍ സാംസ്ക്കാരിക കേരളത്തിന്റെ കപടസദാചാരത്തിനെതിരെ ലേഖനം എഴുതിയതും വിവാദമായിരുന്നു. സവര്‍ണ്ണ ഹൈന്ദവതയ്ക്കെതിരെ ഉള്ള സക്കേറിയന്‍ നിലപാടുകള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്, അതുവഴി സംഘികളുടെ ശത്രുവും. എന്നാല്‍ നാഴികയ്ക്ക് നാല്പ്പത്തിമൂന്ന് വട്ടം തന്റെ ഭാര്യയുടെ ബ്രാഹ്മണിക് പാരമ്പര്യം ഏറ്റുപറയുന്നതിനാല്‍ മൃദുഹൈന്ദവവാദിയെന്ന് ആക്ഷേപങ്ങളും, അതെ തുടര്‍ന്ന് സാഹിത്യകോക്കസുകളില്‍ വിവാദങ്ങളുമുണ്ടത്രേ.

ഇങ്ങനെയൊക്കെയുള്ള സക്കറിയയുടെ താഴെയുള്ള പരാമര്‍ശങ്ങളാണ്‌ പയ്യന്നൂരിലെ ഡിഫിക്കാരില്‍ നിന്ന് അദ്ദേഹത്തിന്‌ നേരെയുണ്ടാ പ്രശ്നങ്ങളുടെ കാരണം.

വിവാദ വീഡിയോ




വിവാദ പരാമര്‍ശങ്ങള്‍
<<<
"ഒരു സഖാവ് ഒരു ഭാര്യയെ സ്വീകരിക്കുന്നതിന്റെ രീതി, അല്ലെങ്കില്‍ ഒരു ഇണയെ കണ്ടെത്തുന്നതിന്റെ രീതിയുടെ മേല്‍ വരെ അയാള്‍ യഥാര്‍ത്ഥ സഖാവാണെങ്കില്‍ നിയന്ത്രണങ്ങളുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അതിലെ ലൈംഗീകത. പരസ്യ ലൈംഗീകത ഒരു മുഖം മൂടി മാത്രമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വലിയ ഒരു വെള്ള പൂശിയ മുഖം മൂടിയാണ് നിങ്ങള്‍ കാണുന്നത്. അതിലെ രഹസ്യ ലൈംഗീകതയെന്നത് മറ്റാരുടെയും കാര്യം പോലെ സ്വതന്ത്രവും ആനന്ദകരവും സന്തോഷകരവുമൊക്കെയാണ്..."
"വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗീകതയില്‍ , ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്..."
"ഒരു പക്ഷേ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച പ്രസ്ഥാനമാണ് (ചെറുതായി ചിരിക്കുന്നു) രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതു പക്ഷപ്രസ്ഥാനം ആ രാഷ്ട്രീയപ്രസ്ഥാനമാണ് ഇന്ന് ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്, ഒരു സ്ത്രീയേം പുരുഷനേം ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക് മറിഞ്ഞത്..."
"അപ്പോ എനിക്ക് തോന്നുന്നത് ക്രൈസ്തവ പാരമ്പര്യം നമ്മില്‍ അടിച്ചേല്പ്പിച്ച ഒരു യാഥാസ്ഥിതികത്വം ഒരുവശത്തുണ്ട്. മറുവശത്ത്, എനിക്ക് തോന്നുന്നത്, ഇടതു പക്ഷപ്രസ്ഥാനത്തെയും കൂടി ഈ തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ കണ്ടേതീരൂ..."
<<<

മുകളില്‍ പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണാര്‍ത്ഥത്തില്‍ യോജിപ്പില്ലെങ്കിലും സക്കറിയയുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ മാനിക്കുന്നു. ഉണ്ണിത്താനെ പോലെ "സൂഫിയ-മദനി-പിണറായി-ഷാനിമോള്‍-മുരളീധരന്‍ etc." എന്നിങ്ങനെ പേരെടുത്ത് അശ്ലീലം പറയുന്ന തരത്തിലല്ല സക്കറിയ പ്രതികരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അമിതാവേശത്തിനും, വികാരത്തിനും വിധേയരായി സക്കറിയയെ കൈയ്യേറ്റം ചെയ്യാന്‍ മാത്രമുള്ള പ്രശ്നം മേല്‍ പരാമര്‍ശങ്ങളില്‍ ഉണ്ടെന്നും -വ്യക്തിപരമായി- കരുതുന്നില്ല. എന്നാല്‍ ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗങ്ങള്‍, അത് സക്കറിയക്ക് ഒഴിവാക്കാമായിരുന്നു എന്ന് തോന്നിപ്പോയി. "വേശ്യകളെല്ലാം സ്ത്രീകളാണ്‌, ആകയാല്‍ സ്ത്രീകള്‍ എല്ലാം വേശ്യകളാകാനും സാധ്യതയുണ്ട്" എന്ന കപട ഗണിത-സാമൂഹ്യ യുക്തിയാല്‍ ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കുന്നത് പോലെ, ഒളിവുജീവിതം നടത്തി സഹനവും, ത്യാഗവും, പീഡനവും സഹിച്ച എല്ലാവരുടേയും ജീവിതം ലൈംഗിക അരാജകത്വത്തിന്റേതായിരുന്നു എന്ന സക്കേറിയന്‍ യുക്തിയോട് കണികപോലും യോജിക്കുന്നില്ല. പക്ഷേ ഇതൊന്നും DYFI ചെയ്തതിന്‌ ന്യായീകരണമാകുന്നില്ല. ഇത്തരം മോബ് ജസ്റ്റിസ് അവസരങ്ങളെ നിയന്ത്രിക്കേണ്ട വിധം രാഷ്ട്രീയം കൈയ്യാളുന്ന ഒരു സംഘടനയില്‍ നിന്ന് ഇത്തരം ബാലിശമായ അമിതവികാര പ്രകടനങ്ങളല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം നീക്കത്തെ ശക്തമായി അപലപിക്കുന്നു...

* ഈ സംഭവത്തെ നേരേ കൊണ്ട് പോയി മാംഗ്ലൂര്‍ ശ്രീരാമസേന-പബ് ആക്രമണത്തോട് കൂട്ടിക്കെട്ടാനും, താരതമ്യം ചെയ്യാനും അമിത താല്പ്പര്യമെടുക്കുന്നവരുടെ കപടയുക്തിയും, രാഷ്ട്രീയവും തിരിച്ചറിയാല്‍ കഴിയാത്തവരാണ്‌ ഭൂ/ബൂലോഗത്തുള്ളവരെന്ന് കരുതുന്നുണ്ടെങ്കില്‍, അത്തരക്കാര്‍ക്ക് ദേ ഒരു മുഴുത്ത സ്മൈലി :)



സക്കറിയഡിഫി പ്രശ്നത്തില്‍ കാക്കനാടന്റെ അഭിപ്രായം കൂടെ ചേര്‍ക്കുന്നു

Monday, January 4, 2010

നീ പോടാ കുബേര്‍ കുഞ്ചീ...

ക്രിസ്തുമസ്-ന്യൂ ഇയര്‍ വെക്കേഷന്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരു കള്ളുവൈകുന്നേരം.
ബാറില്‍ അടുത്ത ടേബിളിലിരിക്കുന്ന ഒരുവന്‍ തന്റെ കൂട്ടുകാരനെ തെറിയായി വിളിച്ചത്
'നീ പോടാ കുബേര്‍ കുഞ്ചീ'
എന്നായിരുന്നു. എന്താണ്‌ സംഗതി എന്ന് കത്തിയില്ലെങ്കിലും ടിവി ചാനല്‍ ഹണ്ടിംഗിന്റെ ഇടയിലാണ്‌ പിടികിട്ടിയത്. പേരറിയാത്ത ആ മഹാനുഭാവന്റെ നര്‍മ്മഭാവനയോര്‍ത്ത് മനസാല്‍ വണങ്ങി :)

അങ്ങനെ വിളിക്കാന്‍ പുതിയൊരു തെറി കിട്ടി
നീ പോടാ കുബേര്‍ കുഞ്ചീ...
(കോപ്പീറൈറ്റുണ്ട് കേട്ടാ....)