Saturday, April 26, 2008

ബ്ലോഗര്‍ കൂടിയായ മനോജ് കുറൂരിന് കേരള സാഹിത്യ അക്കാഡമി കനകശ്രീ അവാര്‍ഡ്

കേരള സാഹിത്യ അക്കാഡമിയുടെ 2007 വര്‍ഷത്തെ കവിതകള്‍ക്കായുള്ള കനകശ്രീ അവാര്‍ഡ് ശ്രീ. മനോജ് കുറൂറിന്റെ കോമയ്ക്ക് ലഭിച്ചു. ആധുനീക ഗ്ലോബ്ലല്‍ സമൂഹത്തിലെ യാന്ത്രിക ചടുലത യുടേയും, കമ്പോള കിടമല്‍‌സരങ്ങളുടേയും ആശങ്കങ്ങള്‍ വെളിപ്പെടുത്തുന്ന കൃതിയായിരുന്നു കോമ.

കര്‍ത്താവില്ലാത്തനിനാല്‍ കര്‍മ്മത്തിന്റെ നാമത്തില്‍ നമുക്കാഘോഷിക്കാം
എന്ന് ഘോഷിക്കുന്ന കോമ പുത്തന്‍ കമ്പോള സംസ്കാരത്തിന്റെ
ഇരയായ ലാസറിന്റെ കഥ (കവിതയായി) പറയുന്നു.


കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടേയും, ശ്രീദേവി അന്തര്‍ജനത്തിന്റേയും മകനാണ് മനോജ്. കോട്ടയ മാണു മനോജിന്റെ ജന്മദേശം. പന്തളം എന്‍.എസ്.എസ്. കോളജില്‍ അധ്യാപകനാണ്. താള സംബന്ധമായ വിഷയത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഗവേഷകന്‍ കൂടിയാണ്.


ശ്രീ മനോജ് കുറൂര്‍ മലയാളം ബ്ലോഗര്‍ കൂടെയാണ്.

1) വിവര്‍ത്തനത്തില്... നഷ്ടപ്പെടുന്നത്
2) പുറമൊഴികള്‍
3) ജീവിതത്തിലെ അഴുക്കുചാല്‍നോട്... സ്ഥിതിവിവരണം
4) manoj kuroor
എന്നീ ബ്ലോഗുകള്‍ അദ്ദേഹത്തിന്റേതാണ് .
ഇതു കൂടാതെ ബൂലോക കവിതയില്‍ അംഗത്വവും ഉണ്ട്.


ശ്രീ മനോജ് കുറൂരിന്റെ അവാറ്ഡ് ലബ്ദിയില്‍ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിക്കുന്നു.
വാര്‍ത്തകള്‍ക്ക് -> ഇവിടെ
ശ്രീ മനോജിനെ കൂടുതല്‍ അറിയാന്‍ -> ഇവിടെ

Saturday, April 5, 2008

പാവം ദുര്യോധനന്‍


രംഗം മനസിലായിക്കാണുമല്ലോ അല്ലേ. അതെ, ഹസ്തിനപുരിതന്നെ. കൃഷ്ണദൂത് നടക്കുന്നു.
“ദുര്യോധനാ, കൊറച്ച് സ്ഥലം അവന്മാര്‍ക്കും കൊടുക്കടാ ഒന്നൂല്ല്യേലും നിന്റെ ഇളയച്ഛന്റെ മക്കളല്ലേ?” എന്ന് കൃഷ്ണന്‍ താണുവീണുകേണിട്ടും


“ജ്ഞാതിയല്ല നമുക്കഹോ
യമജാതനെന്നു ധരിക്ക നീ
പാതിരാജ്യമതിങ്ങു യാദവ
പാണ്ഡവര്‍ക്കുകൊടുത്തിടാ...

ചഞ്ചലത്വമതില്ല മാമക
നെഞ്ചകത്തയി മാധവാ
പഞ്ചദേശവുമിന്നു യാദവ
പാണ്ഡവര്‍ക്കുകൊടുത്തിടാ...

കിഞ്ചനാപി വിചാരവും നഹി
ഗച്ഛ കേശവ കേവലം
പഞ്ചഗേഹവുമിങ്ങു യാദവ
പാണ്ഡവര്‍ക്കുകൊടുത്തിടാ...

സൂചികുത്തുവതിന്നുമിന്നവ-
കാശമീ ധരണീതലേ
വാശിയോടെ വസിച്ചിടുന്നൊരു
പാണ്ഡവര്‍ക്കു കൊടുത്തിടാ”


എന്ന് തുടങ്ങി..
പാണ്ഡുനന്ദനരല്ല വൈരിക-
ന്യജാതരതല്ലയോ
പാണ്ഡവരുടെ തന്തയില്ലായ്മയില്‍ വരെ പള്ള് പറഞ്ഞപ്പോഴാണ്
ന്നാല്‍ ഇനീപ്പോ യുദ്ധം” എന്ന് പറഞ്ഞ് ജനാര്‍ദ്ധനന്‍ എണീറ്റതും “ഓനെ കെട്ടി വരിയിന്‍” എന്ന് ദുര്യോധനന്‍ ഉത്തരവിട്ടതും...

ഇത്രയും ഇതിഹാസം. എന്നാല്‍ ഒരു “നെഗോസിയേഷന്‍ മീറ്റിംഗില്‍” ഇങ്ങനെ കിടന്ന് ചൂടാകാതെ അല്പം താണുകൊണ്ട് തന്റെ പക്ഷം പറഞ്ഞിരുന്നെങ്കില്‍ കൃഷ്ണന്‍ തന്റെ ദ്വാരകകൂടെ ഇങ്ങേര്‍ക്ക് എഴുതി കൊടുത്തേനെ...
എങ്ങിനെ?
കൃഷ്ണന്‍ എന്ന് കേള്‍ക്കുമ്പോള്‍ നിതീഷ് ഭരദ്വാജിനെയാണ് ഓര്മ്മവരുന്നതെങ്കില്‍
ദുര്യോധനന്‍ ഓര്‍മ്മിപ്പിക്കുന്നത് പുനീത് ഇസ്സാറിനെയാണ്



ഇവിടെയാണ് ജഗദീഷ് എന്ന നടന്റെ പ്രസക്തി. മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ സ്ഥിരമായി അനുകരിക്കുന്ന ഒരു ഡയലോഗുണ്ട് ജഗദീഷിന് (എച്ചൂസ് മീ കാക്ക തൂറി.. അതല്ല, ഇത് വേറേ). സമനില കൈവിടാതെ ജഗദീഷ് ശൈലിയില്‍ ദുര്യോധനന്‍ ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ... ???

“തന്തയ്ക്കാണേല്‍ കണ്ണ് കാണില്ല. പെറ്റതള്ളയാണേല്‍ കണ്ണില്‍ റിബ്ബണും കെട്ടി തന്തേനെ അനുകരിച്ച് നടക്കുന്നു. ഒരു പണിക്കും പോകാതെ 99 എണ്ണം ഉണ്ട് അനുജന്മാരായിട്ട്. വകയ്ക്ക് കൊള്ളാത്തവന്മാര്. ബാക്കി കുറെ എണ്ണം ഉണ്ട് തലയും, താടിയും നരച്ച് അമ്മാവനാണ്, മുത്തച്ഛനാണ്, എളേച്ചനാണ് എന്നൊക്കെ പറഞ്ഞ്. ഫുള്‍ ടൈം ചൂതുകളിയും, ഉപദേശവും അല്ലാതെ ഒരു ഗുണോം ഇല്ല. അത് കൂടാഞ്ഞിട്ടാണ് പണ്ട് ഒന്നാംക്ലാസില്‍ പടിപ്പിച്ചതു തൊട്ട് ഉള്ള ഗുരുക്കന്മാരെ മുഴുവന്‍ അടുത്തൂണ്‍ പറ്റിയതിന് ശേഷവും പിരിച്ച് വിടാതെ കുടുമ്മസമേതം ഇവിടെ കേറ്റി താമസിപ്പിച്ചിരിക്കുന്നത്. ഇവറ്റയ്ക്കൊക്കെ മൂന്ന് നേരോം ചോറ് കൊടുക്കണ്ടേ? ചെല്ലും, ചെലവും ഇല്ലേ? ഒക്കെ നില്‍ക്കട്ടെ; ആ ജയദ്രഥന് കൊടുത്ത് തീര്‍ക്കേണ്ട സ്ത്രീധനബാക്കി ഇത് വരെ എടപാട് തീര്‍ത്തിട്ടില്ല. തോഴിമാര് വരെ കൊള്ളിവാക്ക് പറഞ്ഞു തുടങ്ങി എന്നാണ് കഴിഞ്ഞ തവണ പൂരത്തിന് വന്നപ്പോള്‍ ദുശളനിയത്തി കരഞ്ഞ് മൂക്ക് പിഴിഞ്ഞ് പറഞ്ഞത്. ഞാന്‍ വേണം ഇതൊക്കെ മാനേജ് ചെയ്യാന്‍. അതിനിടയില് ആണ് ഇളയച്ഛന് പിറക്കാതെ കണ്ട കാറ്റിലും, വെയിലിലും, മഴയിലും, സമയത്തും, മരുന്നിലും ഒക്കെ ഉണ്ടായ കുറെ എണ്ണം വന്ന് ഉള്ള രാജ്യത്തിന്റെ പാതി വേണം എന്ന് പറഞ്ഞ് ബഹളം വെയ്ക്കണത്. ഞാന്‍ എന്ത് ചെയ്യണം? അല്ല താന്‍ തന്നെ പറ. അത്താഴം തന്നെ കൊത്തും പിട്യാണ് , പിന്ന്യാണ് വെള്ളച്ചോറ്. അല്ലാതെ കൊടുക്കാന്‍ മനസില്ലാഞ്ഞിട്ടല്ല. പണ്ട് എങ്ങാണ്ടുന്നോ കേറി വന്ന ഒരുത്തന് അംഗരാജ്യം വരെ റെജിസ്റ്റര്‍ ചെയ്ത് കൊടുത്തിട്ടുണ്ട് , സ്റ്റാമ്പ് ഡ്യൂട്ടി പോലും അടച്ചത് ഞാനാണെന്ന് അറിയാവുന്നതല്ല? പണ്ടത്തേ പോലെ ഒന്നും അല്ല.. കാലം മാറി. ഭയങ്കര കഷ്ടപ്പാടാണ്”

ഒരു മഹായുദ്ധം തന്നെ ഒഴിവാക്കാമായിരുന്നു. ഇതിനെയാണ് അടവു നയം എന്ന് പറയുന്നത്.
പുര നിറഞ്ഞ് നില്‍ക്കുന്ന അച്ഛന്‍, കെട്ടിക്കാന്‍ പ്രായമായ അമ്മ, അത്താഴപ്പട്ടിണിക്കാരായ പെങ്ങന്മാര്‍..” ജഗദീഷിനെ മിമിക്രിക്കാര്‍ തുടര്‍ന്നും അനുകരിക്കുകയാണ്.

*പാതിയല്ല നമുക്കഹോ... = > ദുര്യോധനവധം ആട്ടക്കഥ (തിരുത്തിന് എതിരന്‍ കതിരവന് നന്ദി)
* കാറ്റിലും, വെയിലിലും, മഴയിലും, സമയത്തും, മരുന്നിലും = > വായു,സൂര്യന്‍,ഇന്ദ്രന്‍,യമന്‍(കാലം),അശ്വനീദേവകള്‍(ആയുര്‍വേധം)

പണ്ട് ഡ്രാഫിറ്റില്‍ ഉണ്ടായിരുന്ന ഏതോ ഡാറ്റ തപ്പുന്നതിനിടയില്‍ അറിയാതെ എന്തിലോ കൈ തട്ടി ഡേറ്റ് മാറി പുതിയ പോസ്റ്റായി മാറിയ ഈ പൊസ്റ്റിന് കമെന്റ് ഇട്ടവര്‍ “ശരിക്കും പുതിയ പോസ്റ്റ് “ ഇടാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ പെട്ടെന്ന് പോസ്റ്റീതാണ്. ആശയം ഉരുത്തിരിഞ്ഞത് കഥകളിയെ പറ്റി ചര്‍ച്ച ചെയ്ത ഒരു സൌഹൃദമെയില്‍ ത്രെഡില്‍ നിന്ന്

Thursday, April 3, 2008

ഇതാ ഒരു നല്ല പോസ്‌റ്റ്

ഞാന്‍ നല്ല പോസ്റ്റ് ഇടുന്നില്ല എന്ന് കുപ്രചരണം നടത്തുന്നവര്‍ക്ക് ഇതാ ചുട്ട മറുപടി.
ഈ പോസ്റ്റ് യെപ്പടി? കൊള്ളാമോ?
അഖിലബൂലോഗ ബാച്ചീ സമൂഹത്തിനായി ഞാന്‍ ഈ പൊസ്റ്റ് ഡെഡിക്കേറ്റുന്നു.
പോസ്റ്റുകളാണ് ബ്ലൊഗിന്റെ ജീവനാഡികള്‍, കിഡ്നികള്‍, കശേരുക്കള്‍, പ്ലീഹകള്‍....
(ഇന്നേയ്ക്ക് വാങ്ങിക്കൂട്ടാന്‍ ഇത്രയും പോരേ?)