Tuesday, December 16, 2008
Saturday, December 13, 2008
രാ(യ)തി
(പക്ഷേ കൂകുന്ന കുക്കര്‍, കുറുകുന്ന ഫ്രയിംഗ്‌പാന്‍
മൂളുന്ന ഫാന്‍, മുറുകുന്ന വള്ളിച്ചെരുപ്പ്)
എന്റെ കരിഞ്ഞ ഉപ്പുമാവേ, എന്റെ തിളച്ചുമറിഞ്ഞ പാലേ,
എന്റെ തുന്നിക്കൂട്ടിയ വള്ളിച്ചെരുപ്പേ!
എന്നെല്ലാമായത് ആരുടെ കുറ്റംകൊണ്ടാണ്?
(തിരക്കാണ്...ഒന്നു മുഖം കാണാന്‍ പോലുമാകാത്തവിധം
തിരക്കോടുതിരക്ക്...എനിക്കും അവനും)
II.
ആ തിരക്കുകളില്‍ നിന്ന് ഓടിക്കയറിയ
അമിതമായ തിരക്കുള്ള ബസില്‍ വെച്ച്
അറിയാതെ വന്നൊരു മിസ്ഡ്‌കോള്
അറിഞ്ഞുമുട്ടുന്ന കൈകള്‍
(മൂറിന്‍തൈലവും, മുന്തിരിവള്ളികളുടെ മണവും,
രക്താംബരവും, വെള്ളികെട്ടിയ പല്ലക്കും...
കളവാണ്, സര്‍വ്വത്ര കളവ്
എഞ്ചിനോയിലിന്റെ, ആൾക്കൂട്ടവിയർപ്പിന്റെ,
മീൻകുട്ടകളുടെ, മുടിനനയ്ക്കാത്തവരുടെ
III.
ആ വിധം തിരക്കുള്ള വാഹനത്തിൽ
ഉടലമർത്തപ്പെടുമ്പോൾ
ഒരു അശ്ലീല എസ്.എം.എസ് വന്നുവിളിച്ചത്
കോമ്പല്ലുകൾ കൂട്ടിയിറുമ്മുന്ന ശബ്ദത്തിലാണ്.
"മരിച്ചു നരകത്തിലെത്തിയ ഡ്രാക്കുളയുടെ
അടുത്ത ജന്മത്തിലെ ആഗ്രഹങ്ങള്
ചോരകുടിയ്ക്കണം,ചിറകുവേണം,പെണ്ണരികില്‍ കിടക്കണം..
ദൈവം കരുണാമയനും, കാര്‍മേഘവര്‍ണ്ണനും മാത്രമല്ല
ഒന്നാന്തരം കുത്സിതവൃത്തിക്കാരനും, കുതന്ത്രക്കാരനുമാണ്
പാവം ഡ്രാക്കുളയുടെ പുനര്‍ജന്മം
വിസ്പര്‍ അള്‍ട്രാ വിത് വിംഗ്സ് "
IV.
ഞാന്‍ ലൂസി ജോനാഥൻ
കാലില്‍ വള്ളിമുറിഞ്ഞ ചെരുപ്പുണ്ടോ?
എല്ലാം അപ്രത്യക്ഷം! നിങ്ങള്‍ ആശ്ചര്യപ്പെടുന്നു.
(പാചക നുറുങ്ങ്: വെളുത്തുള്ളി ഒഴിവാക്കുക.
അതിന്റെ മണമുള്ളിടങ്ങളില്‍
* രായതി/റായതി => പ്രേമഭാജനത്തെ സംബോധന ചെയ്യാന്‍ ഉത്തമഗീതത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഹീബ്രൂ പദം.
സമർപ്പണം: “ഉത്തമഗീതം പോലെ പ്രണയിക്കണം എന്നായിരുന്നു ആഗ്രഹം. ഇപ്പോൾ ജീവിതം ഉപ്പുമാവ് അടിയ്ക്കുപിടിച്ച പോലെ” എന്നറിയിച്ചവൾക്ക്. അവൾക്കുമാത്രം!
Friday, December 12, 2008
അനുവാര്യർക്ക് അവാർഡ്
അനുവാര്യരുടെ സൃഷ്ടിയായ "ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകള്‍"
മികച്ച രണ്ടാമത്തെ നോവലായി തിരഞ്ഞെടുത്ത സന്തോഷ വാര്‍ത്ത അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക
അനുവാര്യർക്ക് (അനിയൻസ്) അവാർഡ്
Wednesday, November 26, 2008
ഗൂഗിളിന് മനുഷ്യനേക്കാള്‍ ബുദ്ധിയുണ്ടോ?
*വിവാദങ്ങളുമായി ബന്ധമില്ല / പൊളിറ്റിക്കലി കറക്റ്റുമല്ല :)
Tuesday, November 11, 2008
Monday, November 10, 2008
മാപ്പിള രാമായണം
ലാമ ലാമ ലാമ ലാമാ ലാമ ലാമ ലാമാ…...
പണ്ട് താടിക്കാരനൌലി പാടി വന്നൊരു പാട്ട്
കണ്ടതല്ലേ നമ്മളീ ലാമായണം കഥപ്പാട്ട്
കർക്കിടകം കാത്തുകാത്ത് കുത്തിരിക്കും പാട്ട്
കാതുരണ്ടിലും കൈവിരലിട്ടോരി കൂട്ടും പാട്ട്
(ലാമ ലാമാ……)
മൂന്നു പെണ്ണിനെ ദശരഥൻ നിക്കാഹ് ചെയ്ത പാട്ട്
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മുത്തുള്ള ലാമൻ ചേലുകൂട്ടും പാട്ട്
(ലാമ ലാമാ……)
നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്
കുഞ്ഞുകുട്ടിത്തങ്കമോളെ കൈപിടിച്ച പാട്ട്
ഹാലിളകി താടിലാമൻ വഴി തടഞ്ഞ പാട്ട്
ഹാല് മാറ്റീട്ടന്നു ലാമൻ നാട്ടിലെത്തിയ പാട്ട്
(ലാമ ലാമാ……)
രണ്ട് നാള് മുമ്പറിഞ്ഞ് നമ്മള് സ്വകാര്യം
കുണ്ടകാഞ്ഞ ലാമനോരോ പെണ്ണ് വെച്ച കാര്യം
ചത്ത പയ്യിന്റാല നോക്കി കുത്തിരുന്നിട്ടെന്താ?
കുത്തടങ്ങീട്ടൊത്ത പയ്യിനെ മാറ്റി വാങ്ങി പോറ്റ്
(ലാമ ലാമാ……)
ഇതിങ്ങനെ രസകരമായി തുടരുന്നു………
പുസ്തകം: മാപ്പിള രാമായണവും നാടൻ പാട്ടുകളും.
സമ്പാദകൻ: ടി.എച്ച്. കുഞ്ഞിരാമൻ
സമർപ്പണം : പ്രഗ്യാ സിംഗിന്
(ചുമ്മാ ഇരിക്കട്ടേന്നേ...)
Friday, October 31, 2008
ഒരു പുതിയ കളി കളിക്കാം ?
ഒരു കളിയെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നത്.
കളിയിൽ എത്ര പേർക്ക് വേണമെങ്കിലും പങ്കെടുക്കാം. കളിയ്ക്കാവശ്യമുള്ള ഉരുപ്പടികൾ താഴെ പ്രകാരം
1) ഇന്ത്യയുടെ ഒരു പൊളിറ്റിക്കൽ മാപ്പ് (വലതുപക്ഷ അരാഷ്ട്രീയർക്ക് നോൺ-പൊളിറ്റിക്കൽ മാപ്പും ഉപയോഗിക്കാം)
2) കുറെ മുട്ടുസൂചികൾ (നല്ല ഭേഷായ് മൂർച്ചയുള്ളത്ത്)
3)കടലാസു തൂണ്ടുകൾ (കുറിപ്പെഴുതാൻ പാകത്തിന്)
ഇനി കളിയിലേക്ക് കടക്കാം.....
ആദ്യഘട്ടം
ഇന്ത്യയിൽ നാളത്തെ ബോംബ് സ്ഫോടനം എന്നുണ്ടാകുമെന്ന് പ്രവചിക്കുക. സ്വന്തം പേരെഴുതിയ കടലാസ് മൊട്ടുസൂചിയിൽ തറച്ച് പ്രവചനം നടത്തുന്ന സംസ്ഥാനത്തിൽ കുത്തുക.(ഒരാൾക്ക് ഒരു കുത്തുമാത്രം, എന്നാൽ ഒരിടത്ത് ഒന്നിൽ കൂടുതൽ പേർക്ക് കുത്താം)
രണ്ടാം ഘട്ടം
ഇനി വേറെ ഒരു കടലാസിൽ ചില കുറിപ്പുകളായി ജാതി,മതം,എണ്ണം എന്നിവ രേഖപ്പെടുത്തുക.
അതായത് നിശ്ചിത ദിവസം നടക്കുന്ന ബോംബ് സ്ഫോടനങ്ങളിൽ പിടിക്കപ്പെടുന്നതിൽ ഹിന്ദുവെത്ര,ഇസ്ലാമെത്ര,കൃസ്ത്യാനിയെത്ര,സിക്കെത്ര.....അതിൽ തന്നെ നായരെത്ര,ജാട്ട് എത്ര, മുജാഹിദിയൻ എത്ര, സിറിയൻ എത്ര, അകാലിയെത്ര.... അത്തരത്തിൽ ഊഹക്കണക്കുകൾ എഴുതിയ ഒരു കടലാസു കുറിപ്പടിയായിരിക്കണം അത്. എഴുതിക്കഴിഞ്ഞാൻ മാപ്പിന്റെ അടിയിൽ ഒളിച്ചു വെയ്ക്കുക. കാറ്റത്ത് മാപ്പ് പറന്നു പോകാതിരിക്കാൻ പണ്ട് കരിയിലയ്ക്ക് കൂട്ടു പോയ മണ്ണാങ്കട്ടയെയോ, അല്ലെങ്കിൽ ഒരു ചുടുകട്ടയോ അതിന്റെ മുകളിൽ കയട്ടി വെയ്ക്കുക. (ആൽത്തറയാണ് എപ്പോഴാണ് കാറ്റുപിടിക്കുക എന്നറിയില്ല).
ഗംഭീര സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഷെയർമാർക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ വീഴുന്ന ഈ സമയയത്ത് ഇതിൽ വാതുവെയ്ക്കാൻ ആളുകളിറങ്ങുമെന്നത് മൂന്നേമുക്കാൽ തരം....
ഇതുവരെയുള്ള മത്സരഫലം
1) ഉത്തരം : Ahmedabad, July 26, 2008: 57 people killed
വിജയി: സിമി (പേര് കേട്ടാൽ തന്നെ അറിയില്ലേ വിജയിക്കുമെന്ന്)
2) ഉത്തരം : New Delhi, Sep 13, 2008: 26 people killed
വിജയി: വെള്ളെഴുത്ത് (ഹമ്പട മിടുക്കാ..കണ്ണുകാണില്ലെങ്കിലും..)
3) ഉത്തരം : Assam, Oct 30, 2008: At least 45 killed
വിജയി: പച്ചക്കരടി (ആ “പച്ച”യിൽ തന്നെയുണ്ട് എല്ലാം...)
Thursday, October 9, 2008
നമുക്ക് നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം
സഹവാസം(Cohabitation) എന്ന ജീവിതാവസ്ഥയ്ക്ക് പരിരക്ഷ നല്‍കുന്നവിധത്തില്‍ നിയമങ്ങള്‍ - സാവധാനത്തിലെങ്കിലും- മാറ്റത്തിനു വിധേയമാവുകയാണ്. മതപരമായ നിയമങ്ങളെ മറികടക്കാനായി വിദേശപഠനം ആവശ്യമായ പെണ്‍കുട്ടികള്‍ സഹവിദ്യാര്‍ത്ഥികളെ മതാചാരപ്രകാരം വിവാഹം കഴിക്കുകയും, പഠനകാലത്തിനുശേഷം വിവാഹം മതപരമായി വേര്‍പ്പെടുത്തുകയും ചെയ്യുന്ന രാജ്യങ്ങളുള്ള ലോകത്ത് ഈ നിയമത്തിന് എന്തു ചെയ്യാനാകുമെന്ന് കാത്തിരുന്ന് കാണാം.
പക്ഷേ മഹാരാഷ്ട്ര സംസ്ഥാനം തന്നെ ഇതിന് മുന്‍കൈ എടുത്തതാണ് മനസിലാകാത്തത്. "ഡബിള്‍-താക്കറേ രാജ്" അവിടെ ഉള്ളകാര്യം സര്‍ക്കാരിനറിയില്ലെന്നുണ്ടോ?
പ്രേമത്തിന് കണ്ണില്ലേ?
Friday, August 1, 2008
സലാം സുര്‍ജിത്
"Journalism largely consists of saying 'Lord Jones is Dead' to people
who never knew that Lord Jones was alive"
Thursday, June 26, 2008
ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകം
ഫെമിനിസം ആയി ബന്ധപ്പെട്ട് ചില ചര്‍ച്ചകളും, കമെന്റുകളും ആയിരുന്നു കഴിഞ്ഞ ചില നാളുകളില്‍. ബ്ലോഗില്‍ അല്ലാതെ ഫോണില്‍ ഒരുവളുമായി പലകാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഫെമിനിസത്തിലെത്തി. ആകസ്മികമായി സംഭവിച്ചതായിരുന്നു അത്. ദക്ഷിണേന്ത്യന്‍ ചലചിത്രങ്ങളിലെ ഗാനങ്ങളിലെ കാല്‍പ്പനിക ഭാവങ്ങള്‍ക്ക് അടുത്തകാലത്തൊന്നും ഒരു മാറ്റവും വരില്ലെന്നും, പ്രണയമെന്നാല്‍ ഉടനേ “കൃഷ്ണനേയും, രാധയേയും” വിളിച്ച് വരുത്തി വേണുഗാനമുതിര്‍ക്കുന്ന ഭാവുകത്വസങ്കല്‍പ്പങ്ങളില്‍ നിന്ന് എന്നാണ് രക്ഷനേടുക? കടുകട്ടിയായ മലയാളം ഭക്തിഗാനങ്ങള്‍ കേട്ടാല്‍ പാവം ഭക്തര്‍ എങ്ങനെ ദൈവത്തെ വിളിക്കാതിരിക്കും? എന്നിങ്ങനെ സംസാരം നീളുന്നതിനിടയ്ക്കാണ് ആ സുഹൃത്ത് ഇങ്ങനെ അഭിപ്രായപ്പെട്ടത്
“കാതല്‍ എന്‍റത് കോഫി പോലെ...ആറി പോനാല്‍ കസക്കും എന്ന മട്ടില്‍ ഒരു പ്രണയഗാനം മലയാളത്തില്‍ ഉണ്ടായിട്ട് ചത്താല്‍ മതി“ എന്നാണ്. സ്വാഭാവികജീവിതത്തിലെ രസകരമായ രൂപകങ്ങളുള്ള ഇത്തരം ഗാനങ്ങള്‍ വരേണ്ട കാലം അതിക്രമിച്ചെന്നും അഭിപ്രായപ്പെട്ടു. തിരിച്ച് അഭിപ്രായം പറയാന്‍ ഒരുങ്ങിയ എന്നോട് “ഇഷ്ടമല്ലെടായോ..പൈനാപ്പിള്‍ പെണ്ണോ” കൊണ്ട് വരേണ്ട എന്ന് മുന്നറിയിപ്പും. അതില്‍ നിന്നെല്ലാം കറങ്ങിത്തിരിഞ്ഞാണ് ചര്‍ച്ച ഫെമിനിസത്തില്‍ എത്തിയത്. പക്ഷെ “പാട്ടിന്റെ” ഹാംഗ്‌ഓവര്‍ വിടാഞ്ഞതിനാല്‍ പാട്ടിലൂടെ തന്നെയാണ് അവര്‍ മറുപടി പറഞ്ഞത്. മെയില്‍ ഷോവനിസം vs ഫെമിനിസം ഈരടികളില്‍ പങ്കു വെയ്ക്കുന്ന ഒരു ഗാനം മലയാളത്തില്‍ തന്നെ ഉണ്ടെന്ന്. സൈന്യം എന്ന ചിത്രത്തിലെ
“ബാഗി ജീന്‍സും ടോപ്പുമണിഞ്ഞ്...ടൌണില്‍ ചെത്തി നടക്കാം
ഹണ്ട്രഡ് സിസി ബൈക്കും...അതിലൊരു പൂജാഭട്ടും വേണം” എന്നത് മെ.ഷോ ആണെങ്കില്‍ തുടര്‍ന്ന് വരുന്ന
“പാറി നടക്കും പക്ഷികളൊന്നും വേളികഴിക്കാറില്ല
കൂടെകിടന്നാല്‍ മാര്യേജ് ആകും...ഫോര്‍മാലിറ്റീസ് വേണ്ടാ” എന്നത് മുട്ടന്‍ ഫെമിനിസം ആണെന്നും, കോഹാബിറ്റേഷനെ പ്രോത്സാഹിപ്പിക്കുന്നു, വിവാഹം എന്ന എസ്റ്റാബ്ലിഷ്മെന്റിനെ തകര്‍ക്കുന്നു എന്നൊക്കെ പറഞ്ഞു.
(അപ്പോള്‍ ഈ ഗാനം തന്നെ ഉദാഹരണമായെടുത്ത് “സാമ്പ്രദായിക ഭാവുകത്വം” ഇല്ലാത്ത ഗാനങ്ങളും മലയാളത്തിലുണ്ട് എന്ന് തര്‍ക്കിക്കാന്‍ ഉള്ള ശ്രമത്തിലായിരുന്നു ഞാന്‍)
2) ഷ്രെക്ക്
Shrek എന്ന ഇംഗ്ലീഷ് മൂവി ചിലരെങ്കിലും കണ്ടുകാണും എന്ന് കരുതുന്നു. കണ്ടിട്ടില്ലെങ്കില്‍ കാണേണ്ടതാണ് . സാധാരണയായി ഡിങ്കന് “ഹൈ-ഫൈ അനിമേറ്റഡ് മൂവീസ്” കാണാന്‍ താല്‍പ്പര്യമില്ല. 2-ഡി അനിമേഷന്‍ ഇഷ്ടമാണ് താനും, അതിനാല്‍ തന്നെ ഷ്രെക്ക് എന്ന 3-ഡി മൂവി പണ്ട് ടിവിയില്‍ കണ്ടപ്പോള്‍ ചാനല്‍ മാറ്റുകയാണ് ചെയ്തത്. എന്നാല്‍ ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ നിര്‍ബന്ധിതമായി ആ മൂവിയുടെ രണ്ടാം ഭാഗം കാണേണ്ടി വന്നു. ഇഷ്ടപ്പെട്ടു, അതുകൊണ്ട് തന്നെ ആദ്യഭാഗവും കണ്ടു. ഇഷ്ടപ്പെടാന്‍ കാരണം ഷ്രെക്ക് എന്ന മൂവിയിലെ ആനിമേഷനോ, തമാശയോ, ക്യാരക്‍ടേഴ്സോ ഒന്നും അല്ല. ഷ്രെക്ക് വല്ലാത്ത പൊളിറ്റിക്സ് ഉള്ള ഒരു മൂവിയാണ്. സാമ്പ്രദായിക സങ്കല്‍പ്പങ്ങളെയാണ് അത് തകര്‍ക്കുന്നത്/തകര്‍ത്തിരിക്കുന്നത്. അതു തന്നെയാണ് ആ മൂവി ഇഷ്ടപ്പെടാന്‍ കാരണമായത്. മുത്തശ്ശിക്കഥകള്‍ കേട്ട് (ഇന്നാണെങ്കില്‍ കണ്ടോ) ആണല്ലോ നമ്മള്‍ വളരുന്നത്. പരോക്ഷമായി അവ നമ്മളില്‍ ചില സങ്കല്‍പ്പങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. "ഒരിടത്തൊരിടത്ത് വെളുത്ത് സുന്ദരിയായ രാജകുമാരി, അവളെ ഒരു രാക്ഷസന്‍ തട്ടിക്കൊണ്ട് പോകുന്നു, രാക്ഷസന്റെ കോട്ടയില്‍ കാവലിന് വ്യാളി (ഡ്രാഗണ്‍). സംഭവമറിഞ്ഞ രാജകുമാരന്‍ കോട്ടയിലെത്തി വ്യാളിയെകൊന്ന്, രാക്ഷസനെ കീഴടക്കി, രാജകുമാരിയെ രക്ഷപ്പെടുത്തുന്നു. ശേഷം അവര്‍ സുഖമായി ജീവിക്കുന്നു”. കുട്ടികള്‍ തലമുറകളായി കേള്‍ക്കുന്ന ഈ സങ്കല്‍പ്പത്തെയാണ് ഷ്രെക്ക് വെല്ലുവിളിച്ചിരിക്കുന്നത്. നായിക എന്നാല്‍ വെളുത്ത് സുന്ദരിയും, നായകനെന്നാല്‍ ചോരചിന്തുന്നവാളുള്ള വെളുത്ത സുന്ദരനും... എത്ര വിദഗ്ദ്ധമായാണ് ഷ്രെക്ക് അതിനെയെല്ലാം തകര്‍ത്തെറിയുന്നത്.
നമ്മുടെ കഥയിലെ നായകന്‍ ഷ്രെക്ക് ഒരു ogre(രാക്ഷസന്‍ ആണ്). അവന്‍ സ്നേഹത്തിലാകുന്നത് “പ്രിന്‍സസ് ഫിയോണ” എന്ന വെളുത്ത സുന്ദരിയുമായി. എന്നാല്‍ മുത്തശ്ശിക്കഥകള്‍ക്ക് വിരുദ്ധമായി അവസാനം വെളുത്തസുന്ദരന്‍ Farquaadനെ ഉപേക്ഷിച്ച് തന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന Shrekനെ ഫിയോണ വിവാഹം കഴിക്കുന്നു. പ്രിന്‍സസ് ഫിയോണയെ വെളുത്തസുന്ദരിയായാണല്ലോ ചിത്രീകരിച്ചിരിക്കുന്നത് എന്ന് ആശങ്കപ്പെടുന്ന നേരത്ത് Shrekനെ ചുംബിച്ചുകൊണ്ട് ഫിയോണൊ ഒരു ogress (രാക്ഷസി) ആയി മാറുന്നു. വൌ!.... നിലവിലെ മിത്തുകളിലെ എല്ലാ കഥാപാത്രത്തേയും അപനിര്‍മ്മിതിക്ക് വിധേയമാക്കിയിരിക്കുന്നു. വ്യാളി, രാക്ഷസന്‍ എന്നിവ ഇവിടെ നന്മയുടെ പക്ഷത്താണ്. ഷ്രെക്ക്-2ല്‍ ആകട്ടെ Prince Charming എന്ന വെളുത്ത സുന്ദരന്‍ ആണ് വില്ലന്‍, നായകന്‍ ഷ്രെക്കിനേപോലെ തന്നെ ഫിയോണയും വിരൂപയാണ്, സിന്‍ഡ്രല്ല കഥകളിലൂടെയും മറ്റും നമുക്ക് പരിചിതയായ Fairy Godmother ആണ് ഇവിടെ ദുഷ്ടത്തരങ്ങള്‍ ഒപ്പിക്കുന്നത്. മുത്തശിക്കഥകളില്‍ “വെറും മണ്ടന്‍” ആയ കഴുത ഇവിടെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. സാമ്പ്രദായിക സൌന്ദര്യസങ്കല്‍പ്പങ്ങള്‍ കുട്ടികളില്‍ പരോക്ഷമായെങ്കിലും അടിച്ചേല്‍പ്പിക്കുന്ന മുത്തശ്ശിക്കഥകളുടെ ഒരു പൊളിച്ചെഴുത്താണ് Shrek . ഷ്രെക്ക് ടീമിന് അഭിനന്ദനങ്ങള്‍!
http://en.wikipedia.org/wiki/Shrek
http://en.wikipedia.org/wiki/Shrek_2
3) പാഠപുസ്തകം
പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദവും, സമരങ്ങളും കേരളത്തില്‍ അരങ്ങ് കൊഴുപ്പിക്കുകയാണ്. ഇന്ന് കോട്ടയം മലയാളമനോരമയിലെ ഒരു സുഹൃത്തിനെ മൊബൈലില്‍ വിളിച്ചപ്പോള്‍ മലയാളമനോരമയ്ക്ക് നേരേ എസ്.എഫ്.ഐ വക തകര്‍ത്ത് കല്ലേറ് നടക്കുകയാണ്.(“എസ്.എഫ്.ഐയുടെ സമരങ്ങളില്‍ മനോരമയ്ക്ക് ഒരേറ് എന്നത് ശുഭകാര്യങ്ങള്‍ നടത്തുമ്പോള്‍ ഗണപതിക്ക് ഒരു തേങ്ങ“ എന്നതുപോലെയെന്ന് കോട്ടയത്ത് ഒരു പറച്ചിലുണ്ട്) മര്‍ദ്ധനത്തെ തുടര്‍ന്ന് രണ്ടുമൂന്ന് മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലാക്കി എന്നും അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ ആഴ്ക കെ.എസ്.യൂ തെരുവിലിറങ്ങി സമരം(കൂടെ അക്രമങ്ങളും) നടത്തി...ഇപ്പോള്‍ എസ്.എഫ്.ഐയുടെ ഊഴമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഏഴാംക്ലാസിലെ സാമൂഹ്യപാഠം സാവധാനത്തില്‍ സാമൂഹ്യവിരുദ്ധപാഠമാകുകയാണ്. പെരുന്തച്ചന്‍ പണ്ട് കുഴിച്ച കുളം പോലെ പലര്‍ക്കും പല ആകൃതിയില്‍ കാണാവുന്ന ഒന്നായിരിക്കുകയാണ് പാഠപുസ്തകം.
മതം/ചരിത്രം/സംസ്ക്കാരം എന്നിങ്ങനെയുള്ള ഘടകങ്ങളില്‍ ഇടതുപക്ഷ ആശയങ്ങള്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചു എന്നാണ് ഒരു പക്ഷത്തിന്റെ ആരോപണം. എന്നാല്‍ അങ്ങനെയൊന്നില്ല എന്നും പരാമര്‍ശങ്ങളെ വളച്ചൊടിക്കരുതെന്നും മറുപക്ഷവും വാദിക്കുന്നു. ഒരു വ്യക്തിയെ രൂപീകൃതമാക്കുന്നതില്‍ പ്രധാനമായ പങ്ക് വഹിക്കുന്ന ഒന്നാണ് പാഠപുസ്തകം,പ്രത്യേകിച്ചും സ്കൂള്‍ തലത്തിലെ പാഠപുസ്തകം. അതിനാല്‍ തന്നെ അതില്‍ വരുത്തുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ പോലും പഠനവിധേയമാക്കേണ്ടതു തന്നെയാണെന്നാണ് ഡിങ്കന്റെ പക്ഷം. അഞ്ച് വര്‍ഷം കൂടുമ്പൊള്‍ സര്‍ക്കാര്‍ മാറുകയും, മാറുന്ന സര്‍ക്കാറുകള്‍ തങ്ങളുടെ ഹിതാനുസാരിയായ പാഠപുസ്തകങ്ങള്‍ ഇറക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ഓരോ അഞ്ച് വര്‍ഷത്തിലും വ്യത്യസ്തബ്രാന്‍ഡുകളില്‍ പെട്ട പൌരന്മാരുടെ ബാച്ചുകള്‍ ഇറങ്ങുന്നു എന്നതാണ്. പരോക്ഷമായി ഇത് വീണ്ടും അയ്യഞ്ചുവര്‍ഷം മാറിമാറിയുള്ള ഭരണത്തെ ഊട്ടിഉറപ്പിക്കുന്നതാണെങ്കിലും അതിലെ അപകടം കാണാതിരിക്കരുത്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലുപരിയായി ഒരു പരിഗണന ഈ കാര്യത്തിന് നല്‍കേണ്ടതുണ്ട്. ചരിത്രത്തെ/ സംസ്ക്കാരത്തെ വളച്ചൊടിക്കാവുന്ന പ്രസ്താവനകള്‍ പാഠപുസ്തകത്തില്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യേണ്ടതു തന്നെയാണ്. കാരണം രാഷ്ട്രീയസംഘനകളില്‍ അംഗങ്ങളായ അദ്ധ്യാപകരും, മതസംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളും ഉള്ള ഈ നാട്ടില്‍ പാഠപുസ്തകത്തിലെ വസ്തുതകള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിവരിക്കപ്പെടുക എന്നത് ക്ലാസ് മുറിക്കകത്തുമാത്രം അറിയാന്‍ കഴിയുന്ന ഒന്നാണ്. വിവാദമായ പാഠഭാഗങ്ങളിലൂടെ കണ്ണോടിച്ചെങ്കിലും ഇത്രമാത്രം “ബഹളം” ഉണ്ടാക്കാന്‍ മാത്രം ഉള്ളതൊന്നും അതില്‍ കണ്ടെത്തിയില്ല. പക്ഷേ നേരത്തേ പറഞ്ഞ “രാഷ്ട്രീയസംഘനകളില്‍ അംഗങ്ങളായ അദ്ധ്യാപകരും, മതസംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളും“ ഉള്ള അവസ്ഥയില്‍ എങ്ങനെയാണ് ഇവ വ്യാഖാനിക്കപ്പെടുക എന്ന ഭയം ഡിങ്കനുമുണ്ട്. സാമൂഹ്യമാറ്റം വരുത്തുന്ന ഉപാധികളില്‍/മാധ്യമങ്ങളില്‍/സങ്കേതങ്ങളില്‍ ഒന്നുമാത്രമാണ് പാഠപുസ്തകം. അതിനാല്‍ തന്നെ പ്രശ്നം രൂക്ഷമാണെങ്കില്‍ മറ്റ് സങ്കേതങ്ങളുടെ/ളിലൂടെ കൂടുതല്‍ ശാക്തീകരണം എന്ന അനുനയവും ആകാം.
(കഴിഞ്ഞ ഒരാഴ്ചയിലൂടെ ഞാന്‍...)
Monday, June 23, 2008
ഉടല്‍രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം
രാജീവേ,
താങ്കള്‍ പോസ്റ്റ് ഇട്ട അന്ന് സമൂഹം,സന്യാസം,ലൈംഗികത എന്നിവയെ പരാമര്‍ശിക്കുന്ന ഐറണി/സറ്റയര്‍ കലര്‍ന്ന ഈ കവിത മാത്രം കമെന്റിട്ട് പോയതായിരുന്നു. പിന്നെ ഇന്നാണ് ഇതില്‍ വീണ്ടും വരുന്നത്. വളരെ നീളം കൂടിയ ചിലകമെന്റുകള്‍ ഓടിച്ച് നോക്കിയതേ ഉള്ളൂ.
നീണ്ടു പോകുന്ന ഈ ചര്‍ച്ചകള്‍ക്കിടയില്‍ എന്റെ ചില സംശയങ്ങള്‍ ചോദിച്ചുകൊള്ളട്ടേ
1)Local TV network in Alwey reports that the lady committed suicide. :(
എന്ന് ഗുപ്തന്റെ ഒരു കമെന്റ് കണ്ടു. ഇത് വാസ്തവം ആണോ? ആ സ്ത്രീ മരിച്ചോ? ആലുവയിലേ ചാനല്‍ അങ്ങനെ തെറ്റായ വിവരം നല്‍കിയിരുന്നോ?
2) എന്നാല്‍ അവര്‍ അണിഞ്ഞിരിക്കുന്ന തിരുവസ്ത്രം അതിന്റെ പവിത്രതയെക്കുറിച്ചെങ്കിലും കുറഞ്ഞപക്ഷം ചിന്തിക്കേണ്ടതായിരുന്നു.
കുഞ്ഞന്റെ ഈ പരാമര്‍ശം ഗുപ്തന്‍
“കന്യാസ്ത്രീകള്‍ സഭാവസ്ത്രം ഇട്ട് ആരോടെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ വിമോചനപ്രഖ്യാപനം ആവും. പൌരോഹിത്യത്തെ അടിക്കാന്‍ വിപ്ലവകാരികള്‍ക്ക് ഒരു വടിയും. അക്കാര്യം ലേഖകന്‍ മുകളില്‍ പറഞ്ഞല്ലോ.“
കുഞ്ഞന്റെ ആ വാക്യം ചില സംഗതികളിലേക്കുള്ള ചൂണ്ട് പലക തന്നെയാണ്. ഉദാ. ഒരു പോലീസുകാരന്‍/കാരി, അയാള്‍ ഇതുപോലെ ഒരു സെക്ഷ്വല്‍ സ്കാന്‍ഡലില്‍ ഉള്‍പ്പെടുന്നു എന്ന് കരുതുക , പ്രസ്തുത ക്ലിപ്പിംഗില്‍ അയാള്‍ യൂണിഫോം ഇട്ട് വേഴ്ച നടത്തുന്നതോ, ലൊക്കപ്പില്‍ വെച്ച് വേഴ്ച നടത്തുന്നതോ ആയ ഒരു രംഗവും... തീര്‍ത്തും സ്വകാര്യമായ ഒരു ഹോട്ടല്‍ മുറിയില്‍ നടത്തുന്ന വേഴ്ചാരംഗവും രണ്ട് നിലപാടുകളിലേക്ക് തന്നെയാണ് ബോധപരമായോ, അബോധപരമായോ കൊണ്ട് ചെന്നെത്തിക്കുക എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഫലത്തില്‍ രണ്ടും ഒന്നാണെങ്കിലും “കാക്കിയെ വ്യഭിചരിച്ചു” എന്നൊരു പരാമര്‍ശം ആദ്യത്തെ സാഹചര്യത്തില്‍ തുല്യം ചാര്‍ത്തുന്നതിനായിരിക്കും നാം ഉള്‍പ്പെടുന്ന സമൂഹത്തിന് താല്‍പ്പര്യം എന്ന് കരുതുന്നു. അതിനാല്‍ തന്നെ ഉടല്‍രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം ന്യായമായും ഗണിക്കേണ്ടതാണ്.
3)നളന്റേതാണ് താഴെ കാണുന്ന അഭിപ്രായം
പൌരോഹസ്ത്യത്തിലേക്ക് ആരേയും നിര്‍ബന്ധിക്കുന്നില്ല എന്നു പറഞ്ഞാല്‍ക്കൂടി (വാസ്ഥവം മറിച്ചാണെന്നത് മറ്റൊരു വിഷയം), ഒരാള്‍ ലൈംഗീക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിനെ വിലക്കുന്നത്, മിനിമം ഭാഷയില്‍ മനുഷ്യാവകാശലംഘനമാണു. ഓ അല്ലെങ്കില്‍തന്നെ എന്നാണു മതങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കു പുല്ലുവില നല്‍കിയിട്ടുള്ളത്.
നളനോട് ഞാന്‍ വികാരപരമായി യോജിക്കുന്നു; എന്നാല്‍ സാങ്കേതികമായി ചില സംശയങ്ങള്‍ പങ്കിടട്ടേ... രതി എന്നത് തീര്‍ത്തും ജൈവസഹജമായ ഒരു പ്രക്രിയയാണ് ആയതിനാല്‍ തന്നെ അതിന് വിലക്കുക്കള്‍ എര്‍പ്പെടുത്തുന്നത് ശരിയല്ല എന്ന് നിലപാടിനോട് വികാരപരമായി ഞാന്‍ യോജിക്കുന്നു. എന്നാല്‍ ജൈവനിഷേധം നടത്തുന്ന മറ്റു ഇടപെടലുകളും ഇല്ലേ?
ഉദാ1. ചില എയര്‍ലൈന്‍സ് കമ്പനികള്‍ അവരുടെ സ്ത്രീ ജീവനക്കാരെ ജോലിക്ക് തിരഞ്ഞെടുക്കുന്ന വേളയില്‍ വിവാഹം/ഗര്‍ഭാധാരണം എന്നിവയെ കുറിച്ച് ഉടമ്പടി പത്രങ്ങളില്‍ ഒപ്പ് വെയ്ക്കുന്നു. ഇത് ശരിയാണോ? പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയ്ക്ക് ജൈവപരമായ ഒരു പ്രക്രിയയാണ് ഗര്‍ഭാധാരണം എന്നിരിക്കേ അതിനെ നിഷേധിക്കുന്നത് ലൈംഗിക നിഷേധം എന്നതു പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതല്ലേ? ഉദാ2: ഗര്‍ഭാധാരണം തടയുന്നത് (സ്വകാര്യ)ജീവിതത്തില്‍ മറ്റുപലരും ചെയ്യുന്നതാണ് അതില്‍ വലിയ കഴമ്പില്ല എന്നൊക്കെ ചിലര്‍ പറഞ്ഞേക്കാം അവര്‍ക്കുള്ളതാണ് ഈ രണ്ടാമത്തെ ഉദാഹരണം. ചില പരസ്യ/മോഡലിംഗ് കമ്പനികളില്‍ മോഡല്‍ ആയി കോണ്ട്രാക്റ്റ് വെയ്ക്കുന്ന സമയത്ത് ആര്‍ത്തവചക്രത്തെ വരെ ഉടമ്പടിയില്‍ കൊണ്ട് വരുന്നു എന്നത് അറിവുള്ളതല്ലേ. ഇത് ജൈവപ്രകിയകളുടെ നിഷേധം തന്നെ അല്ലേ? lingerie മോഡലുകള്‍ക്ക് അടിവസ്ത്രപ്രദര്‍ശനം നടത്തുപ്പോള്‍ സാനിറ്ററി പാഡോ, സുതാര്യമായ അടിവസ്ത്ര പ്രദര്‍ശനത്തില്‍ ടാമ്പൂണോ ധരിക്കുന്നത് അരോചകമാകുമെന്ന മോഡലിംഗ്കമ്പനി നിയമപ്രകാരം ഇത്തരം എതിര്‍നീക്കങ്ങള്‍ നടത്തുകയും അവസാനം പിറ്റ്യൂറ്ററി ഗ്രന്ഥി, ജെനിറ്റിക്കല്‍ ക്ലോക്ക് എന്നിവയ്ക്ക് വരെ ഹാനികരമാകുന്ന വിധം ഔഷധപ്രയോഗം നടത്തുന്നതിലെ രാഷ്ട്രീയം?
ഇവിടെ പല ഫെമിനിസ്റ്റ് (?) വ്യാഖ്യാനങ്ങളും കണ്ടു. ആയവര്‍ ഇതിനെ കുറിച്ചൊന്ന് പറഞ്ഞാല്‍ നന്നായിരുന്നു
സ്വാഭാവികമായും ഇത്തരം ഒരു നിയമം തന്നെ അല്ലേ സന്യാസമഠങ്ങളും മുന്നോട്ട് വെയ്ക്കുന്നത്? ഒന്ന് പ്രത്യക്ഷത്തില്‍ കച്ചവടം ആണെകില്‍ മറുഭാഗത്ത് ????
സന്യാസമഠങ്ങളില്‍ ലൈംഗിക നിഷേധം നടത്തുന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം “ഒരുതരം സ്വയംപീഡനം(മസോക്കിസം) എന്ന് മാത്രമാണ്. അത് ഒരാള്‍ക്ക് തോന്നുന്നെകില്‍ സ്വമേധയാ ആചരിക്കേണ്ടതാണ് , അല്ലാതെ മതപരമായ/കച്ചവടപരമായ അടിച്ചേല്‍പ്പിക്കലുകള്‍ ഉണ്ടാകരുത്“
ഇനി എത്ര ശതവര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാലാണ് കാമം പാപമല്ലെന്നുള്ള അവബോധം സമൂഹത്തില്‍ നിറയുക എന്നറിയില്ല. ... എന്ന വെള്ളെഴുത്തിന്റെ അഭിപ്രായം തന്നെയാണ് എനിക്കും.
കത്തോലിക്കാ സഭ പതിനാറാം നൂറ്റാണ്ട് വരെ വിവാഹം അനുവദിച്ചിരുന്നു എന്നു കൂടി അറിയുക. അത് മാറ്റാനുണ്ടായ സാഹചര്യം മാര്‍പ്പാപ്പയ്ക്കും മറ്റും അനധികൃതമായ വ്യക്തിപരമായ സ്വത്തും പിള്ളേരും ഭാര്യമാരും അങ്ങിനെ സഭ ഒരു നാശത്തിന്റെ വക്കില്‍ എത്തിയപ്പോഴാണ് .... ഇത് എലിയേ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ്. സന്യസ്ഥരായാല്‍ മാത്രമേ ലോകസേവനം/ആതുരസേവനം/ആത്മീയത എന്നിവ സാധ്യമാകൂ എന്നമട്ടിലുള്ള കടുംപിടുത്തങ്ങള്‍ക്ക് എത്രമാത്രം സാധുതയുണ്ട്? ലോകത്തിലെ മനുഷ്യസ്നേഹികളുടെ/ആതുരസേവകരുടെ ഒരു നീണ്ട നിരയെടുത്താല്‍ അതില്‍ ലൈംഗികത/കുടുംബം നിഷേധിച്ച് പ്രവര്‍ത്തിച്ചവരാണോ അല്ലാത്തവരാണോ എന്ന് ഒരു “ചുമ്മാ കണ്ണോടിക്കല്‍ കമ്പാരിസണ്‍” നടത്തിയാല്‍ തന്നെ യാഥാര്‍ത്ഥ്യം വെളിപ്പെടും.
കല്യാണം കഴിക്കുന്നതും കുട്ടികളെ പ്രസവിക്കുന്നതും എല്ലാം ഫെമിനിസത്തില്‍ അടിമത്തത്തിന്റെ ഉദാഹരണങ്ങളാണ്. പലരീതിയിലുള്ള ഫെമിനിസ്റ്റ് ലേഖനങ്ങളും, സംഹിതകളും പരിചയപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒന്ന് കണ്ടെത്താനായിട്ടില്ല. കുട്ടികളെ പ്രസവിക്കുന്നത് ഒരു ജൈവപ്രക്രിയ എന്നിരിക്കേ (ഉഭയസമ്മതത്താല്‍..) അത് ആന്റിഫെമിനിസം ആകുന്നതെങ്ങിനെയെന്ന് ചെറിയബുദ്ധിയില്‍ ആലോചിച്ച് പിടികിട്ടുന്നില്ല? “ഫെമിനൈന്‍“ എന്ന ഒരു ജൈവാവസ്ഥയുടെ കിടപിടിച്ചാണ് ഫെമിനിസം ഉണ്ടാകുന്നതെന്നിരിക്കേ ഇത് ഇത്തരത്തിലുള്ള ഋണാത്മകമായ പരാമര്‍ശത്തിന്റെ സാംഗത്യം വെളിപ്പെടുന്നില്ല.
ഇതിനു തൊട്ട് മുന്‍പ് അല്ലേ ഒരു മല്ലികാന്നോ മറ്റും പേരുള്ള ഒരു സ്ത്രീ ഇതുപോലെ വീഡിയോ ക്ലിപ്പ് പുറത്തായതില്‍ ആത്മഹത്യ ചെയ്തത്? ഇതില്‍ ഒരു തിരുവസ്ത്രം ധരിച്ച ഒരു കന്യാസ്ത്രി വന്നപ്പോള്‍ അതില്‍ കന്യാസ്ത്രീയ്ക്ക് ലൈംഗിക സ്വാതന്ത്ര്യം ഇല്ലായെന്നും മതങ്ങളേ പാടില്ലായെന്നും ഒക്കെ കൊണ്ട് വരുന്നത് അങ്ങിനെയങ്ങ് സമ്മതിച്ച് തരാന്‍ ബുദ്ധിമുട്ടുണ്ടേ. പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പരാമര്‍ശമാണിത്. പണ്ട് ശൈലജാനായരേയും, മൈസൂര്‍മല്ലികയേയും, ചാലക്കുടി പടക്കത്തേയും ഒക്കെ കണ്ട് തള്ളിയിരുന്ന നാം അതേ പോലെ ഒരു അര്‍ഹിക്കുന്ന അവഗണന ഈ സംഭവത്തിന് നല്‍കുന്നതെന്തിനാണ്? തീര്‍ച്ചയായും നേരത്തേ പറഞ്ഞ “ഉടല്‍രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം“ എന്ന വസ്തുത വീണ്ടും കടന്നുവരുന്നു. ഇവിടെ തിരുവസ്ത്രം ഒരു സിംബലാണ്... (സന്തോഷ് മാധവന്റെ ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയ പോലീസുകാരന്റെ യൂണിഫോം വെറും ഒരു തുണിക്കഷ്ണമല്ല എന്നത് പോലെ തന്നെയാണ്...) അത്തരത്തില്‍ ഒരു സിംബലോ/ചൂണ്ട് പലകയോ ആണ് ഈ തിരുവസ്ത്രം എന്നത് കൊണ്ട് തന്നെയാണ് അരോപണപ്രത്യാരോപണങ്ങളില്‍ സഭയും, സന്യാസാവസ്ഥയും കടന്ന് വരുന്നത്. അതില്‍ അസഹിഷ്ണുതയ്ക്ക് കാര്യമില്ല.
രാഷ്ട്രീയം മൂലം കൊലപാതകങ്ങള്‍ ഉണ്ടാകുന്നു, മതം ഒരളവുവരെ അതിന് തടയിടുന്നു എന്ന മട്ടിലുള്ള അഭിപ്രായങ്ങളോടും യോജിക്കാനാവുന്നില്ല. മതവും, രാഷ്ട്രീയവും ഒളിഞ്ഞും തെളിഞ്ഞും കൈകോര്‍ത്തും, പരസ്പരം പോരടിച്ചും നീങ്ങുന്ന ഒരു താരയാണ് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് എന്നിരിക്കെ... തിരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ടവകാശത്തില്‍ വരെ മതങ്ങള്‍/ജാതികള്‍ ഇടപെടുന്ന ഇന്ത്യ രാജ്യത്ത് ... “അഞ്ചാളുള്ള കുടുംബത്തില്‍ നിന്ന് ഒരുത്തനെങ്കിലും ഇറങ്ങണം... ചാകാനാണെങ്കില്‍ ചാകാന്‍” എന്ന ആപ്തവാക്യത്തിലും, ഇടയലേഖനങ്ങളിലും വിശ്വസിച്ച് വിമൊചനസമരംനടത്തിയ കേരളത്തില്‍ പ്രത്യേകിച്ച്.... ചരിത്രം പരിശോദിച്ചാല്‍ മതപരമായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ഭീമമായ കണക്ക് ചാവുകുഴി തോണ്ടി എടുക്കേണ്ടിവരും.
ഒരു പാട്രിയാര്‍ക്കിയല്‍ സമീപനമാണ് സഭ ഇവിടെ സ്വീകരിച്ചത്. എന്നാല്‍ അതിന്റെ മാനവിക പക്ഷം എന്തെന്ന് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഒരു വിവാഹിതയായ സ്ത്രീയാണ് ഇതിലെ കഥാപാത്രമെങ്കില്‍ മാസ്‌സൈക്കി പരിഗണിച്ച് പുരുഷന്‍/ഭര്‍ത്താവ് അവരെ ഉപേക്ഷിക്കും എന്നതുപോലെ തന്നെ ഒരു നടപടിയാണ് സഭയുടെ പക്ഷത്തുനിന്ന് ഉണ്ടായത്. ആയതിന്റെ അര്‍ത്ഥങ്ങളും,വിദൂരപ്രഭാവങ്ങളും കാനോന്‍നിയമത്തിന്റെ തലത്തിലും, ജൈവീകതലത്തിലും, മാനവിക തലത്തിലും ചര്‍ച്ചചെയ്യപ്പെറ്റേണ്ടതാണ്. അല്ലാതെ തന്റെ ഇസത്തില്‍/സ്വന്തം വിശ്വാസത്തില്‍ നമുക്കുള്ള (“ഞാന്‍“ ഉള്‍പ്പെട്ട “നാം”) വിവരം തെളിയിക്കാനുള്ള ബൌദ്ധികവ്യായാമം ആകരുത്
Friday, June 20, 2008
ഇനിയെനിക്ക് പറഞ്ഞൊഴിയാം : അയ്യനേത്ത്
ഇനിയെനിക്ക് പറഞ്ഞൊഴിയാം.. ഓ...ഒരുകാലത്ത് ഞാന്‍ അയ്യനേത്തിനേയും വായിച്ചിരുന്നു....
വളരെ മാന്യതകലര്‍ന്ന ഒരു ഒഴിവുകഴിവിനാല്‍ ഞാന്‍ രക്ഷപ്പെടുന്നുണ്ട്. “spicy novels“ എന്നോ “ഇക്കിളി സാഹിത്യം’ എന്നോ പലരും വിളിച്ചേക്കാമെങ്കിലും ഒരുകാലത്ത് ഞാന്‍ ഇത് വായിച്ചിരുന്നു എന്നതിന്റെ ഒഴിവുകഴിവുതന്നെയാണ് ഈ പോസ്റ്റ്.
പി. അയ്യനേത്തിന് ആദരാജ്ഞലികള്‍...
ദ്രോഹികളുടെ ലോകത്തിലെ ഒരു പ്രജ
Sunday, May 18, 2008
ഷേക്സ്പ്പിയര്‍+സിഗററ്റ്=പ്രണയം
“പുകവലി ആരോഗ്യത്തിന് ഹാനികരം“
“അത് അറിയാം”
“ഓര്‍മ്മിപ്പിച്ചെന്നേ ഉള്ളൂ എന്റെ പെണ്ണേ”
“പക്ഷെ നിന്റെ ചുണ്ടില്‍ ഇപ്പോല്‍ സിഗററ്റ് ഉണ്ടല്ലോ?”
“ഞാന്‍ ഈ ക്യാമ്പയിന്റെ റോള്‍ മോഡല്‍ ആണ് പൊന്നേ”
“പക്ഷേ നിന്റെ വായില്‍ നിന്ന് പുക വരുന്നല്ലോ?”
“ങേ!”
“അതേ സിഗററ്റ് എരിയുന്നും ഉണ്ട്.”
“തീയില്ലാതെ പുകയുണ്ടാകില്ലെന്റെ പെണ്ണേ, ചുംബിച്ച് നോക്ക് എന്റെ ചുണ്ടുകള്‍ക്ക് സിഗാറിന്റെ മണം ഉണ്ടൊ എന്ന്”
-(സെന്‍സറിംഗ് ) -
“ഇല്ല, പക്ഷേ വിരലുകള്‍ക്ക് ഉണ്ട്”
“ങെ!”
രണ്ട്
ഭടന്‍:
“ബഹുമാനപ്പെട്ട രാജാവേ,
ചില സാങ്കേതിക കാരണങ്ങളാല്‍(ഒരു നാടകം എഴുതാന്‍ ) കുന്തം കൊണ്ട് വരാന്‍ മറന്നതുകൊണ്ട് ഇന്നേക്ക് ഞാന്‍ ലീവാണ്. ‘ഹും..ആരവിടെ‘ എന്നൊന്നും വിളിച്ച് കാറണ്ട, ഒരു കുഞ്ഞും വരില്ല. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ ആ വിശറിപ്പെണ്ണുങ്ങളോട് പറഞ്ഞാല്‍ മതി.
ആദരവോടെ
കുന്തംകുലുക്കി (shakespeare)”
Saturday, May 17, 2008
കൊലപാതകം(കവിത)
അഗ്രഗെറ്ററ്റില്‍ വരാത്തോണ്ട് മുകളിലെ ലിങ്ക് വഴി പോകാം
Thursday, May 8, 2008
മ്യാന്മര്‍(ബര്‍മ) പ്രകൃതി ദുരന്തം
1) ഏകദേശം 25,000 പേര്‍ക്ക് ജീവഹാനി സംഭവിച്ച മ്യാന്മറിലെ പ്രകൃതി ദുരന്തത്തിന് ലോകരാജ്യങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കിയോ?
2) മുഖ്യധാരാ മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പ്രാമുഖ്യത്തോടെ വാര്‍ത്ത നല്‍കുകയുണ്ടായോ?
3) ലോകരാജ്യങ്ങള്‍ അപകടഘട്ടത്തില്‍ ആവശ്യമായ സഹായ-സഹകരണ-ആശ്വാസ-നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ?
(ഇന്ത്യയും,തായ്ലന്റും എന്തോ അടിയന്തിരസഹായ വിമാനം അയച്ചെന്നോ മറ്റൊ കേട്ടു)
4) യു.എന്‍ ഈ പ്രകൃതി ദുരന്തത്തില്‍ മാതൃകാപരമായി ഇടപെട്ടിട്ടുണ്ടോ?
(അതോ മരിക്കുന്നവന്റെ പൌരത്വവും, നിറവും, ഉയരവും, മൂക്കിന്റെ നീളക്കുറവും, മുലയുടെ വലുപ്പവും ആണോ അടിയന്തിരസഹായ നടപടികളിലെ പ്രാഥമിക കടമ്പ? )
5) രാജ്യത്തു നടന്ന പ്രകൃതി ദുരന്തത്തില്‍ സഹായിക്കാനെത്തുന്നവരെ സ്വേഛാദിപത്യപരമായ നടപടികളാല്‍ ഗവണ്മെന്റ് തടയുന്നുവെങ്കില്‍ യു.എന്‍ പോലെ ഉള്ള സംഘടനകള്‍ക്ക് എന്ത് ചെയ്യാനാകും?
6) ഭരണത്തലവരുടെ നയങ്ങളില്‍ പ്രതിഷേധിച്ച് രാഷ്‌ട്രങ്ങളെ വരെ ആക്രമിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയും, സ്വാതന്ത്ര്യവും വാഗ്ദാനം നല്‍കുന്നവര്‍ ഇത്തരം ദുരന്തരാജ്യങ്ങളില്‍ എന്ത് കൊണ്ട് ഇടപെടുന്നില്ല?
(ശവത്തില്‍ നിന്ന് പെട്ടെന്ന് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന വിദ്യ ഇനിയും സ്വായത്തമാക്കിയിട്ടില്ല്ലല്ലോ അല്ലേ, അതിന് ജൈവപരിണാമത്തിന്റെ കാലയളവ് വേണമല്ലൊ?)
Saturday, April 26, 2008
ബ്ലോഗര്‍ കൂടിയായ മനോജ് കുറൂരിന് കേരള സാഹിത്യ അക്കാഡമി കനകശ്രീ അവാര്‍ഡ്
ശ്രീ മനോജ് കുറൂര്‍ മലയാളം ബ്ലോഗര്‍ കൂടെയാണ്.
1) വിവര്‍ത്തനത്തില്... നഷ്ടപ്പെടുന്നത്
2) പുറമൊഴികള്‍
3) ജീവിതത്തിലെ അഴുക്കുചാല്‍നോട്... സ്ഥിതിവിവരണം
4) manoj kuroor
എന്നീ ബ്ലോഗുകള്‍ അദ്ദേഹത്തിന്റേതാണ് .
ഇതു കൂടാതെ ബൂലോക കവിതയില്‍ അംഗത്വവും ഉണ്ട്.
ശ്രീ മനോജിനെ കൂടുതല്‍ അറിയാന്‍ -> ഇവിടെ
Saturday, April 5, 2008
പാവം ദുര്യോധനന്‍
രംഗം മനസിലായിക്കാണുമല്ലോ അല്ലേ. അതെ, ഹസ്തിനപുരിതന്നെ. കൃഷ്ണദൂത് നടക്കുന്നു.
“ദുര്യോധനാ, കൊറച്ച് സ്ഥലം അവന്മാര്‍ക്കും കൊടുക്കടാ ഒന്നൂല്ല്യേലും നിന്റെ ഇളയച്ഛന്റെ മക്കളല്ലേ?” എന്ന് കൃഷ്ണന്‍ താണുവീണുകേണിട്ടും
“ജ്ഞാതിയല്ല നമുക്കഹോ
യമജാതനെന്നു ധരിക്ക നീ
പാതിരാജ്യമതിങ്ങു യാദവ
പാണ്ഡവര്‍ക്കുകൊടുത്തിടാ...
ചഞ്ചലത്വമതില്ല മാമക
നെഞ്ചകത്തയി മാധവാ
പഞ്ചദേശവുമിന്നു യാദവ
പാണ്ഡവര്‍ക്കുകൊടുത്തിടാ...
കിഞ്ചനാപി വിചാരവും നഹി
ഗച്ഛ കേശവ കേവലം
പഞ്ചഗേഹവുമിങ്ങു യാദവ
പാണ്ഡവര്‍ക്കുകൊടുത്തിടാ...
സൂചികുത്തുവതിന്നുമിന്നവ-
കാശമീ ധരണീതലേ
വാശിയോടെ വസിച്ചിടുന്നൊരു
പാണ്ഡവര്‍ക്കു കൊടുത്തിടാ”
എന്ന് തുടങ്ങി..
“പാണ്ഡുനന്ദനരല്ല വൈരിക-
ളന്യജാതരതല്ലയോ”
പാണ്ഡവരുടെ തന്തയില്ലായ്മയില്‍ വരെ പള്ള് പറഞ്ഞപ്പോഴാണ്
“ന്നാല്‍ ഇനീപ്പോ യുദ്ധം” എന്ന് പറഞ്ഞ് ജനാര്‍ദ്ധനന്‍ എണീറ്റതും “ഓനെ കെട്ടി വരിയിന്‍” എന്ന് ദുര്യോധനന്‍ ഉത്തരവിട്ടതും...
ഇത്രയും ഇതിഹാസം. എന്നാല്‍ ഒരു “നെഗോസിയേഷന്‍ മീറ്റിംഗില്‍” ഇങ്ങനെ കിടന്ന് ചൂടാകാതെ അല്പം താണുകൊണ്ട് തന്റെ പക്ഷം പറഞ്ഞിരുന്നെങ്കില്‍ കൃഷ്ണന്‍ തന്റെ ദ്വാരകകൂടെ ഇങ്ങേര്‍ക്ക് എഴുതി കൊടുത്തേനെ...
എങ്ങിനെ?
കൃഷ്ണന്‍ എന്ന് കേള്‍ക്കുമ്പോള്‍ നിതീഷ് ഭരദ്വാജിനെയാണ് ഓര്മ്മവരുന്നതെങ്കില്‍
ദുര്യോധനന്‍ ഓര്‍മ്മിപ്പിക്കുന്നത് പുനീത് ഇസ്സാറിനെയാണ്
ഇവിടെയാണ് ജഗദീഷ് എന്ന നടന്റെ പ്രസക്തി. മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ സ്ഥിരമായി അനുകരിക്കുന്ന ഒരു ഡയലോഗുണ്ട് ജഗദീഷിന് (എച്ചൂസ് മീ കാക്ക തൂറി.. അതല്ല, ഇത് വേറേ). സമനില കൈവിടാതെ ജഗദീഷ് ശൈലിയില്‍ ദുര്യോധനന്‍ ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ... ???
“തന്തയ്ക്കാണേല്‍ കണ്ണ് കാണില്ല. പെറ്റതള്ളയാണേല്‍ കണ്ണില്‍ റിബ്ബണും കെട്ടി തന്തേനെ അനുകരിച്ച് നടക്കുന്നു. ഒരു പണിക്കും പോകാതെ 99 എണ്ണം ഉണ്ട് അനുജന്മാരായിട്ട്. വകയ്ക്ക് കൊള്ളാത്തവന്മാര്. ബാക്കി കുറെ എണ്ണം ഉണ്ട് തലയും, താടിയും നരച്ച് അമ്മാവനാണ്, മുത്തച്ഛനാണ്, എളേച്ചനാണ് എന്നൊക്കെ പറഞ്ഞ്. ഫുള്‍ ടൈം ചൂതുകളിയും, ഉപദേശവും അല്ലാതെ ഒരു ഗുണോം ഇല്ല. അത് കൂടാഞ്ഞിട്ടാണ് പണ്ട് ഒന്നാംക്ലാസില്‍ പടിപ്പിച്ചതു തൊട്ട് ഉള്ള ഗുരുക്കന്മാരെ മുഴുവന്‍ അടുത്തൂണ്‍ പറ്റിയതിന് ശേഷവും പിരിച്ച് വിടാതെ കുടുമ്മസമേതം ഇവിടെ കേറ്റി താമസിപ്പിച്ചിരിക്കുന്നത്. ഇവറ്റയ്ക്കൊക്കെ മൂന്ന് നേരോം ചോറ് കൊടുക്കണ്ടേ? ചെല്ലും, ചെലവും ഇല്ലേ? ഒക്കെ നില്‍ക്കട്ടെ; ആ ജയദ്രഥന് കൊടുത്ത് തീര്‍ക്കേണ്ട സ്ത്രീധനബാക്കി ഇത് വരെ എടപാട് തീര്‍ത്തിട്ടില്ല. തോഴിമാര് വരെ കൊള്ളിവാക്ക് പറഞ്ഞു തുടങ്ങി എന്നാണ് കഴിഞ്ഞ തവണ പൂരത്തിന് വന്നപ്പോള്‍ ദുശളനിയത്തി കരഞ്ഞ് മൂക്ക് പിഴിഞ്ഞ് പറഞ്ഞത്. ഞാന്‍ വേണം ഇതൊക്കെ മാനേജ് ചെയ്യാന്‍. അതിനിടയില് ആണ് ഇളയച്ഛന് പിറക്കാതെ കണ്ട കാറ്റിലും, വെയിലിലും, മഴയിലും, സമയത്തും, മരുന്നിലും ഒക്കെ ഉണ്ടായ കുറെ എണ്ണം വന്ന് ഉള്ള രാജ്യത്തിന്റെ പാതി വേണം എന്ന് പറഞ്ഞ് ബഹളം വെയ്ക്കണത്. ഞാന്‍ എന്ത് ചെയ്യണം? അല്ല താന്‍ തന്നെ പറ. അത്താഴം തന്നെ കൊത്തും പിട്യാണ് , പിന്ന്യാണ് വെള്ളച്ചോറ്. അല്ലാതെ കൊടുക്കാന്‍ മനസില്ലാഞ്ഞിട്ടല്ല. പണ്ട് എങ്ങാണ്ടുന്നോ കേറി വന്ന ഒരുത്തന് അംഗരാജ്യം വരെ റെജിസ്റ്റര്‍ ചെയ്ത് കൊടുത്തിട്ടുണ്ട് , സ്റ്റാമ്പ് ഡ്യൂട്ടി പോലും അടച്ചത് ഞാനാണെന്ന് അറിയാവുന്നതല്ല? പണ്ടത്തേ പോലെ ഒന്നും അല്ല.. കാലം മാറി. ഭയങ്കര കഷ്ടപ്പാടാണ്”
ഒരു മഹായുദ്ധം തന്നെ ഒഴിവാക്കാമായിരുന്നു. ഇതിനെയാണ് അടവു നയം എന്ന് പറയുന്നത്.
“പുര നിറഞ്ഞ് നില്‍ക്കുന്ന അച്ഛന്‍, കെട്ടിക്കാന്‍ പ്രായമായ അമ്മ, അത്താഴപ്പട്ടിണിക്കാരായ പെങ്ങന്മാര്‍..” ജഗദീഷിനെ മിമിക്രിക്കാര്‍ തുടര്‍ന്നും അനുകരിക്കുകയാണ്.
*പാതിയല്ല നമുക്കഹോ... = > ദുര്യോധനവധം ആട്ടക്കഥ (തിരുത്തിന് എതിരന്‍ കതിരവന് നന്ദി)
* കാറ്റിലും, വെയിലിലും, മഴയിലും, സമയത്തും, മരുന്നിലും = > വായു,സൂര്യന്‍,ഇന്ദ്രന്‍,യമന്‍(കാലം),അശ്വനീദേവകള്‍(ആയുര്‍വേധം)
പണ്ട് ഡ്രാഫിറ്റില്‍ ഉണ്ടായിരുന്ന ഏതോ ഡാറ്റ തപ്പുന്നതിനിടയില്‍ അറിയാതെ എന്തിലോ കൈ തട്ടി ഡേറ്റ് മാറി പുതിയ പോസ്റ്റായി മാറിയ ഈ പൊസ്റ്റിന് കമെന്റ് ഇട്ടവര്‍ “ശരിക്കും പുതിയ പോസ്റ്റ് “ ഇടാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ പെട്ടെന്ന് പോസ്റ്റീതാണ്. ആശയം ഉരുത്തിരിഞ്ഞത് കഥകളിയെ പറ്റി ചര്‍ച്ച ചെയ്ത ഒരു സൌഹൃദമെയില്‍ ത്രെഡില്‍ നിന്ന്
Thursday, April 3, 2008
ഇതാ ഒരു നല്ല പോസ്റ്റ്
Tuesday, March 25, 2008
ഒരു കോഴിക്കോടന്‍ നിലാവ് കൂടെ പൊലിഞ്ഞു
Monday, January 21, 2008
ഹലി..ഹലിയ്യൊ ഹലി..ഹീലാലോ
Saturday, January 19, 2008
പന്തിഭോജനം
ആരൊക്കെയാണ് അതിഥികളില്‍ കേമര്‍ എന്ന് മറുചോദ്യം.
“ഇടശേരി, പിന്നെ മുണ്ടശേരി” എന്നായി കാര്യസ്ഥന്‍.
ചെറുശേരീടെ കൃഷ്ണഗാഥകേട്ടു പഴകിയ നമ്പൂരാക്കന്മാര്‍ മുന്തിയ “ശേരി“ക്കാരോടൊത്ത് പന്തിഭോജനം നടത്തി പടിക്ക് പുറത്തായെന്നത് ചരിത്രം
(കാട്ടുമാടം നാരായണന്റെ ഓര്‍മ്മക്കുറിപ്പില്‍ നിന്ന്)
ഒരു സാഹിത്യ പന്തിഭോജനത്തിന് ഇനിയും കാലവിളംബമുണ്ടോ?
Thursday, January 10, 2008
ദേ വരണ് വീണ്ടും ഒരു യുക്തിവാദ പോസ്റ്റ് (ഡിങ്കന്‍ വക)
ഈയിടെ കണ്ട ജബ്ബാര്‍ മാഷിന്റെ ഈ പോസ്റ്റിന് മറുപടി എഴുതിയത് നീണ്ട് പോയതിനാല്‍ ഒരു പോസ്റ്റ് ആക്കുന്നു.
യുക്തിവാദി, വിശ്വാസി എന്നീ പദങ്ങള്‍ക്ക് ഒരു കോമെണ്‍ ഡെഫനിഷന്‍ കല്‍പ്പിക്കാന്‍ എന്തോ എനിക്ക് കഴിയുന്നില്ല. കാരണം വീക്ഷണം, ചിന്ത എന്നിവ ഓരോ വ്യക്തിക്കും വ്യത്യസ്ഥം ആയതു തന്നെയാണ് കാരണം. മരത്തില്‍ നിന്ന് വീഴുന്ന പഴം ആകാശമായി തെറ്റിധരിച്ച് ഓടുന്ന പ്രവണതകളെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. താപസന്‍ വന്നതിനാല്‍ ഗ്രാമത്തില്‍ മഴപെയ്തു എന്നതിനെ കളിയാക്കി “കാക്ക വന്നിരുന്നതും ആലിന്‍പഴം വീണതും ഒരുമിച്ച്” എന്ന് പറഞ്ഞ തെനാലിരാമനേയും ഞാന്‍ യുക്തിവാദി ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത് എന്നതാണ് എന്റെ വീക്ഷണം.
സമൂഹത്തില്‍ അരാജകത്വം വാഴാതിരിക്കാനായി ഒരു നിയന്ത്രണം (അതു അദൃശ്യശക്തിയുടേതെന്ന്) വരുത്തി തീര്‍ക്കാനായാണ് മതങ്ങളും,സംഹിതകളും ശ്രമിക്കുന്നത് എന്ന് ഏവര്‍ക്കും അറിവുള്ളതാണല്ലോ. അല്ലെങ്കില്‍ ഈ ദുനിയാവില്‍ കാക്കത്തൊള്ളായിരം മതങ്ങളും, വിശ്വാസങ്ങളും, ആചാരങ്ങളും ഉടലെടുക്കില്ലല്ലോ. ആത്യന്തികമായും മനുഷ്യന്‍ ഒരു “പേഗന്‍” ആണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട് (നരവംശ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ). ആയതിനാല്‍ തന്നെ മനസ് എന്ന ഒളിത്താവളത്തിന്റെ സംരക്ഷണത്തിനായി അവന്‍ ചില തത്വസംഹിതകളില്‍ എന്നും ആകൃഷ്ടനാണ്. ഇതിനെ തെറ്റ് എന്ന് പൂര്‍ണ്ണമായും ശരിയല്ല. എന്നാല്‍ തന്റെ ഈ സങ്കേതത്തെ അവന്‍ അന്ധമായി വിശ്വസിക്കുകയും , മറ്റുള്ളവര്‍ തേടുന്ന സങ്കേതത്തെ അക്രമാസക്തമാകും വിധം ഏതിര്‍ക്കുകയും, തന്റെ സങ്കേതത്തിന്റെ വ്യാപരണാര്‍ത്ഥം തീവ്രനിലപാടുകള്‍ എടുക്കുകയും ചെയ്യുന്നിടത്താണ് സമവാക്യങ്ങള്‍ പിഴയ്ക്കുന്നത്. (അതായത് നല്ലവനായ വിശ്വാസിയാണ് അധമനായ യുക്തിവാദിയേക്കാള്‍ നല്ലത്, അതുപോലെ മറിച്ചും. ഇവിടെ നല്ലത്തും ചീത്തയും പോലും ആപേക്ഷികമാണ്).
കാലാകാലങ്ങളിലെ ഇരുണ്ട ആശയങ്ങളെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യങ്ങളെ ഭയപ്പെടുന്നവര്‍ തന്റെ ഒളിത്താവളം ആക്രമണ വിധേയമാകുമോ എന്ന് ഭയമുള്ളവരാണ്. അതായത് “ദൈവം ഉണ്ടെങ്കില്‍, അവന്‍ കാറ്റിനും പേമാരിക്കും ഉടയോന്‍ ആണെങ്കില്‍ എന്റെ മൂക്കിന്‍ തുമ്പത്തൊരു തുമ്മല്‍ പ്രത്യക്ഷമാകട്ടെ” എന്ന് വെല്ലുവിളിക്കുന്നവന്‍ മാത്രം അല്ല. മറിച്ച് അഞ്ചാം മലയിലെ ദൈവത്തെ ചോദ്യം ചെയ്ത് മലകയറിയ ഏലിയയും, ബലിജന്തുക്കളെ തുറന്നു വിട്ട ഈസയും, കേരളത്തെ (മത)ഭ്രാന്താലയം എന്ന് വിളിച്ച വിവേകാനന്ദനും ഒക്കെ തന്നെ യുക്തിവാദികളായിരുന്നു. എന്ന് തന്നെയാണ് എന്റെ വീക്ഷണം. “ഖുറാനില്‍ 99 ദൈവനാമം ഉണ്ട് എന്നാല്‍ 100മത് ദൈവനാമം ഏതാണ്?” എന്ന് ചോദിച്ചപ്പോള്‍ കണ്ണടച്ച് മൌനം പാലിച്ച്. “മൌനം(ധ്യാനം)” ആണ് അതായത് കണ്ണടച്ച് അവനവനിലേക്കുള്ള തിരിഞ്ഞ് നോട്ടമാണ്,സ്വയം കണ്ടെത്തലാണ് 100മത് ദൈവം എന്ന് തിരിച്ചറിഞ്ഞ സൂഫി വര്യന്‍ ജലാലുദീന്‍ റൂമിയേയും ഞാന്‍ യുക്തിവാദിയായി കാണുന്നതില്‍ തെറ്റുണ്ടൊ?
ഏത് സമ്പ്രദായവും കാലക്രമത്തില്‍ മതമായി മാറും. സ്ഥാപനവല്‍ക്കരണത്തിന്റെ ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്. അതായത് വിഭൂതി നല്‍കുന്ന ബാബയും, വിപ്ലവം നല്‍കുന്ന മാര്‍ക്സും, കാറ്റാടിയാന്മാരെ യുക്തിവാദത്താല്‍ തോല്‍പ്പിച്ച കോവൂരും വരെ സ്ഥാപനവല്‍ക്കരണത്താല്‍ ദൈവങ്ങളും, ഇവരുടെ അഭിപ്രായങ്ങള്‍ ചോദ്യം ചെയ്യാനാകാത്ത വചനങ്ങളും ആയി മാറാം. ഇവിടെയാണ് പ്രശ്നങ്ങളുടെ ആരംഭം. സ്വാംശീകരണത്തിന്റെ യാതൊരുവിധ നിലപാടുകളും ഇല്ലാതെ പിടിച്ചമുയലിന്റെ മൂന്നാമത്തെ കൊമ്പില്‍ തൂങ്ങി മരിക്കാന്‍ വണ്ണം മൌലീകത കൊടികുത്തി വാഴുന്നിടത്താണ് “ഏത് വാദം ആണ് തുണ ?“ എന്ന ചോദ്യം ഉയരുന്നത്...
ദൈവമില്ല എന്ന് തെളിയിക്കലായി ജീവിതലക്ഷ്യം എടുത്തിട്ടുള്ള യുക്തിവാദിയേയും, യുഗങ്ങളായി തനിക്ക് പകര്‍ന്ന് കിട്ടിയ വിശ്വാസത്തെ (അത് നിലവിലെ സാഹചര്യം വെച്ച് തെറ്റായിരിക്കാം) ഇല്ലാതാകുന്ന വിധത്തില്‍ വരുന്ന വാദങ്ങളെ തീവ്രവാദപരമായി എതിര്‍ക്കുന്ന വിശ്വാസിയേയും എനിക്ക് മതിപ്പില്ല. “എന്റെ വിശ്വാസം എനിക്ക് , നിന്റെ വിശ്വാസം നിനക്ക് “എന്ന് ആഹ്വാനം ചെയ്യുന്ന ഗ്രന്ഥങ്ങളെ മനസിരുത്തി വായിച്ചവന്‍/പഠിച്ചവന്‍ തീര്‍ച്ചയായും ഒരു യുക്തിവാദിയേ ആകൂ. എന്നാല്‍ അവന്‍ പവനന്റേയും, ഇടമറുകിന്റേയും പുസ്തകങ്ങളെ ആധാരമായി എടുക്കണമെന്നും ഇല്ല. സംസ്ക്കരിക്കപ്പെട്ട, ശാസ്ത്രീയമായ ഉള്‍ക്കാഴ്ചയാണ് ഒരുവനെ മനുഷ്യന്‍ ആക്കുന്നത്. മനുഷ്യന്‍ എന്നാല്‍ മനനം ചെയ്യുന്നവന്‍ എന്നാണല്ലോ അര്‍ത്ഥം അപ്പോള്‍ കാലങ്ങളായി പകര്‍ന്ന് കിട്ടിയ അറിവിനെ അവന്‍ മനനം ചെയ്യണം, അപ്പോള്‍ ചോദ്യങ്ങള്‍ ഉയരും തന്നില്‍ നിന്നും അപരരില്‍ നിന്നും. ഒരു ദ്വീപിലേക്ക് ഒളിക്കപ്പെട്ട് ഒതുങ്ങിയിരുന്നാല്‍ സ്വന്തം തലച്ചോറ് മലത്തിന് സമാനമാകും. അതിനു പകരം അവന്‍ ചിന്തിക്കുകയും, സ്വയം സംസ്ക്കരിക്കുകയും, അന്വേഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
അത്നാല്‍ തന്നെയും ദൈവമില്ലായ്മയാണ് യുക്തിവാദം എന്നോ, യുക്തിവാദിയായാല്‍ പിന്നെ ഭക്തന്‍ അല്ല എന്നോ ഒരു നിശ്ചിതനിയന്ത്രണ സമവാക്യം സമൂഹം ആവശ്യപ്പെടുന്നുണ്ടോ? ഈ ചോദ്യം ഉയര്‍ത്തിയ സാഹചര്യത്തില്‍ ഡിങ്കനെ അല്‍പ്പവിശ്വാസിയെന്നോ, പാതി-യുക്തിവാദിയെന്നോ സംബോധനചെയ്ത് കളിയാക്കിയാലും കുഴപ്പമില്ല. കാരണം ഇതിലും കൂടിയ അളവില്‍ യുക്തിവാദം സ്വീകരിക്കുകയും, ചോദ്യങ്ങള്‍ ചോദിച്ച് സമൂഹത്തെ(പ്രത്യേകിച്ച് യുവജനങ്ങളെ) സംസ്ക്കരിക്കാന്‍ ശ്രമിച്ചവരും മരിക്കാന്‍ കാലത്ത് ദേവന് നേര്‍ച്ചക്കോഴിയെ കൊടുക്കാമെന്നേറ്റിരുന്നത് മറന്ന സാഹചര്യത്തേ ഓര്‍ത്ത് വിലപിക്കുന്ന ഒരു സാഹചര്യം ചരിത്രം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി തന്നില്‍ ഭവിച്ച വിശ്വാസത്തേ ഒരു നിമിഷത്തില്‍ ഉപേക്ഷിക്കാന്‍ ചിലപ്പോള്‍ ഒരു യുക്തിവാദിക്കുപോലും കഴിഞ്ഞേക്കില്ല. അതാണ് “എന്റെ മരണസമയത്തോ,അബോധത്തിലോ മറ്റോ ദൈവം എന്ന പദത്തില്‍ ഞാന്‍ ആശ്രയം വരുന്നരീതിയില്‍ സംസാരിക്കുകയാണെങ്കില്‍ അത് യുക്തിവാദിയായ ഞാനല്ല, മറിച്ച് കുട്ടിക്കാലത്ത് ക്രിസ്തീയ സാഹചര്യങ്ങളില്‍ ജീവിക്കാന്‍ ഇടയായ ഒരു ബാലന്റെ ഉപബോധമനസിന്റെ ബലഹീനതയായി കാണണം” എന്ന് ഇടമറുകിന് പോലും ഒരു മുങ്കൂര്‍ ജാമ്യം എടുക്കേണ്ടി വരുന്നത്.
എവിടെയാണ് ശാസ്ത്രം വിജയിക്കുന്നതും മതസംഹിതകള്‍ പരാജയപ്പെടുന്നതും എന്നതും ശ്രദ്ധേയമാണ്. കാലാകാലങ്ങളിലായി പുനര്‍വിചിന്തനം ചെയ്യുകയും, ചോദ്യങ്ങളെ നേരിടുകയും ചെയ്യുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. അത് കൊണ്ടാണ് കോപ്പര്‍നിക്കസില്‍ നിന്ന്, ഗലീലിയോവിലേയ്ക്കും പിന്നീട് ന്യൂട്ടനിലേയ്ക്കും അവിടെ നിന്ന് ഐന്‍സ്റ്റൈനിലേക്കും പിന്നീടത് സുദര്‍ശനിലേക്കും, ഹോക്കിന്‍സിലേയ്ക്കും മാറി വരുന്നത്. കണാദനില്‍ നിന്ന് നീല്‍സ് ബോറിലേക്കും ക്രമേണ ഹൈസന്‍ ബെര്‍ഗിലേക്കും ഒക്കെയുള്ള പരിണാമത്തെയാണ് ശാസ്ത്രത്തിന്റെ വളര്‍ച്ച എന്ന് പറയുന്നത്. അതല്ല വികലമായ മൂലകപ്പട്ടികകളും, വാജീകരണത്തിനും സ്വര്‍ണ്ണനിര്‍മ്മാണത്തിനും മാത്രമായ ആല്‍ക്കെമിയും കൊണ്ട് കുത്തിയിരുന്നെങ്കില്‍ ശാസ്ത്രവും ഇന്ന് ഇത് പോലെ ആയിരുന്നേനെ.
ഏത് വിശാസം/വിശുദ്ധഗ്രന്ഥം/പ്രസ്ഥാനം ആയിരുന്നാലും സ്വയം സ്വാംശീകരിക്കുക/സംസ്കരിക്കുക. അതിനാല്‍ തന്നെ “Let noble thoughts come to us from every side“ എന്ന വാദം/വിശ്വാസം ആണ് ഡിങ്കനുള്ളത്. എന്റെ വാദം/വിശ്വാസം എന്നെ രക്ഷിക്കട്ടെ (അതിന് സാദ്ധ്യമെങ്കില്‍ നിങ്ങളേയും...)
മരണത്തിലേക്ക് നടന്നു കയറിയ വാക്കുകള്‍
സ്വഛന്ദമൃത്യുവല്ലാത്ത ഏതൊരുവനുംആകസ്മികമായെത്തുന്ന ഒരു വിരുന്നുകാരനാണ് മരണം . നിരന്തരമായ രോഗപീഡയാല്‍ മരണം പ്രതീക്ഷിച്ച് കിടക്കുന്നവര്‍ക്ക് പോലും അന്ത്യശ്വാസം ഏതെന്ന് തിരിച്ചറിയുക അസാധ്യമെന്ന് കരുതുന്നു. അതൊരു “പോയന്റ് ഓഫ് നോ റിട്ടേണ്‍” ആണ്...സ്വയം അപ്രത്യക്ഷമാകുന്ന നിമിഷം.അവിടങ്ങളില്‍ അറിയാതെയെങ്കിലും ഒരു സാക്ഷ്യം അതാണ് മരണമൊഴി. മരണമൊഴിയെ കോടതി പോലും മുഖവിലയ്ക്കെടുക്കുന്നു. ജീവിതാന്ത്യത്തില്‍ ഒരുവന്‍ കപടതയില്‍ വര്‍ത്തിക്കില്ല എന്ന നിഗമനത്തിലാണത്. മരണത്തില്‍ മനുഷ്യന്‍ എത്രമാത്രം സത്യസന്ധനാണ്എന്നു പരിശോദിക്കാന്‍ മരണമൊഴികളെ ആശ്രയിക്കാമോ? അതോ ഒരു നടന്‍ അരങ്ങിലെ തന്റെ അന്ത്യനിമിഷത്തില്‍ കെട്ടിയവേഷം എത്രമാത്രം നന്നാക്കാന്‍ ശ്രമിക്കുമോ അതുപോലെ ഒരു അഭിനമൂര്‍ദ്ധന്യത ഇവിടെ സാധ്യമാണോ? രംഗബോധമില്ലാത്തകോമാളിയുടെ അപ്രതീക്ഷിത വരവില്‍ അവന്‍/ള്‍ ഒരു ജീവിതം മൊത്തം കൂടെ കൊണ്ട് നടന്നിരുന്ന ആശയങ്ങളേയും, സമവാക്യങ്ങളേയും കൈവെടിഞ്ഞ് വെറും പുലമ്പലുകള്‍ നടത്താന്‍ ശ്രമിക്കുമോ? എന്തായാലും പ്രതികരണങ്ങള്‍ വ്യത്യസ്ഥങ്ങളാണ് എന്ന്‍ ചരിത്രം എന്ന വേശ്യ നമ്മെ ബോധ്യപ്പെടുത്തുന്നു. വിവര്‍ത്തനത്തില്‍ തനിമ നഷ്ടപ്പെട്ടെങ്കിലോ എന്ന ഭയമുള്ളതിനാല്‍ ലഭ്യമായ ആംഗലേയത്തില്‍ തന്നെ അവയെ രേഖപ്പെടുത്തുന്നു.
തന്റെ മരണത്തില്‍ വിപരീതാത്മകമായ ആശങ്കകളാണ് നസ്രേയനായ യേശു പ്രകടിപ്പിക്കുന്നത് "My God, my God, why have you forsaken me?" എന്ന് ആശങ്കയുതിര്‍ക്കുന്ന അദ്ദേഹം തന്നെ “Father, into your hands I commit my spirit“ എന്ന് സമാശ്വസിക്കുന്നുമുണ്ട്. മരണമൊഴികള്‍ പ്രവാചകതുല്യമായ പ്രവചനങ്ങളാണെങ്കില്‍ , പ്രവാചകനായ നോസ്‌ട്രഡാമെസിന്റെ അന്ത്യവാചകം ഇതാണ് "Tomorrow, I shall no longer be here." നാളെയുടെ തന്റെ പ്രവാചകന്‍ നാളെയെക്കുറിച്ച് പറഞ്ഞത് അതായിരുന്നു. തനെ പ്രസംഗങ്ങള്‍ കൊണ്ടും, മനനം ചെയ്യിപ്പിക്കുന്ന ചോദ്യങ്ങള്‍ കൊണ്ടും ഗ്രീക്ക് യുവാക്കളെ ഉദ്ബോധരാക്കിയ സോക്രട്ടീസ് പറഞ്ഞതാകട്ടെ “'Crito, we ought to offer a cock to Asclepius. See to it, and don't forget“. ജീവിതകാലം മുഴുവനും തത്വചിന്ത പറഞ്ഞ സോക്രട്ടീസ് ഹെംലോക്കിന്റെ മരണമറവിയിലും , സ്വര്‍ഗത്തില്‍ നിന്ന് തന്നെ തടയുന്ന ഒരു കുക്കുടദൂരത്തെ താണ്ടുന്നതിനായി സുഹൃത്ത് ക്രീറ്റോയോട് പറയുന്നത് താനും ഭാര്യയും നേര്‍ന്ന നേര്‍ച്ചക്കോഴിയെക്കുറിച്ചാണ്. കാലില്‍ നിന്ന് വിഷം തണുപ്പായി ഉറഞ്ഞുകയറുമ്പോള്‍ ശിഷ്യന്‍ പ്ലേറ്റൊവിനും, സുഹൃത്ത് ക്രീറ്റൊവിനും മുന്നില്‍ തത്വചിന്തപരിവേഷം അഴിച്ചുവെച്ച് സോക്രട്ടീസ് വികാരാധീനനായ ഒരു മനുഷ്യന്‍ മാത്രമാകുന്നു. എന്നാല്‍ ദുര്‍മന്ത്രവാദിനിയെന്ന് മുദ്രകുത്തി തീയില്‍ ചുട്ടെരിക്കുമ്പോഴും "Hold the cross high so I may see it through the flames!" എന്നാണ് ജോവാന്‍-ഓഫ്-ആര്‍ക്ക് പറയുന്നത്. തന്റെ കന്യാചര്‍മ്മ പരിശോധനയിലും, സത്താന്റെ ഇരട്ടലിംഗത്താല്‍ ഭോഗിക്കപ്പെട്ടുവെന്ന സഭയുടെ കപടാരോപണത്താല്‍ നികൃഷ്ടയാക്കപ്പെടുമ്പോഴും കൂടെ നിന്ന വിശ്വാസത്തെ, തീജ്വാലകള്‍ ശരീരം പൊള്ളിക്കുന്ന അന്ത്യവേളയിലും ജോവാന്‍ ഉപേക്ഷിക്കുന്നില്ല.
തന്റെ സ്വപ്നമായ രാമരാജ്യം മരണത്തിലും മഹാത്മാഗാന്ദി കൈവെടിയുന്നില്ല."Hey Ram, Hey Ram"എന്ന് അദ്ദേഹം ഉച്ചരിച്ചിരുന്നു എന്നും ; അതല്ല അദ്ദേഹത്തിന്റെ ശരീരത്തില്‍ വെടിയേറ്റ അവയവങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് സംസാരിക്കാന്‍ കഴിയുമായിരുന്ന അവസ്ഥയിലല്ല അദ്ദേഹം എന്നെതിര്‍വാദം മുഴക്കുന്നവരും ഉണ്ട്.തന്റെ ജീവിതത്തിലും ഭരണത്തിലും കാണിച്ച കാര്‍ക്കശ്യമാര്‍ന്ന ധീരത “I don't mind if my life goes in the service of the nation. If I die today every drop of my blood will invigorate the nation" എന്ന മരണമൊഴിയിലും ഇന്ദിരാ പ്രിയദര്‍ശിനി അനുവര്‍ത്തിക്കുന്നു.
ഇതേ സ്ഥൈര്യം തന്നെയാണ് മംഗോളിയന്‍ സ്വേഛാദിപതി ജെങ്കിസ്‌ഖാനും പ്രകടിപ്പിക്കുന്നത് "Let not my end disarm you, and on no account weep or keen for me, let the enemy be warned of my death". കണ്ണീരിനും തേങ്ങലിനും പകരം തന്റെ മരണം ശത്രുക്കള്‍ക്ക് ഭീഷണിയാകട്ടെ എന്നാണ് ഖാന്റെ പക്ഷം. ഒരു ബുദ്ധഭിക്ഷു പ്രധാനമന്ത്രിയായുള്ള ഖാന്‍ തന്റെ കര്‍മ്മത്തെ മരണവേളയിലും സാധൂകരിക്കുന്നു. “തിരുമനസേ അങ്ങേയ്ക്ക് ശേഷം ഈ രാജ്യം ആരേറ്റുവാങ്ങും?” എന്ന് ആശങ്കപ്പെടുന്ന പെര്‍ഡിക്കാസിനോട് തന്റെ മുദ്രമോതിരം ഊരിയെടുത്ത് “To the strongest” എന്നാണ് മഹാനായ അലക്സാണ്ടര്‍ പറയുന്നത്. എന്നാല്‍ "You too, Brutus?" എന്നു ചോദിക്കുന്ന ജൂലിയസ് ഗയസ് സീസറിന് അന്ത്യനിമിഷത്തിലും മാര്‍ക്വേസ് ജൂനിയസ് ബ്രൂട്ടസിന് ആ ചതിയില്‍ ഉള്ള പങ്കില്‍ സ്നേഹം കലര്‍ന്ന സംശയം ആണുള്ളത്. ജോസഫൈന്റെ വിയര്‍പ്പിനെ ഇഷ്ടപ്പെടുകയും പൂച്ചകളെ പേടിക്കുകയും ചെയ്ത നെപ്പോളിയന് "Tete d’Armée [Chief of army]" താന്‍ ആരാണെന്ന ബോധ്യം അന്ത്യ നിമിഷത്തിലും ഉണ്ടായിരുന്നു.
ബൊളീവിയന്‍ പട്ടാളത്താല്‍ പീഡിപ്പിക്കപ്പെട്ട് മരണം വരിക്കുമ്പോഴും തന്റെ വാക്കുകളില്‍ നിന്ന് വിപ്ലവം ചോര്‍ന്ന് പോകാതിരിക്കുന്നതില്‍ ഏര്‍ണെസ്റ്റൊ ഗുവേരെ എന്ന "ചെഗുവേര" വിജയിക്കുന്നു. മരണത്തോടുള്ള തന്റെ പുഛമാര്‍ന്ന പ്രതികരണം "I know you have come to kill me. Shoot, coward. You are only going to kill a man"എന്ന വാക്കുകളിലൂടെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്. "That's obvious" മരിലിന്‍ മണ്‍റോയോടൊപ്പം ഉള്ള ഒരു നിമിഷത്തേ ആസ്വദിക്കുന്നതു പോലെയാകണം ജോണ്‍ എഫ് കെന്നഡി മരണത്തെ കാത്തിരുന്നത് പക്ഷേ അത് വ്യക്തതയാര്‍ന്നതായിരുന്നിരിക്കണം. അനവധി തലവേദനകള്‍ ഒതുക്കുകയും, സൃഷ്ടിക്കുകയും ചെയ്ത ഫ്ലാങ്കിന്‍ റൂസ്‌വെല്‍ട്ട് "I have a terrific headache" എന്ന് പറഞ്ഞാണ് രംഗം ഒഴിയുന്നത്. എന്നാല്‍ നാടകത്തിലെ ഹാസ്യരംഗം ആസ്വദിച്ച അബ്രഹാം ലിങ്കണ്‍ ചിരിച്ചുകൊണ്ടാണ് മരണത്തെ പുല്‍കിയത്. (ഇല്ല; ഒരിക്കലും ലിങ്കണ്‍ ബേസ്‌ബോളിനെ പ്രകീര്‍ത്തിക്കില്ല എന്ന് തന്നെ കരുതാം).തനിക്കു പറയാനുള്ളതുമുഴുവന്‍ അനവധി വര്‍ഷങ്ങള്‍ എടുത്താണ് കാള്‍ ഹെന്‍റിച്ച് മാര്‍ക്സ് പുസ്തകങ്ങളിലൂടെ പങ്ക് വെച്ചത് അതിനാല്‍ തന്നെ തന്റെ മരണമൊഴി കാത്തിരിക്കുന്നവരോട് ."Go on, get out! Last words are for fools who haven't said enough!" എന്ന് ആക്രോശിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. മരണത്തില്‍ പ്രകോപിതനാകുന്ന മാര്‍ക്സിന് വിരുദ്ധമായി സഹിഷ്ണുതയുടെ പാതയില്‍ "This is no time to make new enemies" എന്നാണ് വോള്‍ട്ടയര്‍ പറയുന്നത്.
കഥകളില്‍ ഒ.ഹെന്‍റി ട്വിസ്റ്റ് ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണല്ലോ. മരണത്തെ ചെറുക്കാനായി അവസാനത്തെ ഇലയില്‍ പ്രതീക്ഷപുലര്‍ത്തുന്ന കഥയെഴുതിയ ഹെന്‍റി പക്ഷേ തന്റെ മരണഭീതി പങ്ക് വെയ്ക്കുന്നത് ശ്രദ്ധിക്കുക. "Don't turn down the light. I'm afraid to go home in the dark." ഇരുളിലേക്ക് മണ്മറയാന്‍ ആ സാഹിത്യകാന് ഒട്ടും ആഗ്രഹിക്കുന്നില്ല. "It's been a long time since I've had champagne"കുലുക്കിത്തുറക്കുന്ന ഷാംപൈന്‍ ബോട്ടിലില്‍ നിന്ന് നുരഞ്ഞ് പൊങ്ങുന്ന ചെറുകുമിളകള്‍ കണക്കേ അനന്യസുന്ദരങ്ങളായ ചെറുകഥകളെഴുതിയ റഷ്യന്‍ സാഹിത്യകാരന്‍ ആന്റണ്‍ ചെക്കോ മരണത്തിലും ഷാംപൈനോടുള്ള തന്റെ താല്പ്പര്യം മറച്ചുവെയ്ക്കുന്നില്ല. ആത്മഹത്യയുടെ സൈദ്ധാന്തികതലങ്ങളെ കുറിച്ച് പരാമര്‍ശിച്ച കാഫ്‌ക തന്റെ ഐറണി കലര്‍ന്ന ഭാഷണത്തില്‍ മൊഴിയുന്നത് "Kill me, or else you are a murderer!" എന്നാണ്. കരിമ്പൂച്ചയുടെ കഥ എഴുതി ഭീകരത സൃഷ്ടിച്ച അലന്‍പോ മരണത്തില്‍ എത്ര സാധുവാകുന്നു."Lord help my poor soul" തന്റെ ആത്മാവിനു വേണ്ടി എഡ്ഗാര്‍ അലന്‍പോ വിലപിക്കുന്നു. ഒരു മൂടല്‍മഞ്ഞായി ഉയരുന്ന തന്റെ മരണത്തെ എമിലി ഡിക്കിന്‍സണ്‍ "... the fog is rising" ഇങ്ങനെയാണ് വിവരിക്കുന്നത് . "I expect I shall have to die beyond my means" തന്റെ മരണത്തെ അല്‍പ്പം “വൈല്‍ഡ്(വന്യം)“ ആയിതന്നെയാണ് ഓസ്ക്കാര്‍ വൈല്‍ഡ് പ്രകീര്‍ത്തിക്കുന്നത്. "Put that bloody cigarette out"അജ്ഞാതമായൊരു വെടിയുണ്ട തന്നെ തേടിവരുന്നതിന് തൊട്ടുമുന്‍പ് എച്.എച്.മണ്രോ എന്ന സാക്കിയുടെ വാക്കുകള്‍ ഇതായിരുന്നു.
"Drink to me!" എന്ന് പറഞ്ഞ് പാബ്ലോ പിക്കാസോ ഒരു വിശാല ക്യാന്വാസിലെ വര്‍ണ്ണബിന്ദുവായി വിരമിക്കുന്നു.പക്ഷേ അമിതമായ മദ്യപാനത്താല്‍ Xanthopsia ബാധിച്ച് ഒരു മഞ്ഞപ്പിത്തക്കാരന്റെ കണ്ണിലെ മഞ്ഞച്ച കാഴ്ചകളായി മഞ്ഞയുടെ സൌന്ദര്യം ക്യാന്‍വാസില്‍ പടര്‍ത്തിയ വിന്‍സെന്റ് വാന്‍ഗോക്കിന്റെ മരണമൊഴിയില്‍ ദുഖം ഖനീഭവിച്ച് കിടന്നത് "La tristesse durera toujours ("The sadness will last forever)“ എന്ന വാക്കുകളില്‍ കാണാം . May the Lord have mercy on your soul എന്ന് അന്ത്യകൂദാശ നല്‍കുന്ന പുരോഹിതനോട് നര്‍മ്മത്തോടെ "Why not? After all, it belongs to him" എന്നു പറയാന്‍ ഒരേഒരു ചാര്‍ലി ചാപ്ലിനേ കഴിയൂ.താന്‍ കാണികളെ ബോറടിപ്പിച്ചിട്ടില്ല എന്ന് തന്നെയാണ് അവസാനത്തെ പ്രസ് കോണ്‍ഫറന്‍സിലും റോക്ക് മ്യൂസിക്കിന്റെ രാജാവ് എല്‍വിസ് പ്രെസ്‌ലി പ്രസ്ഥാവിക്കുന്നത്. "I hope I haven't bored you" അതാകട്ടെ പരിപൂര്‍ണ്ണ സത്യമായിരുന്നു താനും. തന്റെ സംഗീതസാന്ദ്രമായ സിംഫണികളാല്‍ ലോകത്തെ വിസ്മയിപ്പിച്ച ബിഥോവനാകട്ടെ "Friends applaud, the comedy is over" എന്നു പറഞ്ഞ് ജീവിതലയത്തിന്റെ ബാറ്റണ്‍ താഴ്ത്തുന്നു. "I have lived as a philosopher and die as a Christian. വശ്യമായ രൂപത്താലും, ഉദ്വേഗജനകമായ ജീവിതത്താലും സുന്ദരികളുടെ ഉറക്കം കെടുത്തിയ കാസനോവ സ്വയം സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്. "It is unbelievable" എന്നാണൊ അതോ"Merci, monsieur"... ചാരസുന്ദരി മാതാ ഹരിയുടെ വാക്കുകളില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നു.
തന്റെ ശാസ്ത്രാന്വേഷണകൌതുകം കൊണ്ട് മരണം സംഭവിച്ച ആര്‍ക്കിമിഡീസ് പറഞ്ഞത് "Wait 'till I have finished my problem!" എന്നാണ്. തന്റെ ഗണിതപ്രശ്നം പൂര്‍ത്തിയാക്കാന്‍ സമയം ലഭിക്കാത്ത അദ്ദേഹം റോമന്‍ പട്ടാളക്കാരാന്‍ വധിക്കപ്പെടുകയായിരുന്നു. ഉത്തോലകത്താല്‍ ഭൂമിയെ ഇളക്കാന്‍ പോന്നതായിരുന്നു ആ വാക്കുകള്‍. പ്രപഞ്ചത്തിലെ ജീവന്‍ എന്ന സമസ്യക്ക് ശാസ്ത്രീയാടിത്തറയുണ്ടാക്കിയ പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മരണത്തേയും ഭയത്തേയും ബന്ധിപ്പിക്കുന്നത് ഇങ്ങനെയാണ് "I am not the least afraid to die". അപ്പോഴും അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ഗാലപ്പഗോസിലെ ആമകള്‍ അപോഴും ഇഴഞ്ഞിരുന്നു എന്നുതന്നെ കരുതാം. "It's very beautiful over there" ജീവിതം എന്ന മനോഹാരിതയെ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിക്കുന്നതാണ് തോമസ് ആല്‍വാ എഡിസന്റെ വാക്കുകള്‍. ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിക്കുക മാത്രമല്ല മരണത്തില്‍ സ്വയം എന്‍"ലൈറ്റഡ്" ആകാനും എഡിസനു കഴിയുന്നുണ്ട്. ശരീരത്തിലെ ട്യൂമര്‍ നീക്കാനായി മുപ്പതിലേറെ ശസ്ത്രക്രിയക്ക് വിധേയനായതിനു ശേഷവും തന്നെ കാര്‍ന്നു തിന്നുന്ന വേദനയെ അധികരിക്കാനായി കൂടിയ അളവില്‍ മോര്‍ഫീന്‍ ഡോസേജിന് വിധേയനായി കോമയിലേക്ക് ആഴ്ന്ന് പോകും മുന്നേ "My dear Schur, you remember our first talk. You promised to help me when I could no longer carry on. It is only torture now, and it has no longer any sense" എന്ന് പരിഭവം പറയുന്നു സിഗ്മോണ്ട് ഫ്രോയിഡ്. “So little done, So much to do", തന്റെ ഒരായുസിന്റെ യത്നങ്ങളെ മുഴുവനും നിസാരവല്‍ക്കരിച്ചാണ് സ്വനഗ്രാഹിയന്ത്രത്തിന്റെ ഉപജ്ഞാതവ് അലക്സാണ്ടര്‍ ഗ്രഹാംബെല്‍ മറയുന്നത്.
മുകളില്‍ പറഞ്ഞവയുടെ ചരിത്രപരമോ ആശയപരമോ ആയ വിവരണങ്ങളില്‍ സംശയം പ്രകടിപ്പിക്കാം, ഇതില്‍ വിട്ടുപോയ പലരേയും ഉള്‍പ്പെടുത്താം, പലതും ടെയിലര്‍ മേഡല്ലേന്ന് പറഞ്ഞു തള്ളാം, പ്രവൃത്തിയാണ് അല്ലാതെ മരണമൊ മരണമൊഴിയോ അല്ല ജീവിതം വെളിവാക്കുന്നതെന്ന് ഭര്‍ത്സിക്കാം... എന്നിരുന്നാലും അന്ത്യമൊഴികളില്‍ ചില വെളിപ്പെടുത്തലുകളുണ്ട്. വാചകം പൂര്‍ത്തിയായിട്ടും അതൊന്നൂട്ടിയുറപ്പിക്കാന്‍ നാം ചിഹ്നനം ചെയ്യുന്ന പൂര്‍ണ്ണവിരാമത്തിന്റെ സാംഗത്യം. അതാകാം ചിലപ്പോള്‍ മരണമൊഴികള്‍. എങ്കിലും നമ്മുടെ മരണമൊഴി എന്തായിരിക്കും എന്നൊരു കൌതുകം നിങ്ങള്‍ക്കില്ലേ?
ഈ പോസ്റ്റ് മരണമൊഴി (http://maranamozhi.blogspot.com) എന്ന ബ്ലോഗര്‍ക്ക് ഡിങ്കന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. മരണം ഒളിപ്പിക്കാത്ത ഏതെങ്കിലും ഇടങ്ങളില്‍ അദ്ദേഹം ഇന്നുമുണ്ടെങ്കില്‍ തിരികെ വരാന്‍ ഒരു പ്രചോദനമാകട്ടെ ഈ പോസ്റ്റ്.
(നാലു)കെട്ടും കെട്ടി...എന്റെ കാലയവനാ!
(ക്ലിക്കിയാല്‍ വാര്‍ത്തയിലേക്ക് പോകും)
വാരം, ചാത്തം എന്നിവയുണ്ടെങ്കില്‍ പായയും ഇലയുമെടുത്ത് പായുന്ന
പഴയ കൂട്ടങ്ങള്‍ പുതിയ രൂപത്തില്‍.
മൂന്നരലക്ഷത്തിന്റെ വിരോധാഭാസം!