Tuesday, July 3, 2007

പിന്മൊഴിയുടെ മരണം, മറുമൊഴിയുടെ ജനനം, പൈപ്പ്-റീഡര്‍ലിസ്റ്റ് പ്രചരണം : മലയാളം ബ്ലൊഗിന്റെ ഭാവി?

തലക്കെട്ട് കണ്ടാല്‍ തന്നെ ഒരേകദേശരൂപം കിട്ടിക്കാണുമല്ലോ? ഇനി കാര്യങ്ങള്‍ ചുരുക്കി പറയാം.

മലയാളം ബ്ലോഗിങ്ങില്‍ ഒരു സജീവ സാന്നിദ്ധ്യം ആയിരുന്ന “പിന്മൊഴി” എന്ന കമെന്റ് അഗ്രഗേറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച വിവരം ഏവര്‍ക്കും അറിയാമല്ലോ? ഇതു നിര്‍ത്തൂന്നതിന്റെ അല്ലെങ്കില്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലയിടത്തും പല ചര്‍ച്ചകളും നടന്നെങ്കിലും ആധികാരികമായി എന്താണ് കാരണം എന്ന് ഇനിയും എനിക്ക് മനസിലായിട്ടില്ല.
As Pinmozhikal has outliven its conceptional scope എന്നതില്‍ ആ conceptional scope എന്താണെന്ന് ഇനിയും മനസിലായിട്ടില്ല. ബ്ലോഗില്‍ പലരേയും പരിചയപ്പെടാന്‍ കഴിഞ്ഞതും , പുതിയവരെ സ്വാഗതം ചെയ്യലുകളും, പ്രോത്സാഹനങ്ങളും, പഴയവര്‍ക്ക് ആശംസകളും ഒക്കെ ചൊരിയാനുള്ള ഒരിടമായിരുന്നു ആ സംരംഭം. കൂട്ടത്തില്‍ വാഗ്വാദങ്ങളും , അടിപിടികളും, അല്‍പ്പം വ്യക്തിഹത്യ എന്നീ കലാപരിപാടികളും ഉണ്ടായിരുന്നെങ്കിലും അത്തരം കമെന്റ് അഗ്രഗേറ്റര്‍ നല്ലൊരു സംരംഭം ആയിരുന്നു.

പിന്മൊഴിയുടെ അവസാനകാലത്തിലാണ് “മറുമൊഴി“ എന്ന ഈ സംരംഭത്തിലേയ്ക്ക് ചേക്കേറുന്നത്. തുടക്കത്തില്‍ ആളുകള്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ ഒരുപാടു പേരെ ഇവിടെയും കാണാനാകുന്നതില്‍ സന്തോഷം ഉണ്ട്. ഈ സംരംഭം എങ്കിലും തുടര്‍ന്ന് പോകണെമെന്ന് അഭ്യര്‍ഥിക്കിക്കുന്നു. കഴിഞ്ഞ 3,4 ദിവസം ഇത് ചത്ത് മലച്ച നിലയില്‍ കാണാനായി. സാങ്കേതിക തടസമാണ് എന്ന് പിന്നീടാണ് അറിയാന്‍ കഴിഞ്ഞത്.

റീഡെര്‍ ലിസ്റ്റ് എന്നത് സെലക്റ്റീവ് റീഡിങ്ങിന് യോജിച്ച ഒരു ഉപകരണം ആയിരിക്കാം. എല്ലാതരത്തിലുള്ള ബ്ലോഗിലും ഒന്ന് കണ്ണോടിച്ച് എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കുന്ന എനിക്ക് അതെന്തൊ ഇഷ്ടമാകുന്നില്ല. മാത്രമല്ല ബ്ലോഗില്‍ വരുന്ന പുതിയവരെ കണ്ടെത്താനും പാടാണ്. തികച്ചും വ്യക്തിപരം ആയ അഭിപ്രായം ആണത്.

പൈപ്പ് എന്ന സാങ്കേതിക വിദ്യ അഭ്യസിച്ച് വരുന്നതേ ഉള്ളു. സാങ്കേതികമായി അല്‍പ്പം പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും അതിനെ ലളിതമായവതരിപ്പിക്കുന്ന പല ലേഖനങ്ങളും കണ്ടു. അതിനായി ശ്രമിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍. എന്നാല്‍ പൈപ്പ്-റീഡെര്‍ലിസ്റ്റ് എന്നിവയ്ക്കായി സാങ്കേതിമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മറ്റൊരാളെ ആശ്രയിക്കണം എന്ന ഒരു പോരായ്മ കൂടെ ഇല്ലേ എന്ന് ഒരു സംശയം. [ചിലപ്പോള്‍ എന്റെ ദുരഭിമാനം കൊണ്ടാവാം:-) ]


പിന്മൊഴി ഉപയോഗിച്ച്, പെട്ടെന്ന് അതുനിലച്ച സാഹചര്യത്തില്‍ പാതി വഴിയ്ക്ക് നില്‍ക്കുന്ന പലരേയും അറിയാം. സാങ്കേതികമായി ജ്ഞാനം ഉള്ള പലരും മേല്‍പ്പറഞ്ഞ പലതിലേയ്ക്കും ആയി വഴിമാറിയെങ്കിലും. ചിലരൊക്കെ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.

മലയാളം ബ്ലൊഗിങ്ങ് ബാല്യം കഴിഞ്ഞ് കൌമാരത്തിലേയ്ക്ക് എത്തിയെന്ന് തൊന്നുന്നു. ഒട്ടനവധി സംശയങ്ങളും, മനോനിലകളിലെ വ്യത്യാസങ്ങളും, ഉല്‍ക്കണ്ഠകളും ഒക്കെ ഉണ്ടാകുന്ന ഒരു “കാലഘട്ടം”. എന്നാലോ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലവും. ആയതിനാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഒരു തുറന്ന ചര്‍ച്ച ആവശ്യമാണെന്ന് തോന്നിയതിനാല്‍ ആണ് ഇതെല്ലാം ഇവിടെ കുത്തിക്കുറിച്ചത്. ആശാസ്യമെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുവിന്‍.

13 comments:

Dinkan-ഡിങ്കന്‍ said...

മലയാളം ബ്ലൊഗിങ്ങ് ബാല്യം കഴിഞ്ഞ് കൌമാരത്തിലേയ്ക്ക് എത്തിയെന്ന് തൊന്നുന്നു. ഒട്ടനവധി സംശയങ്ങളും, മനോനിലകളിലെ വ്യത്യാസങ്ങളും, ഉല്‍ക്കണ്ഠകളും ഒക്കെ ഉണ്ടാകുന്ന ഒരു “കാലഘട്ടം”. എന്നാലോ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലവും. ആയതിനാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഒരു തുറന്ന ചര്‍ച്ച ആവശ്യമാണെന്ന് തോന്നിയതിനാല്‍ ആണ് ഇതെല്ലാം ഇവിടെ കുത്തിക്കുറിക്കുന്നത്. ആശാസ്യമെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുവിന്‍.

Mubarak Merchant said...

മലയാളം ബ്ലൊഗിങ്ങ് ബാല്യം കഴിഞ്ഞ് കൌമാരത്തിലേയ്ക്ക് എത്തിയെന്ന് തോന്നുന്നു
ഡിങ്കാ, മലയാളം ബ്ലൊഗിങ്ങ് ഇതൊക്കെ കഴിഞ്ഞ് കുഴീലോട്ടു കാലും നീട്ടി ഇരിക്കുന്ന അവസ്ഥ തന്നെ ആയിക്കോട്ടെ. പുതുതായി മലയാളം ബ്ലൊഗിങ്ങ് തുടങ്ങുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം എന്ത് വ്യത്യസ്തതയാണ് അനുഭവപ്പെടുക? അതോ പഴയ മലയാളം ബ്ലോഗെഴുത്തുകാര്‍ക്ക് ബോറടിക്കുന്നതു കൊണ്ട് ഒരു പുതുമയ്ക്ക് വേണ്ടി പറയുന്നതാണോ ബാല്യം ശൈശവം, കൌമാരം എന്നൊക്കെ? ആരെങ്കിലും മൂന്നാലു പേര്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലുമൊക്കെ പ്രഖ്യാപിക്കുമ്പൊ അതുകണ്ട് തുള്ളാന്‍ ബ്ലോഗെഴുതുന്നവരെല്ലാം എന്താ മണ്ടന്മാരോ? പിന്മൊഴി പൂട്ടിയെങ്കില്‍ അത് അതിന്റെ നടത്തിപ്പുകാരുടെ തീരുമാനം. അതോടുകൂടെ സ്വാഭാവികമായും ഈ അധ്ഹികാര, അവകാശ പ്രഖ്യാപനങ്ങളും ഇല്ലാതാകേണ്ടതാണ്. ഇനിയൊരുനാള്‍ മറുമൊഴി നടത്തുന്നവര്‍ക്ക് അത് പൂട്ടണമെന്ന് തോന്നിയാല്‍ അതും പൂട്ടട്ടെ. ബദല്‍ സംവിധാനങ്ങള്‍ കഴിയുന്നവരൊക്കെ നടത്തട്ടെ. ഇനി പൈപ്പും റീഡര്‍ ലിസ്റ്റും മതിയെന്നുള്ളവര്‍ അതിനെ ആശ്രയിക്കട്ടെ. കൂട്ടായ്മയുടെ വക്താക്കളായി ആരും ഇനി സ്വയം അവരോധിക്കാണ്ടിരുന്നാല്‍ മതി. ഇപ്പോള്‍ കുറേ സ്വൈര്യമുണ്ട്.

അഞ്ചല്‍ക്കാരന്‍ said...

കമന്റുകള്‍ ഒരിമിച്ച് കൂട്ടി വായിക്കനൊരിടം എന്ന സങ്കല്പം ഈ സമൂഹത്തിലേക്ക് പുതുതായി വരുന്നവര്‍ക്കും എഴുതി തുടങ്ങുന്നവര്‍ക്കും ഒരനുഗ്രഹം തന്നെയാണ്. അല്ലെന്നാര് പറഞ്ഞാലും “വള്ളി” മുറിക്കുന്നവരുടെ കൂട്ടത്തില്‍ അവരെ കൂട്ടേണ്ടി വരും.

പിന്മൊഴി അടച്ചു പൂട്ടപെടേണ്ട എന്തെങ്കിലും സാഹചര്യം ബൂലോകത്ത് സംജാതമായിരുന്നു എന്ന് കരുതുക വയ്യ. അതല്ലാതെ തന്നെ നന്നായി നടന്ന് പോയിരുന്ന ആ സംരഭം അടച്ചു പൂട്ടുമ്പോള്‍ ആ പ്രസ്ഥാനത്തിന് എല്ലാ പിന്തുണയും നല്‍കിയിരുന്ന ഒരു വല്ലിയ സമൂഹം ഈ ബൂലോകത്ത് ഉണ്ടായിരുന്നു എന്നും തങ്ങള്‍ക്ക് അത് ഓടിച്ചു കൊണ്ട് പോകാന്‍ കഴിയില്ലാ എങ്കില്‍ അതിന് കഴിവും സമയവും മനസ്സും ഉള്ളവരുണ്ട് എങ്കില്‍ അവരെ ആ പ്രസ്ഥാനം ഏല്പിക്കാമെന്ന് ചിന്തിക്കാനുള്ള വിശാല മനസ്കത അതിന്റെ നടത്തിപ്പുകാര്‍ക്ക് ഉണ്ടായില്ല എന്നതും സങ്കടകരമായിപ്പോയി.

ഇപ്പോഴും നാം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സൌകര്യങ്ങള്‍ സാങ്കേതികത്വത്തിന്റെ പേരിലല്ലാതെ വ്യക്തിപരമായ കാരണങ്ങളാല്‍ ഇല്ലതായി പോകാതിരിക്കട്ടെ.

കുറുമാന്‍ said...

മൊഴിയെന്തെല്ലാം മൊഴി.........പഴമൊഴി തന്നെ ഏറ്റവും ബെസ്റ്റ്. പഴുത്ത പ്ലാവില കൊഴിയുന്നത് കണ്ട് പച്ച പ്ലാവില ചിരിക്കണ്ടാട്ടാ :)

Unknown said...

മലയാളം ബ്ലോഗുകള്‍ ബാല്യവും കൌമാരവും കടന്ന് യൌവനത്തിലെത്തിയാല്‍ ഒന്ന് പറയണേ ഡിങ്കാ. എനിക്ക് കല്ല്യാണമാലോചിക്കാനാ. :-)

ഓടോ: ഒരു ബാല്യവും കൌമാരവും. നിനക്ക് വേറെ പണിയൊന്നുമില്ലേ?

asdfasdf asfdasdf said...

ബാല്യം, കൌമാരം, യവ്വനം, വാര്‍ദ്ധക്യം, തേങ്ങാക്കൊല. ഡിങ്കാ, ബ്ലോഗറുള്ളിടത്തോളം ബ്ലോഗില്‍.. അല്ലെങ്കില്‍ വേര്‍ഡ് പ്രസ്സില്‍ അല്ലെങ്കില്‍ റെഡിഫില്‍ അത്രയേ ഉള്ളൂ. ഉമേഷിന്റെ പോലെ സ്വന്തം സൈറ്റും സെര്‍വ്വറും വെച്ച് എത്രപേര്‍ ബ്ലോഗുന്നുണ്ട് ? അതുപോലെ തന്നെ മൊഴികളുടെ കാര്യങ്ങളും. പിന്മൊഴി ഇല്ലെങ്കില്‍ മറുമൊഴി. മറുമൊഴി ഇല്ലെങ്കില്‍ മറ്റൊരു മൊഴി. പൈപ്പ് അത്ര കണ്ടു യൂസര്‍ ഫ്രന്‍ഡ്ലി ആയി എനിക്ക് തോന്നിയില്ല. പൈപ്പുകളില്‍ ലിമിറ്റഡായുള്ള ബ്ലോഗുകളിലെ ഫീഡുകളെ വരുന്നുള്ളൂ. മാനുവലായി ചേര്‍ക്കണം. മറ്റുള്ളവര്‍ തരുന്ന ഫീഡുകളില്‍ അവരവരുടെ ഇഷ്ടാനിഷ്ടങ്ങളും കാണും. അതുകൊണ്ട് ക്ലോണുകളാണെങ്കിലും സ്വന്തമായി ഫീഡുകള്‍ കൂട്ടിച്ചേര്‍ക്കേണ്ടി വരും. മാത്രവുമല്ല പൈപ്പ് ലോഡ് ചെയ്യാന്‍ സമയവുമെടുക്കുന്നു. അതുകൊണ്ട് ഡയല്‍ അപ് ഉപയോഗിക്കുന്ന സാധാരണ ഉപഭോക്താക്കള്‍ക് ഗ്രൂപ്പുതന്നെ എളുപ്പം ഉപയോഗിക്കാവുന്ന സങ്കേതം. അപ്പോള്‍ എല്ലാ ഗ്രൂപ്പിനും എന്റ നമോവാകം.

Anonymous said...

കുട്ടനെ മേനോനെ, നിങ്ങളെ ഒക്കെ പോലുള്ള അവസരവാദികളും കളമ്മാറിചവിട്ടികളുമാണ് പിന്മൊഴി നശിപ്പിച്ചതെന്ന് ഞങ്ങള്‍ കുറേപേര്‍ പറഞ്ഞാല്‍ അതു സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുമോ? ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലങ്കില്‍ കളരിക്കു പുറത്ത്, അതല്ല മേനനേ നല്ലത്? ഇതിപ്പോള്‍ കളരിക്കകത്തുകയറി ഇരുന്ന് ആശാന്റെ നെഞ്ചത്ത് അലക്കിയിട്ട് അപ്പുറത്തെ പറമ്പില്‍ പോയിനിന്നെ കൊഞ്ഞനം കുത്തുമ്പോലെ ഉണ്ടല്ലൊ മേനനേ!

കഷ്ടം.

asdfasdf asfdasdf said...

പഥികാ, വാസ്തവം പറഞ്ഞതിനു മെക്കിട്ട് കയറുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല. ഞാന്‍ പിന്മൊഴിയെയോ പൈപ്പിനെയോ ഇതുവരെയും കുറ്റം പറഞ്ഞിട്ടില്ല. ഒരിക്കലും പറയുകയുമില്ല. അതു മുമ്പും പറഞ്ഞിട്ടുണ്ട്. സാനുവിന്റെ പോസ്റ്റില്‍ കഴിഞ്ഞയാഴ്ചയും പറഞ്ഞിരുന്നു. എന്നുവെച്ച് അഭിപ്രായം ഇരുമ്പുലക്കയൊന്നുമല്ല എന്റെ മാഷേ. കാലത്തിനനുസരിച്ച് മാറാന്‍ കഴിയാത്തവനെ എന്തെന്ന് വിളിക്കാന്‍ എന്റെ ഡിഷ്ണറിയില്‍ വാക്കില്ല. അനോനിയുടെ ആ ചവിട്ടി ഇവിടെ ചെലവാകില്ല.

സാല്‍ജോҐsaljo said...

മൊഴി വന്നാലും പോയാലും വായിക്കേണ്ടതു വായിക്കുക അത്ര തന്നെ. കമന്റുകളുടെ എണ്ണം കൂടുന്നതിനാല്‍ ബ്ലോഗ് വായിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു ആദ്യ രോദനം.

അഞ്ചലേ, താനല്ലേ ബ്ലോഗ് ചാറ്റു റൂ‍മാണെന്ന് പറഞ്ഞത്? പകരം വന്ന മൊഴിയും ഫലത്തില്‍ അതു തന്നെ സിബു ജി പറഞ്ഞതുപോലെ കാലിലെ മന്തു മാറി അല്ലാതൊന്നുമില്ല. ഞാനും പുതിയമൊഴിയുടെ ഉപയോക്താവാണ്. വായിക്കാറുണ്ട്, കമന്റാറൂമുണ്ട്. ഊടുപാട് തെറിപറഞ്ഞിട്ടിനി അതാരെയെങ്കിലും ഏല്‍പ്പികാത്തകുറവേ ഉള്ളൂ‍. ദില്‍ബൂ പറഞ്ഞതാ ശരീ നിനക്കുവേറെ പണിയൊന്നുമില്ലേ ഡിങ്കാ വിട്ടുകള, നമക്കാ ബാച്ചിക്ലബ് ഒന്നുകൂടീ വെള്ളപ്പൂശിയെടുത്താ‍ലോ :)

ഓ. ടോ.: ഡിങ്കാ, നീയിതിലെ പാഞ്ഞുനടക്കുന്നതു കാണാന്‍ പറ്റണീല്ല അതേയുള്ളൂ മൊഴി ഇല്ലാത്ത്തിന്റെ ദുഃഖം.! ഞാനെന്റെയൊരു പോസ്റ്റിലെ കമന്റില്‍ ചോദിച്ചാരുന്നു.നീയിപ്പം ഇവിടില്ലേന്ന് ഇപ്പഴല്ലേ മനസിലായത്.

sandoz said...

നേരം വെളുത്താല്‍...
കൂട്ടായ്മാ....സമൂഹം...
ഒരുമിച്ച് വറുക്കല്‍[അരി].....
തേനൊലിപ്പിക്കല്‍.....
സ്വയം പൊക്കിപ്പിടിക്കല്‍..
പഴേ ലോകം...
പുതിയവരെ പാഠം പഠിപ്പിക്കല്‍...
എല്ല ഐപ്പീം അറിയാം എന്ന അവകാശവാദങള്‍‍[തേങ്ങേണ്]...

ദിപ്പോ...ദേ...സമാധാനമുണ്ടല്ലോ......

ബീരാന്‍ കുട്ടി said...

പിന്മൊഴി പൂട്ടണമെന്ന് നിര്‍ബദമുള്ള ചിലര്‍ ആ ചടങ്ങ്‌ സുന്ദരിയായി നടത്തി.
മറുമൊഴിയെ അവര്‍ സഹായിക്കുന്നു എന്നത്‌ സത്യം പക്ഷെ, Note the point, അവര്‍ക്ക്‌ മറുമൊഴിയുമല്ല ലക്ഷ്യം.
അത്‌ ദെ ഏതാനും നിമിഷങ്ങള്‍ക്കകം സ്റ്റേജില്‍ അരങ്ങേറും. പൈപ്പ്‌ കച്ചവടം വെറും ടെസ്റ്റാണ്‌, ഒപ്പണ്‍ സോര്‍സിനെ കുറിച്ച്‌ ക്ലാസ്സെടുത്ത്‌ നടന്നവര്‍ ഇപ്പോള്‍ യാഹുവിന്റെ കാല്‌ പിടിക്കാന്‍ പറയുന്നതിലെ മധുരത്തില്‍ പൊതിഞ്ഞ കച്ചവട തന്ത്രം ബൂലോകത്തെ ആര്‍ക്കും മനസിലായില്ലാന്ന് കരുതുന്നവര്‍, പക്ഷെ, അവര്‍ക്ക്‌ തെറ്റി, നൂറ്‌ തരം, അതിന്റെ പ്രത്യക്ഷ രോഗലക്ഷണങ്ങള്‍ കഴിഞ്ഞ ദിവസം നാം കണ്ടു. എന്തായാലും ഇതാകെ അല്‍തുല്‍ത്ത്‌ കുല്‍മാലാവാന്‍ അധിക ദിവസം ബാക്കിയില്ല. IP അറിയാം എന്ന് പറയുന്നത്‌ വെറുതെയാണെന്ന് കരുതരുത്‌ സോദരാ, അത്‌ നെറ്റിലെ സിമ്പിള്‍ പണിയാണ്‌. എത്‌ കണ്ണ്‌പൊട്ടനും കഴിയും. ഇല്ലെന്ന് കരുതുന്നവര്‍ വിഢികള്‍.

ഉണ്ണിക്കുട്ടന്‍ said...

ഡിങ്കാ ഇതിപ്പോഴാ കണ്ടേ..മൊഴിയേതായാലും കമന്റു കണ്ടാല്‍ മതി എന്നാണല്ലോ നമ്മുടെ മുദ്രാവാക്യം . പൈപ്പു ഇതു വരെ പണിതു നോക്കാന്‍ തോന്നീല. പിന്നെ പുതുതായി ബ്ലോഗില്‍ വരുന്നവനു ബൂലോകം ശൈശവത്തിലാണോ..കൌമാരത്തിലാണോ..അതോ ചാവാന്‍ കിടക്കുവാണോ..

കെ said...

കണ്ടു തൊഴണമെന്ന് മാരീചനും ആഗ്രഹിച്ചിരിക്കുകയായിരുന്നു. ഇപ്പോഴാണ് നേരം കിട്ടിയത്. ക്ഷമിക്കുമല്ലോ. കൊളളാവുന്ന ചില പിന്നാമ്പുറങ്ങളുടെ പിറകെ വഴി നടന്നിട്ടുണ്ടെന്നല്ലാതെ നമുക്കീ പിന്മൊഴി, മുന്‍മൊഴി, മറുമൊഴി മുതലായ വഴിപിഴച്ച ചര്‍ച്ചകളിലൊന്നും ഒരു താല്‍പര്യവുമില്ലപ്പീ..

അപ്പോ സുഖങ്ങള് തന്നെയല്ലേ... പോട്ടെ... പിന്നെ വരാം...