Sunday, January 18, 2009

കഥകളി – ഗാർഹിക കവിത

അടു(കഥ)കളി – ഗാർഹിക കവിത

പച്ചവേഷങ്ങളിലായിരുന്നു തുടക്കം.
വെണ്ടയും, പയറും, മുട്ടക്കൂസുമെല്ലാം
മനയോല തേച്ച് പലകത്തട്ടിൽ നിരത്തി.

ശേഷം സാക്ഷാൽ കത്തിയായി.
പലകയിൽ നിരന്ന പച്ച(ക്കറി)വേഷങ്ങളെ
കുറുംകത്തികൊണ്ടും, നെടുംകത്തികൊണ്ടും
വെട്ടിയും, അരിഞ്ഞും വീഴ്ത്തി.

വെള്ളം തിളപ്പിക്കാൻ കലം കയറ്റുവെച്ച്
വിറകുപൂട്ടി, കനലൂതുമ്പോൾ
പുകപടർന്ന് കരിവേഷം പൂർത്തിയായി.

ടെലിവിഷനിലെ ചൂടൻ ‌ രാഷ്‌ട്രീയ വാർത്തകളിൽ
കണ്ണുംനട്ട് വെള്ളത്താടിയുഴിഞ്ഞിരിപ്പുണ്ട്
ഒരു സാത്വിക ഹനുമാൻ, ചെറുവാലിളക്കം പോലുമില്ലാതെ.
തീൻ മേശയിൽ ചുവന്നതാടിക്കാരൻ ബകനിലേക്കും,
ശേഷം വസ്ത്രാക്ഷേപക്ഷീണമുള്ള ദുശാസനനിലേക്കും
ചുവടുമാറ്റാൻ നിമിഷനേരം മതി നവരസപ്രവീണന് !

കൊട്ടത്തളത്തിലെ പാത്രങ്ങൾ
ഇന്നും കുന്നുകൂടി കുന്നായ്മ പറയുന്നുണ്ട്.
ഇനിയതൊന്നും തേച്ചു മിനുക്കാൻഎന്നെക്കൊണ്ട് വയ്യ.

എച്ചിൽ പാത്രങ്ങളിൽ ആ കള്ളപ്പൂച്ച
പതിവു കേളി തുടങ്ങിയിരിക്കുന്നു
ഇനി കളി നന്നായില്ലെങ്കിൽ
കടന്നൽക്കുത്തേറ്റ കുടവയറൻ
കമ്മറ്റിക്കാരന്റേതു പോലെ ആയിരിക്കും
അവന്റെ വെളുത്തു തുടുത്ത മുഖം.

ചെണ്ടമദ്ധളങ്ങളുടെ ഉച്ചസ്ഥായിയുലുറങ്ങി
ഇളകിയാട്ടത്തിനു മുന്നെയുള്ള നിശബ്ദതയിൽ
ഉണർന്നു പകയ്ക്കുന്ന കാഴ്ചക്കാരാ,
എന്നാണ് കൃഷ്ണൻ നായരെപ്പോലെ
ഒരു പൂതനാമോക്ഷം ആടിത്തീർക്കാനാകുക?

* കഥകളിയും, അടുക്കളയും കാണാത്തവർ ദയവായി കവിത വായിക്കരുത്

14 comments:

Dinkan-ഡിങ്കന്‍ said...

* കഥകളിയും, അടുക്കളയും കാണാത്തവർ ദയവായി കവിത വായിക്കരുത്

അനിലൻ said...

:)
കഥകളി കുറച്ചും അടുക്കള മുഴുവനായും കണ്ടിട്ടുണ്ട്!!!

verloren said...

പുതിയ എഴുത്തുകള്‍ മിക്കതും അടുക്കളയില്‍ നിന്നും പിറക്കുന്നു! കളിയിലെ ആസ്ഥാന ‘പാചക‘ വേഷക്കാരനായി അവരോധിക്കപ്പെട്ടോ? :)

മണിക്കുട്ടി said...

നന്നായി :)

അവിടവിടെ ആവശ്യമില്ലാത്ത വിഷ്വല്‍ ആക്സന്റുകളും പലപ്പോഴും കണ്ടിട്ടുള്ള ഹൈപ്പര്‍ ടെക്സ്റ്റുകളും പിന്നെ അവസാനത്തെ അടിക്കുറിപ്പും ഒക്കെ വായനക്കാരനെ വിശ്വാസം ഇല്ലാത്തതിന്റെ സൂചനയല്ലേ? ഡിജിറ്റല്‍ ടെക്സ്റ്റിന്റെ സാധ്യത പരീക്ഷിക്കുന്നു എന്നൊരു ന്യായം പറയാം. എങ്കിലും എന്തോ ഒന്ന് ചോര്‍ന്നുപോകുന്നുണ്ട്.

കുറുമാന്‍ said...

കൊള്ളാം, കളിയേതാ‍ നളദമയന്തിയാവും അല്ലെ :)

Latheesh Mohan said...

റഷ്യക്കാരന്‍ പറഞ്ഞതിനോട് പല രീതിയില്‍ യോജിക്കുന്നു. നിന്റെ എഴുത്തിനോട് എനിക്കു പണ്ടേയുള്ള വിയോജിപ്പാണത്. വായനക്കാരനെ വിശ്വാസത്തിലെടുക്കാത്തതിനെക്കാള്‍ വലിയ പ്രശ്നം, അലിഗറികളികളിലുള്ള അമിതാസക്തിയാണ്. കൂടുതല്‍ വിവരങ്ങള്‍ എനിക്കറിയാമെന്നും അത് വാ‍യനക്കാരന് മനസ്സിലാകണമെന്നുമുള്ള വാശി. വായിച്ചു പകുതിയാകുമ്പോള്‍ ചെടിക്കും നീ എഴുന്നത് പലതും. വായന വളരെ ബുദ്ധിമേട്ടേറിയ ഒരു പരിപാടിയായി നിലനിര്‍ത്തുന്നതു കൊണ്ട്, നിന്റെ എഴുത്തിന് ഭയങ്കരമായ പഴക്കം ഫീല്‍ ചെയ്യും.
ടെക്സ്റ്റിലെ ക്ലാരിറ്റി (ഭാഷാശുദ്ധി എന്ന് ഇതിനെ ഞാന്‍ മലയാളത്തില്‍ പറയാന്‍ ശ്രമിച്ചിരുന്നു. വിവരക്കേട് അല്ലാതെന്താ) ഇല്ലാതെ, എന്തു തരം എഴുത്തിനും ഇനിയുള്ള കാലം പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.

അറിവുകളില്‍ നിന്നുള്ള മോചനം, അല്ലെങ്കില്‍ അറിവുകള്‍ എഴുതിവയ്ക്കുന്നതില്‍ നിന്നുള്ള മോചനം നിനക്ക് വളരെ അത്യാവശ്യം.ആവശ്യത്തിലേറെയുള്ള നറേറ്റീവ് സ്കില്ലിനെ നീ വെറുതെ നശിപ്പിക്കുകയാണെന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്

namath said...

ഡിങ്കാ.. റഷ്യാക്കാരന്‍ പറഞ്ഞതിന്‍റെയും ലതീഷ് പറഞ്ഞതിന്‍റെയും കൂടെ ഒന്ന്. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ ലതീഷ് പറഞ്ഞതിനോടുത്ത്. ബൌദ്ധിക വ്യായാമം സൃഷ്ടിയുടെ മാറ്റ് കൂട്ടുന്നുണ്ടോ എന്നത് ചിന്തനീയം.തലയെടുത്ത് പുറത്ത് വെച്ചിട്ടു മനസ്സു കൊണ്ടെഴുത്. ടോണ്‍ട് ട്രൈ ടു പ്രൂവ് യുവര്‍ മെറ്റല്‍ വെന്‍ ഇറ്റ്സ് എവി‍ഡന്‍റ്.

സ്വാതന്ത്ര്യമെടുത്തതില്‍ ഖേദിക്കുന്നു. എന്നാലും പറയണമെന്നു തോന്നി. :-))

namath said...

tracking..

വികടശിരോമണി said...

ഡിങ്കാ,കൊള്ളാം കെട്ടോ.
വായനക്കാരെ വിശ്വാസമില്ലാത്ത ഒരുപാട് നല്ല കവികളുണ്ട്.(നമ്മുടെ വൈലോപ്പിള്ളി തന്നെ ഉദാഹരണം)അതത്ര പേടിക്കേണ്ടതില്ല.പക്ഷേ ബൌദ്ധികക്രിയയായി മാറുന്നത് അങ്ങനെയല്ല.
ഡിങ്കനാള് പോരാളിയാണെങ്കിലും വായനക്കാരെ എതിരാളിയായി കാണണംന്ന് ഇല്ലല്ലോ.

Ranjith chemmad / ചെമ്മാടൻ said...

ഇഷ്ടപ്പെട്ടു, ഈ മേളലയം...

അയല്‍ക്കാരന്‍ said...

അടുക്കളയരങ്ങുകളില്‍ മാത്രം ആടിത്തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ ചിലര്‍.
കവിതയും കഥകളിയുമറിയുന്ന ചിലര്‍ക്ക് അടുക്കളയില്‍ കയറാനാവാത്തതിന്‍‌റെ വേദന. ചമ്പയല്ലാത്ത ചോറിന്‍‌റെയും വൃത്തമില്ലാത്ത പപ്പടത്തി‌ന്‍‌റെയും വ്യസനം ദമയന്തി അസ്തമയസമയങ്ങളില്‍ അറിഞ്ഞിരുന്നുവെന്ന് കഴകക്കൂട്ട്.

Rajeeve Chelanat said...

ഡിങ്കാ..ഇത് ഇഷ്ടപ്പെട്ടു എന്നറിയിക്കട്ടെ..ബൌദ്ധിക കസര്‍ത്തും അലിഗറിയോടുള്ള അമിതാസക്തിയുമൊന്നും കാണാന്‍ കഴിഞ്ഞതുമില്ല.

കുറുമാന്‍, കഥകളിയില്‍ ‘നളദമയന്തി’മാരുടെ കളിക്കുള്ള പേര് നളചരിതം എന്നാണേ...വികടന്‍ കാണാഞ്ഞത് നന്നായി..അല്ലെങ്കില്‍ ഇവിടെ ഒരു വധം ഉറപ്പായിരുന്നു..

അഭിവാദ്യങ്ങളോടെ

വികടശിരോമണി said...

ഹഹഹ...കാണാഞ്ഞിട്ടല്ല,രാജീവ്ജീ.നമ്മുടെ കുറുമാനല്ലേ,പോട്ടേന്ന് വെച്ചതാ:)

സുദേവ് said...

നിങ്ങളെയൊക്കെ വായിച്ചു വായിച്ചു ഞാനും ഒരു കുഞ്ഞു ബ്ലോഗറായി !!!!! അത് കൊണ്ടു എന്റെ ബ്ലോഗ് വായിച്ചു ഒരു കംമെന്റെന്കിലും ഇടാനുള്ള ധാര്‍മിക ഉത്തരവാദിത്തം (പ്ലീസ് ..പ്ലീസ് ...പ്ലീസ് ) കാണിക്കണേ!!!
http://ksudev.blogspot.com/